Sunday, December 19, 2010

“പരസ്യമായി ആജ്ഞാപിക്കല്‍ പാടില്ല; രഹസ്യമായി ആകാം''

2008ല്‍ ഇന്ത്യ-അമേരിക്ക ആണവകരാര്‍ രൂപപ്പെടുത്തുന്നത് പുരോഗമിക്കുന്ന സമയം. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ ഡല്‍ഹി സന്ദര്‍ശനത്തെക്കുറിച്ച് അമേരിക്കന്‍ അംബാസഡര്‍ മുള്‍ഫോര്‍ഡ് നടത്തുന്ന സമ്മര്‍ദവും അതിന് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ നല്‍കുന്ന മറുപടിയും. വിക്കിലീക്സ് വെളിപ്പെടുത്തിയത്.

"അഹമ്മദി നെജാദിന്റെ ഇന്ത്യാ സന്ദര്‍ശനം അമേരിക്കക്കാര്‍ വിശിഷ്യാ  നിയമജ്ഞര്‍ ഇന്ത്യ  ഒരു ശത്രുവിന് വേദിയൊരുക്കുന്നതായിട്ടാണ് കാണുക.''

മുള്‍ഫോര്‍ഡിന്റെ ഭീഷണിസ്വരത്തിലുള്ള ഒരു കേബിള്‍ സന്ദേശത്തിന് അന്നത്തെ വിദേശ സെക്രട്ടറി ശിവശങ്കരമേനോന്റെ മറുപടി:

"ഇന്ത്യ-ഇറാന്‍ ബന്ധത്തിന് അമേരിക്കന്‍ ഇടപെടലിന്റെ ആവശ്യമില്ല.''

മുള്‍ഫോര്‍ഡ്: ഇന്ത്യ ഇറാനുമായി സൌഹൃദത്തിലായിരിക്കുമ്പോള്‍ എന്തിനാണ് അമേരിക്ക വഴിവിട്ട് ഇന്ത്യയുമായി ആണവക്കാര്യത്തില്‍ സഹകരിക്കുന്നതെന്ന് ശരാശരി അമേരിക്കക്കാരന്‍ അത്ഭുതപ്പെടും.

ശിവശങ്കര്‍മേനോന്‍: ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തിന് ഇന്ത്യയും ഇറാനുമായുള്ള അടുപ്പം പ്രതിബന്ധമല്ല.  ഇറാനിയന്‍ പ്രസിഡന്റിന്റെ പടിഞ്ഞാറന്‍ വിമര്‍ശം വെറും 'പ്രകടന'മാണ്.

മുള്‍ഫോര്‍ഡിന്റെ മറ്റൊരു കേബിളിന്റെ ഉള്ളടക്കം

ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് അമേരിക്ക  പരസ്യമായി ആജ്ഞാപിക്കുന്നത് ശരിയല്ലെന്ന് മേനോന്‍ പറഞ്ഞു. ഈ ഗവണ്‍മെന്റ് ഒരു സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നത്.

2010 ഫെബ്രുവരി 11 കേബിളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന സെനറ്റര്‍ ജോണ്‍ കെറി യുഎസ് ഡല്‍ഹി എംബസിയുടെ ബ്രിഫിങ് (ഉപദേശനിര്‍ദേശം) പ്രകാരം ബോയിങ്, മാര്‍ട്ടിന്‍ ലോക്ഹീഡ് എന്നീ കമ്പനികള്‍ക്കുവേണ്ടി പേരെടുത്തുപറഞ്ഞ് സഹായാഭ്യര്‍ഥന നടത്തി. യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ നേതാക്കളെ നിര്‍ബന്ധിക്കുന്നതാണ് മുഖ്യ ആവശ്യം. എംബസി നിര്‍ദേശത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കാര്‍ഷിക ഇറക്കുമതി നയങ്ങള്‍ ഉദാരവല്‍ക്കരിച്ച് അമേരിക്കന്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് കമ്പോളം തുറന്നുകിട്ടാനുള്ള ശ്രമങ്ങളും കെറി നടത്തുന്നു.

"പരസ്യമായി സംയമനംപാലിക്കുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് കാണപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുമ്പോഴും എംബസി മുമ്പെന്നപോലെ എല്ലാ രാഷ്ട്രീയ, ബിസിനസ്, പൌര സമൂഹസംഘടനകളെയും കാണുകയും അവരോട് ആണവകരാറിന് പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.''

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അമേരിക്കന്‍ നേതൃത്വവും അമേരിക്കന്‍ എംബസിയും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവുകളും വിക്കിലീക്സ് പുറത്താക്കിയ രേഖകളിലുണ്ട്. കെറി, ഒബാമ തുടങ്ങിയവര്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് നേതാക്കളോട് ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യം കമ്യൂണിസ്റുകാര്‍ തെരഞ്ഞെടുപ്പില്‍ എന്ത് വിജയം നേടുമെന്നതായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ ആണവ നിര്‍വ്യാപന നിബന്ധനകള്‍ പാലിക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദം മറികടക്കാന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കരമേനോന്‍ അമേരിക്കന്‍ അംബാസഡറോട് ഇങ്ങനെ ചോദിക്കുന്നു. "നിങ്ങള്‍ പറയുന്നത് കമ്യൂണിസ്റ്റുകാര്‍ കരാറിനെതിരെ പറയുന്നത് ശരിവയ്ക്കലാകില്ലേ?'' ഇതിന് മറുപടിയായി അംബാസഡര്‍ മുള്‍ഫോര്‍ഡിന്റെ വിശദീകരണം:

"കമ്യൂണിസ്റ്റുകാര്‍ അവകാശപ്പെടുന്നത് ഇന്ത്യയിലെയും അമേരിക്കയിലെയും ഒരു ചെറു ഗൂഢസംഘം രാജ്യതാല്‍പ്പര്യത്തില്‍ കച്ചവടം നടത്തുകയാണെന്നല്ലേ. അമേരിക്ക കരാറിനെ കാണുന്നത് അങ്ങനെയല്ലല്ലോ.''

deshabhimani 191210

1 comment:

  1. "പരസ്യമായി സംയമനംപാലിക്കുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് കാണപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുമ്പോഴും എംബസി മുമ്പെന്നപോലെ എല്ലാ രാഷ്ട്രീയ, ബിസിനസ്, പൌര സമൂഹസംഘടനകളെയും കാണുകയും അവരോട് ആണവകരാറിന് പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.''

    ReplyDelete