Friday, September 14, 2012

പരമ്പരാഗത മേഖലയ്ക്ക് ഭ്രഷ്ട്; കൊക്കകോളയ്ക്ക് പരവതാനി


എമര്‍ജിങ് കേരള ഇന്ന് സമാപിക്കും: എല്ലാവര്‍ക്കും താല്‍പര്യം ഭൂമിയില്‍ മാത്രം

എമര്‍ജിങ് കേരള നിക്ഷേപക സംഗമം രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ നിക്ഷേപകരില്‍  ബഹുഭൂരിപക്ഷവും ഭൂമി പാട്ടത്തിനെടുക്കുന്ന പദ്ധതികളുമായാണ് മുന്നോട്ടുവരുന്നത്. വ്യവസായ ആവശ്യങ്ങള്‍ക്ക് പാട്ടത്തിന് നല്‍കുന്ന ഭൂമിയുടെ പാട്ടക്കാലാവധി 30 വര്‍ഷമെന്നത് മാറ്റി 99 വര്‍ഷമാക്കണമെന്ന ആവശ്യം ശക്തമായി മുഖ്യമന്ത്രിക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍പ്പെടുന്ന വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കുറഞ്ഞവിലയില്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ബി ടു ബി മീറ്റിന് നേതൃത്വംനല്‍കുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

     മസാജ്പാര്‍ലറും നിശാക്ലബും തുടങ്ങണമെന്ന ആവശ്യവുമായി വിവിധ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഈ ഗ്രൂപ്പുകളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കും. വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് ഗണ്യമായി കുറയ്ക്കണമെന്ന സമ്മര്‍ദവും വ്യവസായികളില്‍ ഉന്നയിച്ചു.അതേസമയം അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളായ വൈദ്യുതി ഉല്‍പ്പാദനം, മാലിന്യസംസ്‌കരണം എന്നിവയ്ക്കുവേണ്ടിയുള്ള പദ്ധതികളിലൊന്നും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.        എമര്‍ജിങ് കേരള രണ്ടുനാള്‍ പിന്നിട്ടപ്പോള്‍ എന്താണ് ഇതുവരെയുണ്ടായ നേട്ടമെന്ന ചോദ്യത്തിന്, ഇതുവരെയുള്ളവയെക്കുറിച്ച് പറയാനായിട്ടില്ലെന്നും എല്ലാം നാളെ പറയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി. പാട്ടക്കാലാവധി 30 വര്‍ഷമാക്കി ചുരുക്കുമെന്ന സര്‍ക്കാര്‍ നേരത്തെ നടത്തിയ പ്രഖ്യാപനത്തെ രോഷത്തോടെയാണ് വ്യവസായികള്‍ കാണുന്നത്.

     ഇത്രയും ചുരുങ്ങിയ കാലയളവിലേക്കാണ് ഭൂമി പാട്ടത്തിന് ലഭിക്കുന്നതെങ്കില്‍ മുതല്‍മുടക്ക് തിരിച്ചു കിട്ടില്ലെന്ന് വ്യവസായികള്‍ പരസ്യമായി സര്‍ക്കാര്‍ പ്രതിനിധികളോട് പറഞ്ഞു.  എന്നാല്‍ നിക്ഷേപം കൊണ്ട് സംസ്ഥാനത്തിനുള്ള ഗുണം പരിഗണിച്ചാണ് പാട്ടക്കാലാവധി നിശ്ചയിക്കുകയെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനം, നഗരദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തം തീവ്രമാക്കുമെന്ന പ്രഖ്യാപനവും വ്യാഴാഴ്ചയുണ്ടായി. കേന്ദ്ര ദാരിദ്ര്യനിര്‍മാര്‍ജന മന്ത്രി കുമാരി സെല്‍ജയാണ് ഈ പ്രഖ്യാപനം നടത്തിയത്.

     പിപിപി പദ്ധതികളല്ലാതെ കേരളത്തിനു മറ്റു മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ മലേഷ്യന്‍ പ്രത്യേക പ്രതിനിധി സ്വാമിവേലുവും ആരോഗ്യമേഖലയില്‍ അടക്കം പിപിപി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു.  അഞ്ച് ബൈപാസുകളും 14 പുതിയ റോഡുകളും സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നെങ്കിലും റോഡ്‌നിര്‍മാണം സംബന്ധിച്ച് മുന്‍കാലയളവിലെ അനുഭവങ്ങള്‍ അത്ര നല്ലതല്ലെന്ന് മലേഷ്യന്‍ സംഘം വെളിവാക്കി. കെഎസ്ടിപി റോഡ്‌നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ കോണ്‍ട്രാക്ടര്‍മാരുടെ ആത്മഹത്യയെ പരാമര്‍ശിച്ചായിരുന്നു ഇത്.

പരമ്പരാഗത മേഖലയ്ക്ക് ഭ്രഷ്ട്; കൊക്കകോളയ്ക്ക് പരവതാനി

കേരളത്തിന്റെ ജീവജലം ഊറ്റിക്കുടിച്ച കൊക്കകോള ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് എമജിങ് കേരളയില്‍ സര്‍ക്കാര്‍ പരവതാനി വിരിക്കുമ്പോള്‍ പരമ്പരാഗതമേഖലയ്ക്ക് ഭ്രഷ്ട്. ലോകത്തെ വന്‍ കുത്തകഭീമന്മാരുടെ സംഗമവേദിയായി ഇതിനകം എമര്‍ജിങ് കേരള മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിന് സാധാരണക്കാര്‍ ഉപജീവനത്തിനായി തൊഴിലെടുക്കുന്ന പരമ്പരാഗത തൊഴില്‍മേഖലയെ ആട്ടിയോടിച്ചാണ് എമര്‍ജിങ് കേരളയില്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ വില്‍പ്പനചരക്കാക്കിയിട്ടുള്ളത്. കച്ചവടക്കണ്ണുമായെത്തിയിട്ടുള്ള ലോകഭീമന്മാര്‍ക്കുമുന്നില്‍ കേരളത്തെ വിലപേശുന്ന കാഴ്ചയാണ് എമര്‍ജിങ് കേരളയിലെ സമ്മേളനങ്ങളിലും സംവാദങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത്. പവലിയനുകളിലാകട്ടെ കേരളത്തെ ഒരു ഉത്പന്നമായി ലേലംവിളിക്കുന്ന കാഴ്ചയുമാണ് കാണുന്നത്. വിദേശപ്രതിനിധികളില്‍ മുന്നില്‍ അമേരിക്കയാണുള്ളത്. കേരളത്തെ വിലപേശാനായി അമേരിക്കയില്‍നിന്നുള്ള നയതന്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളുടെയും സജീവസാന്നിധ്യമാണ് വേദികളിലുള്ളത്.

116 പ്രതിനിധികളാണ് അമേരിക്കന്‍സംഘത്തിലുള്ളത്. കോര്‍പ്പറേറ്റ് ഭീമന്മാരായ നിരവധി അമേരിക്കന്‍ കമ്പനികളും രംഗത്ത് ശക്തമായിത്തന്നെയുണ്ട്. ഇതില്‍ ഇന്ത്യയിലെ ആദ്യകാല അമേരിക്കന്‍ നിക്ഷേപകരായ കൊക്കകോളയാണ്  യുഎസ് സംഘത്തിലെ വില്ലന്‍. സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന റഫ്രിജറേറ്ററുകളുടെ യൂണിറ്റുകള്‍ ചെറുകിടമേഖലയില്‍ തുടങ്ങാനും ആധുനിക കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കമ്പനികള്‍ തുടങ്ങാനുമാണ് കൊക്കകോള എമര്‍ജിങ് കേരളയിലെത്തിയിട്ടുള്ളത്.ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ ഫെഡ് എക്‌സ്, ഡയറക്ട് സെല്ലിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്‌രംഗത്ത് ഭീമനായ ആംവേ, പ്രമുഖ കമ്പനികളായ അന്‍പകം മെറ്റല്‍സ്, മീഡിയ ആല്‍ബ്രിട്ടന്‍ തുടങ്ങിയ കുത്തകഭീമന്മാരാണ് സംഗമത്തില്‍ പ്രധാനമായുള്ളത്.  കേരളത്തിലെ ചെറുകിട-വന്‍കിട മേഖലകളെ കാര്‍ന്നുതിന്നാനാണ് അമേരിക്കന്‍ കമ്പനി എമര്‍ജിങ് കേരളയില്‍ എത്തിയതെന്നാണ് ആക്ഷേപം.  ഈ മേഖലയില്‍ തങ്ങളുടെ പങ്കാളിത്തം എമര്‍ജിങ് കേരളയിലൂടെ ഉറപ്പാക്കുമെന്ന് കഴിഞ്ഞദിവസം യുഎസ് എംബസി വക്താവ് പീറ്റര്‍ വോര്‍മെന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിനുപുറമെ സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിലേക്കുള്ള കടന്നുവരവെന്ന് വിശേഷിപ്പിക്കാവുന്നതരത്തില്‍ അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല, ഗ്രാന്റ്‌വാലി സര്‍വകലാശാല, ഇല്ലിനോയിഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വക്താക്കളും എമര്‍ജിങ് കേരളയില്‍ എത്തിയിട്ടുണ്ട്. അമേരിക്കയ്ക്കുപുറമെ 44 പ്രതിനിധികളുമായി  കാനഡയും രണ്ടാംസ്ഥാനത്തുണ്ട്. ചൈനയില്‍നിന്ന് 23 അംഗങ്ങളുമുണ്ട്. ജപ്പാന്‍, സൊമാലിയ, ഇറാഖ്, അല്‍ജീരിയ, യുഎഇ, കുവൈറ്റ്, ബഹറിന്‍, മൗറീഷ്യ, ഫ്രാന്‍സ്, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ 51 വിദേശരാജ്യങ്ങളില്‍നിന്ന് 1893 പ്രതിനിധികള്‍ എമര്‍ജിങ് കേരളയില്‍ സംഗമിക്കുന്നുണ്ട്. സമാപനദിവസമായ ഇന്നും വിദേശ പ്രതിനിധികളുടെ ഒഴുക്കുണ്ടാകുമെന്നാണ് സംഘാടക പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വിദേശ പ്രതിനിധികളെ സ്വാഗതംചെയ്യുന്ന സര്‍ക്കാര്‍ കേരളത്തിന്റെ പരമ്പരാഗത മേഖലയെ എമര്‍ജിങ് കേരളയില്‍ അപമാനിച്ചെന്നാണ് പൊതുസമൂഹം ആരോപിക്കുന്നത്.

കയര്‍, കൈത്തറി, കശുവണ്ടി, മത്‌സ്യമേഖല, നിര്‍മാണമേഖല തുടങ്ങി നിരവധി കൈത്തൊഴിലുകളുള്‍പ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത തൊഴില്‍മേഖലയെ എമര്‍ജിങ് കേരളയില്‍ സര്‍ക്കാര്‍ ഭ്രഷ്ട്കല്‍പിച്ചെന്നും ആക്ഷേപമുണ്ട്.
 (പി ആര്‍ സുമേരന്‍)

എമര്‍ജിംഗ് കേരള നീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ സര്‍ക്കാര്‍ അനുമതി

എമര്‍ജിംഗ് കേരളയുടെ ഭാഗമായി വരുന്ന വന്‍കിട വ്യവസായങ്ങള്‍ക്ക് നീര്‍ത്തടങ്ങളും നെല്‍വയലുകളും ഉള്‍പ്പെടെയുള്ളവ നികത്തുന്നതിന് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിന്  മന്ത്രിസഭ നിയമിച്ച ഉന്നതതല ഉദ്യോഗസ്ഥ സമിതി നാളെ യോഗം ചേരും. വന്‍കിട വ്യവസായികള്‍ക്ക് അനുകൂലമായി നിയമത്തില്‍ മാറ്റം വരുത്തുകയാണ് ഈ കമ്മിറ്റിയുടെ മുഖ്യചുമതല. കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായതും ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ  ചുമതലപ്പെടുത്തിയതും.

വ്യവസായ വകുപ്പാണ് എമര്‍ജിംഗ് കേരളയിലൂടെ വരുന്ന പദ്ധതികള്‍ക്ക് നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ജൂണ്‍ 13 ന് മുഖ്യമന്ത്രിയുടെ യോഗഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറി ഈ നിര്‍ദ്ദേശം വീണ്ടും മുന്നോട്ടുവയ്ക്കുകയായിരുന്നു. എമര്‍ജിംഗ് കേരളയിലൂടെ സംസ്ഥാനത്ത് വരുന്ന ഓരോപദ്ധതിക്കും എത്രത്തോളം ഭൂമി ഇങ്ങനെ നികത്തേണ്ടിവരുമെന്നതിന്റെ പട്ടികയും ഈ യോഗത്തില്‍ വ്യവസായ വകുപ്പ് സമര്‍പ്പിച്ചിരുന്നു. തൊട്ടടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച പ്രസന്റേഷന്‍ വ്യവസായ വകുപ്പ് സെക്രട്ടറി അവതരിപ്പിക്കുകയും ചെയ്തു. നീര്‍ത്തടങ്ങള്‍ നികത്തരുത് എന്നതടക്കമുള്ള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തണമെന്നും വ്യവസായ വകുപ്പ് തീരുമാനിക്കുന്ന ഏതു സ്ഥലവും എമര്‍ജിംഗ് കേരളയിലെ നിരവധി പദ്ധതികള്‍ക്കായി നികത്താന്‍ അവര്‍ക്ക് പൂര്‍ണാവകാശം നല്‍കണമെന്നും അടക്കമുള്ള ഗൗരവകരമായ മാറ്റങ്ങള്‍ ആണ് നിയമ ഭേദഗതിയായി വ്യവസായ വകുപ്പ് നിര്‍ദ്ദേശിച്ചത്.

നിയമത്തിലെ വകുപ്പ് മൂന്നിലും 11 ലും പറയുന്ന നികത്തലിനുള്ള നിരോധനം വ്യവസായ  വകുപ്പ് സെക്രട്ടറി അപ്പപ്പോള്‍ വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍ക്ക് ബാധകമാക്കരുത്. ടൗണ്‍ പ്ലാനിംഗ് നിയമപ്രകാരം ടൗണ്‍ ആയി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും ഈ നിരോധനം ബാധകമാക്കരുത്. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ തന്നെ ഏത് പ്രദേശവും വ്യവസായ മേഖലയായി പ്രഖ്യാപിക്കാന്‍ വ്യവസായവകുപ്പിന് അധികാരമുണ്ടാകണം എന്നീ നിര്‍ദ്ദേശങ്ങളും വ്യവസായ വകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.

സെക്ഷന്‍ 10 (2) പ്രകാരം നിലവില്‍ ഒരു പദ്ധതിക്ക് നിലം നികത്താന്‍ അനുമതി ലഭിക്കണമെങ്കില്‍ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും കൃഷിക്കാരും അടങ്ങിയ പ്രാദേശിക സമിതി ശുപാര്‍ശ ചെയ്യുകയും ഈ പദ്ധതിക്ക് വേറെ ഭൂമി ലഭ്യമല്ലെന്ന് സംസ്ഥാന സമിതി ശുപാര്‍ശ ചെയ്യുകയും വേണം. അപ്രകാരമുള്ള നികത്തല്‍ ആ പ്രദേശത്തെ പരിസ്ഥിതിയെയും ബാക്കിയുള്ള കൃഷിയെയും ദോഷകരമായി ബാധിക്കില്ല എന്ന് ഉറപ്പു ലഭിച്ചാലേ സര്‍ക്കാരിന് നികത്തല്‍ അനുവദിക്കാനാകൂ. എന്നാല്‍ ഈ വ്യവസ്ഥകള്‍ എല്ലാം എടുത്തു കളയാനും സംസ്ഥാന സമിതി ശുപാര്‍ശ ചെയ്യുന്ന ഏത് പൊതു താല്‍പര്യ പദ്ധതിയും സര്‍ക്കാരിന് അംഗീകരിക്കാമെന്നും അതൊന്നുമില്ലെങ്കിലും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി മാത്രം ശുപാര്‍ശ ചെയ്താലും സര്‍ക്കാരിന് നികത്തല്‍ അംഗീകരിക്കാമെന്നും വ്യവസായ വകുപ്പ് നല്‍കിയ ഭേദഗതി ശുപാര്‍ശയില്‍ പറയുന്നു.

ഇതുകൂടാതെ രണ്ട് പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശയുണ്ട്. സെക്ഷന്‍ 2 (19) പ്രകാരം കേരളത്തിലെ ഏത് പ്രദേശവും വ്യവസായ മേഖലയായി പ്രഖ്യാപിക്കാനും വ്യവസായ പാര്‍ക്ക്, വ്യവസായ എസ്‌റ്റേറ്റുകള്‍, വ്യവസായ വികസന പ്രദേശം, വ്യവസായ വികസന പ്ലോട്ടുകള്‍, ചെറുകിട വ്യവസായ എസ്‌റ്റേറ്റുകള്‍, വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, ഐ ടി പാര്‍ക്കുകള്‍, ടൂറിസം, ആരോഗ്യ മേഖലയിലെ വ്യവസായങ്ങള്‍, ഗതാഗത വ്യവസായങ്ങള്‍, മറ്റു സേവന മേഖലാ വ്യവസായങ്ങള്‍  മുതലായവ എന്നിവയ്ക്ക് നെല്‍ വയലും നീര്‍ത്തടവും നികത്താനും അധികാരം നല്‍കണം എന്നുമാണ് നിര്‍ദ്ദേശം.

