Sunday, February 27, 2011

തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍

തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ ഒഴുക്ക്: കൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ കൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സംഘത്തെയും നിയോഗിക്കുമെന്ന് ആദായ നികുതി വകുപ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പ് നിരീക്ഷിക്കും. കണക്കില്‍ കൂടുതല്‍ പണം ചെലവഴിക്കുകയോ രഹസ്യമായി പണം വിതരണം ചെയ്യുകയോ ചെയ്താല്‍ ഇത് പിടിച്ചെടുക്കുകയും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അനധികൃത പണത്തിന്റെ ഒഴുക്ക് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളിലും പ്രത്യേക ഓഫീസറുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിക്കും. ഇവര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ നിരീക്ഷണം നടത്തും. റയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ഒരു ലക്ഷത്തിനുമേലുള്ള ബാങ്ക് ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കും. കൊച്ചിയില്‍ പ്രത്യേകമായി തുറക്കുന്ന കണ്‍ട്രോള്‍ റൂമില്‍ സാധാരണക്കാര്‍ക്ക് അനധികൃത പണമിടപാട് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാം. ഇത്തരം പരാതികള്‍ പരിശോധിച്ച് വകുപ്പ് ഉടന്‍ നടപടികള്‍ സ്വീകരിക്കും. പണവുമായി തിരഞ്ഞെടുപ്പ് സമയത്ത് പിടിക്കപ്പെടുന്നവര്‍ ശരിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുകയും ചെയ്യും. എന്നാല്‍, നിയമപരമായി ഇടപാടുകള്‍ നടത്തുന്നവര്‍ ഭയപ്പെടേണ്ടതില്ല. തിരഞ്ഞെടുപ്പ് സമയത്ത് പണം കൈയില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിരുന്നുകള്‍ സംഘടിപ്പിച്ചാല്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളവര്‍ നടത്തുന്ന പാര്‍ട്ടികള്‍ കാമറയില്‍ പകര്‍ത്തും. രാഷ്ട്രീയ ലക്ഷ്യത്തോടെ പണം ചെലവഴിച്ചാല്‍ സാമൂഹിക സംഘടനകള്‍ക്കെതിരെയും നടപടി വരും. ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍ അടക്കമുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പറ്റ്‌ന ആദായ നികുതി വകുപ്പ് ഡറയക്ടര്‍ ജനറല്‍ അഞ്ജനി കുമാറിനെ കേരളമടക്കം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫിസര്‍. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച കൊച്ചിയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.  നോഡല്‍ ഓഫിസര്‍ അഞ്ജനി കുമാര്‍, കൊച്ചി ഡയറക്ടര്‍ ജനറല്‍ ഇ ടി ലൂക്കോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ജനയുഗം 270211

1 comment:

  1. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പ് നിരീക്ഷിക്കും. കണക്കില്‍ കൂടുതല്‍ പണം ചെലവഴിക്കുകയോ രഹസ്യമായി പണം വിതരണം ചെയ്യുകയോ ചെയ്താല്‍ ഇത് പിടിച്ചെടുക്കുകയും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അനധികൃത പണത്തിന്റെ ഒഴുക്ക് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളിലും പ്രത്യേക ഓഫീസറുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിക്കും. ഇവര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ നിരീക്ഷണം നടത്തും.

    ReplyDelete