Friday, June 14, 2013

മോഡി മാതൃക കോര്‍പറേറ്റ് അടിയറവ്- പ്രഭാത് പട്നായിക്

തൃശൂര്‍/നിലമ്പൂര്‍: നരേന്ദ്രമോഡി മോഡല്‍ വികസനമെന്നാല്‍ രാജ്യത്തെ കോര്‍പറേറ്റ് ശക്തികള്‍ക്ക് അടിയറവയ്ക്കലാണെന്ന് ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. ഇ എം എസ് സ്മൃതിയുടെ ഭാഗമായി തൃശൂരിലും നിലമ്പൂരിലും നടന്ന സെമിനാറുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസാധാരണമാംവിധം താഴ്ന്ന മാനവ വികസന സൂചികയുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എന്നിട്ടും ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നവര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുതാല്‍പ്പര്യങ്ങള്‍ മുതലാളിത്തത്തിന് പണയം വയ്ക്കുകയാണ് ചെയ്യുന്നത്. രാജ്യം തുടരുന്ന സാമ്പത്തിക നയങ്ങള്‍ സൂചിപ്പിക്കുന്നത് പുരോഗതി അത്ര എളുപ്പമല്ലെന്നാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ആഭ്യന്തര ഉല്‍പ്പാദനം നേടിയതായാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. രാജ്യം സാമ്പത്തിക പരമാധികാരം കൈവരിക്കുന്നതിന്റെ സൂചനയായി ഇതിനെയാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കൊടുംപട്ടിണിക്കാരുടെ എണ്ണവും രാജ്യത്ത് വല്ലാതെ കൂടി. നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ പ്രതിദിനം ഭക്ഷണത്തില്‍നിന്ന് 2,100 കലോറി ഊര്‍ജം ലഭ്യമാക്കാന്‍ കഴിയാത്തവരെയും ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 2,200 കലോറി ഊര്‍ജം ലഭ്യമാക്കാന്‍ കഴിയാത്തവരെയുമാണ് ദരിദ്രനായി കണക്കാക്കുന്നത്. 1993-ല്‍ നഗരവാസികളിലെ ദരിദ്രരുടെ എണ്ണം 57 ശതമാനമായിരുന്നെങ്കില്‍ 2009-2010ല്‍ അത് 73 ശതമാനമായി. ഗ്രാമവാസികളില്‍ 59ല്‍നിന്ന് 76 ശതമാനമായും വര്‍ധിച്ചു. കടുത്ത പട്ടിണിക്കാരുടെ എണ്ണം 20 വര്‍ഷംകൊണ്ട് എട്ട് ശതമാനമാണ് കൂടിയത്. രാജ്യത്തെ ചെറുകിട കാര്‍ഷിക ഉല്‍പ്പാദകരുടെ സ്ഥാനം രാജ്യാന്തര കോര്‍പറേറ്റുകളും കുത്തകമുതലാളിത്ത ശക്തികളും കൈയേറി. ഭൂമിയുടെ ഉപയോഗത്തിലും ഈ മാറ്റം പ്രകടമാണ്. ഭക്ഷ്യധാന്യോല്‍പ്പാദനം നടത്തിയ ഏതാണ്ട് 80 ലക്ഷം ഹെക്ടറോളം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി മാറ്റി. പ്രതിശീര്‍ഷ ഭക്ഷ്യധാന്യോല്‍പ്പാദനവും കുറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സോഷ്യലിസത്തിലേക്ക് മാര്‍ച്ച് ചെയ്യണം. നവ ഉദാരവല്‍ക്കരണ നയത്തില്‍ രാജ്യത്തെ സാധാരണ ജനജീവിതം അനുദിനം വഷളാവുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാവപ്പെട്ടവനുമേല്‍ കൂടുതല്‍ ബാധ്യത അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ കുത്തകകളെ കൈയയച്ച് സഹായിക്കുന്നു. സബ്സിഡി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സഹായവും നിലച്ചതോടെ കാര്‍ഷിക മേഖലയില്‍നിന്ന് ജനങ്ങള്‍ പൂര്‍ണമായും പിന്‍വാങ്ങി. ഇത് രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയില്‍ കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിരോധങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ഇടതുപക്ഷം മുന്നിട്ടിറങ്ങണം. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും പട്നായിക് പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളുടെ ജനാധിപത്യ സ്വഭാവം ഇല്ലാതാവുന്നു: പി രാജീവ്

നിലമ്പൂര്‍: ആഗോളവല്‍ക്കരണ നയങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കിയതായി പി രാജീവ് എംപി പറഞ്ഞു. ഇ എം എസിന്റെ ലോകം ദേശീയ സെമിനാറില്‍ "അഴിമതി-പാര്‍ലമെന്റ്, ഭരണനേതൃത്വം, ഭരണഘടനാസ്ഥാപനങ്ങള്‍" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി ഭീമാകാരമായി. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വഭാവത്തില്‍ത്തന്നെ മാറ്റം സംഭവിച്ചു. പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്താതെയാണ് രാജ്യത്ത് പല നയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യുഐഡി നിയമം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നെങ്കിലും പാസാക്കിയില്ല. എന്നിട്ടും ആധാര്‍ കാര്‍ഡുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. കോര്‍പറേറ്റുകള്‍ക്ക് ചുളുവിലയ്ക്ക് ഭൂമി നല്‍കുന്ന ഇടനിലക്കാരായി സര്‍ക്കാര്‍ മാറി. നരേന്ദ്രമോഡി താരമായി മാറുന്നതും കോര്‍പറേറ്റ് താല്‍പ്പര്യംകൊണ്ടാണ്. പാര്‍ലമെന്റ് അംഗങ്ങളില്‍ 306 പേര്‍ കോടിപതികളാണ്. തെരഞ്ഞെടുപ്പ് വിജയങ്ങളെയും പണം സ്വാധീനിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment