Friday, October 1, 2010

നാടിനെ കട്ടുമുടിക്കാന്‍ പറ്റാത്തതില്‍ ചെന്നിത്തലയ്ക്ക് അമര്‍ഷം

"കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസിദ്ധീകരിക്കുന്നത്'' എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ ജൂലൈയില്‍ അടിച്ചിറക്കിയ ഒരു നോട്ടീസില്‍ ഇങ്ങനെ പറയുന്നു: "കഴിഞ്ഞ നാലു വര്‍ഷമായി ഇടതുമുന്നണി സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പൂര്‍ണമായി അവഗണിച്ചിരിക്കുകയായിരുന്നു. ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാര്‍ക്സിസ്റ്റ് മുന്നണിയുടെ ഭരണത്തിന്‍കീഴിലായതിനാല്‍ അവിടെയൊന്നും വികസനമോ ക്ഷേമ പ്രവര്‍ത്തനങ്ങളോ എത്തി നോക്കിയിരുന്നില്ല''.

        എന്താണ് വസ്തുത? കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 11-ാം പദ്ധതിയുടെ അടങ്കല്‍ തുകയിലധികം അഞ്ചുവര്‍ഷങ്ങളിലായി വകയിരുത്താന്‍ പോകയാണ്. 40,222 കോടി രൂപയാണ് 11-ാം പദ്ധതി അടങ്കല്‍. ആദ്യത്തെ നാലുവര്‍ഷങ്ങളിലായി 33600 കോടി രൂപയോളം വകയിരുത്തിക്കഴിഞ്ഞു. അടുത്ത വര്‍ഷം ഈ വര്‍ഷത്തിലെ അടങ്കല്‍ തുക തന്നെ ആവത്തിച്ചാലും, നിര്‍ദ്ദിഷ്ട അടങ്കലിനേക്കാള്‍ 3300 കോടിയിലധികമായിരിക്കും യഥാര്‍ത്ഥത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് വകയിരുത്തുന്നത്. ഇത് യുഡിഎഫ് നടപ്പാക്കിയ 10-ാം പദ്ധതിയിലെ യഥാര്‍ത്ഥ അടങ്കലിന്റെ ഇരട്ടിയിലേറെയാണ്.

        ക്ഷേമപ്രവര്‍ത്തനങ്ങളിലായാലും സേവനത്തുറകളിലായാലും മൂലധനച്ചെലവിലായാലും, മുമ്പൊരിക്കലും ഇല്ലാത്ത തോതില്‍ കഴിഞ്ഞ നാലുവര്‍ഷമായി വികസന ഫണ്ട് വകയിരുത്തുകയും ചെലവഴിക്കുകയുമാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം ബോധ്യമാണ്. കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ക്കുപോലും നിഷേധിക്കാനാവില്ല, അവരുടെ നിയോജകമണ്ഡലങ്ങളില്‍ ഇത്രയധികം തുക മുമ്പൊരിക്കലും ചെലവഴിച്ചിട്ടില്ല എന്ന്.

        രമേശ് ചെന്നിത്തലയുടെ നോട്ടീസില്‍ പറയുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നാണ്. വാസ്തവത്തില്‍ ഇന്നവ തദ്ദേശ ഗവണ്‍മെന്റുകളാണ്. കാരണം അവയ്ക്കെല്ലാം സ്വന്തം വരുമാനമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന ധനകമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഓരോ വര്‍ഷവും വികസന ഫണ്ട് അവയ്ക്കു നല്‍കുന്നുണ്ട്. യുഡിഎഫ് ഗവണ്‍മെന്റ് നിയമിച്ച മൂന്നാം ധനകമ്മീഷന്‍ ശുപാര്‍ശ ചെയ്തത് ഓരോ വര്‍ഷവും 10 ശതമാനം വര്‍ധന വരുത്താനാണ്. സംസ്ഥാന വാര്‍ഷിക അടങ്കലിന്റെ വിഹിതമായിട്ടല്ല അത് നിശ്ചയിച്ചത്. അതുകൊണ്ടാണ് സംസ്ഥാന പദ്ധതിയുടെ ശതമാനക്കണക്കില്‍ എടുക്കുമ്പോള്‍ തദ്ദേശ ഗവണ്‍മെന്റുകളുടെ വിഹിതം കുറയുന്നത്.

        ഇതിനൊരു മറുവശമുണ്ട്. 11-ാം പദ്ധതി കാലത്ത് തദ്ദേശ ഗവണ്‍മെന്റുകള്‍ക്ക് നല്‍കപ്പെടുന്ന പദ്ധതിവിഹിതം 9ഉം 10ഉം പദ്ധതിക്കാലത്ത് നല്‍കിയതിനേക്കാള്‍ കൂടുതലാണ്. വസ്തുത ഇതായിരിക്കെ ആണ് ഇടതുമുന്നണി സര്‍ക്കാര്‍ തദ്ദേശ ഗവണ്‍മെന്റുകളെ പൂര്‍ണമായി അവഗണിച്ചിരിക്കയാണ് എന്ന രമേശ് ചെന്നിത്തലയുടെ മുറവിളി.

        "ഭൂരിപക്ഷം ഭരണ സ്ഥാപനങ്ങളും മാര്‍ക്സിസ്റ്റ് മുന്നണിയുടെ ഭരണത്തിന്‍ കീഴിലാണ്'' എന്ന് അദ്ദേഹം വിലപിക്കുന്നു. എന്തുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ വിജയിപ്പിച്ചത്? യുഡിഎഫിനെയും അതിന്റെ സ്ഥാനാര്‍ത്ഥികളെയും ജനങ്ങള്‍ തള്ളിക്കളയാന്‍ കാരണമെന്ത്? അത്ര മോശമായിരുന്നു അതിനു മുമ്പുള്ള കാലം യുഡിഎഫിന്റെ തദ്ദേശ ഗവണ്‍മെന്റുകളിലെ പ്രകടനം. അതുപോലെയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് നയിക്കുന്ന തദ്ദേശ ഗവണ്‍മെന്റുകളിലെ ഭരണമെന്ന് ആരും പറയില്ല. തരിശിട്ട നിലങ്ങളില്‍ കൃഷി ഇറക്കുന്ന കാര്യത്തില്‍, നെല്ലും പച്ചക്കറിയും മറ്റും അവയിലും മറ്റ് ഭൂമിയിലും നല്ല നിലയില്‍ കൃഷി ചെയ്യുന്നതില്‍, പാലും ഇറച്ചിയും മറ്റും ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഗണ്യമായ വര്‍ധന വരുത്തുന്ന കാര്യത്തില്‍, ഇവയ്ക്കെല്ലാം കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതില്‍, കാര്‍ഷികോല്‍പന്നങ്ങളുടെ സംസ്കരണം കാര്യമായി വിപുലീകരിക്കുന്നതില്‍ എല്ലാം എല്‍ഡിഎഫ് ഭരിക്കുന്ന തദ്ദേശ ഗവണ്‍മെന്റുകളില്‍ വലിയ മുന്നേറ്റമുണ്ടായി. 37 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീ യൂണിറ്റുകള്‍ ഇവയിലെല്ലാം സജീവമായ പങ്ക് വഹിക്കുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് റിയാലിറ്റിഷോ ഈ യാഥാര്‍ത്ഥ്യം ആരുടെയും കണ്ണു തുറപ്പിക്കുന്ന വിധത്തില്‍ പരസ്യപ്പെടുത്തി. ഒപ്പം അതൊക്കെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അവര്‍ക്ക് നിര്‍ദ്ദേശവും കിട്ടി.

        ഉല്‍പാദനമേഖലയില്‍ മാത്രമല്ല പുരോഗതി. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന ഇ എം എസ് ഭവനപദ്ധതിയിന്‍കീഴില്‍ മൂന്നുലക്ഷത്തിലധികം വീട് പണി കഴിഞ്ഞ് കുടുംബങ്ങള്‍ പാര്‍പ്പ് തുടങ്ങി. ഒരുലക്ഷത്തില്‍പരം വീടുകളുടെ നിര്‍മാണം നടക്കുന്നു. കുറേപേര്‍ക്കു കൂടി വീടു കിട്ടാനുണ്ട്. അവരില്‍ അധികവും ഭൂമി ഇല്ലാത്തവരാണ്. അവര്‍ക്ക് ഭൂമിയും വീടും നല്‍കാനുള്ള യത്നം സര്‍ക്കാരും തദ്ദേശ ഗവണ്‍മെന്റുകളും കൂട്ടുചേര്‍ന്നു നടത്തുകയാണ്.

