Sunday, December 19, 2010

“സൌകര്യങ്ങളില്ല’ പ്രതിനിധികളില്ലാതെ കൂടാരങ്ങള്‍

നയങ്ങളില്‍ മാറ്റമുണ്ടാകില്ല

ന്യൂഡല്‍ഹി: അഴിമതി വിവാദങ്ങളും ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയും ഏല്‍പ്പിച്ച ആഘാതത്തിനിടെ ദേശീയ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സമ്പൂര്‍ണസമ്മേളനത്തിന് ശനിയാഴ്ച ഡല്‍ഹിയില്‍ തുടക്കമായി. സ്റിയറിങ്കമ്മിറ്റി അംഗങ്ങളും, എഐസിസി, പിസിസി, സിപിപി നേതാക്കളും ഉള്‍പ്പെട്ട വിഷയനിര്‍ണയ സമിതിയുടെ യോഗത്തോടെയാണ് സമ്മേളന നടപടി ആരംഭിച്ചത്. രണ്ടുദിവസം നീളുന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ബുറാഡിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും.

കോണ്‍ഗ്രസിന് അടുത്തകാലത്തുണ്ടായ തിരിച്ചടികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങളിലും പ്രതിഫലിക്കുമെന്നാണ് സൂചന. ഏകകക്ഷി ‘രണമെന്ന സ്വപ്നം ബിഹാര്‍ തെരഞ്ഞെടുപ്പു ഫലത്തോടെ വീണ്ടും തകര്‍ന്നതിനാല്‍ സഖ്യരാഷ്ട്രീയത്തെത്തന്നെ ആശ്രയിക്കേണ്ട അനിവാര്യത രാഷ്ട്രീയപ്രമേയത്തില്‍ പ്രതിഫലിക്കും. സഖ്യകക്ഷികള്‍ക്ക് ഒരു വിധത്തിലും അലോസരമുണ്ടാകാത്ത വിധത്തില്‍ സൂക്ഷ്മമായിരിക്കും രാഷ്ട്രീയ പ്രമേയം. 35 വയസ്സിനു താഴെയുള്ളവര്‍ക്ക് നേതൃത്വത്തിലും തെരഞ്ഞെടുപ്പുരംഗത്തും കൂടുതല്‍ പരിഗണന നല്‍കുന്ന പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിക്കും. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധിനിത്യമെന്ന പേരില്‍ രാഹുല്‍ ഗാന്ധിക്ക് വഴിതുറന്നുകൊടുക്കാനാണ് നീക്കം. പൊതുപ്രവര്‍ത്തകര്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട സംശുദ്ധത, അഴിമതിവിരുദ്ധത തുടങ്ങിയ ആഹ്വാനങ്ങള്‍ സ്വന്തം നേതാക്കള്‍ക്ക് ഒരു ഓര്‍മപ്പെടുത്തലായി പ്രമേയത്തിലുണ്ടാകും. കേന്ദ്രമന്ത്രിസഭ ഒന്നടങ്കം അഴിമതിയില്‍ മുങ്ങിത്താഴുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കല്‍ നടപടിയെന്ന നിലയിലാണിത്. രാഹുല്‍ഗാന്ധിയുടെ ഹൈന്ദവ തീവ്രവാദ പരാമര്‍ശം വിക്കിലീക്സിലൂടെ വിവാദമായ സാഹചര്യത്തില്‍ മെക്കമസ്ജിദ് അടക്കമുള്ള സ്ഫോടനങ്ങളില്‍ ഹൈന്ദവ സംഘടനകളുടെ പങ്കന്വേഷിക്കണമെന്ന ആവശ്യവും പ്രമേയത്തിലുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിപരമ്പര ആക്ഷേപങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുകയെന്ന ലക്ഷ്യവും തീവ്രവാദവിരുദ്ധ പരാമര്‍ശങ്ങള്‍ക്കു പിന്നിലുണ്ട്. സാമ്പത്തിക- വിദേശ പ്രമേയങ്ങളില്‍ ചുവടുമാറ്റങ്ങളൊന്നുമുണ്ടാകില്ല. പരിഷ്കരണ നടപടി തീവ്രമാക്കുന്നതില്‍ത്തന്നെയാകും സാമ്പത്തികപ്രമേയത്തിന്റെ ഊന്നല്‍. അമേരിക്കന്‍ വിധേയത്വം തുടരുകയെന്ന നയമാകും വിദേശകാര്യപ്രമേയത്തില്‍.

രാഹുല്‍ഗാന്ധി ഞായറാഴ്ച സമ്മേളനത്തില്‍ സംസാരിക്കുന്നുണ്ട്. വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിശദീകരണമാണ് ലക്ഷ്യം. സോണിയ ഗാന്ധിയുടെ അധ്യക്ഷപ്രസംഗവും മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗവും ഞായറാഴ്ചതന്നെയുണ്ടാകും.
(എം പ്രശാന്ത്)

“സൌകര്യങ്ങളില്ല’ പ്രതിനിധികളില്ലാതെ കൂടാരങ്ങള്‍

ബുറാഡി (ഡല്‍ഹി): കോണ്‍ഗ്രസ് പ്ളീനറി സമ്മേളനം നടക്കുന്ന ബുറാഡിയില്‍ പ്രതിനിധികള്‍ക്കായി ഒരുക്കിയ കൂടാരങ്ങള്‍ സമ്മേളനം ആരംഭിച്ചിട്ടും ശൂന്യം. കൂടാരങ്ങളില്‍ “സൌകര്യ’ങ്ങളില്ലാത്തതാണ് കാരണം. അഞ്ഞൂറോളം കൂടാരമാണ് പ്രതിനിധികള്‍ക്കായി ഒരുക്കിയതെങ്കിലും ചുരുക്കം കൂടാരങ്ങളില്‍ മാത്രമാണ് ആളനക്കമുള്ളത്.

സേവാദള്‍ പ്രവര്‍ത്തകരടക്കം എണ്ണായിരത്തോളം പേര്‍ക്ക് താമസിക്കാനാണ് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് സംഘാടകര്‍ കൂടാരങ്ങളൊരുക്കിയത്. ഒരു കൂടാരത്തില്‍ 12 പ്രതിനിധികള്‍ താമസിക്കുമെന്നായിരുന്നു അവകാശവാദം. കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും ലളിതജീവിതം ശീലിക്കുന്നതിനുമാണ് കോണ്‍ഗ്രസ് നേതൃത്വം താമസിക്കാന്‍ കൂടാരങ്ങള്‍ എന്ന ആശയമൊരുക്കിയത്. ചെലവഴിച്ച പണം പാഴായതല്ലാതെ നേതാക്കളാരും കൂടാരങ്ങളിലേക്ക് തിരിഞ്ഞുനോക്കിയില്ല. സേവാദള്‍ പ്രവര്‍ത്തകരും ബിഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ചുരുക്കം പ്രതിനിധികളുമാണ് കൂടാരങ്ങളില്‍ അഭയം തേടിയത്. പ്രതിനിധികളിലധികവും സംസ്ഥാനഭവനുകളിലും ഹോട്ടലുകളിലും എംപിമാരുടെ ബംഗ്ളാവുകളിലുമൊക്കെയായി താമസിക്കുകയാണെന്ന് ഡല്‍ഹി പിസിസി അധ്യക്ഷന്‍ ജെ പി അഗര്‍വാള്‍ പറഞ്ഞു.

കേരളത്തില്‍നിന്നുള്ള 300 പ്രതിനിധികള്‍ക്കായി ഇരുപതോളം കൂടാരങ്ങളാണ് ഒരുക്കിയിരുന്നതെങ്കിലും ഒന്നില്‍പ്പോലും ആളില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എ കുട്ടപ്പന്‍ തുടങ്ങി കേരളത്തില്‍നിന്നുള്ള ചില നേതാക്കള്‍ കൂടാരങ്ങള്‍ കണ്ടുനോക്കി മടങ്ങിയെന്ന് കേരളത്തില്‍നിന്നുള്ള സേവാദള്‍ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.

ദേശാഭിമാനി 191210

1 comment:

  1. കോണ്‍ഗ്രസിന് അടുത്തകാലത്തുണ്ടായ തിരിച്ചടികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങളിലും പ്രതിഫലിക്കുമെന്നാണ് സൂചന. ഏകകക്ഷി ‘രണമെന്ന സ്വപ്നം ബിഹാര്‍ തെരഞ്ഞെടുപ്പു ഫലത്തോടെ വീണ്ടും തകര്‍ന്നതിനാല്‍ സഖ്യരാഷ്ട്രീയത്തെത്തന്നെ ആശ്രയിക്കേണ്ട അനിവാര്യത രാഷ്ട്രീയപ്രമേയത്തില്‍ പ്രതിഫലിക്കും. സഖ്യകക്ഷികള്‍ക്ക് ഒരു വിധത്തിലും അലോസരമുണ്ടാകാത്ത വിധത്തില്‍ സൂക്ഷ്മമായിരിക്കും രാഷ്ട്രീയ പ്രമേയം. 35 വയസ്സിനു താഴെയുള്ളവര്‍ക്ക് നേതൃത്വത്തിലും തെരഞ്ഞെടുപ്പുരംഗത്തും കൂടുതല്‍ പരിഗണന നല്‍കുന്ന പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിക്കും. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധിനിത്യമെന്ന പേരില്‍ രാഹുല്‍ ഗാന്ധിക്ക് വഴിതുറന്നുകൊടുക്കാനാണ് നീക്കം.

    ReplyDelete