Thursday, February 24, 2011

നുണപ്രചാരണത്തിനുപിന്നില്‍ യുഡിഎഫ് നേതാക്കളുടെ ജയില്‍ഭീതി: മുഖ്യമന്ത്രി

തനിക്കും എല്‍ഡിഎഫിനുമെതിരെ യുഡിഎഫ് നടത്തുന്ന നുണപ്രചാരണം വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെ പല പ്രമുഖരും ജയിലില്‍ പോകേണ്ടിവരുമെന്ന ഭയമാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന്‍ ചന്ദന മാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയതായി ആരോപിച്ച് കെ ബാബു നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ടിവി ചാനല്‍ ഒരു ഖാദറെ അവതരിപ്പിച്ച് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താമെന്ന് കരുതേണ്ട. യുഡിഎഫ് അകപ്പെട്ട ജീര്‍ണതയില്‍നിന്ന് രക്ഷപ്പെടാന്‍ അതുകൊണ്ടൊന്നും കഴിയില്ല. ആരോപണം ഉന്നയിച്ച ഖാദര്‍ പാലോത്ത് ആരാണെന്ന് മുസ്ളിംലീഗ് നേതാക്കള്‍ക്കറിയാം. ലീഗിന്റെ സജീവ പ്രവര്‍ത്തകനും ലീഗ് മുന്‍ ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ ഖാദര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ചന്ദനക്കൊള്ളയും അനധികൃത ചന്ദനഫാക്ടറി നടത്തിപ്പും യുഡിഎഫ് ഭരണകാലത്താണ് നടന്നത്. ചന്ദനലോബിയുമായുള്ള ബന്ധത്തിന്റെ പേരില്‍ കോടതിയുടെ വിമര്‍ശനമേറ്റ് ഒരു മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നു. ചന്ദനമാഫിയക്കെതിരെ തന്റെ നേതൃത്വത്തില്‍ അക്കാലത്ത് നടത്തിയ പ്രക്ഷോഭങ്ങളില്‍ അഭിമാനമുണ്ട്. ചന്ദനക്കൊള്ള പൂര്‍ണമായി തടയാനും മാഫിയയെ നിലയ്ക്കു നിര്‍ത്താനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. യുഡിഎഫ് ഭരണത്തില്‍ ചന്ദന മാഫിയക്കുവേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് അന്നത്തെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്റെ മകനെതിരെ കുഞ്ഞാലിക്കുട്ടി ദുരാരോപണം ഉന്നയിച്ചു. തന്റെ മകന്‍ തെറ്റു ചെയ്തെങ്കില്‍ അന്ന് അന്വേഷിച്ച് നടപടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകാതിരുന്നതെന്തുകൊണ്ടെന്ന് വി എസ് ചോദിച്ചു.

മന്ത്രിസ്ഥാനം ഉപയോഗപ്പെടുത്തി പെണ്‍വാണിഭവും സ്ത്രീപീഡനവും നടത്തുകയും കേസില്‍നിന്ന് രക്ഷനേടാന്‍ മാഫിയാ പ്രവര്‍ത്തനം നടത്തുകയും ചെയ്തതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രേഖകള്‍ ലീഗ് ജനറല്‍സെക്രട്ടറി എം കെ മുനീര്‍ ചെയര്‍മാനായ ചാനല്‍ തനിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യംചെയ്യല്‍ തുടങ്ങി. ബാലകൃഷ്ണപിള്ളയ്ക്കു പിന്നാലെ ജയിലില്‍ പോകേണ്ടിവരും എന്ന് ഭയമുള്ള ചിലര്‍ ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് വിജയിക്കില്ല.

സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ തന്റെ മകനെതിരെ ആരോപണം ഉന്നയിച്ച എം എം ഹസ്സന്‍ കോടതിയില്‍ മാപ്പപേക്ഷിച്ചതിന്റെ വിശദാംശം വി എസ് സഭയുടെ മേശപ്പുറത്തു വച്ചു. അതിനിടെ പ്രതിപക്ഷാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെതുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അവതരാണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കുടുംബാംഗങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് യുഡിഎഫ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.

