Friday, March 15, 2013

എമര്‍ജിങ് കേരള: ഒറ്റ പദ്ധതിപോലും നടപ്പായെന്ന് പറയാനാകാതെ മന്ത്രി

എമര്‍ജിങ് കേരളയ്ക്ക് ശേഷം സംസ്ഥാനത്ത് നിക്ഷേപക സൗഹൃദ അന്തരീക്ഷം വമ്പിച്ച മുന്നേറ്റം കൈവരിച്ചുവെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. എന്നാല്‍, എമര്‍ജിങ് കേരളയ്ക്ക് ശേഷം കഴിഞ്ഞ ആറ് മാസത്തിനിടയില്‍, എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ഒരു പദ്ധതിയുടെ പേരുപോലും പറയാന്‍ മന്ത്രിക്കായില്ല. എത്ര കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞുവെന്ന ചോദ്യത്തിനും മന്ത്രിക്ക് ഉത്തരമില്ല.

എമര്‍ജിങ് കേരളയുടെ ഭാഗമായി വ്യവസായ വകുപ്പിനു കീഴില്‍ എട്ട് പദ്ധതികളെക്കുറിച്ചു മാത്രമാണ് മന്ത്രിക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍, ഇതിലൊന്നുപോലും പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കിയിട്ടില്ല. 6,000 കോടി രൂപയുടെ പെട്രോ കെമിക്കല്‍ പദ്ധതിയാണ് പ്രധാനമായും മന്ത്രി പറഞ്ഞത്. എന്നാല്‍, ഈ പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചതല്ലാതെ പ്രോജക്ട് റിപ്പോര്‍ട്ട് പോലും ആയില്ല. 100 കോടി രൂപയുടെ പോളി സോബ്യൂട്ടീഷന്‍ പദ്ധതിക്ക് ഭൂമി കണ്ടെത്തിയെന്നത് മാത്രമാണ് മറ്റൊരു "നേട്ടം". ടൂറിസം മേഖലയില്‍ ആറ് പദ്ധതിയാണ് അവകാശപ്പെടുന്നതെങ്കിലും അതിലും ഒന്നുപോലും പ്രാഥമിക ഘട്ടം കടന്നിട്ടില്ല. ഐടി മേഖലയില്‍ നേരത്തെ നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ നടപടികളല്ലാതെ പുതുതായി ഒന്നും പറയാനില്ല. സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചും മിണ്ടിയില്ല.

deshabhimani

No comments:

Post a Comment