Saturday, February 26, 2011

അശുഭയാത്ര

ന്യൂഡല്‍ഹി: റെയില്‍വേ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിച്ച് മമത ബാനര്‍ജി അവതരിപ്പിച്ച റെയില്‍ ബജറ്റില്‍ സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍. യാത്ര-ചരക്ക് കൂലി വര്‍ധനയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബംഗാളിന് ആനുകൂല്യങ്ങള്‍ ഏറെ. കേരളത്തിന് ഏതാനും വണ്ടികളുടെ പ്രഖ്യാപനംമാത്രം. റെയില്‍വേ വരുമാനവുമായി പൊരുത്തപ്പെടാതെയുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് മമതയുടെ മൂന്നാമത് ബജറ്റ്. വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞെങ്കിലും ചെലവ് കിഴിച്ചുള്ള തുക 5258 കോടി രൂപമാത്രമാണ്്. യാത്ര, ചരക്ക് കൂലി ഇനത്തില്‍ വരുമാനം 1,06,239 കോടിരൂപ. മറ്റുള്ളവ കൂടി മൊത്തം വരുമാനം 1,09,392.13 കോടി രൂപയാണ്. മൊത്തം ചെലവാകട്ടെ 97,400 കോടി രൂപയും. ബാക്കി തുക 11,992.13. ഇതില്‍ 6734 രൂപ സര്‍ക്കാരിനുള്ള വിഹിതമാണ്. മിച്ചമുള്ള 5258 രൂപ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തം. ഈ തുകയാകട്ടെ മൂലധനഫണ്ടിലേക്കും വികസനഫണ്ടിലേക്കും നീക്കിവയ്ക്കുന്നതിനാല്‍ ലാഭം ഇല്ലാത്ത ബജറ്റ്. പദ്ധതി അടങ്കല്‍ 57,630 കോടി. ഇതില്‍ 20,000 കോടിയും ബജറ്റ് വിഹിതം. ഡീസല്‍ സെസ് ഇനത്തില്‍ 1041 കോടിയും. ആഭ്യന്തരമായി റെയില്‍വേ സൃഷ്ടിക്കുന്ന വരുമാനം 14,219 കോടി രൂപ. 20,594 കോടിയും കടമാണ്. കടം വാങ്ങി പദ്ധതി നടപ്പാക്കേണ്ട ഗതികേടിലേക്കാണ് റെയില്‍വേ പോകുന്നത്.

പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാനും 2011-12 വര്‍ഷത്തേക്കുള്ള ബജറ്റില്‍ മന്ത്രി നിര്‍ദേശിക്കുന്നു. നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ പിന്തുടരാനും പൂര്‍ത്തിയാക്കാനും ഒരുശ്രമവുമില്ല. ഇത്തരം പദ്ധതികളെല്ലാം പ്രധാനമന്ത്രി റെയില്‍വികാസ് യോജനയെന്ന പുതിയ പദ്ധതിയിലേക്കു മാറ്റി. നൂറിലധികം പദ്ധതിയാണ് ഇങ്ങനെ മാറ്റിയത്. അതായത്, ഇത്രയും പദ്ധതികള്‍ അടുത്ത പഞ്ചവത്സര പദ്ധതിയിലേക്ക് മാറ്റിയിരിക്കുന്നുവെന്നാണ് മമത പത്രസമ്മേളനത്തില്‍ അറിയിച്ചത്. പശ്ചാത്തലവികസന സൌകര്യം വര്‍ധിപ്പിക്കാന്‍ കാര്യമായ ശ്രമം ഈ ബജറ്റിലും ഇല്ല. ജീവനക്കാരുടെ കുറവ് റെയില്‍വേ സുരക്ഷയെപ്പോലും ബാധിക്കുന്നു. 1.75 ലക്ഷം ഒഴിവ് ഉണ്ടെന്ന് മമത ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞെങ്കിലും ഈ ഒഴിവുകള്‍ നികത്തുന്ന കാര്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ട് നില്‍ക്കുന്ന മമത ബാനര്‍ജി അമ്പതോളം തീവണ്ടിയാണ് പശ്ചിമബംഗാളിന് നല്‍കിയത്. സിംഗൂരില്‍ ടാറ്റ ഫാക്ടറി വരുന്നതിനെ എതിര്‍ത്ത മമത അവിടെ മെട്രോകോച്ച് ഫാക്ടറി സ്ഥാപിക്കുമെന്നു പറയുന്നു.