യുഡിഎഫ് പുകമറ സൃഷ്ടിക്കുന്നു

വിവിധ അഴിമതി കേസുകളില്‍പ്പെട്ട യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെയും തന്റെയും കുടുംബാംഗങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ല. യുഡിഎഫ് നേതാക്കളുടെ കഴിഞ്ഞകാലത്തെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ മകനെതിരെ വ്യാജപ്രചാരണം നടത്തുന്നു. ചന്ദനമാഫിയക്ക് ലൈസന്‍സ് നല്‍കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ്. ചന്ദനമാഫിയയുടെ ആളുകള്‍ മുസ്ളിംലീഗ് പ്രവര്‍ത്തകരായിരുന്നു. അന്ന് പ്രതിപക്ഷനേതാവിന്റെ മകന് പണം നല്‍കിയെന്നു പറഞ്ഞാല്‍ ജനം വിശ്വസിക്കുമോ. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഭരണം നടത്തിയപ്പോള്‍ ചന്ദന മാഫിയക്കെതിരെ നടപടിയെടുത്തില്ലെന്ന കാര്യവും ഇപ്പോള്‍ വെളിവാകുകയാണ്.

ആഭ്യന്തരമന്ത്രിയുടെ ഭാര്യ വ്യാജ ടിസിഎച്ച് സര്‍ടിഫിക്കറ്റിലൂടെ ജോലി നേടിയെന്ന് ടി എം ജേക്കബ് ആരോപിക്കുന്നു. 1980 ലാണ് തന്റെ ഭാര്യ ബംഗളൂരുവില്‍നിന്ന് ടീച്ചേഴ്സ് ട്രെയിനിങ് (ടിസിഎച്ച്) പസായത്. ആ കോഴ്സ് പഠിച്ച് ആയിരക്കണക്കിന് പേര്‍ അന്ന് ജോലി ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ ആ ജോലിയില്‍ ഇല്ല. 1982 മുതല്‍ 1987 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി എം ജേക്കബ് അന്ന് എന്തുകൊണ്ടാണ് ഇതേക്കുറിച്ച് അന്വേഷിക്കാത്തത്. അടിസ്ഥാന രഹിതമായ ആരോപണമാണ് ടി എം ജേക്കബ് ഉന്നയിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ മകന്‍ പ്രതിയായ 13 കേസുകള്‍ പിന്‍വലിച്ചെന്നും ആരോപിക്കുന്നു. പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായുള്ള നൂറുകണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാരല്ല കോടതിയാണ് കേസുകള്‍ പിന്‍വലിക്കുന്നത്.

യുഡിഎഫ് നേതാക്കള്‍ അഴിമതിക്കേസുകളില്‍പ്പെടുന്നതിന് എല്‍ഡിഎഫ് ഉത്തരവാദിയല്ല. ആര്‍ ബാലകൃഷ്ണപിള്ളയെ കുടുക്കിയത് സുപ്രീം കോടതിയാണ്. കുഞ്ഞാലിക്കുട്ടിയുടെ ദല്ലാളായിരുന്ന റൌഫും മുസ്ളിംലീഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാവിഷന്‍ ചാനലുമാണ് ഐസ്ക്രീംവിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. പാമോലിന്‍ കേസ് വിചാരണയാരംഭിച്ചപ്പോള്‍ ടി എച്ച് മുസ്തഫയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്ത് എത്തിയത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി പാമോലിന്‍ കേസ് പിന്‍വലിച്ചത് ഇടപാടിലെ തന്റെ പങ്ക് പുറത്തുവരുമോയെന്ന് കരുതിയാണോ. കെ എം മാണിയുടെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്. അര്‍ഹമായ സീറ്റ് ആവശ്യപ്പെടാന്‍ അടിയും ചവിട്ടും കൊള്ളേണ്ട അവസ്ഥ. മറ്റുമുന്നണികളിലെ കക്ഷികളെ ചേര്‍ത്ത് എല്‍ഡിഎഫ് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