        വിദ്യാഭ്യാസം, ആരോഗ്യരക്ഷ, അവശതകള്‍ അനുഭവിക്കുന്നവര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനമേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. വിദ്യാഭ്യാസരംഗത്ത് തദ്ദേശ ഗവണ്‍മെന്റുകള്‍ ഇടപെടുന്നതിനെ മുന്‍വര്‍ഷങ്ങളില്‍ യുഡിഎഫ് ശക്തിയായി എതിര്‍ത്തിരുന്നു. പക്ഷേ, അവയുടെ പങ്കാളിത്തംമൂലം സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം പൊതുവില്‍ മെച്ചപ്പെട്ടപ്പോള്‍ യുഡിഎഫിന്റെ വായടഞ്ഞു. ഇതുതന്നെയാണ് ആരോഗ്യരംഗത്തും ഉണ്ടായത്. ആദ്യം അനിയന്ത്രിതമായി പടര്‍ന്ന പകര്‍ച്ചപ്പനിയും മറ്റും പിന്നീടുള്ള വര്‍ഷങ്ങളില്‍ നിയന്ത്രണവിധേയമായത് തദ്ദേശ ഗവണ്‍മെന്റുകള്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. മൊത്തത്തില്‍, നാട്ടിന്‍പുറങ്ങളുടെയും നഗരങ്ങളുടെയും മുഖഛായ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് എടുത്തു പറയത്തക്കവിധം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് ആരും സമ്മതിക്കും.

        22 കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് രമേശ് ചെന്നിത്തലയുടെ നോട്ടീസില്‍ പറയുന്നുണ്ട്. ഇവ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി അടിച്ചേല്‍പിച്ചതാണ് എന്ന ആക്ഷേപം ഇടതുപക്ഷത്തിനും ബിജെപിയുള്‍പ്പെടെയുള്ള മറ്റ് പ്രതിപക്ഷങ്ങള്‍ക്കും മാത്രമല്ല കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുമുണ്ട്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന വികസന സ്ഥിതി കണക്കിലെടുക്കാതെ ആസേതുഹിമാചലം ഒരേ പദ്ധതികള്‍ ഒരേ മാനദണ്ഡമനുസരിച്ച് നടപ്പാക്കാന്‍ കല്‍പിക്കുകയാണ് കേന്ദ്രം. കേരളത്തില്‍ എട്ടുമീറ്റര്‍ വീതിയുള്ള ഗ്രാമീണറോഡുകള്‍ നന്നെ കുറവാണ്. കേന്ദ്ര വ്യവസ്ഥ അനുസരിച്ച് അത്തരം റോഡ് നിര്‍മാണത്തിനു മാത്രമാണ് സഹായം. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമാണ് സര്‍വശിക്ഷാ അഭിയാന്‍ ബാധകം. കേരളത്തില്‍ 65% സ്വകാര്യ സ്കൂളുകളാണ്. കേരളം സാമൂഹ്യമായി പല കാര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. അത് കണക്കിലെടുത്ത് കേന്ദ്ര പദ്ധതി കേരളത്തിന്റെ ആ രംഗത്തെ ആവശ്യത്തെ മുന്‍നിര്‍ത്തി നടപ്പാക്കാന്‍ ആവശ്യപ്പെട്ടാല്‍ അനുവദിക്കില്ല. പല കേന്ദ്ര പദ്ധതികളിലും പണം ചെലവഴിക്കപ്പെടാത്തത് അതുകൊണ്ടാണ്.

        ഇത്തരം പരാധീനതകള്‍ ഉണ്ടായിട്ടും നിരവധി കേന്ദ്രപദ്ധതികള്‍ മാതൃകാപരമായി, കേന്ദ്ര സര്‍ക്കാര്‍പോലും ഉദ്ദേശിക്കാത്ത വിധം ജനക്ഷേമകരമായി നടപ്പാക്കുന്നത് കേരളമാണെന്ന് കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും പറയുന്നു. അവര്‍ അങ്ങനെ പറയുന്നത് വിലക്കണമെന്ന് കേരളത്തില്‍ നിന്നുള്ള ചില കേന്ദ്ര മന്ത്രിമാരും എംപിമാരും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് അഭ്യര്‍ത്ഥിച്ചതായി വാര്‍ത്ത ഉണ്ടായിരുന്നു. വെടക്കാക്കി തനിക്കാക്കുക എന്നത് മലബാറിലെ പഴയ ഒരു ചൊല്ലാണ്. പക്ഷേ, കോണ്‍ഗ്രസ്സില്‍ ഇപ്പോഴും അതാണ് നടപ്പ്.