പൊതു ആവശ്യത്തിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമികള്‍ക്ക് നിയമം ബാധകമാക്കരുത് എന്നും അവിടെ നികത്തല്‍ അനുവദിക്കണമെന്നും ഇതിനായി 3 (3) പുതിയ വകുപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും വ്യവസായ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം റവന്യൂ, കൃഷി വകുപ്പുകള്‍ ഈ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടുവരുന്നതിലും നല്ലത് നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം എടുത്തുകളയലാണെന്നായിരുന്നു ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ ആ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യവസായ സെക്രട്ടറിയെ പിന്തുണയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ ഭേദഗതികള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താനായി ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചത്.
(എസ് സന്തോഷ്)

അരങ്ങ് വാഴുന്നത് ഭൂപ്രമാണിമാര്‍

എമര്‍ജിംഗ് കേരളയുടെ വെബ്‌സൈറ്റിലൂടെ ഭൂമി കച്ചവടത്തിന് വ്യവസായ വകുപ്പ് അവസരമൊരുക്കി കൊടുത്തവരുടെ തിരക്കായിരുന്നു ഇന്നലെ കൊച്ചിയില്‍.
ഭൂമി വില്‍ക്കാനും വാങ്ങാനും താല്പര്യമുള്ളവരും മലപ്പുറത്തെ പാണക്കാട് വില്ലേജിലെ പദ്ധതികളുടെ കാര്യത്തില്‍ ആവേശം കൊള്ളുന്നവരും ഒക്കെ 'എമര്‍ജിംഗ് കേരള' അരങ്ങേറിയതിന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ ഭൂമി കച്ചവടത്തിന് അവസരമുണ്ടായതിലുള്ള സന്തോഷം അവരില്‍ പലരും തുറന്നു പ്രകടിപ്പിച്ചു. വ്യവസായ വികസനവകുപ്പ് വെബ്‌സൈറ്റില്‍ ലാന്‍ഡ് ബാങ്ക് എന്ന പ്രത്യേക ഇനം തന്നെ ഇതിനായി ഒരുക്കിയിരുന്നു. ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍ക്കായിരുന്നു അവസരം. ലാന്‍ഡ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഭൂവുടമകളുടെയും ഭൂമിയുടെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. വ്യവസായ സംരംഭങ്ങള്‍ക്ക് വിലയ്ക്കായാലും പാട്ടത്തിനായാലും ഭൂമി നല്‍കാന്‍ തയ്യാറുള്ളവരെയാണ് ലാന്‍ഡ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യിച്ചത് എന്നൊക്കെ വ്യവസായ വികസന കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥലം വില്പന മാത്രം ലക്ഷ്യമാക്കിയവരായിരുന്നു രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും. പല ഭൂമിക്കും കോടികള്‍ വില മതിക്കും.

മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും കാതുകൂര്‍പ്പിച്ചിരുന്നു ശ്രദ്ധിച്ചിട്ടും കേരളത്തിനായി പുതിയ പദ്ധതികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കാതെ പോയതായിരുന്നു ഇന്നലെ നിക്ഷേപക സംഗമ സ്ഥലത്തെ അനൗദ്യോഗിക ചര്‍ച്ച. പ്രധാനമന്ത്രി ആകെ പറഞ്ഞത് ഐ ഐ ടി പരിഗണിക്കുമെന്ന പുതിയതല്ലാത്ത കാര്യം മാത്രം.

ജനങ്ങളെ പറ്റിക്കുന്ന വാദങ്ങള്‍

എമര്‍ജിംഗ് കേരളയുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞുനടക്കുന്ന വാദങ്ങള്‍ ജനത്തെ പറ്റിക്കല്‍. എമര്‍ജിംഗ് കേരളയുടെ മറവില്‍വരുന്ന വ്യവസായങ്ങളെക്കുറിച്ചും അവയ്ക്ക് നല്‍കേണ്ടിവരുന്ന സൗജന്യങ്ങളെക്കുറിച്ചും മുന്‍കൂര്‍ തീരുമാനമെടുത്ത ശേഷമാണ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു പറയുന്നതെന്ന് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നു.

