Sunday, February 27, 2011

ദയവായി കാത്തിരിക്കുക, താങ്കള്‍ ക്യൂവിലാണ്

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായി യു ഡി എഫ് നേതാക്കള്‍ക്കെതിരെ അപവാദപ്രചരണം നടത്തുകയും അഴിമതിക്കേസില്‍ കുടുക്കുകയും ചെയ്യുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. വസ്തുനിഷ്ഠമായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനുള്ള പ്രാഥമികമായ നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ജനാധിപത്യ ഭരണസംവിധാനത്തില്‍ ഏതൊരു സര്‍ക്കാരിന്റെയും ബാധ്യതയാണിത്. ഉമ്മന്‍ചാണ്ടിക്ക് ആശങ്കയുണ്ടാക്കുന്നത് പാമോയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പുതിയ വിവരങ്ങളാണ്. എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ നിന്നല്ല ഈ ആരോപണം ഉയര്‍ന്നത്. എ ഐ സി സി അംഗവും കെ പി സി സി എക്‌സിക്യുട്ടീവ് അംഗവുമായ ടി എച്ച് മുസ്തഫയാണ് പ്രശ്‌നം ഉന്നയിച്ചത്.

1991 ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയില്‍ നിന്ന് തടിതപ്പാന്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ആവില്ലെന്നാണ് ടി എച്ച് മുസ്തഫ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കൊടുത്ത മൊഴി. കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയുമായിരുന്നു അക്കാലത്ത്. ഇപ്പോള്‍ കേസിലെ ഒന്നാം പ്രതിയാണ് മുസ്തഫ. അതോടൊപ്പം നാലാം പ്രതിയായ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യൂവും ഇത് തന്നെ ആവര്‍ത്തിക്കുന്നു. പാമോയില്‍ ഇടപാടില്‍ കോടിക്കണക്കിന് രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്നാണവരുടെ വാദം. പാമോയില്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന വിവരം ആദ്യം പുറത്ത് കൊണ്ടുവരുന്നത് യു ഡി എഫ് അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള എം എം ഹസന്‍ ചെയര്‍മാനായിരുന്ന നിയമസഭയുടെ പബ്ലിക് അണ്ടര്‍ട്ടേക്കിംഗ് കമ്മിറ്റിയാണ്. എം എം ഹസനോ ടി എച്ച് മുസ്തഫയോ സഖറിയാ മാത്യൂവോ ഇടതുമുന്നണി നേതാക്കളോ അനുയായികളോ അല്ലെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണം.

സിങ്കപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഫയല്‍ കണ്ടതിന് ശേഷമാണ്. കുറഞ്ഞ ചിലവില്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ ഒമ്പത് കമ്പനികള്‍ ഓഫര്‍ നല്‍കിയിട്ടും അത് നിരാകരിച്ചുകൊണ്ടാണ് മേല്‍പറഞ്ഞ കമ്പനിക്ക് തന്നെ കരാര്‍ ഉറപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പാമോയില്‍ കേസ് പിന്‍വലിക്കാന്‍ ശ്രമം നടത്തിയിരുന്നു. കരുണാകരനെ രക്ഷിക്കാനാണ് ഈ നീക്കമെന്നാണ് പലരും വ്യാഖ്യാനിച്ചത്. സ്വയരക്ഷക്കായി നടത്തിയ ശ്രമമായിരുന്നു അതെന്ന് ഇപ്പോള്‍ വ്യക്തമായി. തങ്ങള്‍ പ്രതിയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന മുസ്തഫയുടെയും സഖറിയ മാത്യൂവിന്റെയും വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത് ഉമ്മന്‍ചാണ്ടിയും താമസിയാതെ കോടതി നടപടികള്‍ക്ക് വിധേയനാവേണ്ടിവരുമെന്നാണ്. അന്വേഷണ സംവിധാനം ശക്തിപ്പെടുത്തിയാല്‍ ഉമ്മന്‍ചാണ്ടിയും കുടുങ്ങും. ബാലകൃഷ്ണപിള്ള പൂജപ്പുരയില്‍ വിശ്രമിക്കുന്നതുപോലെ യു ഡി എഫ് നേതാക്കളില്‍ പലരും ജയിലിനകത്താകും എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അവരോട് പറയാനുള്ളത് ഇതാണ്. ദയവായി കാത്തിരിക്കുക, താങ്കള്‍ ക്യൂവിലാണ്.

ഉമ്മന്‍ചാണ്ടിക്കെതിരെ യു ഡി എഫ് ഭരണകാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ പേരിലും സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിലും അഴിമതി നടന്നതായി ആരോപണം ഉന്നയിച്ചത് ഉമ്മന്‍ചാണ്ടിയുടെ സംരക്ഷകനായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നവരില്‍ പ്രധാനിയായ ടി എം ജേക്കബ്ബാണ് എന്നതാണ് അതിശയം. ഇടമലയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി നടപടിയെ നിശിതമായി വിമര്‍ശിച്ച് സുപ്രിംകോടതി ആര്‍ ബാലകൃഷ്ണപിള്ളയെ കഠിന തടവിന് ശിക്ഷിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ മന്ത്രി സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ജയിലിലേയ്ക്ക് പോകുന്നത്. ഇടമലയാര്‍ പദ്ധതിയില്‍ ക്രമക്കേട് കാണിച്ച് അഴിമതി നടത്തിയെന്നാണ് കേസ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍വാസം പുത്തരിയല്ല. 2001 ല്‍ ഗ്രാഫൈറ്റ് കേസിലും ശിക്ഷിക്കപ്പെട്ട് ഇതേ ജയിലില്‍ അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. വീരജേതാവിനെപോലെയാണ് യു ഡി എഫ് കാര്‍ വഴിനീളെ പിള്ളയ്ക്ക് സ്വീകരണം ഒരുക്കിയത്. ചില മാധ്യമങ്ങളും തത്സസമയം പരിപാടി പ്രക്ഷപണം ചെയ്തു.

ലീഗിനെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഐസ്‌ക്രീം കേസെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ലീഗ് പ്രതിസന്ധി നേരിടുന്നെങ്കില്‍ അതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയല്ലാതെ വേറെ ആരാണ്? പൊടുന്നനവെ കേരളം ഞെട്ടുന്ന നിലയില്‍ ദുരൂഹത നിറഞ്ഞ പത്രസമ്മേളനം കുഞ്ഞാലിക്കുട്ടി നടത്തിയതോടെയാണല്ലോ രംഗം സജീവമാകുന്നത്. വധഭീഷണിയുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. മന്ത്രിയായിരുന്ന കാലത്ത് വഴിവിട്ട് പലതും ചെയ്തിട്ടുണ്ടെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കുമ്പസരിച്ചു. കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടി പ്രസ്താവനയിറക്കി. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ സജീവമായി നിലനില്‍ക്കുന്ന ആരോപണങ്ങള്‍ എന്താണ്? അനുകൂലമായ വിധിയുണ്ടാക്കാന്‍ ജുഡീഷ്യറിയെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് കേസ് അട്ടിമറിക്കുന്നതിനുവേണ്ടി പത്ത് കോടി രൂപ ചിലവാക്കിയെന്നാണ് കൂട്ടുപ്രതിയായ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരി ഭര്‍ത്താവ് റൗഫിന്റെ വെളിപ്പെടുത്തല്‍. ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും കോടികള്‍ നല്‍കി നിയമസംവിധാനത്തെ വിലക്കെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനമാണ് റൗഫ് വിശദീകരിക്കുന്നത്. ലീഗ് പ്രതിസന്ധി നേരിടുന്നെങ്കില്‍ അതിനിടയാക്കിയത് റൗഫും ലീഗിന്റെ ആരാധ്യനായ നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ എം കെ മുനീര്‍ ചെയര്‍മാനായ ചാനല്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്തകളും, ഏതാനും സ്ത്രീകളുടെ വെളിപ്പെടുത്തലുകളുമാണ്. ഇവര്‍ ഇടത് ജനാധിപത്യമുന്നണി പ്രവര്‍ത്തകരോ ലീഗ് വിരുദ്ധരോ അല്ല. ഭരണപക്ഷത്തിന്റെ പകപോക്കലാണിത് എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പുതിയ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പൊതുസമൂഹം സ്വാഗതം ചെയ്യുന്നുണ്ട്.

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി എസ് അച്യുതാനന്ദന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതി സ്വാധീനമുപയോഗിച്ച് കുഞ്ഞാലിക്കുട്ടി ഒതുക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കുഞ്ഞാലിക്കുട്ടിയുടെ അഭിഭാഷകന്‍ രഘുനാഥും റൗഫും നടത്തിയ ഇടപെടലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ സി ഡികളും ഭീകരചിത്രങ്ങളും പുറത്ത് വരാനിരിക്കുന്നു. ഇല്ലാമൊഴികള്‍ ഉണ്ടാക്കി രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളും കോടതമംഗലം പെണ്‍വാണിഭ കേസിന്റെ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

കേസുകളില്‍ നിന്ന് തടിയൂരാന്‍ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചത്. വാരിയെറിഞ്ഞ ഈ കോടികള്‍ എവിടെനിന്ന് കിട്ടി എന്ന് കൂടി അന്വേഷിക്കണം. നിയമസംവിധാനത്തെ വിലക്കെടുത്ത് അനുകൂല വിധിയും വാങ്ങി എന്ന ആരോപണവും അന്വേഷണവിധേയമാക്കണം. മുസ്ലീംലീഗിന്റെ പ്രതിസന്ധിയെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ വലിയബാഫക്കിതങ്ങളും സി എച്ച് മുഹമ്മദ് കോയയും പൂക്കോയതങ്ങളും സുലൈമാന്‍ സേട്ടും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ, മതന്യൂനപക്ഷങ്ങളുടെ വികാരമായിരുന്ന പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെന്തെന്ന് ആലോചിക്കട്ടെ. ഈ ചിന്ത ലീഗ് അണികളിലും ശക്തമാവുന്നുണ്ട്.

യു ഡി എഫിലെ നിരവധി നേതാക്കളുടെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും നിയമനടപടികളും യു ഡി എഫ് നേതൃത്വത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. കുരിയാര്‍കുറ്റി-കാരപ്പാറ ജലസേചന പദ്ധതി നിര്‍മാണത്തില്‍ നടന്ന അഴിമതി വിരല്‍ചൂണ്ടുന്നത് ടി എം ജേക്കബ്ബിലേക്കാണ്. ഈ കേസിന്റെ രേഖകള്‍ സുപ്രിംകോടതി പരിശോധനവിധേയമാക്കുകയാണ്. ഇനിയെത്ര അന്വേഷണങ്ങളുടെ ഫലങ്ങള്‍ വരാനിരിക്കുന്നു.

പൊതുമരാമത്ത് പ്രവൃത്തികളുടെ മറവില്‍ ആയിരം കോടി പൊതുഖജനാവില്‍ നിന്നും ചോര്‍ത്തി എന്നതാണ് എം കെ മുനീറിന് നേരെ ഉയര്‍ന്നുവന്ന ആക്ഷേപം. റേഷന്‍ ഡിപ്പോ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് അന്വേഷണത്തെ നേരിടുന്നു. കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ കെ അബ്ദുറഹ്മാനാണ് പ്രകാശിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്. യു ഡി എഫ് കാലത്ത് നടന്ന സിവില്‍ സപ്ലൈസ് വകുപ്പിലെ ചില അഴിമതികള്‍ ഇപ്പോള്‍ സി ബി ഐ അന്വേ.ഷണത്തിലാണ്. ഗുണനിലവാരമില്ലാത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ പോലും അഴിമതി നടത്തിയെന്നതാണ് കടവൂര്‍ ശിവദാസന് നേരെ ഉയര്‍ന്ന ആക്ഷേപം.

കേന്ദ്രമന്ത്രി വയലാര്‍ രവിയും പത്മജയും റോസക്കുട്ടിയും രഘുചന്ദ്രബാലും ബാര്‍ ലൈസന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണം ജനങ്ങള്‍ അറിഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ കൊട്ടാരക്കര പ്രഖ്യാപനത്തിന് ശേഷമാണ്. സുപ്രിംകോടതിയില്‍ വിധി അനുകൂലമാക്കാന്‍ തിണ്ണനിരങ്ങി ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് സുധാകരനാണെന്ന ആരോപണവും ഉയരുകയുണ്ടായി. അന്വേഷണ വിധേയമാക്കേണ്ട സംഭവങ്ങളാണിതെല്ലാം.

അധികാരം കിട്ടിയ സന്ദര്‍ഭത്തില്‍ പൊതുമുതല്‍ കട്ടുമുടിക്കുകയും അഴിമതി നടത്തുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവര്‍ സര്‍വ രാഷ്ട്രീയ മര്യാദകളും ഉപേക്ഷിക്കുന്നു. സദാചാര മൂല്യങ്ങളോട് തങ്ങള്‍ വിടപറഞ്ഞിരിക്കുന്നു എന്ന പ്രഖ്യാപനമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണപിള്ളയും കൂട്ടരും ചേര്‍ന്ന് നടത്തിയ യു ഡി എഫിന്റെ മോചനയാത്ര. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമെന്ന്  സ്വപ്നം കണ്ട് മന്ത്രിമാരെ നിശ്ചയിച്ചു നടന്നവര്‍ ഇന്ന് പ്രതിരോധത്തിലാണ്. നിയമാനുസൃതമായി നടക്കുന്ന അന്വേഷണങ്ങളില്‍ തങ്ങള്‍ കുടുങ്ങുമോ എന്ന വിഭ്രാന്തിയാണ് യു ഡി എഫ് നേതാക്കളെ പിടികൂടിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെയുള്ള അഴിമതി കണ്ടുപിടിക്കുവാനും എല്‍ ഡി എഫിന്റെ കുതന്ത്രങ്ങള്‍ മനസ്സിലാക്കുവാനും വിദഗ്ദസമിതിയെ നിയോഗിക്കുകയെന്ന ഫലിതവും അവതരിപ്പിക്കപ്പെട്ടു. വിദഗ്ധസമിതിയില്‍ കുഞ്ഞാലിക്കുട്ടിയെയും ജേക്കബിനെയും പോലുള്ള 'വിശുദ്ധന്‍മാരെ' ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വാര്‍ത്ത. ഇതൊക്കെ കണ്ടും കേട്ടും കേരളീയര്‍ ചിരിക്കുകയാണെന്ന് യു ഡി എഫ് നേതാക്കള്‍ മാത്രം മനസ്സിലാക്കുന്നില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അധികാരത്തിലിരിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെയും വസ്തുനിഷ്ഠമായി യാതൊരു ആരോപണവും ഉയര്‍ന്ന് വന്നില്ല. കേരളത്തിന്റെ എല്ലാ മേഖലകളിലും വികസനകുതിപ്പ് നടത്തിയ എല്‍ ഡി എഫിന്റെ തുടര്‍ഭരണത്തിനാണ് ജനങ്ങള്‍ കൊതിക്കുന്നത്. അസത്യങ്ങള്‍ വിളിച്ചു പറയാനും വിവാദങ്ങള്‍ ഉണ്ടാക്കാനും യു ഡി എഫ് നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുക്കില്ല. എല്‍ ഡി എഫിനെതിരെ അവര്‍ക്ക് ഒന്നും പറയാനില്ല. എല്‍ ഡി എഫിന് അനുകൂലമായ വന്‍ ജനമുന്നേറ്റത്തിനാണ് നാട് സാക്ഷ്യംവഹിക്കുന്നത്. കേരളത്തില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന എല്‍ ഡി എഫ് സംഘടിപ്പിച്ച വികസനമുന്നേറ്റയാത്രകളിലെ ജനലക്ഷങ്ങളുടെ പങ്കാളിത്തം വ്യക്തമാക്കുന്നത് അതാണ്.

സി എന്‍ ചന്ദ്രന്‍ ജനയുഗം 270211

2 comments:

  1. അധികാരം കിട്ടിയ സന്ദര്‍ഭത്തില്‍ പൊതുമുതല്‍ കട്ടുമുടിക്കുകയും അഴിമതി നടത്തുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവര്‍ സര്‍വ രാഷ്ട്രീയ മര്യാദകളും ഉപേക്ഷിക്കുന്നു. സദാചാര മൂല്യങ്ങളോട് തങ്ങള്‍ വിടപറഞ്ഞിരിക്കുന്നു എന്ന പ്രഖ്യാപനമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണപിള്ളയും കൂട്ടരും ചേര്‍ന്ന് നടത്തിയ യു ഡി എഫിന്റെ മോചനയാത്ര. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമെന്ന് സ്വപ്നം കണ്ട് മന്ത്രിമാരെ നിശ്ചയിച്ചു നടന്നവര്‍ ഇന്ന് പ്രതിരോധത്തിലാണ്. നിയമാനുസൃതമായി നടക്കുന്ന അന്വേഷണങ്ങളില്‍ തങ്ങള്‍ കുടുങ്ങുമോ എന്ന വിഭ്രാന്തിയാണ് യു ഡി എഫ് നേതാക്കളെ പിടികൂടിയിരിക്കുന്നത്.

    ReplyDelete
  2. ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതേ കേസില്‍ പിള്ളക്കൊപ്പം തടവനുഭവിക്കുന്ന കരാറുകാരന്‍ പികെ സജീവന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിച്ചില്ല. അസുഖബാധിതനായി കിടപ്പിലായ മൂന്നാം പ്രതി രാമഭദ്രന്‍ നായരുടെ ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. ശിക്ഷ പുനപരിശോധിക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

    ReplyDelete