ജയ്ഹിന്ദിന്റെ 'ചന്ദന ഫാക്ടറി ഉടമ' ലീഗ് ക്രിമിനല്‍

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ അസംബന്ധ പ്രചാരണത്തിന് ചന്ദന ഫാക്ടറി ഉടമ എന്ന ലേബലില്‍ യുഡിഎഫും ജയ്ഹിന്ദ് ടിവിയും എഴുന്നള്ളിച്ച അബ്ദുള്‍ ഖാദര്‍ എന്ന ഖാദര്‍ പാലോത്ത് ലീഗ് നേതാക്കളായ ചന്ദന ഫാക്ടറി ഉടമകളുടെ ഗുണ്ട. ലീഗ് പ്രാദേശിക നേതാവായ ഇയാള്‍ ചന്ദനഫാക്ടറി റെയ്ഡിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. യുഡിഎഫ് ഭരണകാലത്ത് മഞ്ചേശ്വരത്ത് പ്രമുഖ ലീഗ് നേതാവിന്റെ ചന്ദന ഫാക്ടറി പരിശോധിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഇയാളുടെ നേതൃത്വത്തിലായിരുന്നു.

2008ല്‍ കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ്കുമാറിനെ നായന്മാര്‍മൂലയില്‍ വച്ച് ആക്രമിച്ച സംഭവത്തിലും പ്രതിയാണ്. കഴിഞ്ഞ വര്‍ഷം ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ബാലകൃഷ്ണന്‍ എന്ന ഹോം ഗാര്‍ഡിനെ ആക്രമിച്ചതിന് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസുണ്ട്. ഈ ഹോംഗാര്‍ഡ് പിന്നീട് ഡ്യൂട്ടിക്കിടെ വാഹനാപകടത്തില്‍ മരിച്ചു. ചെട്ടുംകുഴിയില്‍ ഒരു വിവാഹ വീട്ടില്‍ അക്രമം നടത്തിയതിനും കാസര്‍കോട് ഗവ. കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനും കേസുണ്ട്.

ചന്ദനഫാക്ടറി ഉടമകളായ നിരവധി ലീഗ് നേതാക്കളുടെ കേന്ദ്രമായ നായന്മാര്‍മൂലയിലെ ലീഗ് ടൌണ്‍ ശാഖ പ്രസിഡന്റാണ് ഖാദര്‍ പാലോത്ത്. മുസ്ളിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കൌണ്‍സില്‍ അംഗമാണ്. 2005-2010ല്‍ ലീഗിന്റെ പ്രതിനിധിയായി കാസര്‍കോട് ബ്ളോക്ക് പഞ്ചായത്ത് അംഗമായി. കാസര്‍കോട് ജില്ലയിലെ നേതാക്കളുടെ സഹായത്തോടെ ലീഗ്-കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു ജയ്ഹിന്ദ് ടിവി ഷോ. കുഞ്ഞാലിക്കുട്ടിയെ പ്രീതിപ്പെടുത്തി കാസര്‍കോട് സ്ഥാനാര്‍ഥിയാകാന്‍ കരുനീക്കുന്ന ജില്ലയിലെ പ്രമുഖ ലീഗ് നേതാവാണ് ഷോയുടെ 'നിര്‍മാതാവ്'. ഇദ്ദേഹത്തിന്റെ സ്വന്തമാളാണ് ഖാദര്‍.

ഖാദറിനെതിരെ കേസെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി; ചെറുക്കുമെന്ന് ലീഗ്

മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണമുന്നയിച്ച ഖാദര്‍ പാലോത്തിനെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത. ഖാദര്‍ പാലോത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. കേസെടുത്താല്‍ ശക്തമായി ചെറുക്കുമെന്ന് മുസ്ളിംലീഗ് നേതാവ് സി ടി അഹമ്മദാലി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ഇരു നേതാക്കളും നടത്തിയ പ്രസംഗത്തിലാണ് ഭിന്നത വെളിവായത്.

