Wednesday, October 2, 2013

ഓര്‍മയിലിന്നും സ്നേഹദൂതന്റെ സാന്ത്വന സ്വരം

തലശേരി: ഇ എം എസിന്റെ ആശ്വാസവാക്കുകള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും സി പി ആബൂട്ടിയുടെ മനസില്‍നിന്ന് മാഞ്ഞിട്ടില്ല. ആ നാളുകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ശാന്തിദൂതനെപോലെ പടികടന്നെത്തിയ ആരാധ്യനായ ജനനേതാവിനെയാണ്. ലഹള തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇ എം എസ് വന്നതെന്ന് എണ്‍പത്തഞ്ചിന്റെ പടിവാതിലിലും ആബൂട്ടി വ്യക്തമായി ഓര്‍ത്തെടുക്കുന്നു. പൊതുയോഗങ്ങളിലും പത്രങ്ങളിലും മാത്രം കണ്ടിരുന്ന ഇ എം എസ് വീട്ടിലേക്ക് കയറിവരുമ്പോള്‍ വിശ്വസിക്കാനായില്ല. പുറത്തുതട്ടി അദ്ദേഹം ആശ്വസിപ്പിച്ചു. കൈപിടിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. കലാപത്തിന്റെ മുറിവുണങ്ങാത്ത മണ്ണില്‍ ഇ എം എസ് നടത്തിയ യാത്രയ്ക്കിടയിലാണ് കലാപത്തിനിരയായ ആബൂട്ടിയുടെ വീട്ടിലും എത്തിയത്. ഇന്ത്യാ-പാക് വിഭജന നാളില്‍ കലാപംകത്തിയ നവ്ഖാലിയില്‍ ഗാന്ധിജി നടത്തിയ സന്ദര്‍ശനത്തിന് സമാനമായിരുന്നതാണെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. കലാപത്തിനിരയായ ഓരോ ആളെയും ഇ എം എസ് കണ്ടു. മട്ടാമ്പ്രം പള്ളിയടക്കം ആക്രമിക്കപ്പെട്ട ആരാധനാലയങ്ങളിലെല്ലാം അദ്ദേഹമെത്തി. സന്ദര്‍ശനം നാട്ടില്‍ സൃഷ്ടിച്ച ചലനം വലുതായിരുന്നു.

1971 ഡിസംബര്‍ 28ന് രാത്രി വൈകിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കിംവദന്തികളും ഊഹാപോഹങ്ങളുമായിരുന്നു പിന്നെ. മതവികാരം വളര്‍ത്തുന്ന വാര്‍ത്തകളും കാട്ടുതീപോലെ പ്രചരിച്ചു. സാമൂഹ്യവിരുദ്ധരും കിട്ടിയ അവസരം മുതലെടുത്തു. "വീടിന് മുന്നിലുള്ള കാര്‍ത്യായനിയമ്മയുടെ വീട്ടിലാണ് ആദ്യദിവസം പകല്‍ കഴിഞ്ഞ"തെന്ന് സി പി ആബൂട്ടി പറഞ്ഞു. "ആദ്യനാളില്‍ കുട്ടിമാക്കൂലിലുള്ളവരായിരുന്നു വീടിന് കാവല്‍നിന്നത്. കലാപം ശക്തിപ്പെട്ടതോടെയാണ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറിയത്"- സി പി ആബൂട്ടി പറഞ്ഞു.

മേലൂട്ട് മടപ്പുരയിലെ കലശഘോഷയാത്രക്ക് ചെരിപ്പെറിഞ്ഞെന്ന കെട്ടുകഥയായിരുന്നു തലശേരി കലാപത്തിന്റെ തീപ്പൊരി. നിമിഷങ്ങള്‍ക്കകം അക്രമം തുടങ്ങി. വീടുകളും കടകളും കൊള്ളയടിച്ചു. നിരാലംബരുടെ കണ്ണീര്‍ വീണ് തലശേരിയുടെ മണ്ണ് കുതിര്‍ന്നു. നാടാകെ വിറങ്ങലിച്ചുനിന്ന ദിവസങ്ങളായിരുന്നു അത്. മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ മനുഷ്യര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാവണമെന്നാണ് ലഹളയുടെ ഇരയായ ആബൂട്ടി അന്നും ഇന്നും പറയുന്നത്. മാനവസ്നേഹത്തിന്റെ തുരുത്തായി കേരളം മാറണം. അതിനുള്ള ശ്രമമായി കണ്ണൂരില്‍ നടക്കുന്ന "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" സെമിനാര്‍ മാറുമെന്ന് ആബൂട്ടി പ്രത്യാശിക്കുന്നു.

deshabhimani

No comments:

Post a Comment