Wednesday, April 11, 2012

ബിഇഎംഎല്‍-ടട്ര സിപോക്സ് ഇടപാടുകള്‍ അന്വേഷിക്കും


സേനയുടെ പരിശീലന നീക്കത്തിന് മുന്‍കൂര്‍ അനുമതി വേണ്ട: പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി: പരിശീലനത്തിന്റെ ഭാഗമായി സൈനിക യൂണിറ്റുകളുടെ നീക്കത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ അറിയിച്ചു. പരിശീലനത്തിന്റെ ഭാഗമായാണ് ജനുവരിയില്‍ രണ്ട് കരസേനാ യൂണിറ്റുകള്‍ ഡല്‍ഹി ദിശയിലേക്ക് നീങ്ങിയത്. ഇക്കാര്യത്തില്‍ നടപടിക്രമം ലംഘിച്ചിട്ടില്ല-ശര്‍മ പറഞ്ഞു. കരസേനാ മേധാവി വി കെ സിങ്ങും സമാന അഭിപ്രായംപ്രകടിപ്പിച്ചിരുന്നു. പ്രതിരോധമന്ത്രാലയവും കരസേനയും നിലപാട് വ്യക്തമാക്കിയതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമില്ലെന്ന് യോഗത്തില്‍ ചില എംപിമാര്‍ നിലപാടെടുത്തു. കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ എസ് കെ സിങ്ങിനൊപ്പമാണ് ശര്‍മ പാര്‍ലമെന്ററി സമിതിക്കു മുന്നിലെത്തിയത്. കരസേനാ മേധാവി ജന. വി കെ സിങ്ങിനെയും പാര്‍ലമെന്ററി സമിതി വിളിപ്പിക്കുമെന്ന് സൂചനയുണ്ട്. സേനാ നീക്കത്തെക്കുറിച്ച് നിറംപിടിപ്പിച്ച വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് പാര്‍ലമെന്ററി സമിതി ശര്‍മയെ നേരത്തെ വിളിച്ചുവരുത്തിയിരുന്നു. മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കാനാണ് ശര്‍മ തിങ്കളാഴ്ച വീണ്ടും ഹാജരായത്.

ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും ഊതിപ്പെരുപ്പിച്ചതുമാണെന്ന് ശര്‍മ സമിതിയെ ധരിപ്പിച്ചു. പത്രവാര്‍ത്തയെ ഖണ്ഡിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കി. എന്നാല്‍, സേനാനീക്കം സര്‍ക്കാര്‍ വൃത്തങ്ങളില്‍ ആശങ്ക സൃഷ്ടിച്ചെന്ന് പ്രതിരോധ സഹമന്ത്രി പള്ളം രാജു തുറന്നുസമ്മതിച്ചു.സര്‍ക്കാരിനും സേനയ്ക്കുമിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആരോ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ആശങ്ക ഉയര്‍ന്നതെന്ന് ഒരു ദൃശ്യമാധ്യമത്തോട് പള്ളം രാജു പറഞ്ഞു. പത്രവാര്‍ത്തയില്‍ വന്നതുപോലെ സേനാനീക്കത്തോട് സംഭ്രമജനകമായ വിധമല്ല സര്‍ക്കാര്‍ പ്രതികരിച്ചത്. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ സേനാനീക്കത്തെ കുറിച്ച് ആവശ്യമില്ലാത്ത വിധത്തില്‍ ചിന്തിച്ചു. അതിനപ്പുറമൊന്നുമില്ല- മന്ത്രി പറഞ്ഞു. എന്നാല്‍, സേനാ നീക്കത്തില്‍ ചട്ടലംഘനമായി എന്തെങ്കിലും നടന്നോയെന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.