ഖാദര്‍ ക്രിമിനലും സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നയാളുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ കേസെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഖാദറിനെതിരെ കേസെടുക്കാന്‍ അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും തുടര്‍ന്ന് സംസാരിച്ച സി ടി അഹമ്മദാലി പറഞ്ഞു. മുസ്ലിം ലീഗ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മുന്‍ ബ്ളോക്ക് പഞ്ചായത്ത് മെമ്പറാണ്. ഖാദറിന് ചന്ദനമാഫിയയുമായി ബന്ധമില്ല. നല്ല പൊതുപ്രവര്‍ത്തകനുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചയാളാണ്. ഖാദറിനെതിരെ പോലീസ് കേസെടുത്തു പീഡിപ്പിച്ചാല്‍ ശക്തമായി നേരിടുമെന്നും അഹമ്മദാലി പറഞ്ഞു. ഖാദറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 240211

2 comments:

  1. ചന്ദനക്കൊള്ളയും അനധികൃത ചന്ദനഫാക്ടറി നടത്തിപ്പും യുഡിഎഫ് ഭരണകാലത്താണ് നടന്നത്. ചന്ദനലോബിയുമായുള്ള ബന്ധത്തിന്റെ പേരില്‍ കോടതിയുടെ വിമര്‍ശനമേറ്റ് ഒരു മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നു. ചന്ദനമാഫിയക്കെതിരെ തന്റെ നേതൃത്വത്തില്‍ അക്കാലത്ത് നടത്തിയ പ്രക്ഷോഭങ്ങളില്‍ അഭിമാനമുണ്ട്. ചന്ദനക്കൊള്ള പൂര്‍ണമായി തടയാനും മാഫിയയെ നിലയ്ക്കു നിര്‍ത്താനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. യുഡിഎഫ് ഭരണത്തില്‍ ചന്ദന മാഫിയക്കുവേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് അന്നത്തെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്റെ മകനെതിരെ കുഞ്ഞാലിക്കുട്ടി ദുരാരോപണം ഉന്നയിച്ചു.

    ReplyDelete
  2. പാമൊലിന്‍ ഇറക്കുമതിയുടെ എല്ലാ വ്യവസ്ഥയും അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കറിയാമായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഇടപാടില്‍ ഉമ്മന്‍ചാണ്ടി കൂട്ടുപ്രതിയാണെന്നും അദ്ദേഹത്തെ പ്രതിയാക്കണമോയെന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളടങ്ങിയ ഫയലാണ് ഇപ്പോള്‍ സഭയില്‍ വച്ചിരിക്കുന്നത്. വില നിശ്ചയിക്കാതെയാണ് കരാര്‍ ഒപ്പിട്ടതെന്നും 15 ശതമാനംവരെ കമീഷന്‍ നല്‍കാമെന്ന വ്യവസ്ഥയുടെ മറവില്‍ അത്രയും തുക കമീഷനായി നല്‍കിയെന്നും ഈ ഫയലിലുണ്ട്. ഹാന്‍ഡ്ലിങ് ചാര്‍ജ് ആയി 45 ലക്ഷം കൊടുത്തത് കരാറില്‍ ഇല്ലാതെയാണ്. ഡല്‍ഹിയില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കറിയാമായിരുന്നുവെന്ന് പുതിയ തെളിവ് വ്യക്തമാക്കുന്നു. 387 ഡോളറിന് പാമൊലിന്‍ നല്‍കാമെന്നും 14 ശതമാനം കമീഷന്‍ മതിയെന്നുമുള്ള മറ്റ് കമ്പനികള്‍ നല്‍കിയ ഓഫര്‍ മറച്ചുവച്ചാണ് കരാര്‍ നല്‍കിയത്. ഉമ്മന്‍ചാണ്ടിയെ കേസില്‍ പ്രതിയാക്കണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണ്. അല്ലാതെ കേന്ദ്രസര്‍ക്കാര്‍ മായാവതിക്കും മറ്റുമെതിരെ സിബിഐയെ ഉപയോഗിച്ച ശീലം തങ്ങള്‍ക്കില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിനെ ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന്റെ പരമ്പര്യവും പതിവുമാണ്. പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും ഒന്നും കണ്ടില്ല കേട്ടില്ല എന്ന മനോഭാവമാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ ലക്ഷ്യമിട്ടതിനാലാണ് ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടത്. മാപ്പുസാക്ഷിയാക്കുമെന്നായിരുന്നു അന്ന് പ്രതീക്ഷിച്ചത്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇനി കോടതി തീരുമാനിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ തന്നെ കേസില്‍ പ്രതിയാക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

    ReplyDelete