61 വര്‍ഷം മുമ്പ് സേലം ജയിലില്‍ നടന്ന ഭീകരമായ നരവേട്ടയുടെ ബീഭത്സമായ ദൃശ്യങ്ങള്‍ അയവിറക്കുകയാണ് ജീവിക്കുന്ന സേലം ജയില്‍ രക്തസാക്ഷികളായ ഇ കെ നാരായണന് നമ്പ്യാരും മാടായി ചന്തുക്കുട്ടിനായരും. ഇരുവരും കാവുമ്പായിയിലെ അവരുടെ സ്വന്തം വീടുകളില്‍ വിശ്രമജീവിതം നയിക്കുമ്പോഴും ഇന്നലെകളിലെ ഓര്‍മ്മകള്‍ ഇരുവരിലും ആവേശം നിറയ്ക്കുന്നു. 1950 ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് ശേഷം സേലം ജയിലില്‍ നടന്ന യുദ്ധരംഗം അയവിറക്കുമ്പോള്‍ ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം ഇവരുടെ മനസുകളില്‍ ഇപ്പോഴും നിറയുന്നു. വടക്കേ മലബാറിലെ കര്‍ഷക കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ തടയുവാന്‍ സേലം ജയിലിലെ തടവറകള്‍ക്കു കഴിയുമെന്നായിരുന്നു അധികാരികളുടെ കണക്കുകൂട്ടല്‍. സേലം ജയിലിലെ വെടിവെപ്പില്‍ ഉണ്ടായ 22 മുറിവുകളുമായാണ് ഇ കെ നാരായണന് നമ്പ്യാര്‍ ഇപ്പോഴും കഴിയുന്നത്.
1949 ല്‍ വില്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു 108 പേരെ ഒന്നിച്ചാണ് സേലം ജയിലിലേക്ക് മാറ്റിയത്. ജയിലധികാരികള്‍ മലബാര്‍ തിരിടന്മാര് എന്നാണ് പറയാറുള്ളത്. സേലം ജയിലില്‍ സമൂഹത്തിലെ തികച്ചും അപകടകാരികളായ മുരത്ത കള്ളന്മാരെയാണ് പാര്‍പ്പിക്കാറുള്ളത്. മൃഗീയതയ്ക്കായിരുന്നു ഇവിടെ മുന്‍തൂക്കമുണ്ടായിരുന്നത്. തടവുകാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യമോ പത്രം, എണ്ണ, സോപ്പ് എന്നിവയൊന്നും നല്കുവാന് ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. കാന്തലോട്ടു കുഞ്ഞമ്പുവായിരുന്നു ജയിലിലെ സെക്രട്ടറി. ജയിലധികാരികള്‍ കാണിക്കുന്ന ക്രൂരതയില്‍ പ്രതിഷേധിച്ച് 100 സഖാക്കള്‍ സി കണ്ണന്, എം കണാരന് എന്നിവരുടെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചു. ആദ്യത്തെ നാലു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടാമത് ബാച്ചില്‍ വീണ്ടും 100 പേര് നിരാഹാരം തുടങ്ങി. ജയിലധികൃതര്‍ സമരക്കാര്‍ക്ക് കുറെ സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു.
സി ക്ലാസ് തടവുകാരാണെങ്കില്‍ ജോലി ചെയ്യണം എന്ന നിബന്ധനയുണ്ടായിരുന്നു. നെയ്ത്ത്, പുല്പായ, മടയല്‍, റോഡ് റോളര്‍ എന്നിവയും മറ്റ് കഠിനമായ ജോലിയുമാണ് ഇവരെക്കൊണ്ട് ചെയ്യിപ്പിച്ചത്. 12 പേരുള്ള ഒരു ബാച്ചായാണ് തടവുകാരെ കൊണ്ടുപോവുക. ജോലി സ്ഥലച്ചുവച്ച് കഠിനമായി തല്ലിച്ചതക്കുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വീണ്ടും നിരാഹാരം തുടങ്ങി. 1950 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധമായി കരിദിനം ആചരിക്കുവാന്‍ തീരുമാനിച്ചു. അന്നത്തെ ജയിലിന്റെ ചുമതലയുള്ള മന്ത്രി മാധവമേനോന് മദ്രാസിലെ 13 ജയിലുകളിലെയും സൂപ്രണ്ടുമാരുടെ യോഗം വിളിച്ചുകൂട്ടി കമ്മ്യൂണിസ്റ്റുകാരെ അമര്‍ച്ച ചെയ്യണമെന്ന് നിര്‍ദ്ദേശം നല്കി. സംഭവ ദിവസം രാവിലെ ഒരു ബാച്ചിനെ പണിക്കായി പുറത്തേക്കു കൊണ്ടുപോയി. തടവുകാര്‍ അകത്തും പുറത്തും പോകുമ്പോഴും കുള്ള ധരിക്കണമെന്നായിരുന്നു അന്നത്തെ നിയമം. ഇതില്‍ ഒരു കറുത്തവൃത്തം ഉണ്ടാകും. ഇത് കള്ളനാണെന്ന് സൂചിപ്പിക്കുന്നതാണ്. പോരാതെ കഴുത്തില്‍ തകിടും തൂക്കിയിടണം. കള്ളന്മാര് ഇതൊക്കെ അനുസരിച്ചു. എന്നാല്‍ ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെ ചോദ്യം ചെയ്തു. ഉച്ചയ്ക്കു ശേഷം രണ്ടാം ബാച്ചിനെ ജോലിക്കായി പുറത്തുകൊണ്ടുപോകുവാന്‍ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് ഡെപ്യൂട്ടി ജയിലറും 12 വാര്ഡന്മാരും കടന്നുവന്നത്. ജയിലര്‍ വിസിലടിച്ചു. ജയില്‍ യുദ്ധക്കളമായി മാറുന്നതിന് നിമിഷങ്ങള്‍ വേണ്ടി വന്നില്ല. തടവുകാരും കണ്ണില്‍ കണ്ടതെല്ലാം ശേഖരിച്ച് വാര്ഡന്മാരെ നേരിട്ടു. അപ്പോഴേക്കും വാര്ഡന്മാര് രണ്ടുപേരെ അടിച്ചുകൊന്നിരുന്നു. പിന്നീടാണ് വെടിവെപ്പ് തുടങ്ങിയത്. ഇതില്‍ 22 പേരാണ് രക്തസാക്ഷികളായത്. ഇ കെ നാരായണന് നമ്പ്യാരോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന അച്ഛന് തളിയന്‍ രാമന് നമ്പ്യാരും രക്തസാക്ഷിയായി. 118 പേരെയാണ് പരിക്കുപറ്റി സേലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 42 പേരാണ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞത്. ഇതില്‍ ഏതാനും പേരുകള്‍ നാരായണന് നമ്പ്യാര്‍ ഇപ്പോഴും ഓര്‍ക്കുന്നു. സീതാരാമയ്യ ആന്ധ്ര, മാടായി കുഞ്ഞപ്പ നായര്‍, എന്‍ കെ കൃഷ്ണന് കൂത്തുപറമ്പ്, ആശാരി മാധവന്, കോറോത്ത് രാമന് നമ്പ്യാര്‍, കൃഷ്ണമാരാര്‍, ചിറക്കല്‍ പുല്ലായ്ക്കൊടി ദാമോദരന്‍, യു നാരായണമാരാര്‍ എന്നിവരാണ് അവരില്‍ ചിലര്‍. എന്‍ ബാലന് ആശുപത്രിയില്‍ വച്ചുമരിച്ചു.
ജയിലില്‍ വച്ച് മരണപ്പെട്ടവര്‍ തളിയന്‍ രാമന് നമ്പ്യാര്‍, തക്കായി കണ്ണന്, ആശാരി അമ്പാടി, പുല്ലാഞ്ഞിയോടന്‍ കുഞ്ഞപ്പ നമ്പ്യാര്‍, കൊയിലോടന്‍ നരായണന് നമ്പ്യാര്‍, പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന് നമ്പ്യാര്‍, എന്‍ പദ്മനാഭന്, നീലഞ്ചേരി നാരായണന് നായര്‍, ആസാദ് ഗോപാലന് നായര്‍, എന്‍ കോരന്്, മൈലപ്രവന്‍ നാരായണന് നമ്പ്യാര്‍, പിലാട്ട്യോടന് ഗോപാലന് നമ്പ്യാര്‍ കോരന് ഗുരിക്കള്‍, ആണ്ടലോടന്‍ കുഞ്ഞപ്പ, ഞങ്ങാടി കുഞ്ഞമ്പു, എ സി കുഞ്ഞിരാമന് നമ്പ്യാര്‍, അനന്തന്, കെ ഗോപാലന് കുട്ടിനായര്‍, കാവേരി മുതലിയാര്‍, അറുമുഖ നായ്ക്കര്‍ (തമിഴ്നാട്), ഷെയ്ക്ക് ദാവൂദ് (ആന്ധ്ര) തുടങ്ങിയവരാണ്. 1947 ഒക്ടോബറിലാണ് നാരായണന് നമ്പ്യാരെ കാവുമ്പായി സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റുചെയ്തത്. അന്ന് വയസ് ഇരുപതായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് സബ്ജയില്‍, തലശേരി സബ്ജയില്‍ എന്നിവിടങ്ങളില്‍ ആറുമാസത്തോളം വിചാരണയ്ക്കായി പാര്‍പ്പിച്ചതിനുശേഷം 39 വര്‍ഷത്തെ തടവുശിക്ഷവിധിച്ചു. വിയ്യൂര്‍ ജയിലിലേക്കാണ് കൊണ്ടുപോയത്. അവിടുന്നാണ് സേലത്തേയ്ക്ക് കൊണ്ടുപോയത്. ഇവരുടെയെല്ലാം വാറണ്ടില്‍ ഡെയിഞ്ചര്‍ കമ്മ്യൂണിസ്റ്റ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1952 ലാണ് ജയിലില്‍ നിന്നും വിട്ടയച്ചത്.
