Saturday, February 26, 2011

മെമുവിന് ഇനിയും മോചനമായില്ല

കൊല്ലം: കൊല്ലത്തുകാരുടെ ട്രെയിന്‍ സ്വപ്നങ്ങള്‍ക്ക് ഇക്കുറിയും തിരിച്ചടി. മന്ത്രിമാര്‍ മാറിയും തിരിഞ്ഞും പ്രഖ്യാപിച്ചിട്ടും യാഥാര്‍ഥ്യമാകാത്ത മെമുവിന്റെ പേര് മമതയുടെ ബജറ്റ് പുസ്തകത്തില്‍ ഇന്നലെയും തെളിഞ്ഞു. എന്നാല്‍, പലതവണ ആവര്‍ത്തിച്ച മെമു എന്തെന്നറിയാനുള്ള അവസരം കൊല്ലത്തുകാര്‍ക്ക്മാത്രം ഇതുവരെ ലഭിച്ചില്ല. ജലരേഖയാകുന്ന ബജറ്റ് പ്രഖ്യാപനങ്ങളില്‍നിന്ന് ഇനിയെങ്കിലും മെമുവിന് മോചനം ഉണ്ടാകണമെന്നാണ് കൊല്ലം ജനതയുടെ ആവശ്യം. കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാത ഉ്ഘാടനംചെയ്ത വേളയില്‍ മെമു സര്‍വീസ് ഇക്കൊല്ലം യാഥാര്‍ഥ്യമാകുമെന്ന് റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് നടത്തിയ പ്രഖ്യാപനം കൊല്ലം ജനാവലിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. മമതാ ബാനര്‍ജി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കൊല്ലം-എറണാകുളം മെമു സര്‍വീസില്‍ പിടിച്ചായിരുന്നു മന്ത്രി അഹമ്മദിന്റെ അന്നത്തെ യാത്ര. ഇതെത്തുടര്‍ന്ന് ജൂലൈ ഒന്നിന് നിലവില്‍വന്ന പുതിയ ട്രെയിന്‍ സമയക്രമത്തില്‍ മെമു സര്‍വീസും ഉള്‍പ്പെട്ടു. എന്നാല്‍, സമയവിവരപ്പട്ടിക വായിച്ചശേഷം ബസില്‍ പോകാനാണ് ഇപ്പോഴും യാത്രക്കാരന്റെ വിധി.

മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റിനായുള്ള മെയിന്റനന്‍സ് ഷെഡ് നിര്‍മാണംപോലും കൊല്ലത്ത് പൂര്‍ത്തിയായിട്ടില്ല. ആസ്ഥാനമന്ദിരത്തിന്റെ ഷെഡ് പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണവും യന്ത്രങ്ങള്‍ ഘടിപ്പിക്കുന്നതും ഉള്‍പ്പെടെ പ്രവൃത്തികള്‍ ബാക്കിയാണ്. ഈ യാഥാര്‍ഥ്യം മുന്നിലുള്ളപ്പോഴാണ് ആലപ്പുഴ വഴി എറണാകുളം-കൊല്ലം മെമുവും കൊല്ലം-നാഗര്‍കോവില്‍ മെമു സര്‍വീസും ആരംഭിക്കുമെന്ന് മന്ത്രി മമതയുടെ ഇപ്പോഴത്തെ പ്രഖ്യാപനം. കഴിഞ്ഞതവണ പ്രഖ്യാപിച്ച മെമു കോട്ടയം വഴിയായിരുന്നു.

2010ലെ ബജറ്റില്‍ പ്രഖ്യാപിച്ച ചെങ്ങന്നൂര്‍-കൊട്ടാരക്കര പാതയുടെ സര്‍വേയെക്കുറിച്ച് ഇത്തവണ മമത മിണ്ടിയില്ല. കിഴക്കന്‍മേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പാതയെന്നും എത്രയും പെട്ടെന്ന് സര്‍വെ ആരംഭിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയും കൊട്ടിഘോഷിച്ചു. പുനലൂര്‍-തിരുവനന്തപുരം പുതിയ പാതയും കഴിഞ്ഞ ബജറ്റിലെ പാഴായ പ്രഖ്യാപനത്തിന്റെ പട്ടികയിലുണ്ട്. കൊല്ലം-വിരുദുനഗര്‍ പാതയിലെ തിരുനെല്‍വേലി-തെങ്കാശി ഭാഗത്തെ ഗേജ്മാറ്റം പൂര്‍ത്തിയാക്കുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് മമതയല്ലെങ്കില്‍ സ്ഥലം എംപിക്കെങ്കിലും മറുപടി പറയാന്‍ ബാധ്യതയുണ്ട്.

ആദര്‍ശ് സ്റ്റേഷന്‍ പദവി ഇക്കുറി ശാസ്താംകോട്ടയ്ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞതവണ ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ച ഓച്ചിറയില്‍ സ്റ്റേഷന്റെ പഴയ കെട്ടിടംപോലും പുതുക്കിയില്ല. ഒന്നാംനമ്പര്‍ പ്ളാറ്റ്ഫോം ഉയര്‍ത്തുകയോ നീളം കൂട്ടുകയോ ചെയ്തില്ല. യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൌകര്യമോ വിശ്രമമുറിയോ നിര്‍മിച്ചിട്ടില്ല. ആദര്‍ശ് സ്റ്റേഷനുകളില്‍ ഇതെല്ലാം ലഭിക്കുമെന്നാണ് സങ്കല്‍പ്പം. കൊല്ലത്തുകാരുടെ പ്രതീക്ഷകള്‍ക്ക് പുല്ലുവിലയാണ് മമതാ ബാനര്‍ജി നല്‍കുന്നത്. കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യുതീകരണം, പുനലൂര്‍ പാതയിലേക്ക് പുതിയ പാസഞ്ചര്‍ ട്രെയിന്‍, ഉപാസന ആശുപത്രിക്കു സമീപം കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാം ടെര്‍മിനല്‍, തങ്കശേരി തുറമുഖത്തേക്ക് പാത നിര്‍മാണം, കൊല്ലം റെയില്‍വേ സ്റ്റേഷന്റെ നവീകരണം, കൊല്ലത്ത് കണ്ടെയ്നര്‍ സര്‍വീസ്, എറണാകുളം-കായംകുളം പാസഞ്ചര്‍ കൊല്ലത്തേക്കും തിരുവനന്തപുരം-കൊല്ലം പാസഞ്ചര്‍ പുനലൂരിലേക്കും, മധുര-കൊല്ലം പാസഞ്ചര്‍ ആലപ്പുഴവരെ നീട്ടുക തുടങ്ങിയ പ്രതീക്ഷകള്‍ ഒന്നും ബജറ്റില്‍ പച്ചക്കൊടി കണ്ടില്ല. രാജധാനിക്ക് കൊല്ലത്ത് സ്റ്റോപ്പ്, പരശുറാമിന് ശാസ്താംകോട്ടയിലും പരവൂരിലും സ്റ്റോപ്പ്, മലബാര്‍ എക്സ്പ്രസിന് മണ്‍ട്രോത്തുരുത്തിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കല്‍ തുടങ്ങിയവ യാഥാര്‍ഥ്യമാകണമെങ്കില്‍ സമരമുഖം ഇനി കൂടുതല്‍ ചുവക്കേണ്ടിവരും.