ബിഇഎംഎല്‍-ടട്ര സിപോക്സ് ഇടപാടുകള്‍ അന്വേഷിക്കും

വിവാദമായ ടട്ര ട്രക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ കമ്പനിയായ ബിഇഎംഎല്ലും ലണ്ടന്‍ കേന്ദ്രമായ ടട്ര സിപോക്സും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സിബിഐ അന്വേഷിക്കും. വിശദാംശങ്ങള്‍ക്ക് ബ്രിട്ടന്റെ സഹായം അഭ്യര്‍ഥിക്കാനും ആലോചനയുണ്ട്. ടട്ര സിപോക്സിന്റെ ഉടമസ്ഥത സംബന്ധിച്ചും അന്വേഷിക്കും. നേരത്തെ സിബിഐ ചോദ്യംചെയ്ത രവി ഋഷി ചെയര്‍മാനായ കമ്പനിയാണ് ടട്ര സിപോക്സ്. ബിഇഎംഎല്‍ ടട്രയ്ക്ക് പണം നല്‍കിയത് അവിഹിതമാര്‍ഗത്തിലൂടെയാണെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. പ്രതിരോധമന്ത്രാലയത്തിലെയും സൈന്യത്തിലെയും ബിഇഎംഎല്ലിലെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്ന് സിബിഐ അധികൃതര്‍ അറിയിച്ചു. ടട്ര സിപോക്സും ചെക്ക് റിപ്പബ്ലിക്ക് കേന്ദ്രമായ ടട്ര എഎസും തമ്മിലുള്ള ബന്ധവും അന്വേഷിക്കും.

ടട്ര സിപോക്സില്‍നിന്ന് ട്രക്ക് വാങ്ങാന്‍ ബിഇഎംഎല്‍ കരാര്‍ ഒപ്പിട്ടത് 1997ലാണ്. ട്രക്ക് നിര്‍മാണ കമ്പനിയല്ലാത്ത ടട്ര സിപോക്സുമായി കരാര്‍ ഒപ്പിട്ടത് പ്രതിരോധനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിബിഐ വ്യക്തമാക്കി. അതിനിടെ ട്രക്ക് നിര്‍മാണത്തിന് ആവശ്യമായ 30 മുതല്‍ 35 ശതമാനംവരെ വാഹനഭഭാഗങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി വരുന്നതായി ചെക്ക് റിപ്പബ്ലിക്ക്കേന്ദ്രമായ ടട്ര എഎസ് പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് കമ്പനികളോ ബിഇഎംഎല്ലോ ആണ് വാഹനത്തിന്റെ ബാക്കിഭഭാഗങ്ങള്‍ നിര്‍മിക്കുന്നത്. തങ്ങളുമായുള്ള ലൈസന്‍സ് കരാര്‍ അനുസരിച്ച് ടട്ര എന്ന പേരില്‍ ബിഇഎംഎല്‍ വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട്. രവി ഋഷി ചെയര്‍മാനായ വെക്ട്രയ്ക്ക് തങ്ങള്‍ക്ക്മേല്‍ നിയന്ത്രണമില്ല. വെക്ട്രയ്ക്ക് ടട്രയില്‍ നാമമാത്ര ഓഹരിപങ്കാളിത്തമാണുള്ളത്. എന്നാല്‍, ടട്രയുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യംചെയ്തതിനെക്കുറിച്ച് രവി ഋഷിയില്‍നിന്നും വെക്ട്ര കമ്പനിയില്‍നിന്നും വിശദീകരണം ആവശ്യപ്പെടുമെന്ന് ചെക്ക് കമ്പനി അറിയിച്ചു.

ട്രക്ക് അഴിമതി: 3 ബിഇഎംഎല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു

ടട്ര ട്രക്ക് അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിലെ (ഭരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) മൂന്ന് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യംചെയ്തു. ധനവിഭാഗം തലവനെയും ധനകാര്യ, വിജിലന്‍സ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെയുമാണ് ചോദ്യംചെയ്തത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. ചോദ്യംചെയ്യപ്പെട്ട മൂന്നു പേര്‍ക്കുമെതിരെ ഇതുവരെ ആരോപണം ഉയര്‍ന്നിട്ടില്ല.

