Wednesday, February 23, 2011

ലിബിയ: കുരുതി തുടരുന്നു

ട്രിപോളി: ലിബിയ തലസ്ഥാനം ട്രിപോളി കൊലക്കളമായി.രാജ്യത്തിനകത്തും പുറത്തും ഒറ്റപ്പെട്ട പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭകരെ കൊന്നെടുക്കാന്‍ ശ്രമിക്കുന്നു. തലസ്ഥാനനഗരത്തിലെ പ്രധാനആശുപത്രിക്കുനേരെ ബോംബാക്രമണം ഉണ്ടായെന്നും തെരുവുകളില്‍ മൃതദേഹം നിറഞ്ഞതായും ലിബിയന്‍ വിമോചന ദേശീയമുന്നണിയുടെ വക്താവ് സലേം ജാന്‍ പറഞ്ഞു. രാജ്യത്തെ മറ്റു മിക്ക നഗരങ്ങളും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. ആയിരക്കണക്കിന് വിദേശികള്‍ ഇവിടെനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പ്രധാന എണ്ണക്കയറ്റുമതി രാഷ്ട്രമായ ലിബിയയിലുണ്ടായ സംഭവവികാസങ്ങള്‍ രാജ്യാന്തരവിപണിയില്‍ അസംസ്കൃതഎണ്ണയുടെ വില ഉയര്‍ത്തിയിട്ടുണ്ട്.

ജനങ്ങള്‍ക്കുമേല്‍ ബോംബിടാനുള്ള ഗദ്ദാഫിയുടെ ഉത്തരവ് തള്ളിയ ഒരുവിഭാഗം വ്യോമസേന ഉദ്യോഗസ്ഥര്‍ മാള്‍ട്ട ദ്വീപില്‍ അഭയം പ്രാപിച്ചു. ഗദ്ദാഫിയുടെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയാതെ രാജിവയ്ക്കുന്നതായി ലിബിയ നീതിന്യായമന്ത്രി അറിയിച്ചു. യുഎന്നിലെ ഉപസ്ഥാനപതി ഉള്‍പ്പടെ ഭൂരിപക്ഷം നയതന്ത്രജ്ഞരും ഗദ്ദാഫി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടു. ലിബിയ അതിര്‍ത്തിയില്‍ ഈജിപ്ത് സൈനികസാന്നിധ്യം വര്‍ധിപ്പിച്ചു. ആയിരക്കണക്കിന് ഈജിപ്തുകാര്‍ ലിബിയയില്‍നിന്ന് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുകയാണ്. പത്ത് ഈജിപ്തുകാര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. വിദേശഎണ്ണക്കമ്പനികള്‍ ജീവനക്കാരെ മടക്കിവിളിച്ചു. അടിയന്തരഘട്ടത്തില്‍ ജോലി ചെയ്യേണ്ടവര്‍ ഒഴികെ മറ്റെല്ലാ അമേരിക്കക്കാരോടും നാട്ടിലേക്ക് മടങ്ങാന്‍ വാഷിങ്ടണ്‍ ആവശ്യപ്പെട്ടു. മൂന്ന് കപ്പലിലായി മൂവായിരം പൌരന്മാരെ തുര്‍ക്കി ഒഴിപ്പിച്ചു.

താന്‍ രാജ്യം വിട്ടുപോയിട്ടില്ലെന്നും ട്രിപോളിയില്‍തന്നെയുണ്ടെന്നും കഴിഞ്ഞദിവസം ഗദ്ദാഫി ഔദ്യോഗിക ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞിരുന്നു. വിദേശചാനലുകളെ വിശ്വസിക്കരുതെന്നും അവര്‍ 'പട്ടികളാണെന്നും' ഗദ്ദാഫി തുടര്‍ന്നു. ഒരുവാനിന്റെ സീറ്റിലിരുന്ന് ഗദ്ദാഫി സംസാരിക്കുന്ന ഒരുമിനിട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യം വരുന്ന ദൃശ്യമാണ് ടെലിവിഷനില്‍ കാണിച്ചത്. ലിബിയസ്ഥിതിഗതി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം വിളിച്ചു.

