Tuesday, March 19, 2013

തെറിപ്പാട്ടുകള്‍ സര്‍ക്കാരിന്റെ അഴിമതിക്ക് മറയിടാന്‍


സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും മൂടിവയ്ക്കാനുള്ള തെറിപ്പാട്ടുകളാണ് യുഡിഎഫില്‍ നടക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഇഎംഎസ് അക്കാദമിയില്‍ ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുസമൂഹത്തെയും സാംസ്കാരിക സമൂഹത്തെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ പരസ്പരം അച്ഛന് വിളിച്ച് നടക്കുകയാണ് യുഡിഎഫ് നേതാക്കള്‍. കോടതി കേസെടുത്താന്‍ കോടതിയെപ്പോലും തെറിവിളിക്കുന്നത് നാം കാണുന്നു. കേരളത്തില്‍ മനുഷ്യനൊഴികെ മറ്റെല്ലാറ്റിനും വില കുതിച്ചുകയറിക്കൊണ്ടിരിക്കെയാണ് ഈ തെറിപ്പാട്ടെന്നോര്‍ക്കണം.

പുരുഷന്മാരെ മാത്രം മനുഷ്യരായി കണ്ടിരുന്ന സമുദായത്തില്‍ ജനിച്ച ഇഎംഎസ് എല്ലാവരുടെയും പൗരാവകാശങ്ങള്‍ക്കായി നിലകൊണ്ടു. ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ സ്ത്രീ സമത്വത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടി യത്നിച്ച കേരളത്തിലാണ് ഇന്ന് സ്ത്രീകളെ ആക്രമിക്കുന്നതും ഭരണമായി കരുതുന്ന മന്ത്രിമാര്‍ വാഴുന്നത്. ഉത്തരം മുട്ടിയാല്‍ വസ്ത്രം പൊക്കിക്കാണിക്കുന്ന സമീപനമാണ് യുഡിഎഫ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും. വിദേശികള്‍ക്ക് നമ്മളെ വെടിവച്ചുകൊല്ലാനുള്ള അവകാശമുണ്ടെന്ന തരത്തിലാണ് നമ്മുടെ ഭരണാധികാരികള്‍ സംസാരിക്കുന്നത്. പരമ്പരാഗത തൊഴില്‍മേഖലകളും കാര്‍ഷിക മേഖലയും പാടെ തകര്‍ന്നിട്ടും സര്‍ക്കാരിന് കുലുക്കമൊന്നുമില്ല. കേന്ദ്ര വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല.

ലോകത്തിലെ ഏറ്റവും നല്ല തുറമുഖമാണെന്ന് വ്യക്തമായിട്ടും വിഴിഞ്ഞം പദ്ധതിയെ അവഗണിക്കുകയാണ്. വെള്ളവും വെളിച്ചവും ഇല്ലാത്ത സംസ്ഥാനമാക്കി രണ്ടുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ കേരളത്തെ മാറ്റിത്തീര്‍ത്തു. പൊതുഗതാഗതമേഖല നിശ്ചലമാകുമെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും സമ്മതിച്ചുകഴിഞ്ഞു. ജനങ്ങളുടെ യാത്രാവകാശവും സര്‍ക്കാര്‍ നരകതുല്യമാക്കി മാറ്റി- വൈക്കം വിശ്വന്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment