Tuesday, December 3, 2013

ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ക്ക് സംയുക്ത മേധാവി

ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ക്ക് സംയുക്തമായി ഒരു തലവനെ നിയമിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. ആദ്യ സംയുക്തസേനാ മേധാവിയായി നിലവിലെ കരസേനാ മേധാവി ജനറല്‍ ബിക്രംസിങിനെ അടുത്തമാസം നിയമിച്ചേക്കും. ഇപ്പോള്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (ഐ ഡി എഫ്) തലവനായ ലഫ്റ്റനന്റ് ജനറല്‍ അനില്‍ ഛയിത് കരസേന മേധാവിയാകും.
കര, വ്യോമ, നാവിക സേനാ മേധാവികളുടെ നവംബര്‍ 22ന് ചേര്‍ന്ന സമ്മേളനം സംയുക്തസേനാമേധാവിയുടെ നിയമനകാര്യത്തില്‍ ധാരണയിലെത്തി. ഇക്കാര്യം വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍ എ കെ ബ്രൗനെ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. ദേശീയ സുരക്ഷശക്തിപ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയുക്തമായിരുന്ന നരേഷ് ചന്ദ്രടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ വര്‍ഷം ഇത്തരമൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധത്തിനുശേഷം ദേശീയസുരക്ഷ വര്‍ധിപ്പിക്കുന്നതിന് നിയുക്തമായ കമ്മിറ്റി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) എന്ന തസ്തിക രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും 2001 ല്‍ രൂപീകരിച്ച മന്ത്രിതല സമിതി അതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സി ഒ എസ് സി) എന്നൊരു സംവിധാനം നിലവിലുണ്ട്. കര, വ്യോമ, നാവിക സേനാ തലവന്മാരിലെ സീനിയര്‍ ആയ ആളായിരിക്കും ഇതിന്റെ എക്‌സ് - ഓഫീഷ്യൊ ചെയര്‍മാന്‍. എന്നാല്‍ ഈ പദവിക്ക് പ്രത്യേക അധികാരങ്ങള്‍ ഒന്നുമില്ല. ഓഫീസ് സംവിധാനമോ മതിയായ സ്റ്റാഫോ ഇല്ല. നാല് നക്ഷത്രങ്ങള്‍ മാത്രമാണ് പദവിചിഹ്നത്തിലുള്ളത്.
അഞ്ച് നക്ഷത്രങ്ങളുള്ള പദവിയായിരിക്കും സി ഡി എസ് മേധാവിയുടെത്. കര, വ്യോമ, നാവിക സേനാവിഭാഗങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരിക്കും സംയുക്ത സേനാമേധാവിക്കുണ്ടാവുക. ശക്തമായ ഒരു പദവിയായിരിക്കും ഇത്. നിലവിലെ സംവിധാനത്തില്‍ നാല് നക്ഷത്രങ്ങളുടെ പദവിയുള്ള കര, വ്യോമ, നാവിക സേനാ മേധാവിമാര്‍ പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ സ്വയംഭരണാധികാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സംവിധാനത്തില്‍ മൂന്നുസേനാവിഭാഗങ്ങളുടെയും തലവന്മാരുടെ മുകളിലായിരിക്കും സംയുക്തസേനാമേധാവി.

1967 ലും 1986 ലും നടപ്പിലാക്കിയ ചില പരിഷ്‌ക്കാരങ്ങള്‍ വ്യോമസേനയില്‍ നിക്ഷിപ്തമായിരുന്ന ചില ചുമതലകള്‍ നാവികസേനയിലേക്കും കരസേനയിലേക്കും മാറ്റിയിരുന്നു. കടലിലെ വ്യോമനിരീക്ഷണവും അതിനാവശ്യമായ വിമാനങ്ങളും 1967 ല്‍ വ്യോമസേനയില്‍ നിന്നും നാവികസേനയിലേക്കും ചെറിയ ഇനം ഹെലികോപ്റ്ററുകളുടെ ഉപയോഗം 1986ല്‍ കരസേനയിലേക്കും മാറ്റിയിരുന്നു. ഒരു ഇടക്കാല സംവിധാനമെന്ന നിലയില്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (ഐ ഡി എസ്) എന്ന സംവിധാനത്തിന് രൂപം നല്‍കി. മൂന്ന് നക്ഷത്രങ്ങളുള്ള ഒരു സൈനിക ഓഫീസര്‍ക്കാണ് ഇതിന്റെ ചുമതല. 300 ല്‍ പ്പരം സൈനികരും ജീവനക്കാരായി നിയോഗിക്കപ്പെട്ടു. മൂന്നു സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കുന്നതില്‍ ഈ സംവിധാനത്തിന് കാര്യമായ സംഭാവനകളൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

janayugom

No comments:

Post a Comment