നാരായണന് നമ്പ്യാര്‍ കാവുമ്പായിയിലെ സി പി ഐ മെമ്പറാണ്. ജയിലില്‍ വെടിവെച്ചുകൊന്ന ധീര സഖാക്കളെ ജയിലില്‍ വച്ചു തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. മരണപ്പെട്ട തന്റെ സ്വന്തം പിതാവിനെ ഒന്നു കാണാന്‍ പോലും നാരായണന് നമ്പ്യാര്‍ക്കായില്ല. മരണപ്പെട്ടവരെ എവിടെയാണ് സംസ്ക്കരിച്ചതെന്നറിയില്ല. തറമുഴുവനും രക്തപ്പുഴയായിരുന്നതുകാരണം അന്ന് ജയില്‍ സന്ദര്‍ശിക്കുവാന്‍ വന്ന കലക്ടറും മറ്റു ഉദ്യോഗസ്ഥ സംഘവും കഞ്ഞികുടിക്കുന്ന പ്ലയിറ്റ് കമിഴ്ത്തിവച്ച് അതിനു മുകളില്‍ ചവിട്ടിയാണ് നടന്നത്. 1947 ജൂലൈ 14 നാണ് 21 വയസ് പ്രായമായ മാടായി ചന്തുക്കുട്ടി നായരെ കാവുമ്പായി സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യത്. തലശ്ശേരി സെഷന്‍സ് കോര്‍ട്ട് തൂക്കിക്കൊല്ലാന്‍ വിധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു. വധശിക്ഷയുടെ നാളുകളില്‍ ചന്തുക്കുട്ടി നായര്‍ക്ക് ആത്മവീര്യം വര്‍ധിച്ചു. തൂക്കുമുറിയില്‍ അടച്ചിടുമ്പോള്‍ ചന്തുക്കുട്ടിനായരുടെ തൂക്കം 121 റാത്തലായിരുന്നു. ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. സെപ്തംബര്‍ 14 ന് തൂക്കുമുറിയില്‍ നിന്ന് പുറത്തുവരുമ്പോള്‍ തൂക്കം 128 റാത്തലായിരുന്നു. ശസ്ത്രക്രിയകൊണ്ടു പുറത്തെടുക്കാനാവാത്ത വെടിച്ചില്ലുകള്‍ ഇപ്പോഴും ചന്തുക്കുട്ടി നായരുടെ ശരീരത്തിലുണ്ട്. മാടായി ചന്തുക്കുട്ടി നായരും കാവുമ്പായിയിലെ സി പി ഐ മെമ്പറാണ്.
കെ എം മനോജ്കുമാര്‍ ജനയുഗം 110211
61 വര്‍ഷം മുമ്പ് സേലം ജയിലില്‍ നടന്ന ഭീകരമായ നരവേട്ടയുടെ ബീഭത്സമായ ദൃശ്യങ്ങള്‍ അയവിറക്കുകയാണ് ജീവിക്കുന്ന സേലം ജയില്‍ രക്തസാക്ഷികളായ ഇ കെ നാരായണന് നമ്പ്യാരും മാടായി ചന്തുക്കുട്ടിനായരും. ഇരുവരും കാവുമ്പായിയിലെ അവരുടെ സ്വന്തം വീടുകളില്‍ വിശ്രമജീവിതം നയിക്കുമ്പോഴും ഇന്നലെകളിലെ ഓര്‍മ്മകള്‍ ഇരുവരിലും ആവേശം നിറയ്ക്കുന്നു. 1950 ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് ശേഷം സേലം ജയിലില്‍ നടന്ന യുദ്ധരംഗം അയവിറക്കുമ്പോള്‍ ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം ഇവരുടെ മനസുകളില്‍ ഇപ്പോഴും നിറയുന്നു. വടക്കേ മലബാറിലെ കര്‍ഷക കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ തടയുവാന്‍ സേലം ജയിലിലെ തടവറകള്‍ക്കു കഴിയുമെന്നായിരുന്നു അധികാരികളുടെ കണക്കുകൂട്ടല്‍. സേലം ജയിലിലെ വെടിവെപ്പില്‍ ഉണ്ടായ 22 മുറിവുകളുമായാണ് ഇ കെ നാരായണന് നമ്പ്യാര്‍ ഇപ്പോഴും കഴിയുന്നത്.
ReplyDeleteസഖാവ് തളിയൻ രാമൻ നമ്പ്യാർ എന്റെ മുത്തച്ഛനും ഇ.കെ.നാരായണൻ നമ്പ്യാർ എന്റെ അച്ഛന്റെ ജ്യേഷ്ടനും ആണ്.
ReplyDeleteഈ വിവരം പങ്കു വെച്ചതില്‍ സന്തോഷം. സ്മരണാഞ്ജലികള്‍.
ReplyDelete