എമര്‍ജിംഗ് കേരളയില്‍ നടക്കുന്നത് വികസന ചര്‍ച്ച മാത്രമാണെന്നാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പരസ്യമായി അവകാശപ്പെടുന്നത്. അതേസമയം വന്‍ തോതില്‍ സ്ഥലം ഏറ്റെടുക്കലിനും നൂറു കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്തലിനും വേണ്ട നീക്കങ്ങള്‍ ഇതിനകംതന്നെ ബഹുദൂരം പിന്നിട്ടു കഴിഞ്ഞു.

നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഈ വിവരം പുറത്തുവിടാതെ സര്‍ക്കാര്‍ സൂക്ഷിച്ചെങ്കിലും ജൂലൈയില്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഇത് വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിയില്‍ നിരവധി പരാതികള്‍ ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം ഉദ്ദേശിക്കുന്നത് എന്നുമായിരുന്നു ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ തയ്യാറാവുന്ന പൊളിച്ചെഴുത്തില്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കാനുള്ള വ്യവസ്ഥകളില്ല. വ്യവസായ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ മാത്രമാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിന്റെ ആനുകൂല്യം ലഭിക്കുക വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ്. ആറന്മുള വിമാനത്താവളത്തിനും സര്‍ക്കാരിന്റെ ഈ തീരുമാനം സഹായകമാണ്.

ഇത് സംബന്ധിച്ച് ജൂണില്‍ തീരുമാനമെടുത്ത ശേഷമാണ് പാവപ്പെട്ട കര്‍ഷകര്‍ക്കായാണ് നിയമഭേദഗതിയെന്ന വാദം ജൂലൈയില്‍ ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ചതെന്നതും ശ്രദ്ധേയമാണ്. എല്ലാ കാര്യങ്ങളിലും അണിയറയില്‍ തീരുമാനമെടുത്തശേഷം അവ സുതാര്യമാക്കാനുള്ള നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഇതോടെ വ്യക്തമാകുന്നു. വര്‍ഷങ്ങളായി തരിശായി കിടക്കുന്ന വയലുകളും നീര്‍ത്തടങ്ങളും ഏറ്റെടുത്ത് നികത്താനായി അനുവദിക്കണമെന്ന വ്യവസായ വകുപ്പിന്റെ ആവശ്യത്തിനാണ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിട്ടുള്ളത്. വര്‍ഷങ്ങളായി തരിശുകിടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏത് നെല്‍വയലും നീര്‍ത്തടവും ഏറ്റെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.

എമര്‍ജിങ് കേരള: മുഖ്യമന്ത്രിയെ ലീഗ് വരുതിയിലാക്കി

അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ പുറത്തെടുത്ത ഭീഷണിയുടെ സ്വരം എമര്‍ജിംഗ് കേരളയിലും മുഖ്യമന്ത്രിയെ വരുതിയില്‍ നിര്‍ത്താന്‍ മുസ്ലീംലീഗ് ആയുധമാക്കി. വെബ്‌സൈറ്റില്‍ നിന്നും നീക്കിയ പദ്ധതികളെല്ലാം നിക്ഷേപക സംഗമത്തില്‍ തിരിച്ചെത്തിയത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വ്യക്തമായി. വിവാദം ഭയന്ന് ഒരു പദ്ധതിയും മാറ്റിവെയ്ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കുഞ്ഞാലിക്കുട്ടി.

വിവാദമുയര്‍ന്ന പദ്ധതികളൊന്നും എമര്‍ജിംഗ് കേരളയില്‍ വെക്കില്ലെന്ന അഭിപ്രായക്കാരനായിരുന്നു മുഖ്യമന്ത്രി. കാബിനറ്റിലും അദ്ദേഹം ഈ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഭയമുണ്ടെങ്കില്‍ എമര്‍ജിംഗ് കേരള തന്നെ വേണ്ടെന്ന് വെക്കാമെന്നാണ് മുഖ്യമന്ത്രിയെ നോക്കി കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ കാബിനറ്റിനുശേഷം ലീഗിന്റെ നിലപാട് ഔദ്യോഗികമെന്ന നിലയില്‍ പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനാവുകയായിരുന്നു.