കോഴിക്കോടിന് നിരാശ മാത്രം

കോഴിക്കോട്: വാനോളം പ്രതീക്ഷ പുലര്‍ത്തിയ ജില്ലയ്ക്ക് കൊടിയ നിരാശ നല്‍കി മമതാബാനര്‍ജിയുടെ റെയില്‍വെ ബജറ്റ്. ട്രെയിന്‍ യാത്രക്കാര്‍ വര്‍ഷങ്ങളായി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ബജറ്റില്‍ പരിഗണന ലഭിച്ചില്ല. കേരളത്തിന് അനുവദിച്ച 12 ദീര്‍ഘ ദൂര വണ്ടികളില്‍ മൂന്നെണ്ണം കോഴിക്കോട് വഴി കടന്നു പോകുമെന്നുമാത്രമാണ് ഏക ആശ്വാസം. പാലക്കാട്-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, ഗുജറാത്ത്-തിരുവനന്തപുരം ബാവ്നഗര്‍ എക്സ്പ്രസ്, ഹൌറ-മംഗലാപുരം എക്സ്പ്രസ് എന്നിവയാണ് കോഴിക്കോട് വഴി ഓടുക. ബേപ്പൂര്‍- കോഴിക്കോട് പാതയ്ക്ക് സര്‍വെ നടത്തുമെന്ന പ്രഖ്യാപനമാണ് മറ്റൊന്ന്. കഴിഞ്ഞ ബജറ്റിലും പ്രഖ്യാപനം ആവര്‍ത്തിക്കുക മാത്രമാണ് മന്ത്രി ചെയ്തത്.

കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ ഷൊര്‍ണൂര്‍-മംഗലാപുരം പാതയ്ക്ക് അനുവദിച്ച 68 കോടിയുടെ വൈദ്യുതീകരണ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനമൊന്നും ബജറ്റിലില്ല. പാത ഇരട്ടിപ്പിക്കലിനും പദ്ധതിയില്ല. മംഗലാപുരവും കോയമ്പത്തൂരും വരെ വരുന്ന പല ദീര്‍ഘദൂര ട്രെയിനുകളും കോഴിക്കോടേക്ക് നീട്ടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്( മംഗലാപുരം വഴി), തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്, തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് എന്നിവ കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. കോഴിക്കോടു നിന്നും കോയമ്പത്തൂരിലേക്ക് ഇന്റര്‍സിറ്റി എക്സ്പ്രസ് തുടങ്ങണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇത് പാലക്കാട് വരെയാണ് അനുവദിച്ചത്. കോഴിക്കോട്- മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, കോഴിക്കോട്- ബംഗളൂരു എക്സ്പ്രസ് എന്നീ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.

കോഴിക്കോട്-അങ്ങാടിപ്പുറം പാതയ്ക്ക് സര്‍വെ നടത്തുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. അതിനെകുറിച്ചും ബജറില്‍ പരാമര്‍ശമില്ല. കോഴിക്കോട് പിറ്റ്ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പിറ്റ് ലൈന്‍ ഇല്ലാത്തതിനാല്‍ അനുവദിച്ച വണ്ടികള്‍ പോലും മുഴുവന്‍ ദിവസവും ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കോഴിക്കോട് സ്റ്റേഷനെ കഴിഞ്ഞ ബജറ്റില്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. പുതിയ ബജറ്റില്‍ ഇതിനെക്കുറിച്ചും പരാമര്‍ശമില്ല. ആധുനിക രീതിയിലുള്ള സിഗ്നല്‍ സംവിധാനം, അതിവേഗ ട്രെയിനുകള്‍ ഓടാന്‍ തക്കവണ്ണം റെയില്‍വെ ലൈനുകള്‍ ക്രമീകരിക്കല്‍, പാസഞ്ചര്‍ വണ്ടികളില്‍ ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.

ആശ്വാസമായി പുതിയ ട്രെയിനുകള്‍: പാസഞ്ചര്‍ ഇത്തവണയും ഓടില്ല

കാസര്‍കോട്: കേരളത്തിന് പുതുതായി അനുവദിച്ച ട്രെയിനുകളില്‍ നാലെണ്ണത്തിന്റെ ഗുണഫലം കാസര്‍കോടിന്കൂടി ലഭിക്കുമ്പോള്‍ കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ യാത്രക്കാരുടെ ചിരകാലാഭിലാഷമായ പാസഞ്ചര്‍ ട്രെയിന്‍ ഓടിക്കുന്നത് സംബന്ധിച്ച് ഇത്തവണയും തീരുമാനമായില്ല. പ്രതിദിനമുള്ള മംഗളൂരു- പാലക്കാട് ഇന്റര്‍സിറ്റി എക്സ്പ്രസ്, പാലക്കാട് വഴി പ്രതിവാരമുള്ള മംഗളൂരു- ഹൌറ എക്സ്പ്രസ്, കൊങ്കവഴി കൊച്ചുവേളി- ഗോവ എക്സ്പ്രസ്, കൊച്ചുവേളിയില്‍ നിന്ന് ഭാവ്നഗര്‍ വഴി ആസാമിലേക്കുള്ള എക്സ്പ്രസ് എന്നിവ യാത്രാദുരിതമനുഭവിക്കുന്ന ജില്ലക്ക് വലിയ ആശ്വാസമാകും. ഈ ട്രെയിനുകള്‍ക്കായി പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ നിരന്തര ഇടപെടല്‍ നടന്നിരുന്നു. ഇതിന്റെ വിജയം കൂടിയാണ് പുതിയ ട്രെയിനുകള്‍.

മംഗളൂരു- പാലക്കാട് ഇന്റര്‍സിറ്റിയുടെ വരവ് യാത്രാക്ളേശം അനുഭവിക്കുന്ന മലബാറിലെ ജനങ്ങള്‍ക്ക് സൌകര്യമാകും. ഹൌറയിലേക്കും ആസാമിലേക്കുമുള്ള പ്രതിവാരവണ്ടികള്‍ മലയാളികള്‍ക്കൊപ്പം നിര്‍മാണതൊഴില്‍ മേഖലയിലും മറ്റുമായി തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഉപകാരപ്പെടുന്നതാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ യാത്രക്കാരുടെ നിരന്തരാവശ്യമായ മംഗളൂരു- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഓടിക്കാനുള്ള തീരുമാനമാകാത്തത് നിരാശയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച ട്രെയിന്‍ ഇപ്പോഴും പ്രഖ്യാപനമായി നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ നിരന്തര സമ്മര്‍ദം ചെലുത്തിയെങ്കിലും അധികൃതര്‍ കനിഞ്ഞില്ല.

രാവിലെ പത്ത് മണി കഴിഞ്ഞാല്‍ ഉച്ചവരെ കണ്ണൂര്‍ - കാസര്‍കോട് വഴിക്ക് ഒരു ട്രെയിനും ഓടുന്നില്ല. രാവിലെ 9.55 ന് കാസര്‍കോട് നിന്ന് യശ്വന്തപുരം- കണ്ണൂര്‍ എക്സ്പ്രസ് പോയി കഴിഞ്ഞാല്‍ അടുത്ത ട്രെയിനിനായി പകല്‍ 2.05ന്റെ ചെന്നൈ മെയില്‍ വരുന്നത് വരെ കാത്തുനില്‍ക്കണം. കണ്ണൂരില്‍ നിന്ന് രാവിലെ 9.50 നുള്ള ചെന്നൈ മെയില്‍ പുറപ്പെട്ടാല്‍ പിന്നീട് മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസിന് പകല്‍ 2.45 വരെ കാത്തിരിക്കണം. ഈ സമയങ്ങളില്‍ ഇരു ജില്ലകളിലുമുള്ള യാത്രക്കാര്‍ക്ക് ബസുകളാണ് ആശ്രയം. മംഗളൂരുവിലേക്ക് ചികിത്സക്ക് പോകുന്ന രോഗികള്‍ അടക്കമുള്ളവര്‍ക്ക് ഇതുണ്ടാക്കുന്ന ദുരിതം ഏറെയാണ്. യാത്രാക്ളേശത്തിന് പുറമെ ചെലവും വര്‍ധിക്കും.

