Monday, February 28, 2011

പോരാട്ടസ്മരണകളുമായി രണഭൂമിയില്‍ അവര്‍ ഒന്നിക്കുന്നു

കുറ്റ്യാടി: കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത തോട്ടക്കാട് മിച്ചