Monday, February 28, 2011

അഡ്വ. രാംകുമാറിന്റെ വിഭ്രാന്തികള്‍

തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോള്‍ സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നു. സെല്‍ഫ് ഗോളുകള്‍കൊണ്ട് വശംകെട്ട് ഹതാശരായ യുഡിഎഫ് നേതൃത്വം ഇനി എതിരാളിയുടെ ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ തുടങ്ങണമെന്ന് തീരുമാനിച്ചിരിക്കുന്നു. പിന്നാലെ "ജയ്ഹിന്ദ്'' ടിവിയില്‍ ഒരു വെളിപ്പെടുത്തല്‍ വന്നു. കാസര്‍കോട്ടെ ഒരു ലീഗു നേതാവിന് ഈ ആരോപണം ഉന്നയിക്കാന്‍ ഇന്ത്യാവിഷനില്‍ ഇടം കിട്ടിയില്ല. സ്വന്തം പാര്‍ടിയുടെ നേതാവിന്റെ പീഡനക്കേസുപോലും റജീനമാര്‍ ചെന്നാലുടനെ ലൈവായി വിളമ്പുന്ന ഇന്ത്യാവിഷനില്‍ കാസര്‍കോട്ടെ ലീഗു നേതാവിന് ചന്ദന കഥ വിളമ്പാന്‍ ഇടം കിട്ടിയില്ല. "ജയ്ഹിന്ദ്'' എന്ന കോണ്‍ഗ്രസ് ചാനല്‍തന്നെ വേണ്ടിവന്നു. ഇത്രയും വലിയ ബുദ്ധി എം എം ഹസ്സന്റെ വകയാണെന്ന് ആരും വിശ്വസിക്കുന്നില്ല. പൊയ്‌വെടികള്‍ ഇനിയും എപ്പോഴും പ്രതീക്ഷിക്കാം.

    ഇവിടെ യുഡിഎഫ് നേതാക്കളുടെ പിന്‍പാട്ടുകാരനായി അഡ്വ. കെ രാംകുമാര്‍ അവതരിച്ചത് അസാധാരണമായി. രാംകുമാര്‍ ഹൈക്കോടതിയിലെ പ്രഗത്ഭനായ ഒരഭിഭാഷകനാണ്. നീതിപീഠത്തിന്റെ വ്യതിയാനങ്ങള്‍ക്കെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന നിലപാടുണ്ട്. ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ല. കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവായ മരുമകന്റെയും മറ്റും അഴിമതിക്കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ കെ ജി ബിയെ ന്യായീകരിക്കാന്‍ ഓടിയെത്തിയ ഒരാള്‍ അഡ്വ. കെ രാംകുമാറായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ "ആധികാരികമായി'' ചിലത് പറയുന്ന ഭാവത്തിലാണ് രാംകുമാര്‍. യഥാര്‍ത്ഥത്തില്‍ എന്താണ് രാംകുമാറിന്റെ പ്രശ്നം.

    അഭിഭാഷകവൃത്തിക്കപ്പുറത്ത് ബിസിനസ് താല്‍പര്യങ്ങളുള്ള ഒരു വ്യക്തിയെന്ന നിലയില്‍ രാംകുമാറിന് അസുഖകരമായ ചില വിഷയങ്ങള്‍ ഇക്കാലത്തുയര്‍ന്നുവന്നിരുന്നു. അദ്ദേഹത്തിന്റെയും മകന്റെ ഭാര്യയുടേയും ഉടമസ്ഥതയില്‍ ധന്യശ്രീ എന്ന പേരില്‍ മൂന്നാറിലുണ്ടായിരുന്ന റിസോര്‍ട്ട് നിയമം ലംഘിച്ച് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി സര്‍ക്കാര്‍ പൊളിക്കാന്‍ തുടങ്ങി. വൈദ്യുതി ബോര്‍ഡുവക സ്ഥലത്തേക്ക് കടന്നുകയറി നിര്‍മ്മിച്ച ഭാഗങ്ങളാണ് പൊളിച്ചത്. മൂന്നാര്‍ കയ്യേറ്റത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ അന്നേവരെ ഇടപെടാതിരുന്ന ഹൈക്കോടതി ആദ്യമായി ഒരു സ്റ്റേ ഉത്തരവ് നല്‍കിയത് ധന്യശ്രീ പൊളിക്കുന്ന കേസിലായിരുന്നു. രാംകുമാറിന്റെ വ്യക്തിപരമായ മികവുകൊണ്ടാകാം, ഇപ്പോഴും കേസിന്റെ നൂലാമാലകളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്തംഭനത്തിലാണ്.

    മൂന്നാര്‍ ധന്യശ്രീ ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചതോടെ അഡ്വ. കെ രാംകുമാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തിനിഷ്ഠവും മുന്‍വിധിയോടെയുള്ളതുമായി. കെ ജി ബാലകൃഷ്ണന്റെ കേസില്‍ കോടതിയുടെ പരിശുദ്ധിക്കുവേണ്ടി വാദിച്ച് ജഡ്ജിമാരുടെ സംരക്ഷകനായി ചമഞ്ഞ അദ്ദേഹം സുധാകരന്റെ കൊട്ടാരക്കര പ്രസംഗം വന്നപ്പോള്‍ മറുകണ്ടം ചാടി. ബാലകൃഷ്ണപിള്ളയെ കഠിനതടവിന് ശിക്ഷിച്ച സുപ്രീംകോടതി ജഡ്ജി നീതിനിഷ്ഠനല്ലെന്നും, പണ്ട് താന്‍ സാക്ഷിയായി ബാര്‍ ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയ ഇനത്തിലുള്ള ഏതോ ജഡ്ജിയാണ് ബാലകൃഷ്ണപിള്ളയേയും ജയിലിലയച്ചതെന്നുമാണല്ലോ സുധാകരന്‍ പറഞ്ഞത്. കോടതികളുടെ നിലവാരം ഉയര്‍ത്തിപ്പിടിക്കാന്‍ ബദ്ധശ്രദ്ധനായ രാംകുമാര്‍ സുധാകരന്റെകൂടെ കൂടി സുപ്രീംകോടതിയില്‍ മുഴുവന്‍ ഇടനിലക്കാരുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. കുമാര്‍ എന്നു പേരായ ഇടനിലക്കാരനെ അദ്ദേഹത്തിനറിയാമെന്നും പറയുന്നു. നീതി നിര്‍വഹണ മേഖലയുടെ സ്വതന്ത്രതയ്ക്കും പരിശുദ്ധിക്കുംവേണ്ടി ഇത്രയേറെ എഴുതുകയും പറയുകയും ചെയ്തുവന്ന രാംകുമാര്‍ എന്തുകൊണ്ട് ഈ ഇടനിലക്കാരുടെ വിവരങ്ങള്‍ ഇതേവരെ മറച്ചുവച്ചു? ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ കിട്ടിയത് മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചാണെന്ന് സൂചന നല്‍കുന്നതരത്തില്‍ അപവാദ പ്രചാരണം നടത്തിവരുന്ന യുഡിഎഫ് നേതാക്കളുടെ പിന്‍ പാട്ടുകാരനായി രാംകുമാറിനെപ്പോലെയൊരാള്‍ വന്നത് കുറെ കടന്ന കയ്യായി.

    ജുഡീഷ്യറിയില്‍ വളഞ്ഞ മാര്‍ഗ്ഗത്തില്‍ കാര്യങ്ങള്‍ നടത്തുന്ന രീതി പലപ്പോഴും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ജഡ്ജിമാരും അങ്ങനെയാണെന്ന ധാരണ കമ്യൂണിസ്റ്റുകാര്‍ക്കില്ല. എത്രയോ ജഡ്ജിമാര്‍ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് സന്‍മാര്‍ഗ്ഗനിഷ്ഠയില്‍തന്നെ നീതിനിര്‍വഹണം നടത്തിവരുന്നു. സുധാകരന ന്യായീകരിക്കാനും ബാലകൃഷ്ണപിള്ളയെ വിശുദ്ധനാക്കാനും അഡ്വ. കെ രാംകുമാറിനെപ്പോലൊരാള്‍ നിയമമേഖലയില്‍നിന്ന് ആധികാരികമെന്നു തോന്നുന്ന നിലയില്‍ ചിലതു പറയുമ്പോള്‍ ഉദ്ദേശ്യശുദ്ധിയെപ്പറ്റികൂടി ചിന്തിക്കാതെ വയ്യ.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 040311

1 comment:

  1. തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോള്‍ സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നു. സെല്‍ഫ് ഗോളുകള്‍കൊണ്ട് വശംകെട്ട് ഹതാശരായ യുഡിഎഫ് നേതൃത്വം ഇനി എതിരാളിയുടെ ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ തുടങ്ങണമെന്ന് തീരുമാനിച്ചിരിക്കുന്നു. പിന്നാലെ "ജയ്ഹിന്ദ്'' ടിവിയില്‍ ഒരു വെളിപ്പെടുത്തല്‍ വന്നു. കാസര്‍കോട്ടെ ഒരു ലീഗു നേതാവിന് ഈ ആരോപണം ഉന്നയിക്കാന്‍ ഇന്ത്യാവിഷനില്‍ ഇടം കിട്ടിയില്ല. സ്വന്തം പാര്‍ടിയുടെ നേതാവിന്റെ പീഡനക്കേസുപോലും റജീനമാര്‍ ചെന്നാലുടനെ ലൈവായി വിളമ്പുന്ന ഇന്ത്യാവിഷനില്‍ കാസര്‍കോട്ടെ ലീഗു നേതാവിന് ചന്ദന കഥ വിളമ്പാന്‍ ഇടം കിട്ടിയില്ല. "ജയ്ഹിന്ദ്'' എന്ന കോണ്‍ഗ്രസ് ചാനല്‍തന്നെ വേണ്ടിവന്നു. ഇത്രയും വലിയ ബുദ്ധി എം എം ഹസ്സന്റെ വകയാണെന്ന് ആരും വിശ്വസിക്കുന്നില്ല. പൊയ്‌വെടികള്‍ ഇനിയും എപ്പോഴും പ്രതീക്ഷിക്കാം.

    ReplyDelete