Friday, April 19, 2013

പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ എഫ്ഡിഐ 74 ശതമാനമാക്കും


പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കി. ഈ തന്ത്രപ്രധാന മേഖലയിലെ വിദേശനിക്ഷേപ പരിധി 26ല്‍നിന്ന് 74 ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദ് ശര്‍മ നേരത്തേ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇനി ഏതൊക്കെ മേഖലകളിലാണ് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ എഫ്ഡിഐ പരിധി ഇനിയും വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവിലുള്ള 26 ശതമാനം വിദേശനിക്ഷേപം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വിദേശരാജ്യങ്ങളെ വന്‍തോതില്‍ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇതിന്റെ പേരില്‍ വന്‍അഴിമതിയും നടക്കുന്നു. നിലവിലുള്ള പരിധിയായ 26 ശതമാനം വിദേശ സംരംഭകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമല്ലെന്നാണ് വാണിജ്യമന്ത്രിയുടെ നിലപാട്. വിദേശനിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നതോടെ ആയുധനിര്‍മാണ-പ്രതിരോധ ഉപകരണനിര്‍മാണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. സ്വാഭാവികമായും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഈ കമ്പനികളുമായി പങ്കുവയ്ക്കേണ്ടിവരും. പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ രാജ്യം സ്വയംപര്യാപ്തമായാല്‍ മാത്രമേ പ്രതിരോധരംഗത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പ്രതിരോധമന്ത്രി എ കെ ആന്റണി പറയുന്നത്.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. വിദേശനിക്ഷേപം വര്‍ധിക്കുന്നതോടെ ഈ രംഗത്ത് രാജ്യത്തിന്റെ നിയന്ത്രണം ക്രമേണ നഷ്ടപ്പെടും. 26 ശതമാനം വിദേശനിക്ഷേപം കൊണ്ട് പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ കാര്യമായ മാറ്റം വരുത്താനാകില്ലെന്നാണ് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആനന്ദ് ശര്‍മ പറഞ്ഞത്. 26 ശതമാനം അനുവദിച്ചശേഷം രാജ്യത്തേക്ക് വന്ന വിദേശനിക്ഷേപം 41.2 ലക്ഷം ഡോളര്‍ മാത്രമാണ്. ആഭ്യന്തര കമ്പനികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് വളരെ കുറച്ച് ഓര്‍ഡറുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഓര്‍ഡറുകളുടെ സിംഹഭാഗവും രാജ്യത്തിനു പുറത്തേക്ക് പോകുന്നു. ഇന്ത്യക്ക് ആയുധങ്ങളും ഉപകരണങ്ങളും നല്‍കുന്ന ബഹുരാഷ്ട്ര കമ്പനികളെ ഉല്‍പ്പാദനത്തിനായി ഇന്ത്യയിലേക്കു തന്നെ ക്ഷണിക്കുന്നതാണ് നല്ലതെന്ന ചിന്തയിലാണ് കേന്ദ്രം. പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പും ഇതോടെ അപകടത്തിലാകും.
(വി ജയിന്‍)

deshabhimani 190413

No comments:

Post a Comment