Monday, April 1, 2013

അധ്യാപകരും ജീവനക്കാരും ഇന്ന് കരിദിനം ആചരിക്കും


പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുന്ന തിങ്കളാഴ്ച സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കരിദിനം ആചരിക്കും. ബാഡ്ജ് ധരിച്ച് കരിങ്കൊടിയുമായി പ്രകടനം നടത്തും. പ്രതിഷേധയോഗങ്ങളും ചേരും. സംസ്ഥാന ചരിത്രത്തില്‍ ഈ ഏപ്രില്‍ ഒന്ന് കറുത്ത ദിനമായി രേഖപ്പെടുത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാറും അധ്യാപക- സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ജീവനക്കാരും അധ്യാപകരും നടത്തിയ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിക്കുകയാണ് സര്‍ക്കാര്‍. മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനും ജീവനക്കാരും അധ്യാപകരും അടയ്ക്കുന്ന തുക ട്രഷറിയില്‍ നിക്ഷേപിക്കാനും ആവശ്യമായ നിയമനിര്‍മാണം ഇനിയും ഉണ്ടായിട്ടില്ല. പണിമുടക്കിന്റെ പേരിലുള്ള സസ്പെന്‍ഷനുകളും കേസുകളും സ്ഥലംമാറ്റങ്ങളും ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിന്റെ വഞ്ചനാനയത്തിനെതിരായ തുടര്‍പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകാന്‍ ജീവനക്കാരോടും അധ്യാപകരോടും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

തപാല്‍ ജീവനക്കാരുടെ നിരാഹാര സമരം ഇന്നുമുതല്‍

കൊച്ചി: എന്‍എഫ്പിഇ-എഫ്എന്‍പിഒയുടെ ആഭിമുഖ്യത്തില്‍ തപാല്‍ ജീവനക്കാര്‍ പിഎംജി ഓഫീസിനു മുന്നില്‍ നടത്തുന്ന റിലേ നിരാഹാരം തിങ്കളാഴ്ച ആരംഭിക്കും. അഞ്ചുവരെ നീളും. പിഎംജിയുടെ നിയമവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കുക, തപാല്‍ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതില്‍നിന്ന് പിന്‍മാറുക, മെയില്‍ ഓവര്‍സിയര്‍ തസ്തിക നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാരം. തിങ്കളാഴ്ച സര്‍ക്കിള്‍ സെക്രട്ടറിമാര്‍ക്കൊപ്പം എറണാകുളം ഡിവിഷനും ആര്‍എംഎസും നിരാഹാരം അനുഷ്ഠിക്കും. രണ്ടിന് കോട്ടയം-ചങ്ങനാശേരി, മൂന്നിന് ആലപ്പുഴ-മാവേലിക്കര, നാലിന് ആലുവ-ഇടുക്കി, അഞ്ചിന് തൃശൂര്‍-ഇരിങ്ങാലക്കുട എന്നീ ഡിവിഷനുകള്‍ നിരാഹാരം അനുഷ്ഠിക്കുമെന്ന് സംയുക്ത സമരസമിതി ചെയര്‍മാന്‍ യു കെ പുഷ്പന്‍, കണ്‍വീനര്‍ എം ബി വിശ്വനാഥന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

deshabhimani 010413

No comments:

Post a Comment