Friday, September 14, 2012

നേട്ടങ്ങളില്ലാതെ എമര്‍ജിങ് കേരള: നിക്ഷേപം വ്യക്തമാക്കാനാതെ സര്‍ക്കാര്‍


നേട്ടങ്ങളില്ലാതെ എമര്‍ജിങ്ങ് കേരള സമാപിച്ചു

കൊട്ടിഘോഷിച്ച നേട്ടങ്ങളൊന്നുമില്ലാതെ എമര്‍ജിങ്ങ് കേരള സമാപിച്ചു. 40000 കോടിയുടെ പദ്ധതികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി സമാപനയോഗത്തില്‍ പ്രസംഗിച്ചതല്ലാതെ വ്യക്തമായ പദ്ധതികളൊന്നുമായില്ല. ഇതു സംബന്ധിച്ച വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി. 200 കമ്പനുകള്‍ വിവിധ പദ്ധതികള്‍ക്കായി കരാറിനു തയ്യാറാണെന്നും അവര്‍ അറിയിച്ചു. പരസ്യകമ്പനി തയ്യാറാക്കിയ ലിസ്റ്റാണിതെന്നും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്‍വികസനപദ്ധതികള്‍ക്ക് ഉറപ്പു കിട്ടിയതായി പറയുന്നതല്ലാതെ വിശദമായ പദ്ധതി റിപ്പോര്‍ട്ടവതരിപ്പിച്ചില്ല.

നിക്ഷേപം വ്യക്തമാക്കാനാതെ സര്‍ക്കാര്‍

മൂന്നുദിവസത്തെ എമര്‍ജിങ് കേരള മാമാങ്കത്തിന്റെ സമാപന ദിവസവും നേട്ടമൊന്നും എടുത്തുപറയാനില്ലാതെ സംസ്ഥാന സര്‍ക്കാര്‍. നിക്ഷേപകസംഗമത്തിലൂടെ സംസ്ഥാനത്തിനുണ്ടായ സാമ്പത്തികനേട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. എമര്‍ജിങ് കേരളയുടെ സമാപനസമ്മേളനത്തില്‍, പരിപാടിയിലൂടെ 40,000 കോടിയുടെ നിക്ഷേപമുണ്ടായെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. തൊട്ടുപിന്നാലെ മന്ത്രിസഭാ യോഗം ചേര്‍ന്നശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ അവകാശവാദം മുഖ്യമന്ത്രി നിഷേധിച്ചു. സമാപനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശാനുസരണം പിആര്‍ഡി എമര്‍ജിങ് കേരളയിലൂടെ നിക്ഷേപം നടത്തിയ നിക്ഷേപകരുടെ പട്ടിക മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നു. കോടികളുടെ നിക്ഷേപം ഉണ്ടായെന്നു കാണിക്കുന്ന ഈ പട്ടിക മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ തള്ളി. ഇത് നിക്ഷേപകരുടെ പട്ടികയല്ലെന്നും പരസ്യക്കമ്പനി ഇറക്കിയതാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. എത്ര നിക്ഷേപമുണ്ടായെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അത്തരം പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിമുടി ദുരൂഹത ബാക്കിയാക്കിയാണ് മൂന്നുദിവസത്തെ മാമാങ്കം സമാപിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാന മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും ആദ്യവസാനം തമ്പടിച്ച എമര്‍ജിങ് കേരളയുടെ പരിസമാപ്തി ദയനീയമായി.

ആദ്യം മാധ്യമങ്ങള്‍ക്കു നല്‍കിയ പട്ടികയിലും കാര്‍ഷിക-പരമ്പരാഗത വ്യവസായമേഖലയില്‍ പേരിനുപോലും ഒരു പദ്ധതിയുമില്ല. 52 രാജ്യങ്ങളില്‍നിന്ന് വിദേശപ്രതിനിധികള്‍ പങ്കെടുത്തതായി അവകാശപ്പെടുമ്പോഴും 42 രാജ്യങ്ങളുടെ ഒരു പദ്ധതിനിര്‍ദേശംപോലും ഉണ്ടായിട്ടില്ല. 10 രാജ്യങ്ങള്‍ മാത്രമാണ് ചില പദ്ധതികളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയെങ്കിലും ചെയ്തത്. ഉല്‍പ്പാദനമേഖലയില്‍ എമര്‍ജിങ് കേരളയുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന വന്‍കിട പദ്ധതികള്‍ പലതും നേരത്തെ പ്രഖ്യാപിച്ചതോ പ്രവര്‍ത്തനം ആരംഭിച്ചതോ ആണ്. 413 പദ്ധതി നിര്‍ദേശങ്ങള്‍ എത്തിയതില്‍ 142 എണ്ണത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും 45 പദ്ധതികള്‍ പ്രതീക്ഷയുള്ളതാണെന്നുമാണ് മുഖ്യമന്ത്രി സമാപന സമ്മേളനത്തില്‍ പറഞ്ഞത്. ഇതിലൂടെ 40,000 കോടി രൂപയുടെ നിക്ഷേപം വരും. ഈ 40,000 കോടിയില്‍ 20,000 കോടിയുടെ പദ്ധതി ബിപിസിഎലിന് പെട്രോ കെമിക്കല്‍ വ്യവസായത്തിനാണ്. ഒരുവര്‍ഷംമുമ്പ് ബിപിസിഎല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഏലൂരില്‍ എഫ്സിഐ സ്ഥാപിക്കുന്ന 100 കോടിയുടെ വെയര്‍ഹൗസ് പദ്ധതിയും നേരത്തെ ധാരണയായതാണ്. അമ്പലമുകളില്‍ ഫാക്ട് ആരംഭിച്ച 20 കോടിയുടെ ജിപ്സം ബോര്‍ഡ് പദ്ധതി, ബിപിസിഎലിന്റെ 50 കോടി രൂപയുടെ മോഡിഫൈഡ് ബിറ്റുമിന്‍ പ്ലാന്റ്, ഡിഎം ഹെല്‍ത്ത് കെയറിന്റെ 2000 കോടി രൂപയുടെ ഹോസ്പിറ്റല്‍ പദ്ധതി, ബോള്‍ഗാട്ടിയിലെ 115 കോടി രൂപയുടെ കണ്‍വന്‍ഷന്‍ സെന്റര്‍, നെസ്റ്റ് ഗ്രൂപ്പിന്റെ 500 കോടി രൂപയുടെ അക്കാദമിക് സിറ്റി എന്നിവയും മാസങ്ങള്‍ക്കുമുമ്പേ പ്രഖ്യാപിച്ചതാണ്.

കോടികള്‍ നിക്ഷേപം വരുമെന്നുപറഞ്ഞ ഉല്‍പ്പാദനമേഖലയിലെ ഏഴു പദ്ധതികള്‍ സ്ഥാപിക്കുന്നത് എവിടെയാണെന്നുപോലും സംഘാടകര്‍ നല്‍കിയ പട്ടികയിലില്ല. അമേരിക്കയില്‍നിന്ന് 116 പ്രതിനിധികളാണ് എമര്‍ജിങ് കേരളയില്‍ എത്തിയത്. ഐടി ഉള്‍പ്പെടെ അഞ്ചോളം മേഖലയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകമാത്രമാണ് അവര്‍ ചെയ്തത്. 44 പ്രതിനിധികള്‍ പങ്കെടുത്ത കനഡയില്‍നിന്ന് ഇതുപോലെ അന്വേഷണം മാത്രമാണ് ഉണ്ടായത്. പല രാജ്യങ്ങളും അവരുടെ രാജ്യത്തെ നിക്ഷേപസാധ്യതകള്‍ അവതരിപ്പിക്കാനാണ് എമര്‍ജിങ് കേരളയുടെ വേദി പ്രയോജനപ്പെടുത്തിയത്. കോടികള്‍ ധൂര്‍ത്തടിച്ച എമര്‍ജിങ് കേരളയുടെ ആകെ ചെലവ് വെളിപ്പെടുത്താനും മുഖ്യമന്ത്രി തയ്യാറായില്ല.
(എം എസ് അശോകന്‍)

ബിപിസിഎല്ലിന്റെ പഴയ പദ്ധതിക്ക് എമര്‍ജിങ്ങിന്റെ പുതിയ ലേബല്‍

പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഒരുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച 14,225 കോടി രൂപയുടെ കൊച്ചി റിഫൈനറി പദ്ധതിക്ക് എമര്‍ജിങ് കേരളയുടെ പുതിയ ലേബല്‍. എമര്‍ജിങ് കേരള നിക്ഷേപസംഗമത്തിന്റെ സമാപന ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിപിസിഎല്‍ ചെയര്‍മാന്‍ ആര്‍ കെ സിങ്ങും ഒപ്പുവച്ച ബിപിസിഎല്‍-കൊച്ചി റിഫൈനറിയുടെ സംയോജിത വിപുലീകരണ പദ്ധതി ബിപിസിഎല്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ബിപിസിഎല്‍ ബോര്‍ഡ് അംഗീകരിച്ച വിപുലീകരണമാണ് എമര്‍ജിങ് കേരളയില്‍ ഒപ്പുവച്ച ഏറ്റവും വലിയ പദ്ധതിയായി സര്‍ക്കാര്‍ അവകാശപ്പെട്ടിരിക്കുന്നത്.

ഈ നിക്ഷേപം കേരളത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ഒന്നാണെന്ന് ബിപിസിഎല്‍ ചെയര്‍മാന്‍ ആര്‍ കെ സിങ് വാര്‍ത്താലേഖകരോടു പറഞ്ഞു. പദ്ധതിക്കുള്ള പരിസ്ഥിതിമന്ത്രാലത്തിന്റെ അനുമതി 25നുശേഷം ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊച്ചി എണ്ണശുദ്ധീകരണശാലയുടെ പ്രതിവര്‍ഷ ശേഷി നിലവിലുള്ള 9.5 ദശലക്ഷം മെട്രിക് ടണ്ണില്‍ (എംഎംടിപി) നിന്ന് 15.5 എംഎംടിപി ആക്കി ഉയര്‍ത്തുകയാണ് വിപുലീകരണ പദ്ധതിയുടെ ലക്ഷ്യം. യൂറോ 4, 5 മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിന് എണ്ണശുദ്ധീകരണശാല ആധുനീകരിക്കുക, അവശിഷ്ടങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുക, പെട്രോകെമിക്കല്‍ ഉല്‍പ്പാദനത്തിന് ആവശ്യമായ പ്രൊപിലീന്‍ ഉല്‍പ്പാദിപ്പിച്ച് കൂടുതല്‍ ഉല്‍പ്പാദനം ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി വിഭാവനംചെയ്യുന്നത്. 2015ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതികള്‍ക്കു മാത്രമായി 14,225 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കൂടാതെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളായ അക്രിലേറ്റ്സ്, സൂപ്പര്‍ അബ്സോര്‍ബന്റ് പോളിമര്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കാനുള്ള 6000 കോടി രൂപയോളം വരുന്ന പദ്ധതിക്ക് ദക്ഷിണ കൊറിയയിലെ എല്‍ജികെം എന്ന കമ്പനിയുമായി സംയുക്തസംരംഭത്തിനുള്ള ധാരണപത്രവും ബിപിസിഎല്‍ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. ഈ പദ്ധതിവഴി വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കാനാവുമെന്ന് ബിപിസിഎല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
(എന്‍ എസ് സജിത്)

കോണ്‍ഗ്രസില്‍ എമര്‍ജിങ് കേരള കത്തിപ്പടരും

എമര്‍ജിങ് കേരളയുടെ തീയും പുകയും ഇനി കോണ്‍ഗ്രസില്‍ ആളിക്കത്തും. 50 കോടിയിലധികം രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചു നടത്തിയ മാമാങ്കത്തിന്റെ ഫലത്തെച്ചൊല്ലിയുള്ള വിവാദത്തിനാണ് കോണ്‍ഗ്രസില്‍ അരങ്ങുണരുക. നിക്ഷേപ സംഗമം ഫലത്തില്‍ വിനോദസഞ്ചാരമേളയാക്കി മാറ്റിയത് ഗൃഹപാഠമില്ലാതെ പരിപാടി സംഘടിപ്പിച്ചതുകൊണ്ടാണെന്ന വിമര്‍ശം ശക്തമാണ്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി മുഖ്യമന്ത്രിപദവിയുടെ അന്തസ്സ് ഉമ്മന്‍ചാണ്ടി കെടുത്തുന്നുവെന്ന പരാതി വിശാല ഐ ഗ്രൂപ്പിനുണ്ട്. എന്നാല്‍, എമര്‍ജിങ് കേരളയെ വാഴ്ത്താനും ഉയര്‍ത്താനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുന്നോട്ടുവരാത്തതിലുള്ള അമര്‍ഷത്തിലാണ് ഉമ്മന്‍ചാണ്ടിയും കൂടെയുള്ളവരും. രണ്ട് പ്രബല ഗ്രൂപ്പുകള്‍ തമ്മിലുള്ള ശീതസമരം മൂര്‍ച്ഛിക്കാന്‍ നിക്ഷേപ സംഗമം ഇടവരുത്തിയിരിക്കയാണ്. കെപിസിസി-ഡിസിസി പുനഃസംഘടനാ ചര്‍ച്ച അടുത്തയാഴ്ച തുടങ്ങാനിരിക്കെ അഭിപ്രായഭിന്നത രൂക്ഷമാകും.

