Friday, January 24, 2014

ടിക്കറ്റ് മെഷീന്‍ "ബ്രേക്ക് ഡൗണ്‍"

ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ (ഇടിഎം) കൂട്ടത്തോടെ ബ്രേക്ക് ഡൗണായതോടെ കെഎസ്ആര്‍ടിസി ബസുകളില്‍ പഴയ ടിക്കറ്റ് റാക്ക് വീണ്ടും വ്യാപകമായി. ജിപിആര്‍എസ് സംവിധാനമുള്ള പുതിയ ടിക്കറ്റ് മെഷീന്‍ വാങ്ങിയെങ്കിലും സെര്‍വര്‍ ഇല്ലാത്തതിനാല്‍ ഭൂരിഭാഗം ഡിപ്പോകളിലും നടപ്പാക്കാനായില്ല. കെഎസ്ആര്‍ടിസിയിലെ 70 ശതമാനത്തിലധികം ഇടിഎമ്മുകളും പ്രവര്‍ത്തനരഹിതമാണ്. കാലാവധി കഴിഞ്ഞിട്ടും പുതിയ യന്ത്രങ്ങള്‍ വാങ്ങാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 2009ല്‍ ഇടിഎം സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ വാങ്ങിയ ടിക്കറ്റ് യന്ത്രങ്ങളാണ് ഡിപ്പോകളില്‍ അവശേഷിക്കുന്നത്. ജോലിഭാരം കൂടിയതോടെ എതിര്‍പ്പുമായി കണ്ടക്ടര്‍മാര്‍ രംഗത്തെത്തി. സോഫ്റ്റ് ലാന്‍ഡ്, മൈക്രോ ഫെക്സ് കമ്പനികളില്‍നിന്ന് വാങ്ങിയ 6000ത്തോളം യന്ത്രങ്ങളാണ് ബസുകളില്‍ ഉപയോഗിച്ചിരുന്നത്. പഴയ ടിക്കറ്റ് റാക്കുകള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 2 വര്‍ഷത്തെ വാറന്റിയും ഒരുവര്‍ഷത്തെ മെയിന്റനന്‍സ് കരാറുമാണ് യന്ത്രങ്ങള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തത്. 2012 മാര്‍ച്ചില്‍ ഇതിന്റെ കാലാവധി പൂര്‍ത്തിയായിട്ടും അധികൃതര്‍ പുതിയവ വാങ്ങിയില്ല. ഇതിനിടെ മെയിന്റനന്‍സ് കരാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടിയെങ്കിലും ഭൂരിഭാഗവും കേടായി. 1300ഓളം യന്ത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായുള്ളത്. ഇതോടെ കണ്ടക്ടര്‍മാര്‍ പഴയ ടിക്കറ്റ് റാക്കുകള്‍ പൊടിതട്ടിയെടുത്തു.

ഫെയര്‍ സ്റ്റേജ് മാറിയതനുസരിച്ച് ടിക്കറ്റ് ഇല്ലാത്തതിനാല്‍ പല റൂട്ടിലും ഒന്നിലധികം ടിക്കറ്റ് നല്‍കണം. വേ ബില്ലും തയ്യാറാക്കണം. ജോലി ഇരട്ടിയായതിനാല്‍ അധിക ഡ്യൂട്ടിചെയ്യാന്‍ കണ്ടക്ടര്‍മാര്‍ മടിച്ചതോടെ നിരവധി സര്‍വീസുകള്‍ റദ്ദുചെയ്തു. ഇതുവഴി വന്‍ വരുമാന നഷ്ടവും സംഭവിച്ചു. ഇത് മറികടക്കാന്‍ ജിപിആര്‍എസ് സംവിധാനത്തോടുകൂടിയ 4,000 ടിക്കറ്റ് മെഷീന്‍ വാങ്ങിയെങ്കിലും 6,215 ബസുകളില്‍ 90 ശതമാനം എണ്ണത്തിലും ഇത് നടപ്പാക്കാനായില്ല. 28 ഡിപ്പോകളും 44 സബ് ഡിപ്പോകളും 18 ഓപ്പറേറ്റിങ് സെന്ററുകളുമുള്ളപ്പോള്‍ 4 ഡിപ്പോയില്‍ മാത്രമാണ് ഈ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലിലാണ് ആദ്യം നടപ്പാക്കിയത്. ശബരിമല സീസണില്‍കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം ഡിപ്പോകളിലും നടപ്പാക്കി. സെര്‍വര്‍ അടക്കമുള്ള സംവിധാനം ഒരുക്കാത്തതിനാല്‍ മറ്റ് ഡിപ്പോകളിലേക്ക് ഇത് വ്യാപിപ്പിക്കാനായിട്ടില്ല. ബസ് കടന്നുപോകുന്ന റൂട്ട്, യാത്രക്കാരുടെ എണ്ണം, പുറപ്പെട്ട സമയം, കളക്ഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഇടിഎം ഉണ്ടെങ്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ കൈമാറാനാകും. ടിക്കറ്റ് മെഷീനുകളെ ജിപിആര്‍എസ് മുഖേന ഹെഡ് ഓഫീസിലെ സെന്‍ട്രല്‍ സെര്‍വറുമായി ബന്ധിപ്പിച്ചാണ് വിവരങ്ങള്‍ കൈമാറുന്നത്. 3.8 കോടി രൂപ ചെലവഴിച്ച് ബംഗളുരുവിലുള്ള ക്വാന്റം ഏയോണ്‍ കമ്പനിയില്‍നിന്നാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങിയത്. 2 മാസത്തിനുള്ളില്‍ എല്ലാ ഡിപ്പോകളിലും ഇവ നല്‍കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടില്ല. ഹെഢാഫീസില്‍ ഇതുവരെ സെര്‍വര്‍ സ്ഥാപിച്ചിട്ടില്ല. യന്ത്രം നല്‍കിയ കമ്പനിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തനം. പുതിയ സെര്‍വര്‍ തയ്യാറാക്കാന്‍ ഐടി മിഷന്റെ സഹായം തേടിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ജി അനില്‍കുമാര്‍ deshabhimani

No comments:

Post a Comment