Friday, September 14, 2012

കണ്ണ് ഭൂമിയില്‍; പാട്ടക്കാലാവധി കൂട്ടാന്‍ സമ്മര്‍ദം


എമര്‍ജിങ് കേരള നിക്ഷേപകസംഗമം രണ്ടുനാള്‍ പിന്നിടുമ്പോള്‍ വ്യവസായികള്‍ കണ്ണുവയ്ക്കുന്നത് ഭൂമിയില്‍ തന്നെയെന്ന് കൂടുതല്‍ വ്യക്തമാവുന്നു. വ്യവസായാവശ്യങ്ങള്‍ക്ക് പാട്ടത്തിനു നല്‍കുന്ന ഭൂമിയുടെ പാട്ടക്കാലാവധി 99 വര്‍ഷമാക്കണമെന്ന സമ്മര്‍ദത്തിനുള്ള വേദിയായും നിക്ഷേപകസംഗമം മാറി. പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളില്‍പ്പെടുന്ന വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ചുളുവിലയ്ക്ക് സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി വ്യവസായികള്‍ ചരടുവലി തുടങ്ങി. സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് അവകാശപ്പെട്ട വിവാദപദ്ധതികളായ നിശാക്ലബ്ബിനും മസാജ് പാര്‍ലറിനും ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി വിവിധ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബംഗളൂരു കേന്ദ്രമായ സിനര്‍ജി ഇമേജസ് എന്ന കമ്പനിയാണ് വാഗമണിലെയും നെല്ലിയാമ്പതിയിലെയും ഭൂമി ലക്ഷ്യംവച്ചുള്ള പദ്ധതികളുമായി രംഗത്തുള്ളത്. വാഗമണില്‍ ഗോള്‍ഫ് കോഴ്സ്, മസാജ് കേന്ദ്രം, ഹോട്ടല്‍, നെല്ലിയാമ്പതിയില്‍ ഹോളിസ്റ്റിക് ആരോഗ്യകേന്ദ്രം, കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ വന്‍കിട ഹോട്ടല്‍ എന്നിവ തുടങ്ങുകയാണ് ഇവരുടെ ലക്ഷ്യം. വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രതിനിധികളുമായി ഈ ഗ്രൂപ്പിന്റെ പ്രതിനിധി രേണു മല്‍ഹോത്ര ചര്‍ച്ച നടത്തും.

അതേസമയം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളായ വൈദ്യുതി ഉല്‍പ്പാദനം, മാലിന്യസംസ്കരണം എന്നിവയ്ക്കുവേണ്ടിയുള്ള പദ്ധതികളിലൊന്നും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എമര്‍ജിങ് കേരള രണ്ടുനാള്‍ പിന്നിട്ടപ്പോള്‍ എന്താണ് ഇതുവരെയുണ്ടായ നേട്ടമെന്ന ചോദ്യത്തിന്, ഇതുവരെയുള്ളവയെക്കുറിച്ച് പറയാനായിട്ടില്ലെന്നും എല്ലാം നാളെ പറയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടിയ പങ്കാളിത്തവും വിജയവുമാണ് ഇതുവരെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുദിവസത്തെ അവലോകനത്തിന് വ്യാഴാഴ്ച രാത്രി അടിയന്തര മന്ത്രിസഭായോഗം ലെ മെറിഡിയനില്‍ ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനിമിഷം മാറ്റി.
പാട്ടക്കാലാവധി 30 വര്‍ഷമാക്കി ചുരുക്കുമെന്ന സര്‍ക്കാര്‍ നേരത്തെ നടത്തിയ പ്രഖ്യാപനത്തെ രോഷത്തോടെയാണ് വ്യവസായികള്‍ കാണുന്നത്. ഇത്രയും ചുരുങ്ങിയ കാലയളവിലേക്കാണ് ഭൂമി പാട്ടത്തിനു ലഭിക്കുന്നതെങ്കില്‍ മുതല്‍മുടക്ക് തിരിച്ചുകിട്ടില്ലെന്ന് വ്യവസായികള്‍ പരസ്യമായി സര്‍ക്കാര്‍ പ്രതിനിധികളോടു പറഞ്ഞു. പാട്ടക്കാലാവധി 99 വര്‍ഷമാക്കണമെന്ന ആവശ്യമാണ് വിവിധ സെഷനുകളില്‍ വ്യവസായികള്‍ ഉന്നയിച്ചത്. എന്നാല്‍ നിക്ഷേപംകൊണ്ട് സംസ്ഥാനത്തിനുള്ള ഗുണം പരിഗണിച്ചാണ് പാട്ടക്കാലാവധി നിശ്ചയിക്കുകയെന്ന് മന്ത്രി അടൂര്‍ പ്രകാശ് പ്രതികരിച്ചു. അടിസ്ഥാനസൗകര്യവികസനം, നഗരദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തം തീവ്രമാക്കുമെന്ന പ്രഖ്യാപനവും വ്യാഴാഴ്ചയുണ്ടായി. കേന്ദ്ര ദാരിദ്ര്യനിര്‍മാര്‍ജനമന്ത്രി കുമാരി സെല്‍ജയാണ് ഈ പ്രഖ്യാപനം നടത്തിയത്. പിപിപി പദ്ധതികളല്ലാതെ കേരളത്തിന് മറ്റു മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ മലേഷ്യന്‍ പ്രത്യേക പ്രതിനിധി സ്വാമിവേലുവും ആരോഗ്യമേഖലയിലടക്കം പിപിപി പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു.

