Saturday, September 15, 2012

ടി പി വധത്തിന്റെ മറവില്‍ യുഡിഎഫ് കേരളത്തെ വില്‍ക്കുന്നു: പന്ന്യന്‍


ടി പി വധത്തിന്റെ മറവില്‍ എമര്‍ജിങ് കേരളയിലൂടെ കേരളത്തെ വില്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ടി പി വധമുണ്ടായപ്പോള്‍ രക്തസാക്ഷിയെ വിറ്റ് കാശാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. ആദ്യം വിറ്റ് കാശാക്കിയത് നെയ്യാറ്റിന്‍കരയാണ്. ഇപ്പോള്‍ എമര്‍ജിങ് കേരളയിലൂടെ വീണ്ടും ഇതേ ഇടപെടല്‍ നടത്തുകയാണ്. അതിനായാണ് ഡല്‍ഹിയില്‍നിന്ന് ഒരാള്‍ വന്നത്; അലുവാലിയ. നെല്‍കതിരിന് പകരം കോണ്‍ക്രീറ്റ് കതിരുണ്ടാക്കാനാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫ് സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാന്‍ നടത്തുന്ന പരിപാടിയാണ് എമര്‍ജിങ് കേരള. എമര്‍ജിങ് കേരളയിലൂടെ ആറന്മുള വില്‍ക്കാന്‍ പോകുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയിലൂടെ ഒരു കാര്യം ഉറപ്പാണ്. പണമുള്ളവന്‍ പിടിച്ചാല്‍ ഏത് മന്ത്രാലയവും തിരിയും. വിമാനത്താവളത്തിനായി മൂന്ന് പ്രമാണിമാരാണ് വന്നത്. ഒരാള്‍ അദൃശ്യനാണ്; ത്രിവേണി പോലെ. ത്രിവേണി എന്നത് മൂന്ന് പുഴയാണ്. ഒന്ന് ഭൂമിക്കടിയിലൂടെയാണ് ഒഴുകുന്നത്. അടിയിലുള്ള കമ്പനിയാണ് ഇവിടെ വന്നവരില്‍ പ്രമുഖന്‍. അത് റിലയന്‍സാണെന്നും അവര്‍ക്കുവേണ്ടിയാണിതെന്നും പന്ന്യന്‍ സൂചിപ്പിച്ചു.

കേന്ദ്രം എണ്ണക്കമ്പനികളെ സഹായിക്കുകയാണ്. ഡീസല്‍ വില കൂട്ടിയപ്പോള്‍ അതിനെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. അര ഡസന്‍ കേന്ദ്രമന്ത്രിമാരാണ് കേരളത്തില്‍ നിന്നുള്ളത്. ഇതില്‍ ക്യാബിനറ്റിലെ ഒരാള്‍ രണ്ടാമനും മറ്റേയാള്‍ എട്ടാമനുമാണ്. നാല് സഹമന്ത്രിമാരുമുണ്ട്. നാല് ഹാഫ്, രണ്ട് ഫുള്‍ എന്ന നിലയ്ക്കാണ് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍. എന്നിട്ട് കിട്ടിയതെന്താ? ഐഐടി. അതും പ്രധാനമന്ത്രി പരിഗണിക്കാം എന്നാ പറഞ്ഞത്. പറഞ്ഞത് ഇനിയും കിട്ടിയിട്ടില്ലെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. സംഘാടകസമിതി ചെയര്‍മാന്‍ വിലങ്ങുപാറ സുകുമാരന്‍ അധ്യക്ഷനായി.

deshabhimani 150912

1 comment:

  1. ടി പി വധത്തിന്റെ മറവില്‍ എമര്‍ജിങ് കേരളയിലൂടെ കേരളത്തെ വില്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete