Tuesday, February 22, 2011

സീറ്റ് ഉറപ്പാക്കിയത് ജയിലില്‍

ഇടവേളയ്ക്കുശേഷം നീറിപ്പുകയാന്‍ തുടങ്ങിയ പാമൊലിന്‍ വിവാദം സഭയ്ക്കുള്ളില്‍ ഒരുവട്ടംകൂടി ആളിപ്പടരാന്‍ വഴിയൊരുക്കിയത് ധനമന്ത്രി തോമസ് ഐസക്. മറുവശത്ത് മുന്‍ധനമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും അണിനിരന്നു. ഉപധനാഭ്യര്‍ഥന ചര്‍ച്ചയുടെ മറുപടിക്കൊടുവില്‍ മന്ത്രി തോമസ് ഐസക് ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഇതുവരെ ഉത്തരം കിട്ടാത്ത മൂന്ന് ചോദ്യം ഉയര്‍ത്തി. തെളിവുണ്ടെങ്കില്‍ പ്രതിയാക്കൂവെന്ന പ്രതിപക്ഷ നേതാവിന്റെ മറുപടി തുളവീണ ഗ്രാമഫോണ്‍ റെക്കോഡിനെ അനുസ്മരിപ്പിച്ചു. അന്നത്തെ ധനമന്ത്രിയെന്ന നിലയില്‍ ചിലത് മനസിലാക്കാന്‍ വേണ്ടിയുള്ള അക്കാദമിക് താല്‍പ്പര്യമായി കണ്ടാല്‍ മതിയെന്നായി മന്ത്രി ഐസക്. വാഗ്വാദം, വെല്ലുവിളി..... ചൂടുപിടിച്ച നിമിഷങ്ങള്‍ക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്.

നടപ്പു സാമ്പത്തികവര്‍ഷത്തെ ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ഏറിയകൂറും നിറഞ്ഞത് ജയിലിലേക്കുള്ള വഴിയും അവിടത്തെ വിശേഷങ്ങളുമായിരുന്നു. ജയിലില്‍ ആര്‍ ബാലകൃഷ്ണപിള്ള കട്ടിലിലും എ രാജ നിലത്തുമാണ് കിടക്കുന്നതെന്ന് കെ കുഞ്ഞിരാമന്‍ ചൂണ്ടിക്കാട്ടി. ഇരുസര്‍ക്കാരുകളും തമ്മിലുള്ള നയവ്യത്യാസത്തിന് ഇതില്‍പ്പരം തെളിവ് വേണമോയെന്നായി അദ്ദേഹം. 'പാടില്ല, പാടില്ല നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ...' എന്ന് പരസ്പരം ഓര്‍മിപ്പിക്കാനാണ് യുഡിഎഫ് നേതാക്കള്‍ യോഗം ചേരുന്നതെന്നും അദ്ദേഹത്തിന് അറിയാം. കുഞ്ഞാലിക്കുട്ടിക്ക് തല്‍ക്കാലം പൂജപ്പുരയില്‍ കിടക്കാന്‍ കഴിയില്ലെന്ന് കെ രാജു. വിചാരണത്തടവുകാരെ സബ്ജയിലിലേ കിടത്തുകയുള്ളൂവത്രേ. അധികാരത്തില്‍ വരാമെന്ന യുഡിഎഫിന്റെ മോഹം വെറും വ്യമോഹം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ കാര്യത്തില്‍ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നാണ് വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിലപാട്.

മന്ത്രി എ കെ ബാലന്റെ കുടുംബാംഗങ്ങള്‍ക്കു നേരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം പിന്‍വലിച്ച് പി സി ജോര്‍ജ് ക്ഷമാപണം നടത്തിയതും ശ്രദ്ധേയമായി. മന്ത്രിയുടെ മകന്‍ കേസില്‍ പ്രതിയല്ലെന്ന് പി സി ജോര്‍ജ് പറഞ്ഞ സാഹചര്യത്തില്‍ പി സി വിഷ്ണുനാഥ് മാപ്പുപറയണമെന്ന് കെ രാജു ആവശ്യപ്പെട്ടെങ്കിലും വിഷ്ണുനാഥ് സഭയില്‍ ഉണ്ടായിരുന്നില്ല.

രണ്ടുമൂന്ന് മാസത്തിനുള്ളില്‍ യുഡിഎഫിലെ ആരൊക്കെ ജയിലില്‍ പോകുമെന്ന് കണ്ടുതന്നെ അറിയാമെന്ന പക്ഷത്താണ് കെ സി രാജഗോപാലന്‍. നൂറ് നൂറ്റിപ്പത്ത് സീറ്റ് കിട്ടുമെന്ന് യുഡിഎഫുകാര്‍ പറഞ്ഞത് ജയിലിലെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിലാത്തോസ് പി സി ജോര്‍ജിന്റെ ഗുരുവാണോ, അതല്ല തിരിച്ചാണോയെന്ന് എ കെ ശശീന്ദ്രന്‍ ശങ്കിച്ചു. 'പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ...' എന്ന പഴമൊഴി 'റജീനമാരെ കുഞ്ഞാപ്പമാര്‍ ചതിച്ചാല്‍ കുഞ്ഞാപ്പയെ റൌഫുമാര്‍ ചതിക്കുമെന്ന്' ടി പി കുഞ്ഞുണ്ണി തിരുത്തി. കേരള ബജറ്റില്‍ വാഗ്ദാനങ്ങളുടെ വെടിക്കെട്ടാണെങ്കില്‍ കേന്ദ്രത്തില്‍ അഴിമതിയുടെ വെടിക്കെട്ടാണെന്ന് കെ കെ ദിവാകരന്‍. വിലക്കുറവ് കാരണം പൊള്ളാച്ചിയിലെ അണ്ണാച്ചിമാര്‍ ഇപ്പോള്‍ വിശേഷത്തിന് സാധനം വാങ്ങാന്‍ കൊല്ലങ്കോട്ടാണ് വരുന്നതെന്ന് വി ചെന്താമരാക്ഷന്‍. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള രഹസ്യയാത്രയെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.

പൊലീസ് എസ്കോര്‍ട്ട് വരുന്നത് സ്വപ്നം കണ്ട് നടന്ന യുഡിഎഫുകാര്‍ ഇപ്പോള്‍ പിടിക്കാന്‍ വരുന്നുണ്ടോയെന്ന് ഒളികണ്ണിട്ട് നോക്കുകയാണെന്ന് വി ശശികുമാര്‍. പണം ചെലവഴിക്കാനല്ലെന്ന് ആക്ഷേപിച്ച കെ ശിവദാസന്‍നായര്‍ ഉപധനാഭ്യര്‍ഥനയെ അംഗീകരിക്കില്ലെന്ന് വാശി. ചെലവിട്ടതിന് സഭയുടെ അംഗീകാരം തേടിയിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞപ്പോഴാണ് പിടിച്ചത് പുലിവാലാണെന്ന് നായര്‍ക്ക് ബോധ്യമായത്.

പാമൊലിന്‍ ഇടപാടില്‍ സംശയത്തിന്റെ നിഴലിലായ ഉമ്മന്‍ചാണ്ടിയോട് മൂന്ന് ചോദ്യമാണ് മന്ത്രി ചോദിച്ചത്. ധനവകുപ്പില്‍നിന്ന് അപ്രത്യക്ഷമായ ഫയലിലേക്ക് മുന നീണ്ടപ്പോള്‍ ആ ഫയലെവിടെ എന്നായി മന്ത്രി. വിജിലന്‍സിന്റെ പക്കലാണെന്ന് പ്രതിപക്ഷ നേതാവ്. ഇടപാടിനെതിരെ എജി ഉള്‍പ്പെടെ ശരിവച്ച കണ്ടെത്തലുകള്‍ അടങ്ങിയ ഫയലിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ ചോദ്യം. ഫയല്‍ അടുത്ത ദിവസം സഭയുടെ മേശപ്പുറത്ത് വയ്ക്കാമെന്നും മന്ത്രി വ്യക്തമാക്കിയതോടെയാണ് വാഗ്വാദത്തിന് തല്‍ക്കാരം വിരാമം വീണത്. വരും ദിവസങ്ങളിലും പാമൊലിന്‍ കത്തുമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു.

കെ ശ്രീകണ്ഠന്‍ ദേശാഭിമാനി 220211

2 comments:

  1. പൊലീസ് എസ്കോര്‍ട്ട് വരുന്നത് സ്വപ്നം കണ്ട് നടന്ന യുഡിഎഫുകാര്‍ ഇപ്പോള്‍ പിടിക്കാന്‍ വരുന്നുണ്ടോയെന്ന് ഒളികണ്ണിട്ട് നോക്കുകയാണെന്ന് വി ശശികുമാര്‍.

    ReplyDelete
  2. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പാര്‍ട്ടിയുടെ പ്രമുഖ നേതാവും ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി. ശശി എഴുതിയ കത്തിലെ വരികള്‍ ഇത്തരുണത്തില്‍ വായിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു.
    ""നന്നേ ചെറുപ്പം മുതല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എളിയ പ്രവര്‍ത്തകനാണു ഞാന്‍. ജീവിതത്തിന്റെ നല്ലഭാഗവും ആരോഗ്യത്തിന്റെ നല്ലഘട്ടവും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പണ ബോധത്തോടെ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് എന്റെ ബോധ്യം. അതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. നിരവധി മര്‍ദ്ദനങ്ങളും ജയില്‍ വാസവും കേസുകളും അപവാദ പ്രചരണങ്ങളുമെല്ലാം സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ ആരോഗ്യം ഓടി നടക്കുവാനും സജീവമായി പ്രവര്‍ത്തിക്കുവാനും അനുവദിക്കുന്നില്ല. അത്തരമൊരു ഘട്ടത്തില്‍ ചികിത്സക്ക് വിധേയനായപ്പോള്‍, പരസ്യമായി അവഹേളിക്കുന്നതിന് കേന്ദ്ര കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ തയ്യാറായത്, വേദനയോടെ ഓര്‍മ്മിക്കുകയാണ്. സര്‍വ്വസൗകര്യങ്ങളുടെയും കൊടുമുടിയിലിരിക്കുന്ന അദ്ദേഹത്തിന്, സാധാരണ പ്രവര്‍ത്തകരുടെ ഇത്തരം വേദനകള്‍ ഓര്‍ക്കേണ്ട കാര്യമില്ല. കുടിപ്പക തീര്‍ക്കുന്നതിന് അദ്ദേഹത്തിന് നല്ല ഒരു അവസരം ലഭിച്ച സന്തോഷമാണ് കണ്ടത്''.
    ഈ കത്തെഴുതിയ പി. ശശി ഒരു സാധാരണ സി.പി.എം പ്രവര്‍ത്തകനല്ല. വെറുമൊരു ജില്ലാ സെക്രട്ടറിയുമല്ല. അഞ്ചു വര്‍ഷം ഇ.കെ. നായനാര്‍ എന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന, പതിറ്റാണ്ടുകള്‍ ഒരേ പാര്‍ട്ടിയില്‍ ഉണ്ടുറങ്ങിയ വി.എസിന്റെ സഖാവാണ്.
    ഈ സഖാവിനു പോലും അച്യുതാനന്ദനെക്കുറിച്ച് പറയാനുള്ളത് ഇത്തരത്തിലാണെങ്കില്‍, അദ്ദേഹം എതിരാളികളോട് കാണിക്കുന്ന കുടിപ്പകയെ രാഷ്ട്രീയ വൈരത്തിന്റെ തീക്കനലായി അല്ലാതെ എങ്ങനെ കാണാന്‍ കഴിയും? മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള ഒരു മുഖ്യമന്ത്രി കുടിപ്പക തീര്‍ക്കാനുള്ള ആയുധമായി തന്റെ അധികാരത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടുകയെന്നത് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനിവാര്യ ദൗത്യമാണ്. എഴുതിത്തയ്യാറാക്കിയ തിരക്കഥക്കനുസൃതമായി ആടിത്തിമര്‍ക്കുന്ന ഈ മുഖ്യമന്ത്രിക്കല്ലേ ഇപ്പോള്‍ ഒരു കൈവിലങ്ങാവശ്യം?..

    ReplyDelete