രാഷ്ട്രീയത്തടവുകാരില്‍ ചിലരെ വിട്ടയക്കുമെന്ന് ബഹ്റൈന്‍ രാജാവ്

മനാമ: ബഹ്റൈനില്‍ രാഷ്ട്രീയത്തടവുകാരില്‍ ഏതാനുംപേരെ വിട്ടയക്കുമെന്ന് ഹമദ് രാജാവ് പ്രഖ്യാപിച്ചു. രാജ്യത്ത് രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നാണിത്. എത്ര പേരെ മോചിപ്പിക്കുമെന്ന് രാജാവ് വ്യക്തമാക്കിയില്ല.

ഇതിനിടെ, ലണ്ടനില്‍ പ്രവാസത്തില്‍ കഴിഞ്ഞുവന്ന പ്രതിപക്ഷനേതാവ് ഹസന്‍ മെഷെയ്മ ബഹ്റൈനിലേയ്ക്ക് മടങ്ങുകയാണ്. 200 വര്‍ഷമായി ബഹ്റൈനില്‍ തുടരുന്ന രാജഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം ശക്തമാകാന്‍ മെഷെയ്മയുടെ സാന്നിധ്യം വഴിതെളിക്കും. മെഷെയ്മ നയിക്കുന്ന 'ഹഖ്' എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്ഥാനം പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞദിവസം പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റേദ മുഹമ്മദിന്റെ(20) മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. പ്രക്ഷോഭത്തില്‍ എട്ടു പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. മനാമയിലെ പേള്‍ ചത്വരത്തില്‍ ചൊവ്വാഴ്ച ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഒത്തുചേര്‍ന്നു. ഖലീഫഭരണം അവസാനിപ്പിക്കുമെന്ന മുദ്രാവാക്യം ഇവര്‍ മുഴക്കി. തലസ്ഥാനത്തിന് പുറത്തുള്ള ഗ്രാമങ്ങളില്‍ യുവാക്കള്‍ വഴി തടയുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഫോര്‍മുല വണ്‍ റദ്ദാക്കണമെന്ന് ബഹറൈന്‍ പ്രക്ഷോഭകര്‍

മനാമ: ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ ഫോര്‍മുല വ കാറോട്ടമത്സരം റദ്ദാക്കണമെന്ന് ബഹറൈന്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. 2004 മുതല്‍ ബഹറൈന്‍ ആതിഥ്യം വഹിക്കുന്ന ഫോര്‍മുല വണ്‍ രാജകുമാരന്‍ ഷേക് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അഭിമാനവിഷയമാണ്. മാര്‍ച്ച് 13നാണ് ഇക്കൊല്ലത്തെ മത്സരം നിശ്ചയിച്ചിരിക്കുന്നത്.

ബഹറൈനിലെ ജനകീയപ്രക്ഷോഭവും ഫോര്‍മുല വണ്ണും തമ്മില്‍ ബന്ധമുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ഭൂരിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ ഭരണാധികാരികള്‍ ഇത്തരം മാമാങ്കങ്ങളില്‍ അഭിരമിക്കുന്നതു ശരിയല്ലെന്ന് യുവപ്രക്ഷോഭകന്‍ ഹസന്‍ ധാനി പറഞ്ഞു. അതേസമയം, സല്‍മാന്‍ രാജകുമാരനുമായി ആലോചിച്ചശേഷം മത്സരത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്ന് ഫോര്‍മുല വണ്‍ തലവന്‍ ബെര്‍ണി എക്സ്റ്റല്‍സോണ്‍ പറഞ്ഞു.