നിര്‍ദിഷ്ട കാഞ്ഞങ്ങാട്- കാണിയൂര്‍ സുബ്രഹ്മണ്യ റെയില്‍പാത ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജനങ്ങള്‍ക്ക് ബംഗളൂരു നഗരവുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്നപാതക്ക് പി കരുണാകരന്‍ എംപിയുടെ ശ്രമഫലമായി റെയില്‍വേയുടെ അംഗീകാരം ലഭിക്കുകയും ട്രാഫിക് സര്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഷൊര്‍ണൂര്‍- മംഗളൂരു ഇരട്ടപ്പാതകളുടെ വൈദ്യുതീകരണത്തിന് കൂടുതല്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. നേത്രാവതി പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ കണ്ണൂര്‍- മംഗളൂരു ഇരട്ടിപ്പാത പൂര്‍ത്തിയാകും. അതേസമയം ജില്ലയില്‍ റെയില്‍വേ മേഖലയില്‍ കൂടുതല്‍ വികസന സാധ്യതയുണ്ടങ്കിലും അത്തരത്തില്‍ പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധമുണ്ട്.

ദേശാഭിമാനി 260211

2 comments:

  1. കൊല്ലത്തുകാരുടെ ട്രെയിന്‍ സ്വപ്നങ്ങള്‍ക്ക് ഇക്കുറിയും തിരിച്ചടി. മന്ത്രിമാര്‍ മാറിയും തിരിഞ്ഞും പ്രഖ്യാപിച്ചിട്ടും യാഥാര്‍ഥ്യമാകാത്ത മെമുവിന്റെ പേര് മമതയുടെ ബജറ്റ് പുസ്തകത്തില്‍ ഇന്നലെയും തെളിഞ്ഞു. എന്നാല്‍, പലതവണ ആവര്‍ത്തിച്ച മെമു എന്തെന്നറിയാനുള്ള അവസരം കൊല്ലത്തുകാര്‍ക്ക്മാത്രം ഇതുവരെ ലഭിച്ചില്ല. ജലരേഖയാകുന്ന ബജറ്റ് പ്രഖ്യാപനങ്ങളില്‍നിന്ന് ഇനിയെങ്കിലും മെമുവിന് മോചനം ഉണ്ടാകണമെന്നാണ് കൊല്ലം ജനതയുടെ ആവശ്യം. കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാത ഉ്ഘാടനംചെയ്ത വേളയില്‍ മെമു സര്‍വീസ് ഇക്കൊല്ലം യാഥാര്‍ഥ്യമാകുമെന്ന് റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് നടത്തിയ പ്രഖ്യാപനം കൊല്ലം ജനാവലിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. മമതാ ബാനര്‍ജി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കൊല്ലം-എറണാകുളം മെമു സര്‍വീസില്‍ പിടിച്ചായിരുന്നു മന്ത്രി അഹമ്മദിന്റെ അന്നത്തെ യാത്ര. ഇതെത്തുടര്‍ന്ന് ജൂലൈ ഒന്നിന് നിലവില്‍വന്ന പുതിയ ട്രെയിന്‍ സമയക്രമത്തില്‍ മെമു സര്‍വീസും ഉള്‍പ്പെട്ടു. എന്നാല്‍, സമയവിവരപ്പട്ടിക വായിച്ചശേഷം ബസില്‍ പോകാനാണ് ഇപ്പോഴും യാത്രക്കാരന്റെ വിധി.

    ReplyDelete
  2. പിള്ളയെ വെള്ളപൂശാന്‍ ശ്രമിച്ച കെ സുധാകരന്‍ വെള്ളത്തിലായതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള സാംബവ സൊസൈറ്റി 31-ാം സംസ്ഥാന സമ്മേളനം കാക്കനാട് കമ്യൂണിറ്റി ഹാളില്‍ (സി. കുട്ടിനഗര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷംചീറ്റുന്ന നാക്കാണ് ബാലകൃഷ്ണപിള്ളയ്ക്കുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. അച്യുതാനന്ദനെതിരെ ഒന്നും പറയാനില്ലാത്തതിനാലാണ് മകനെതിരെ പ്രചാരണം നടത്തുന്നത്. രാഷ്ട്രീയത്തില്‍ കളങ്കമില്ലാത്ത വ്യക്തിത്വമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ അടിത്തറ ജാതീയമാണ്. മാണിയുടെ രണ്ടില ആരുടെ നെഞ്ചില്‍ തറയ്ക്കണമെന്ന് ആലോചിച്ചുനടക്കുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് അവര്‍ണര്‍ തമസ്കരിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    ReplyDelete