        രമേശ് ചെന്നിത്തലയുടെ നോട്ടീസില്‍ പഞ്ചായത്തീരാജ് നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴായിരുന്നു, ഇടതുപക്ഷം അതിനെ തടഞ്ഞു എന്നൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. തിരിച്ചൊന്ന് ചോദിക്കട്ടെ. കേരളത്തില്‍ നല്‍കിയത്ര അധികാരങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഭരിക്കുന്നതോ ഭരണ നേതൃത്വം വഹിക്കുന്നതോ ആയ എത്ര സംസ്ഥാനങ്ങളില്‍ നല്‍കി? സംസ്ഥാന വാര്‍ഷിക പദ്ധതി അടങ്കലിന്റെ എത്ര ശതമാനം യഥേഷ്ടം വികസന പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്നതിനായി തദ്ദേശ ഗവണ്‍മെന്റുകള്‍ക്ക് കൊടുത്തു?

        തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പരിപാടികളുടെ രൂപീകരണത്തിലും നടത്തിപ്പിലും മേല്‍നോട്ടത്തിലും ജനങ്ങള്‍ക്ക് പങ്കു നല്‍കുക എന്നത് മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജിന്റെ ലക്ഷ്യമായിരുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റ് ജനകീയാസൂത്രണത്തില്‍ കര്‍മസമിതികളും (വര്‍ക്കിങ് ഗ്രൂപ്പും) വിദഗ്ദ്ധ സമിതികളും രൂപീകരിച്ചത് ഈ അടിസ്ഥാനത്തിലായിരുന്നു. കോണ്‍ഗ്രസും യുഡിഎഫും ഇപ്പോഴും പറയുന്നത് തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇവ ഇല്ലാതാക്കുമെന്നാണ്. അവരുടെ ഗ്രാമസ്വരാജ് കോണ്‍ട്രാക്ടര്‍ -ബ്യൂറോക്രാറ്റ് രാജ്യമാണെന്ന് ചുരുക്കം.

        രമേശ് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പായാലും, പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും, പറയാനുള്ളത് ഒരേ കാര്യങ്ങളാണ്. എല്‍ഡിഎഫിനെ, വിശേഷിച്ച് സിപിഐ എമ്മിനെ, വിമര്‍ശിച്ചുകൊണ്ടു പറയുന്നത് ഒരേ കാര്യങ്ങള്‍ തന്നെ. അത് കാണിക്കുന്നത് പഞ്ചായത്ത്, സംസ്ഥാനം, കേന്ദ്രം എന്നിങ്ങനെ ഭരണകൂടത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടില്ല എന്നാണ്. ഏത് ഗവണ്‍മെന്റായാലും കട്ടുമുടിക്കണം എന്നതാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിലെ ഭൂരിപക്ഷം തദ്ദേശ ഗവണ്‍മെന്റുകളിലും ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്തതിന്റെ അമര്‍ഷവും വിമ്മിട്ടവുമൊക്കെ ചെന്നിത്തലയുടെ നോട്ടീസില്‍ വഴിഞ്ഞൊഴുകുന്നു.

        പ്രാദേശിക വികസനം, തദ്ദേശ ഗവണ്‍മെന്റിനും അതിലുള്ള ഉത്തരവാദിത്വങ്ങളും, അവകാശങ്ങളും, ജനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള സ്വാതന്ത്യ്രങ്ങളും കടമകളും ഇവയെല്ലാം സംബന്ധിച്ച് നമ്മുടെ സമ്മതിദായകര്‍ക്ക് കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കകം കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങളെ അവ അര്‍ഹിക്കുന്ന വിധത്തില്‍ അവര്‍ തള്ളിക്കളയും.

സി പി നാരായണന്‍ ചിന്ത വാരിക 01102010

1 comment:

  1. രമേശ് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പായാലും, പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും, പറയാനുള്ളത് ഒരേ കാര്യങ്ങളാണ്. എല്‍ഡിഎഫിനെ, വിശേഷിച്ച് സിപിഐ എമ്മിനെ, വിമര്‍ശിച്ചുകൊണ്ടു പറയുന്നത് ഒരേ കാര്യങ്ങള്‍ തന്നെ. അത് കാണിക്കുന്നത് പഞ്ചായത്ത്, സംസ്ഥാനം, കേന്ദ്രം എന്നിങ്ങനെ ഭരണകൂടത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടില്ല എന്നാണ്. ഏത് ഗവണ്‍മെന്റായാലും കട്ടുമുടിക്കണം എന്നതാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിലെ ഭൂരിപക്ഷം തദ്ദേശ ഗവണ്‍മെന്റുകളിലും ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്തതിന്റെ അമര്‍ഷവും വിമ്മിട്ടവുമൊക്കെ ചെന്നിത്തലയുടെ നോട്ടീസില്‍ വഴിഞ്ഞൊഴുകുന്നു.

    ReplyDelete