(വി ബി പരമേശ്വരന്‍)

സാമ്പത്തിക നില പാളം തെറ്റുന്നു

ന്യഡല്‍ഹി: റെയില്‍വെയുടെ സാമ്പത്തിക നില പാളം തെറ്റുന്നു. ദിവസം രണ്ടരക്കോടിയിലധികം പേര്‍ യാത്ര ചെയ്യുന്ന റെയില്‍വെയെ തകര്‍ച്ചയിലേക്ക് നയിച്ച റെയില്‍വെ മന്ത്രിയെന്ന പേരിലായിരിക്കും മമത ബാനര്‍ജി അറിയപ്പെടുക. കൊല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിങില്‍ കണ്ണും നട്ട് റെയില്‍വെയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ അതിനെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ് മമതബാനര്‍ജിയെന്ന് 2011-12 ലെ റെയില്‍വെ ബജറ്റ് വ്യക്തമാക്കുന്നു. മൊത്തം ആഭ്യന്തര ഉല്‍പാദനവുമായി ബന്ധപ്പെടുത്തിയാല്‍ റെയില്‍വെ എന്നും കൂടുതല്‍ വളര്‍ച്ച നേടാറുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇപ്പോള്‍ എട്ട് ശതമാനമാണെങ്കില്‍ റെയില്‍വെയുടെ വളര്‍ച്ചാ നിരക്ക് 3.8 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്ന് സിപിഐ എം പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. റെയില്‍വെയുടെ ആരോഗ്യ നില വളരെ മോശമാണെന്ന് ഈ കണക്ക് തെളിയിക്കുന്നതായും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ചരക്ക് ഗതാഗതത്തിന്റെ 35 ശതമാനം മാത്രമാണ് റെയില്‍വെ കൈകാര്യം ചെയ്യുന്നതെന് ബജറ്റ് തന്നെ സമ്മതിക്കുന്നു. അതായത് 65 ശതമാനം ചരക്ക് ഗതാഗതവും റോഡ്, കടല്‍ മാര്‍ഗമാണ്. പ്രധാനമായും റോഡ് മാര്‍ഗം തന്നെ. ഇത് റോഡിലെ തിരക്ക് വര്‍ധിപ്പിക്കുകയും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അതോടൊപ്പം ഡീസല്‍, പെട്രോള്‍ ഉപയോഗം വര്‍ധിക്കുകയും ചെയ്യും. ഹരിത ഊര്‍ജ വര്‍ഷമായി ആചരിക്കുമെന്ന് പറയുമ്പോഴും പരിസ്ഥിതിക്ക് കൂടുതല്‍ ദോഷമുണ്ടാക്കുന്നതാണ് ചരക്ക് ഗതാഗാതത്തിലെ റെയില്‍വെയുടെ വീഴ്ച. റെയില്‍വെ ചരക്ക് ഗതാഗതം വര്‍ധിപ്പിക്കുമെന്ന് പറയുമ്പോഴും അതിനനുസരിച്ച് വാഗണുകള്‍ നിര്‍മിക്കാന്‍ ഒരു പദ്ധതിയും ബജറ്റ് മുന്നോട്ട് വെക്കുന്നില്ല.