ബ്രിട്ടന്‍ ആസ്ഥാനമായ ടട്ര സിപോക്സ് കമ്പനിയില്‍നിന്ന് ട്രക്കുകള്‍ വാങ്ങാന്‍ 1997ലാണ് ബിഇഎംഎല്‍ കരാര്‍ ഒപ്പിട്ടത്. 2003ല്‍ കരാര്‍ പുതുക്കി. യഥാര്‍ഥ ട്രക്ക് നിര്‍മാണ കമ്പനിയല്ലാത്ത ടട്ര സിപോക്സുമായി ഏര്‍പ്പെട്ട കരാറില്‍ പ്രതിരോധനിയമങ്ങള്‍ ലംഘിച്ചതിനെക്കുറിച്ചാണ് സിബിഐ പരിശോധിക്കുന്നത്. ബിഇഎംഎല്ലും ടട്ര സിപോക്സും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ രീതിയും പണം പോയത് എങ്ങോട്ടാണെന്നും സിബിഐ ആരാഞ്ഞു. ഇടപാടിനായി ഡോളര്‍ യൂറോയിലേക്ക് മാറ്റിയതും അന്വേഷിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് വെക്ട്ര ചെയര്‍മാന്‍ രവി ഋഷിയെ കഴിഞ്ഞയാഴ്ച സിബിഐ ചോദ്യംചെയ്തിരുന്നു. രേഖകളും രവി ഋഷിയുടെ മൊഴിയും തമ്മിലുള്ള പൊരുത്തക്കേടുകളെ ക്കുറിച്ച് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞതായി സിബിഐ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ശനിയാഴ്ച പ്രതിരോധമന്ത്രാലയം സിബിഐക്ക് നല്‍കിയിരുന്നു. ടട്ര സിപോക്സും ചെക്ക് റിപ്പബ്ലിക് കേന്ദ്രമായ ടട്ര എ എസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടനോട് ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് സിബിഐ.

ടട്ര ഇടപാട് അനാവശ്യമെന്ന് 2008ല്‍ ആന്റണിയെ അറിയിച്ചു: ബിജെപി

ടട്ര ട്രക്കുകളേക്കാള്‍ ചെലവുകുറഞ്ഞവ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനാല്‍ ടട്ര ഇറക്കുമതി അനാവശ്യമാണെന്ന് 2008ല്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയെ അറിയിച്ചിരുന്നതായി ബിജെപി. എന്നാല്‍, തുടര്‍ന്നും കേന്ദ്രം ഇടപാടുമായി മുന്നോട്ടുപോകുകയായിരുന്നെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ജബല്‍പുരിലെ ഫാക്ടറിയില്‍ ടട്രയുടെ പകുതി ചെലവില്‍ ട്രക്കുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച് ഒന്നാം യുപിഎയുടെ കാലത്ത് ആന്റണിക്ക് കത്തുനല്‍കിയിരുന്നതായി ജബല്‍പുരില്‍നിന്നുള്ള ബിജെപി എംപി രാകേഷ്സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താമെന്ന് ആന്റണി ഉറപ്പുനല്‍കിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഇടപാടിനു പിന്നില്‍ നിക്ഷിപ്തതാല്‍പ്പര്യമുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

deshabhimani news

1 comment:

  1. പരിശീലനത്തിന്റെ ഭാഗമായി സൈനിക യൂണിറ്റുകളുടെ നീക്കത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ അറിയിച്ചു. പരിശീലനത്തിന്റെ ഭാഗമായാണ് ജനുവരിയില്‍ രണ്ട് കരസേനാ യൂണിറ്റുകള്‍ ഡല്‍ഹി ദിശയിലേക്ക് നീങ്ങിയത്. ഇക്കാര്യത്തില്‍ നടപടിക്രമം ലംഘിച്ചിട്ടില്ല-ശര്‍മ പറഞ്ഞു. കരസേനാ മേധാവി വി കെ സിങ്ങും സമാന അഭിപ്രായംപ്രകടിപ്പിച്ചിരുന്നു. പ്രതിരോധമന്ത്രാലയവും കരസേനയും നിലപാട് വ്യക്തമാക്കിയതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമില്ലെന്ന് യോഗത്തില്‍ ചില എംപിമാര്‍ നിലപാടെടുത്തു. കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ എസ് കെ സിങ്ങിനൊപ്പമാണ് ശര്‍മ പാര്‍ലമെന്ററി സമിതിക്കു മുന്നിലെത്തിയത്. കരസേനാ മേധാവി ജന. വി കെ സിങ്ങിനെയും പാര്‍ലമെന്ററി സമിതി വിളിപ്പിക്കുമെന്ന് സൂചനയുണ്ട്. സേനാ നീക്കത്തെക്കുറിച്ച് നിറംപിടിപ്പിച്ച വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് പാര്‍ലമെന്ററി സമിതി ശര്‍മയെ നേരത്തെ വിളിച്ചുവരുത്തിയിരുന്നു. മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കാനാണ് ശര്‍മ തിങ്കളാഴ്ച വീണ്ടും ഹാജരായത്.

    ReplyDelete