വിവാദം എമര്‍ജിങ് കേരളയ്ക്ക് ദോഷമായെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി എ കെ ആന്റണി പറഞ്ഞത് ഭരണനേതൃത്വത്തിനുള്ള കൊട്ടാണ്. കൊച്ചിയിലെ മാമാങ്കം എന്തെന്ന് തനിക്കറിയില്ലെന്ന് യുഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ പി പി തങ്കച്ചന്‍ തുറന്നുപറഞ്ഞത് ചെന്നിത്തലയുടെയും മനസ്സറിഞ്ഞാണ്. സംഘടനാ നേതൃത്വത്തെ നോക്കുകുത്തിയാക്കി ഭരണനേതൃത്വം ഏകപക്ഷീയമായി പോകുന്നുവെന്ന വികാരത്തിലാണ് എ ഇതര ഗ്രൂപ്പുകള്‍. കൊച്ചി മേളയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ബോര്‍ഡ്-കോര്‍പറേഷന്‍ ചെയര്‍മാന്മാരുടെ യോഗം ഇതിന്റെ പ്രതിഫലനമായിരുന്നു.

മേളയില്‍ ഉള്‍പ്പെടുത്തിയ ടൂറിസം പദ്ധതികള്‍ക്ക് എതിരെ കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് രംഗത്തുവന്നു. വിജയന്‍ തോമസ്, ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍, ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ ചെറിയാന്‍ കല്‍പ്പകവാടി തുടങ്ങിയവരെല്ലാം ഈ യോഗത്തില്‍ പങ്കെടുത്തു. ചെയര്‍മാന്മാരുടെ പ്രതിമാസ ഹോണറേറിയം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു. ഒപ്പം എല്ലാ മേഖലയിലും ഉദ്യോഗസ്ഥഭരണമാണെന്ന പരാതിയും ഉയര്‍ത്തി. എമര്‍ജിങ് കേരളയെപ്പറ്റി മുന്‍കൂര്‍ ചര്‍ച്ച ഉണ്ടാകാത്തതിലുള്ള പ്രതിഷേധവും ബോര്‍ഡ്-കോര്‍പറേഷന്‍ ഭാരവാഹികള്‍ ഉയര്‍ത്തി.

വി എം സുധീരനും ഒരുവിഭാഗം യുഡിഎഫ് എംഎല്‍എമാരും കെട്ടഴിച്ചുവിട്ട വിവാദങ്ങള്‍ എമര്‍ജിങ് കേരളവിരുദ്ധ കലാപമായി പടര്‍ന്നപ്പോള്‍, തീയണയ്ക്കാന്‍ ചെന്നിത്തല താല്‍പ്പര്യം കാട്ടിയില്ലെന്ന പരാതി എ വിഭാഗത്തിനുണ്ട്. അതേസമയം, വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചവരുടെ നിലപാടിനെ സാധൂകരിക്കുന്ന വാര്‍ത്തകളാണ് കൊച്ചിയില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളം നെല്‍കൃഷി ഉപേക്ഷിച്ച് നിലം നികത്തണമെന്ന കേന്ദ്ര ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ ഉപദേശം എമര്‍ജിങ് കേരളയുടെ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് മേളയ്ക്ക് മധ്യേതന്നെ ഇതിനോട് സുധീരനും വി ഡി സതീശനും ടി എന്‍ പ്രതാപനും പരസ്യമായി വിയോജിച്ചത്.

deshabhimani 150912

1 comment:

  1. കൊട്ടിഘോഷിച്ച നേട്ടങ്ങളൊന്നുമില്ലാതെ എമര്‍ജിങ്ങ് കേരള സമാപിച്ചു. 40000 കോടിയുടെ പദ്ധതികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി സമാപനയോഗത്തില്‍ പ്രസംഗിച്ചതല്ലാതെ വ്യക്തമായ പദ്ധതികളൊന്നുമായില്ല. ഇതു സംബന്ധിച്ച വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി. 200 കമ്പനുകള്‍ വിവിധ പദ്ധതികള്‍ക്കായി കരാറിനു തയ്യാറാണെന്നും അവര്‍ അറിയിച്ചു. പരസ്യകമ്പനി തയ്യാറാക്കിയ ലിസ്റ്റാണിതെന്നും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്‍വികസനപദ്ധതികള്‍ക്ക് ഉറപ്പു കിട്ടിയതായി പറയുന്നതല്ലാതെ വിശദമായ പദ്ധതി റിപ്പോര്‍ട്ടവതരിപ്പിച്ചില്ല.

    ReplyDelete