Tuesday, February 22, 2011

മൊറാക്കോ പ്രക്ഷോഭകാരികളെ ഭരണകൂടം ചുട്ടുകൊന്നു

റാബത്/ട്രിപ്പോളി/സാനാ: സേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ രൂപംകൊണ്ട ജനകീയ പ്രക്ഷോഭം മൊറോക്കോയിലും ശക്തമാകുന്നു. കിഴക്കന്‍ മൊറോക്കോ നഗരമായ അല്‍ ഹോസിമയില്‍നിന്നും അഞ്ച് പ്രക്ഷോഭകാരികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തു. ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭം ഇന്നലെ രാജ്യമൊട്ടാകെ അക്രമത്തിലേക്ക് വഴിമാറി.

പ്രക്ഷോഭം ആരംഭിച്ചശേഷം 115 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും 128 പ്രക്ഷോഭകാരികള്‍ക്കും പരിക്കേറ്റതായി ആഭ്യന്തര മന്ത്രി തയിബ് ചിര്‍കോയ് പറഞ്ഞു. രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ട് നിരവധി നഗരങ്ങളില്‍ നടന്ന പ്രകടനങ്ങളെ തുടര്‍ന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. കുട്ടികള്‍ ഉള്‍പ്പടെ 120 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തന്റെ ശക്തികേന്ദ്രമായ ട്രിപ്പോളിയിലും പ്രക്ഷോഭം ആരംഭിക്കുകയും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തതിനെയും തുടര്‍ന്ന് ലിബിയയില്‍ പ്രസിഡന്റ് ഗദ്ദാഫിക്കുമേലുള്ള സമ്മര്‍ദം ശക്തമായി. രാജ്യത്തിലെ രണ്ടാമത്തെ സു്രപധാന നഗരമായ ബെന്‍ഗാസി പൂര്‍ണമായും പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലായിട്ടുണ്ട്. പ്രസിഡന്റ് ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം, ഫലവത്തായ രാഷ്ട്രീയ മാറ്റത്തിന് തയ്യാറാണെന്നും എന്നാല്‍ അക്രമം ആളിക്കത്തിക്കുന്ന കാര്യങ്ങളോട് വിട്ടുവീഴ്ചയില്ലെന്നും ടെലിവിഷനിലൂടെ അറിയിച്ചു. ലിബിയയിലെ ജനകീയ പ്രക്ഷോഭത്തില്‍ ഇതുവരെ 200പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ട്രിപ്പോളിയിലെ ഗ്രീന്‍ സ്‌ക്വയര്‍ പിടിച്ചെടുക്കുന്നതിന് ഗദ്ദാഫി അനുകൂലികള്‍ വാഹനങ്ങളിലെത്തി പ്രക്ഷോഭകര്‍ക്കുനേരെ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ട് ടെലിവിഷന്‍ ചാനലുകളുടെ വിവിധ ഓഫീസുകള്‍ സമരക്കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. തലസ്ഥാനമായ ട്രിപ്പോളിയിലെ അക്രമങ്ങള്‍ ഇന്നലെയോടെയാണ് ഉച്ചസ്ഥായിയിലായത്. മറ്റ് അറബ് രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ രക്തരൂക്ഷിതമായാണ് ലിബിയയിലെ ജനകീയ പ്രക്ഷോഭം പുരോഗമിക്കുന്നത്.

