Tuesday, February 22, 2011

നല്ല മനുഷ്യര്‍ വീരന് ഇപ്പോള്‍ കൊടും കുറ്റവാളികള്‍

കണ്ണൂര്‍: നല്ല മനുഷ്യര്‍ അടയ്ക്കപ്പെടുന്ന തടവറകളെല്ലാം തുറക്കപ്പെടുന്ന ഒരു കാലമുണ്ടാകുമെന്ന് ആശംസിച്ച എം പി വീരേന്ദ്രകുമാറിന് കാലം മാറിയപ്പോള്‍ നല്ല മനുഷ്യരെല്ലാം കൊടും കുറ്റവാളികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മെല്‍വിന്‍ പാദുവയെക്കുറിച്ച് വീരേന്ദ്രകുമാര്‍ ഫെബ്രുവരി 20ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ കത്തിലാണ് നേരത്തെ നല്ല മനുഷ്യരെന്ന് വിശേഷിപ്പിച്ച, മൊകേരി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം പ്രവര്‍ത്തകരെ കൊടുംകുറ്റവാളികളായി ചിത്രീകരിച്ചത്. മെല്‍വിന്റെ ജയില്‍ദുരിതങ്ങള്‍ പകര്‍ത്തിയ വീരേന്ദ്രകുമാറിന്റെ കത്തിലെ ഒരു പരാമര്‍ശം മൊകേരി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം പ്രവര്‍ത്തകരെക്കുറിച്ചാണ്. അച്ചാരുപറമ്പത്ത് പ്രദീപനും സുന്ദരനും അടക്കമുള്ള രണ്ടു പേരെ ഉദ്ദേശിച്ചും അവരെ കൊടുംകുറ്റവാളികളായി ചിത്രീകരിച്ചുമാണ് വികാരപ്രകടനം. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഇവരെ വിട്ടയക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിക്കുന്നു.

രാഷ്ട്രീയ വൈരത്തിന്റെ തികട്ടലില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ കത്താണ് വീരേന്ദ്രകുമാര്‍ മറന്നത്. വാരാന്തപ്പതിപ്പിലെ കത്തില്‍ ഉദ്ദേശിച്ച 'കൊടുംകുറ്റവാളി' അച്ചാരുപറമ്പത്ത് പ്രദീപിന്റെ തടവറ വിലാസത്തിലാണ് അന്ന് വീരേന്ദ്രകുമാര്‍ കത്ത് എഴുതിയത്. പ്രദീപനും കെഇഎന്നും ചേര്‍ന്ന് എഡിറ്റ് ചെയ്ത 'ജയില്‍കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ ഈ കത്ത് ചേര്‍ത്തിട്ടുണ്ട്. എം എ ബേബി, സൈമണ്‍ ബ്രിട്ടോ, എം എന്‍ വിജയന്‍, ഡോ. കെ എന്‍ പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ കത്തുകളും ഈ ജയിലനുഭവ ഗ്രന്ഥത്തിലുണ്ട്.

'പ്രിയപ്പെട്ട ശ്രീ പ്രദീപ്' എന്നു തുടങ്ങുന്ന കത്തില്‍ വര്‍ഗീയതക്കെതിരെയുള്ള നിങ്ങളുടെ ഉറച്ച നിലപാടിനു മുമ്പില്‍ ഞാന്‍ ആദരം അര്‍പ്പിക്കുന്നു എന്നാണ് എഴുതുന്നത്. തന്റെ പുസ്തകങ്ങള്‍ അയച്ചുതരാമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. 'മാതൃഭൂമി'യില്‍നിന്ന് പുസ്തകങ്ങള്‍ അയച്ചുകൊടുത്ത വീരേന്ദ്രകുമാര്‍ മൊകേരി കേസില്‍ ശിക്ഷിക്കപ്പെട്ടവരെ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

നിയമപരമായ സാങ്കേതികത്വമാണ് മെല്‍വിന്റെ കാരാഗൃഹവാസം നീട്ടുന്നതെന്ന് വീരേന്ദ്രകുമാറിന് അറിയാത്തതല്ല. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പരിഗണിച്ചില്ലെന്നതാണ് മെല്‍വിന് തിരിച്ചടിയായത്. ജയില്‍ സര്‍ടിഫിക്കറ്റില്‍ മികച്ച റിപ്പോര്‍ട്ടുള്ള പ്രദീപന് ശിക്ഷയിളവ് ലഭിച്ചതിന് കെറുവുകാട്ടുന്നതില്‍ മറ്റു മാധ്യമങ്ങളും ഈ മാധ്യമ 'കുലപതി'യുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. സദ്സ്വഭാവമാണ് മൊകേരി സഖാക്കളെ പ്രിയങ്കരരാക്കിയത്. തടവറയില്‍നിന്ന് കവിതകള്‍ എഴുതിയ അനില്‍കുമാര്‍ സാംസ്കാരികരംഗത്തെ നിറസാന്നിധ്യമായിരുന്നു. തുല്യതാപരീക്ഷകളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റാങ്ക് എത്തിച്ചതില്‍ പ്രദീപനും വലിയ പങ്കുവഹിച്ചു. തടവറയില്‍ ജീവിതം കുരുങ്ങിപ്പോയവരുടെ പ്രിയഅധ്യാപകനായിരുന്നു പ്രദീപന്‍. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ചുള്ള വീരേന്ദ്രകുമാറിന്റെ കത്ത്.
(സതീഷ് ഗോപി)

ദേശാഭിമാനി 220211

1 comment:

  1. നല്ല മനുഷ്യര്‍ അടയ്ക്കപ്പെടുന്ന തടവറകളെല്ലാം തുറക്കപ്പെടുന്ന ഒരു കാലമുണ്ടാകുമെന്ന് ആശംസിച്ച എം പി വീരേന്ദ്രകുമാറിന് കാലം മാറിയപ്പോള്‍ നല്ല മനുഷ്യരെല്ലാം കൊടും കുറ്റവാളികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മെല്‍വിന്‍ പാദുവയെക്കുറിച്ച് വീരേന്ദ്രകുമാര്‍ ഫെബ്രുവരി 20ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ കത്തിലാണ് നേരത്തെ നല്ല മനുഷ്യരെന്ന് വിശേഷിപ്പിച്ച, മൊകേരി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം പ്രവര്‍ത്തകരെ കൊടുംകുറ്റവാളികളായി ചിത്രീകരിച്ചത്. മെല്‍വിന്റെ ജയില്‍ദുരിതങ്ങള്‍ പകര്‍ത്തിയ വീരേന്ദ്രകുമാറിന്റെ കത്തിലെ ഒരു പരാമര്‍ശം മൊകേരി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം പ്രവര്‍ത്തകരെക്കുറിച്ചാണ്. അച്ചാരുപറമ്പത്ത് പ്രദീപനും സുന്ദരനും അടക്കമുള്ള രണ്ടു പേരെ ഉദ്ദേശിച്ചും അവരെ കൊടുംകുറ്റവാളികളായി ചിത്രീകരിച്ചുമാണ് വികാരപ്രകടനം. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഇവരെ വിട്ടയക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിക്കുന്നു.

    ReplyDelete