എമര്‍ജിംഗ് കേരള സംഗമത്തിലേക്ക് ഓരോ വകുപ്പും സമര്‍പ്പിച്ച പദ്ധതികള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും പദ്ധതിയോട് താല്‍പ്പര്യമുള്ളവരുണ്ടെങ്കില്‍ മുന്നോട്ട് പോകുവാനുമാണ് തീരുമാനം. എമര്‍ജിംഗ് കേരള ഭൂമികച്ചവടമാണെന്ന കള്ളി വെളിച്ചത്താകുമെന്ന ഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സ്വീകരിച്ച തന്ത്രം മാത്രമായിരുന്നു പദ്ധതികള്‍ പിന്‍വലിച്ചുകൊണ്ടുള്ള നാടകം. നെല്ലിയാമ്പതി, വാഗമണ്‍ പദ്ധതികള്‍ ഉള്‍പ്പെടെ വിവാദപരമായ പദ്ധതികളെല്ലാം അവതരിപ്പിക്കുമെന്നും പിന്നീടുള്ള കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നുമാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 നിക്ഷേപ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍ വിശ്വാസ്യതയും പ്രായോഗികതയും പരിഗണിച്ചുകൊണ്ടുള്ളതാണെന്നും വിവാദ പദ്ധതികള്‍ ഒഴിവാക്കിയത് വിശദാംശങ്ങള്‍ ലഭിക്കാത്തതിനാലാണെന്നും ഇനി ലഭിക്കുന്ന മുറയ്ക്ക് എല്ലാ പദ്ധതിയും ഉള്‍പ്പെടുത്തുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ നിക്ഷേപസംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പദ്ധതിയും പിന്‍വലിക്കില്ലെന്നും വെബ്‌സൈറ്റില്‍ നിന്ന് മാറ്റിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും വ്യക്തമായിരിക്കുകയാണ്.
നിക്ഷേപക സംഗമം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പദ്ധതികള്‍ പിന്‍വലിക്കാന്‍ തുടങ്ങിയാല്‍ എമര്‍ജിംഗ് കേരളയുടെ വിശ്വാസ്യത നിക്ഷേപകര്‍ക്ക് നഷ്ടമാകുമെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്.

ഇതിനിടയില്‍ എമര്‍ജിംഗ് കേരളയിലേക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയും കൊണ്ടുവന്നിരിക്കുന്നതും വിവാദമായിട്ടുണ്ട്. കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡ് (കാംകോ) അറിയാതെയാണ് കാംകോയുടെ പദ്ധതി എമര്‍ജിംഗ് കേരള വെബ്‌സൈറ്റില്‍ എത്തിയിരിക്കുന്നത്. ഇക്കാര്യം കോര്‍പറേഷന്‍ അറിഞ്ഞിട്ടില്ലെന് ചെയര്‍മാന്‍ ചാരുപാറ രവിയുടെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്. തന്നോടോ മാനേജ്‌മെന്റിലെ മറ്റാരോടെങ്കിലുമോ കമ്പനിയുടെ ഷെയര്‍ വില്‍പ്പന സംബന്ധിച്ച് ആരും സംസാരിച്ചിട്ടില്ലെന്നും എമര്‍ജിംഗ് കേരളയിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ 'ജനയുഗ'ത്തോട് വ്യക്തമാക്കി.

കൃഷിവകുപ്പിന്റെ കീഴിലുള്ള കാംകോ 1984 മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. പവര്‍ ടില്ലര്‍ യൂണിറ്റ് സ്ഥാപിച്ച് കമ്പനിയുടെ മൂല്യവര്‍ദ്ധന നടത്താനാണ് നിക്ഷേപം തേടിയിരിക്കുന്നത്. കാംകോയുടെ 50 ഏക്കറില്‍പരം വരുന്ന ഭൂമി ലക്ഷ്യമാക്കിയുള്ള നീക്കമാണ് എമര്‍ജിംഗ് കേരളയിലൂടെയെന്നാണ് വിമര്‍ശനം. കമ്പനി സ്ഥലങ്ങള്‍ വിദേശ പ്രതിനിധികള്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.

janayugom 140912

1 comment:

  1. കേരളത്തിന്റെ ജീവജലം ഊറ്റിക്കുടിച്ച കൊക്കകോള ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് എമജിങ് കേരളയില്‍ സര്‍ക്കാര്‍ പരവതാനി വിരിക്കുമ്പോള്‍ പരമ്പരാഗതമേഖലയ്ക്ക് ഭ്രഷ്ട്.

    ReplyDelete