നഗര ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം തീവ്രമാക്കും

കൊച്ചി: രാജ്യത്തെ നഗര ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം തീവ്രമാക്കുമെന്ന് കേന്ദ്ര ഭവന-ദാരിദ്ര്യനിര്‍മാര്‍ജന മന്ത്രി കുമാരി സെല്‍ജ പറഞ്ഞു. നഗരങ്ങളിലെ ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നഗര ഉപജീവന ദൗത്യ(നാഷണല്‍ ലൈവ്ലിഹുഡ് മിഷന്‍)ത്തിന് രൂപംനല്‍കാനും പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ആകര്‍ഷകമായ ഭവനപദ്ധതികള്‍ തുടങ്ങാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്- എമര്‍ജിങ് കേരള നിക്ഷേപകസംഗമത്തിന്റെ രണ്ടാംദിനത്തില്‍ വളര്‍ച്ചയില്‍ പൊതു-സ്വകാര്യ പങ്കാളിത്ത(പിപിപി)ത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

13-ാം പഞ്ചവത്സരപദ്ധതിയില്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളത്തില്‍ പിപിപി പങ്കാളിത്തം 50 ശതമാനമായി വര്‍ധിപ്പിക്കും. ഇപ്പോള്‍ 30 ശതമാനമാണ്. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പൊതു-സ്വകാര്യ പങ്കാളിത്തമാണ് ഏക പോംവഴി. വിവിധ സംസ്ഥാനങ്ങളിലെ 350ലേറെ പിപിപി പദ്ധതികള്‍ വഴി 1,56,000 കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കാനായിട്ടുണ്ട്. ഇത്തരം പദ്ധതികളില്‍ ഗുണഭോക്താക്കളായ ജനങ്ങളെയും ഉള്‍പ്പെടുത്തണം- അവര്‍ പറഞ്ഞു. ആരോഗ്യ-വിനോദസഞ്ചാര മേഖലകളില്‍ കേരളം പിപിപി പദ്ധതികള്‍ നടപ്പാക്കണമെന്ന് മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എസ് സ്വാമി വേലു പറഞ്ഞു. പിപിപി പദ്ധതികള്‍ പലിശരഹിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊച്ചി, കൊല്ലം, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബൈപാസ് പദ്ധതിക്ക് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സെഷനില്‍ സ്വാഗതം പറഞ്ഞ പൊതുമരാമത്ത്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.

എമര്‍ജിങ് കേരളയുടെ മുഖ്യസംഘാടകന്‍ കേരളം വിടുന്നു

കൊച്ചി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറും പരിപാടിയുടെ മുഖ്യസംഘാടകരിലൊരാളുമായ അല്‍കേഷ്കുമാര്‍ ശര്‍മ കേരളം വിടുന്നു. കേന്ദ്രസര്‍വീസില്‍ പ്രവേശിക്കാനായി എമര്‍ജിങ് കേരള സമാപിച്ചതിന്റെ പിറ്റേന്നുതന്നെ അദ്ദേഹം ഡല്‍ഹിക്കു പോകും. എമര്‍ജിങ് കേരളയുടെ സംഘാടനവുമായി ബന്ധപ്പെട്ട സുപ്രധാന ചുമതലകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വിദേശങ്ങളില്‍ നിന്നുള്ള നിക്ഷേപകരുമായി ബന്ധപ്പെട്ടതും അവരെ കൊച്ചയില്‍ എത്തിക്കുന്നതിന് മുഖ്യപങ്കു വഹിച്ചതും അല്‍കേഷ്കുമാര്‍ ശര്‍മയാണ്. എമര്‍ജിങ് കേരളയില്‍ പങ്കെടുത്ത് കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറുള്ള വിദേശ കമ്പനികളുമായി തുടര്‍ന്നും ബന്ധപ്പെടാനുള്ള അവസരം ശര്‍മയുടെ സ്ഥലംമാറ്റത്തോടെ നഷ്ടമാവും. അദ്ദേഹത്തിനുപകരം വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സോമസുന്ദരത്തിന് താല്‍ക്കാലിക ചുമതല നല്‍കും.

deshabhimani 140912

No comments:

Post a Comment