ലാഭമില്ലാത്ത അവസ്ഥയില്‍ നിന്ന് റെയില്‍വെയെ രക്ഷിച്ചെടുക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ലെന്ന് സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. 20000 കോടി രൂപയോളം കടമെടുക്കേണ്ട സ്ഥിതിയിലേക്ക് റെയില്‍വെ മാറിയിരിക്കുന്നു. പണമില്ലാത്തതുകൊണ്ട് തന്നെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാകില്ലെന്നും ഉറപ്പാണ്. മാത്രമല്ല റെയില്‍വെയുടെ പ്രവര്‍ത്തന അനുപാതം 92 ശതമാനമായി ഉയര്‍ന്നത് വികസനപദ്ധതികള്‍ ഏറ്റെടുക്കാനുള്ള ശേഷി ഇല്ലാതാക്കും. 100 രൂപ വരുമാനമുണ്ടാക്കാന്‍ 92 രൂപയും ചെലവാക്കുമെന്നാണ് ബജറ്റ് പറയുന്നത്. അതായത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷിച്ചത് എട്ട് രൂപ മാത്രമാണ്. അതായത് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് മാത്രം- ബസുദേവ് ആചാര്യ പറഞ്ഞു. റെയില്‍വെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാടക്കുന്നതാണ് ബജറ്റെന്ന് ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയും കുറ്റപ്പെടുത്തി. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ടുള്ള ബജറ്റാണിെതെന്നും മുണ്ടെ കുറ്റപ്പെടുത്തി.

മറന്നുവോ പഴയ വാഗ്ദാനങ്ങള്‍?

ന്യൂഡല്‍ഹി: കഴിഞ്ഞ റെയില്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാന്‍പോലും ശ്രമിക്കാതെയാണ് മമത ബാനര്‍ജി പുതിയ വാഗ്ദാനങ്ങളുടെ ദീര്‍ഘമായ പട്ടിക നിരത്തുന്നത്. പുതിയ ലൈനുകളുടെയും ലോകോത്തര സ്റേഷനുകളുടെയും റെയില്‍വേ സുരക്ഷയുടെയും കാര്യത്തില്‍ മുന്‍വാഗ്ദാനങ്ങള്‍ പൂര്‍ണമായും മറന്നുകൊണ്ടാണ് മമത വീണ്ടും കപടവാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നത്. തിരുവനന്തപുരമടക്കം വിവിധ നഗരങ്ങളില്‍ കുടിവെള്ള ബോട്ട്ലിങ് പ്ളാന്റ് സ്ഥാപിക്കുമെന്ന പഴയ പ്രഖ്യാപനംപോലെ പലതുമുണ്ട് മുന്‍വര്‍ഷങ്ങളിലേതായി. കാല്‍ലക്ഷം കിലോമീറ്റര്‍ പാളം പത്തുവര്‍ഷത്തിനകം സ്ഥാപിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം. എന്നാല്‍, നടപ്പുവര്‍ഷം പൂര്‍ത്തിയായത് 700 കിലോമീറ്റര്‍മാത്രം. 94 സ്റേഷന്‍ ആദര്‍ശ് സ്റേഷനുകളായി പ്രഖ്യാപിച്ചിരുന്നു മുന്‍ ബജറ്റില്‍. 2009 ബജറ്റില്‍ ഇത് 309 ആയിരുന്നു. എന്നാല്‍, മാര്‍ച്ചില്‍ നടപ്പാകാന്‍ പോകുന്നത് 42 മാത്രം.

പത്ത് സ്റേഷന്‍ ലോകനിലവാരമുള്ളവയാക്കി മാറ്റുമെന്ന് കഴിഞ്ഞ ബജറ്റിലും 59 സ്റേഷന്‍ ഇത്തരത്തിലാക്കുമെന്ന് 2009ലും പ്രഖ്യാപിച്ചെങ്കിലും ഈ രംഗത്ത് ഒരു നീക്കവുമുണ്ടായില്ല. 143 വിവിധോദ്ദേശ്യ കോംപ്ളക്സ് സ്ഥാപിക്കുമെന്ന രണ്ടു ബജറ്റിലെ പ്രഖ്യാപനവും എങ്ങുമെത്തിയിട്ടില്ല. അയ്യായിരം പോസ്റ് ഓഫീസിലും എല്ലാ ജില്ലാ ആസ്ഥാനത്തിലും ഗ്രാമപഞ്ചായത്തുകളിലും കംപ്യൂട്ടറൈസ്ഡ് ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന മുന്‍ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ക്കും ഇതേഗതി. 828 കിലോമീറ്റര്‍ ട്രെയിന്‍ പ്രൊട്ടക്ഷന്‍ വാണിങ് സിസ്റത്തിനു കീഴിലാക്കുമെന്ന 2010ലെ പ്രഖ്യാപനവും സൌകര്യപൂര്‍വം മറന്നു. നാലായിരം ആളില്ലാ ലെവല്‍ ക്രോസില്‍ നിയമനം നടത്തുമെന്ന് രണ്ടുവര്‍ഷമായി പറയുന്നുണ്ടെങ്കിലും അടുത്തവര്‍ഷത്തിനുള്ളില്‍ 2500 എന്ന ലക്ഷ്യമേ പൂര്‍ത്തിയാകൂ.

ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മുംബൈയിലും സെക്കന്തരാബാദിലും സ്പോട്സ് അക്കാദമിയും ആസ്ട്രോടര്‍ഫ് ഹോക്കി സ്റേഡിയവും സ്ഥാപിക്കുമെന്ന വാഗ്ദാനത്തിലേക്ക് മമത തിരിഞ്ഞുനോക്കിയതുപോലുമില്ല. പശ്ചിമബംഗാളിന് നിരവധിപദ്ധതി അനുവദിച്ചെന്ന് അഹങ്കരിക്കുന്ന മമത, ഹൌറയിലെ രവീന്ദ്രമ്യൂസിയം, ബോല്‍പുരിലെ ഗീതാഞ്ജലി മ്യൂസിയം എന്നീ വാഗ്ദാനങ്ങള്‍ മറന്നു. എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും വീട് എന്ന വാഗ്ദാനവും 522 ആശുപത്രികളും 50 കേന്ദ്രീയ വിദ്യാലയങ്ങളും പത്ത് റസിഡന്‍ഷ്യല്‍ സ്കൂളുകളും ഡിഗ്രി കോളേജുകളും സാങ്കേതികസ്ഥാപനങ്ങളും തുടങ്ങുമെന്ന വാഗ്ദാനങ്ങളും നടപ്പായില്ല.

deshabhimani 260211

1 comment:

  1. റെയില്‍വേ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിച്ച് മമത ബാനര്‍ജി അവതരിപ്പിച്ച റെയില്‍ ബജറ്റില്‍ സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍. യാത്ര-ചരക്ക് കൂലി വര്‍ധനയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബംഗാളിന് ആനുകൂല്യങ്ങള്‍ ഏറെ. കേരളത്തിന് ഏതാനും വണ്ടികളുടെ പ്രഖ്യാപനംമാത്രം. റെയില്‍വേ വരുമാനവുമായി പൊരുത്തപ്പെടാതെയുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് മമതയുടെ മൂന്നാമത് ബജറ്റ്. വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞെങ്കിലും ചെലവ് കിഴിച്ചുള്ള തുക 5258 കോടി രൂപമാത്രമാണ്്. യാത്ര, ചരക്ക് കൂലി ഇനത്തില്‍ വരുമാനം 1,06,239 കോടിരൂപ. മറ്റുള്ളവ കൂടി മൊത്തം വരുമാനം 1,09,392.13 കോടി രൂപയാണ്. മൊത്തം ചെലവാകട്ടെ 97,400 കോടി രൂപയും. ബാക്കി തുക 11,992.13. ഇതില്‍ 6734 രൂപ സര്‍ക്കാരിനുള്ള വിഹിതമാണ്. മിച്ചമുള്ള 5258 രൂപ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തം. ഈ തുകയാകട്ടെ മൂലധനഫണ്ടിലേക്കും വികസനഫണ്ടിലേക്കും നീക്കിവയ്ക്കുന്നതിനാല്‍ ലാഭം ഇല്ലാത്ത ബജറ്റ്. പദ്ധതി അടങ്കല്‍ 57,630 കോടി. ഇതില്‍ 20,000 കോടിയും ബജറ്റ് വിഹിതം. ഡീസല്‍ സെസ് ഇനത്തില്‍ 1041 കോടിയും. ആഭ്യന്തരമായി റെയില്‍വേ സൃഷ്ടിക്കുന്ന വരുമാനം 14,219 കോടി രൂപ. 20,594 കോടിയും കടമാണ്. കടം വാങ്ങി പദ്ധതി നടപ്പാക്കേണ്ട ഗതികേടിലേക്കാണ് റെയില്‍വേ പോകുന്നത്.

    ReplyDelete