കലാപം കൂടുതല്‍ ശക്തിപ്രാപിച്ച യമനിലെ തെരുവുകള്‍ പിടിച്ചെടുക്കാന്‍ പ്രതിപക്ഷ എം പിമാര്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന പ്രക്ഷോഭകാരികള്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഭരണത്തില്‍നിന്നും പുറത്തുപോകൂവെന്ന് പ്രസിഡന്റ് അലി അബ്ദുള്ള സലേഹി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭത്തെ തുടര്‍ന്ന് ദാരിദ്ര്യം പിടികൂടിയ യമനില്‍ സമരക്കാര്‍ കൂടുതല്‍ അക്രമാസക്തരായിട്ടുണ്ട്. അലി അല്‍ ഖലാകിയിലല്‍ ഇന്നലെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റ് നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫബ്രുവരി 16ന് പ്രക്ഷോഭം ആരംഭിച്ചശേഷം തുറമുഖനഗരമായ ഖലാകിയില്‍ ഏഴ് സൈനികര്‍ ഉള്‍പ്പടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ചര്‍ച്ചനടത്താമെന്ന ഖലീഫ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അക്രമ സമരങ്ങള്‍ക്ക് ശമനമായ ബഹ്‌റിന്‍ ഭരിക്കുന്ന ഏകാധിപത്യ ഭരണകൂടം അപ്പാടെ മാറണമെന്ന് ഒരുവിഭാഗം പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. സമരക്കാര്‍ മനാമയിലെ പേള്‍ സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി ബഹ്‌റിന്‍ ഭരിക്കുന്ന ഖലീഫ ഭരണകൂടം പൂര്‍ണമായും അവസാനിപ്പിക്കണമെന്നും അവരെ ഭരിക്കേണ്ട സംവിധാനം അവര്‍തന്നെ തിരഞ്ഞെടുക്കുമെന്നും പ്രക്ഷോഭകാരികള്‍ രാജകുടുംബത്തിന് കൈമാറിയ മാനിഫസ്റ്റോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ജനകീയ പ്രക്ഷോഭത്തിന് തുടക്കംകുറിച്ച ഈജിപ്ത് സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കെയ്‌റോയില്‍ എത്തി. ജനാധിപത്യ സംവിധാനത്തിലേക്ക് എത്തുന്നതിന് ഈജിപ്തിന് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിതെന്ന് കാമറൂണ്‍ പറഞ്ഞു. പത്തുദിവസം നീണ്ടുനിന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കുശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യത്തെ അന്തര്‍ദേശീയ നേതാവാണ് കാമറൂണ്‍. ഈജിപ്തിലെ സൈനിക തലവന്മാര്‍, പ്രതിരോധ മന്ത്രി മുഹമ്മദ് തന്‍താവി, പ്രധനമന്ത്രി അഹമ്മദ് ഷാഫിക് എന്നിവരുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ചനടത്തും. അറബ് രാഷ്ട്രങ്ങളിലേക്ക് വാണിജ്യ സംബന്ധമായ സന്ദര്‍ശനം നടത്താന്‍ കാമറൂണ്‍ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് ഈജിപ്തില്‍ ജനകീയ പ്രക്ഷോഭത്തിന് തുടക്കമായത്.

ഈജിപ്തിനൊപ്പം ജനകീയ പ്രക്ഷോഭത്തിന് സാക്ഷ്യംവഹിച്ച അള്‍ജീരിയയില്‍ സ്ഥിതിഗതികള്‍ ശാന്തമായതായി അല്‍ജീരിയന്‍ വിദേശകാര്യമന്ത്രി മൗറോദ് മിഡല്‍സി പറഞ്ഞു. സര്‍ക്കാരിനെതിരെ മെയ് 1 സ്‌ക്വയറിലേക്ക് പ്രകടനം നടത്തിയ പ്രക്ഷോഭകാരികളുമായി കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടിയിരുന്നു. ഇന്നലെ മെയ് 1 സ്‌ക്വയറില്‍ തടിച്ചുകൂടിയവരെ പ്രകടനം നടത്തുന്നതില്‍നിന്ന് പൊലീസ് തടഞ്ഞു. അവര്‍ 500ഓളം പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സമരക്കാര്‍ ന്യനപക്ഷമാണെന്നും മന്ത്രി അവകാശപ്പെട്ടു.

janayugom 220211

1 comment:

  1. സേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ രൂപംകൊണ്ട ജനകീയ പ്രക്ഷോഭം മൊറോക്കോയിലും ശക്തമാകുന്നു. കിഴക്കന്‍ മൊറോക്കോ നഗരമായ അല്‍ ഹോസിമയില്‍നിന്നും അഞ്ച് പ്രക്ഷോഭകാരികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തു

    ReplyDelete