അമേരിക്കയുടെ ഗള്‍ഫിലെ തന്ത്രപരമായ പങ്കാളിയും അഞ്ചാം നാവികപ്പടയുടെ ആസ്ഥാനവുമായ ബഹറൈനിലെ സംഭവവികാസങ്ങള്‍ ഒബാമസര്‍ക്കാരിനെ കടുത്ത ആശങ്കയിലെത്തിച്ചു. സര്‍ക്കാര്‍ വീണ്ടും ബലപ്രയോഗത്തിനു മുതിര്‍ന്നാല്‍ ജനരോഷം നിയന്ത്രണാതീതമാകുമെന്ന് അമേരിക്കയ്ക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തില്‍ തികഞ്ഞ സംയമനം പുലര്‍ത്തണമെന്ന് അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ബഹറൈന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സൌദി അധികൃതരുമായി ഹിലരി മേഖലയിലെ സ്ഥിതിഗതി ചര്‍ച്ചചെയ്തു. അറബ് രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ തന്നെ സ്തബ്ദനാക്കിയെന്ന് അമേരിക്കന്‍ സംയുക്തസേനാ തലവന്‍ അഡ്മിറല്‍ മൈക്ക് മുള്ളന്‍ പറഞ്ഞു. സൌദി അറേബ്യയില്‍ അടിയന്തരസന്ദര്‍ശനത്തിന് എത്തിയതായിരുന്നു മുള്ളന്‍. സൌദി ആഭ്യന്തരമന്ത്രി നയേഫ് രാജകുമാരന്‍ ഉള്‍പ്പെടെയുള്ളവരുമായി മുള്ളന്‍ ചര്‍ച്ച നടത്തി.

ബിന്‍ അലിയെ വിട്ടുകിട്ടണമെന്ന് ടുണീഷ്യ

ടൂണിസ്: സൌദി അറേബ്യ അഭയം നല്‍കിയ മുന്‍ഭരണാധികാരി സൈനെല്‍ അബിദിന്‍ ബിന്‍ അലിയെ വിട്ടുകിട്ടണമെന്ന് ടുണീഷ്യ ആവശ്യപ്പെട്ടു. ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് ജനുവരി 14നാണ് ബിന്‍ അലി സൌദിയിലേക്ക് പലായനം ചെയ്തത്. നരഹത്യ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ബിന്‍ അലിയെ വിചാരണക്കായി വിട്ടുകിട്ടണമെന്നാണ് ടുണീഷ്യയുടെ ആവശ്യം. അതേസമയം, ടുണീഷ്യയിലെ മുഹമ്മദ് ഗനൌഷി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം നാളിലും പ്രകടനംനടന്നു. രാജ്യത്ത് നടന്ന വിപ്ളവവുമായി ഗനൌഷിക്ക് ബന്ധമില്ലെന്നും ബിന്‍ അലിയുടെ സംഘംതന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. രാജ്യത്ത് ഫ്രാന്‍സ് ഇടപെടുന്നത് അനുവദിക്കാനാവില്ലെന്നും പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു.

ദേശാഭിമാനി 230211

2 comments:

  1. ലിബിയ തലസ്ഥാനം ട്രിപോളി കൊലക്കളമായി.രാജ്യത്തിനകത്തും പുറത്തും ഒറ്റപ്പെട്ട പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭകരെ കൊന്നെടുക്കാന്‍ ശ്രമിക്കുന്നു. തലസ്ഥാനനഗരത്തിലെ പ്രധാനആശുപത്രിക്കുനേരെ ബോംബാക്രമണം ഉണ്ടായെന്നും തെരുവുകളില്‍ മൃതദേഹം നിറഞ്ഞതായും ലിബിയന്‍ വിമോചന ദേശീയമുന്നണിയുടെ വക്താവ് സലേം ജാന്‍ പറഞ്ഞു. രാജ്യത്തെ മറ്റു മിക്ക നഗരങ്ങളും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. ആയിരക്കണക്കിന് വിദേശികള്‍ ഇവിടെനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പ്രധാന എണ്ണക്കയറ്റുമതി രാഷ്ട്രമായ ലിബിയയിലുണ്ടായ സംഭവവികാസങ്ങള്‍ രാജ്യാന്തരവിപണിയില്‍ അസംസ്കൃതഎണ്ണയുടെ വില ഉയര്‍ത്തിയിട്ടുണ്ട്.

    ReplyDelete
  2. ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തിലായ ലിബിയയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു. മലയാളികളടക്കം 18,000 ഇന്ത്യക്കാര്‍ ആ രാജ്യത്തുണ്ടെന്നാണ് കണക്ക്. ട്രിപ്പോളിയില്‍ വിമാനമിറക്കാന്‍ ഇന്ത്യ അനുമതി തേടിയെങ്കിലും ലിബിയ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ലിബിയക്കടുത്തുള്ള ഒരു സ്വകാര്യ കപ്പല്‍ അവിടെ നങ്കൂരമിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യയോട് വിമാനം തയാറാക്കി നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

    ReplyDelete