Thursday, February 24, 2011

സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ നാലാം ഭാഗം

ഒന്നാം ഭാഗം അണിയറയില്‍ കളിച്ച ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലേക്ക്

രണ്ടാം ഭാഗം സുധാകരന്‍ തുറന്നുവിട്ട ദുര്‍ഭൂതം

മൂന്നാം ഭാഗം വിദ്യാഭ്യാസ വായ്പ കുംഭകോണം: വെട്ടിച്ചത് 50 കോടി

ആര്‍ ബാലകൃഷ്ണപിള്ള അകത്തായ ശേഷം യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വലത് വശം ഇരിക്കുന്നത് ടി എം ജേക്കബാണ്. ഉമ്മന്‍ചാണ്ടിയുടെ കൂടെ ദീര്‍ഘകാലം ഇരുമെയ്യാണെങ്കിലും ഒരുമനസ്സായി കഴിഞ്ഞപ്പോഴും ഈ സീറ്റായിരുന്നു ഇഷ്ടം. ഇടക്കാലത്ത് സീറ്റ് നഷ്ടപ്പെട്ടു. അന്ത:പുര നാടകത്തിലൂടെ എ കെ ആന്റണിയെ അട്ടിമറിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ജേക്കബിനെ ചവുട്ടിപ്പുറത്താക്കി. ഇതോടെ ഒപ്പം കിടന്നവരുടെ രാപ്പനി അറിയുന്ന ജേക്കബ്ബ് പലതും വിളിച്ചു പറഞ്ഞു. ഇതില്‍ ഒന്നാണ് സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട 'രഹസ്യങ്ങള്‍'. ഏതാനും മാസം അലഞ്ഞുതിരിഞ്ഞ ജേക്കബ് സമസ്താപരാധങ്ങളും പൊറുക്കണമെന്ന് അപേക്ഷിച്ച് യുഡിഎഫ് കൂടാരത്തില്‍ ചേക്കേറി. വീണ്ടും പഴയ കസേര ലഭിച്ചു. എങ്കിലും അന്ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സഭാരേഖയില്‍ മായാതെ കിടക്കുന്നു.

എന്താണ് സൈന്‍ബോര്‍ഡ് അഴിമതി? ഇതിന് പിന്നിലെങ്ങിനെ 735 കോടിയൊക്കെ വരുന്നു? സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങള്‍.

1998ല്‍ കൊച്ചി നഗരത്തില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ പടിയത്ത് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ അപേക്ഷ നല്‍കി. അന്നത്തെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പനാണ് അപേക്ഷ നല്‍കിയത്. വകുപ്പ് സെക്രട്ടറിയോ സര്‍ക്കാരോ അറിയാതെ കുട്ടപ്പന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. 15 ബോര്‍ഡുകള്‍ സ്ഥാപിക്കാനായിരുന്നു അനുമതി. തുടര്‍ന്നുവന്ന ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു കരാറുകാരനില്‍നിന്നും അപേക്ഷ പോലും വാങ്ങാതെ ബോര്‍ഡുകളുടെ എണ്ണം 76 ആക്കി. കരാറില്‍ ചില ഭേദഗതികള്‍ വരുത്തി അഞ്ച് വര്‍ഷംക്കൊണ്ട് ബോര്‍ഡ് സ്ഥാപിക്കാനും കാലാവധി 30 വര്‍ഷമാക്കാനും തീരുമാനിച്ചു. തുടര്‍ന്ന് ദേശീയപാതയിലും സംസ്ഥാന പാതയിലുമെല്ലാമായി 311 ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജോസഫ് മാത്യു അനുമതി നല്‍കി.

റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവര്‍മെന്റിന്റെ കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് കരാര്‍ നല്‍കിയത്. കൂടാതെ കരാറുകാര്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് മാത്രമായിരുന്നു ലൈസന്‍സ്. ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ പിന്നീട് പരസ്യത്തിന് സ്ഥലം നല്‍കാനുള്ള അവകാശം സര്‍ക്കാരിന് ലഭിക്കും. എന്നാല്‍, 30 വര്‍ഷത്തേയ്ക്ക് കരാര്‍ നല്‍കി ഈ സാധ്യതയും ഇല്ലാതാക്കി.

തിരുവനന്തപുരം കേശവദാസപുരത്ത് ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍നിന്ന് ഒരുവര്‍ഷത്തേയ്ക്ക് ഏഴുലക്ഷംരൂപയാണ് ഈ കരാറുകാരന്‍ വാങ്ങിയത്. ഈ കണക്ക് കൂട്ടിയാല്‍തന്നെ 311 ബോര്‍ഡുകള്‍ക്ക് കരാറുകാരന് ലഭിക്കുന്നത് രണ്ടു കോടിയില്‍പരം രൂപയാണ്. ആദ്യവര്‍ഷത്തെ കണക്ക് പ്രകാരം മാത്രം 311 ബോര്‍ഡുകള്‍ക്ക് കരാറുകാരന് ലഭിക്കുന്നത് 700 കോടിയോളം രൂപ. ബോര്‍ഡിന്റെ മറവിലെ വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടനെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഐജി ടിപി സെന്‍കുമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. സര്‍വീസിലുള്ള എന്‍ജിനിയര്‍ ജോസഫ് മാത്യുവിനെ സസ്പെന്‍ഡ് ചെയ്യണമെന്നും സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തണമെന്നും ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ സര്‍ക്കാരിനെ അറിയിച്ചു. പ്രതികളായ എന്‍ജിനിയര്‍മാരുടെയും കരാറുകാരുടെയും വീടുകളില്‍ റെയ്ഡ് നടത്തുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇതംഗീകരിച്ചില്ലെന്ന് മാത്രമല്ല, കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കുകയുംചെയ്തു. കേസിലെ പ്രതിയും കരാറുകാരനുമായ ഹബീബ്റഹ്മാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കിയ ഒരുനിവേദനത്തിന്റെ മറവിലായിരുന്നു ഈനടപടി.

ഒരാഴ്ചയ്ക്കു ശേഷം കേരളത്തില്‍ എവിടെയും സൈന്‍ബോര്‍ഡ് സ്ഥാപിക്കാനും യഥേഷ്ടം അനുമതി നല്‍കി. 310 നൊപ്പം ഒരു 50 എണ്ണംകൂടി ഉമ്മന്‍ചാണ്ടിയുടെ വകയും. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ കൊച്ചിയിലെ ഒരു കെപിസിസി ഭാരവാഹി ഇടനിലക്കാരനായിനിന്നാണ് ഇടപാടുകള്‍ നടന്നത്. അങ്ങനെ 735 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞ കേസ് അട്ടിമറിച്ചു.

ഇനി ഉമ്മന്‍ചാണ്ടിയുടെ പ്രിയ സുഹൃത്ത് ടി എം ജേക്കബ് പറയട്ടെ, ജേക്കബിന്റെ നിയമസഭാപ്രസംഗത്തിലെ ഏതാനും വരികള്‍

'ശ്രീ ഉമ്മന്‍ചാണ്ടി, ഞാന്‍ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ തെളിയിച്ചുതരാം വെറുതെ പറയുന്നതല്ല. 735 കോടിരൂപയുടെ തിരിമറിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ചുകളയാനാണ് ശ്രമിക്കുന്നത്.'

ജേക്കബ് പറഞ്ഞപോലെ അധികാരമൊഴിയുന്നതിന് ഏതാനും ദിവസംമുമ്പ് കേസ് പിന്‍വലിച്ചുകൊണ്ടുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവയ്ക്കുകയും ചെയ്തു.

ദേശാഭിമാനി 240211

അഞ്ചാം ഭാഗം കെപിസിസി സെക്രട്ടറിക്ക് കോഴയില്‍ ഡിസ്കൌണ്ട്

1 comment:

  1. ഇനി ഉമ്മന്‍ചാണ്ടിയുടെ പ്രിയ സുഹൃത്ത് ടി എം ജേക്കബ് പറയട്ടെ, ജേക്കബിന്റെ നിയമസഭാപ്രസംഗത്തിലെ ഏതാനും വരികള്‍

    'ശ്രീ ഉമ്മന്‍ചാണ്ടി, ഞാന്‍ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ തെളിയിച്ചുതരാം വെറുതെ പറയുന്നതല്ല. 735 കോടിരൂപയുടെ തിരിമറിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ചുകളയാനാണ് ശ്രമിക്കുന്നത്.'

    ജേക്കബ് പറഞ്ഞപോലെ അധികാരമൊഴിയുന്നതിന് ഏതാനും ദിവസംമുമ്പ് കേസ് പിന്‍വലിച്ചുകൊണ്ടുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവയ്ക്കുകയും ചെയ്തു.

    ReplyDelete