പ്രതിരോധ ഇടപാടുകളില്‍ തുടര്‍ച്ചയായി അഴിമതി നടക്കുന്നത് തടയാനെന്നപേരില്‍ പ്രതിരോധ ഉപകരണങ്ങള്‍ സമാഹരിക്കുന്നതിനുള്ള നയംമാറ്റുന്നു. പൊതുമേഖലയ്ക്ക് എന്നപോലെ ഇന്ത്യന്‍ സ്വകാര്യമേഖലയ്ക്കും മുന്‍ഗണന നല്‍കുന്നതായിരിക്കും പുതിയ നയം. ഇതോടെ പൊതുമേഖലയ്ക്കുള്ള മേല്‍ക്കൈ നഷ്ടമാകും. വിദേശ കുത്തകകള്‍ക്ക് പ്രതിരോധമേഖലയില്‍ നേരിട്ട് നടത്താവുന്ന നിക്ഷേപത്തിന്റെ പരിധി 26 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിന് അനുസൃതമായാണ് പ്രതിരോധ ഉപകരണ സമാഹരണനയത്തിലും മാറ്റംവരുത്തുന്നത്.
ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി അവകാശപ്പെടുമ്പോള്‍ തന്നെ അതിന്റെ ഗുണം വിദേശകുത്തകകള്‍ക്ക് ഉറപ്പാക്കുന്നതിനാണ് ഇവിടെ അവരുടെ നിക്ഷേപപരിധി ഉയര്‍ത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതല്‍ ദുര്‍ബലമാകും. ആഭ്യന്തര സമാഹരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള മേല്‍ക്കൈയും കുത്തകയും ഇല്ലാതാക്കുകയെന്നത് നയംമാറ്റത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഇന്ത്യയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയുധ ഫാക്ടറികള്‍ക്കും ബിഇഎംഎല്‍, ഭെല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ദോഷമായിരിക്കും പുതിയ നയം. പ്രതിരോധ ഉപകരണങ്ങള്‍, ആയുധങ്ങള്‍, പോര്‍വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവ ഇനിമുതല്‍ ഇന്ത്യയില്‍ നിന്നുതന്നെ ലഭിക്കാന്‍ ആദ്യം ശ്രമിക്കണം. ഇന്ത്യയില്‍ ലഭിക്കില്ലെങ്കില്‍ മാത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാം. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ കമ്പനികളുമായി യോജിച്ച് പ്രതിരോധ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കും. ഈ പഴുതിലൂടെ രാജ്യത്ത് എത്തുന്ന വന്‍ വിദേശനിക്ഷേപം ഇന്ത്യയിലെ പ്രതിരോധ ഉല്‍പ്പാദനമേഖലയെയാകെ കൈയടക്കും.
ഇന്ത്യയില്‍നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ്രതിരോധമന്ത്രാലയത്തെ ധരിപ്പിക്കണമെന്നും പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗം തീരുമാനിച്ചു. വിദേശത്തുനിന്ന് വാങ്ങുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യ മനസ്സിലാക്കി അത് രാജ്യത്തുതന്നെ നിര്‍മിക്കുക, വിദേശസഹായമില്ലാതെ രാജ്യത്തുതന്നെ നിര്‍മിക്കുക തുടങ്ങിയ മാര്‍ഗങ്ങളും സ്വീകരിക്കാം. 50 കോടി രൂപ മുതല്‍ 150 കോടി രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് വിവിധ സായുധസേനാ വിഭാഗങ്ങള്‍ക്ക് ഇനി പ്രതിരോധമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടേണ്ടിവരില്ല. നിലവില്‍ രാജ്യത്ത് പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ പരിമിതമാണ്. വിദേശ കമ്പനികളുമായുള്ള ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭങ്ങള്‍ ക്രമേണ ഈ രംഗത്തെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ച് വിദേശ കുത്തകകളെ ഏല്‍പ്പിക്കുന്നതിലാകും അവസാനിക്കുക. 2027ല്‍ അവസാനിക്കുന്ന വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും പ്രതിരോധമേഖല ആധുനികവല്‍ക്കരണത്തിന്റെയും മറവില്‍ ഈ രംഗം വിദേശ കുത്തകകള്‍ കൈയടക്കുന്നതിനായിരിക്കും ഇപ്പോഴുള്ള നയംമാറ്റം ഇടയാക്കുക.
deshabhimani 220413
No comments:
Post a Comment