Sunday, December 19, 2010

ഊര്‍ജം മുറ്റിയ ഓര്‍മകള്‍...

വടകര: നെറികേടുകള്‍ക്ക് നേരെ നെഞ്ചൂക്കോടെ പൊരുതിയ ഉശിരനായ നേതാവ്, നാടിന്റെ 'കണാരേട്ടന്‍'. മണ്ണിലധ്വാനിക്കുന്നവരുടെ ആശയും ആവേശവുമായ ആ വിപ്ളവ നക്ഷത്രം കണ്‍ചിമ്മിയിട്ട് ഇന്ന് ആറ് വര്‍ഷം. പ്രമാണിത്തത്തിനും അധികാരത്തിനും മുന്നില്‍ തലകുനിക്കാതെ നിന്ന ഉശിരനായ കമ്മ്യൂണിസ്റ്റിന്റെ ഒളിമങ്ങാത്ത ഓര്‍മകള്‍ നെഞ്ചേറ്റുകയാണ് കടത്തനാടന്‍ ഗ്രാമങ്ങള്‍. ജില്ലയുടെ കിഴക്കന്‍ മലയോരങ്ങളില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ കണാരന്റെ സ്മരണ കാലത്തിന് മായ്ക്കാനാവാത്തതാണ്. വിലങ്ങാട് അടുപ്പില്‍, കെട്ടില്‍ ആദിവാസി കോളനികളിലെ കയമനും ചിരുതയും ഉള്‍പ്പെടെയുള്ളവര്‍ അത് സാക്ഷ്യപ്പെടുത്തുന്നു. 'ഏങ്ങളെ ദൈവാ ഓര്, അക്കഥ മക്കളോട് പറയാറുണ്ട്'.

റേഷനരിപോലും ആദിവാസികള്‍ക്ക് അന്യമായ കാലം. ഭൂ പ്രമാണിമാര്‍ കൈക്കലാക്കിയ റേഷന്‍ കാര്‍ഡ് വീണ്ടെടുക്കാന്‍ 1972 ല്‍ എ കണാരന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ആവേശം ഇവരുടെ മനസ്സില്‍ കെട്ടടങ്ങിയിട്ടില്ല. എല്ലുമുറിയെ പണിയെടുത്താലും കൂലിയില്ല. തൊട്ടുകൂടായ്മയും പരിഹാസവും മര്‍ദനവും. പ്രമാണിമാര്‍ പേരിനുപകരം 'ചെക്കനെ'ന്നും 'പെണ്ണെ'ന്നുമേ വിളിക്കൂ. അടിമതുല്യം ജീവിച്ച കര്‍ഷകത്തൊഴിലാളികള്‍ക്ക് നെഞ്ചുയര്‍ത്തി നില്‍ക്കാനുള്ള അവകാശ സമരങ്ങള്‍. ഒന്നുറക്കെ മിണ്ടിയാല്‍ പോലും പെണ്ണിനെ മൊഴിചൊല്ലുന്ന ദുഷിച്ച അവസ്ഥ. അസാമാന്യമായ ഒട്ടേറെ സമര പോരാട്ടങ്ങളിലൂടെ എ കണാരന്‍ ഇടംനേടിയത് കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ മാത്രമല്ല. രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങിയ അദ്ദേഹം മേപ്പയൂര്‍ മണ്ഡലത്തിന്റെ വികസന കുതിപ്പിന് നേതൃത്വം നല്‍കി മികച്ച നിയമസഭാ സാമാജികനെന്നും തെളിയിച്ചു. ജന്മനാടായ എടച്ചേരിയില്‍ ഞായറാഴ്ച സിപിഐ എം നേതൃത്വത്തില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന ബഹുജന റാലിയും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
(കെ കെ ശ്രീജിത്)

ദേശാഭിമാനി വാര്‍ത്ത കോഴിക്കോട്

1 comment:

  1. റേഷനരിപോലും ആദിവാസികള്‍ക്ക് അന്യമായ കാലം. ഭൂ പ്രമാണിമാര്‍ കൈക്കലാക്കിയ റേഷന്‍ കാര്‍ഡ് വീണ്ടെടുക്കാന്‍ 1972 ല്‍ എ കണാരന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ആവേശം ഇവരുടെ മനസ്സില്‍ കെട്ടടങ്ങിയിട്ടില്ല. എല്ലുമുറിയെ പണിയെടുത്താലും കൂലിയില്ല. തൊട്ടുകൂടായ്മയും പരിഹാസവും മര്‍ദനവും. പ്രമാണിമാര്‍ പേരിനുപകരം 'ചെക്കനെ'ന്നും 'പെണ്ണെ'ന്നുമേ വിളിക്കൂ. അടിമതുല്യം ജീവിച്ച കര്‍ഷകത്തൊഴിലാളികള്‍ക്ക് നെഞ്ചുയര്‍ത്തി നില്‍ക്കാനുള്ള അവകാശ സമരങ്ങള്‍. ഒന്നുറക്കെ മിണ്ടിയാല്‍ പോലും പെണ്ണിനെ മൊഴിചൊല്ലുന്ന ദുഷിച്ച അവസ്ഥ. അസാമാന്യമായ ഒട്ടേറെ സമര പോരാട്ടങ്ങളിലൂടെ എ കണാരന്‍ ഇടംനേടിയത് കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ മാത്രമല്ല. രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങിയ അദ്ദേഹം മേപ്പയൂര്‍ മണ്ഡലത്തിന്റെ വികസന കുതിപ്പിന് നേതൃത്വം നല്‍കി മികച്ച നിയമസഭാ സാമാജികനെന്നും തെളിയിച്ചു

    ReplyDelete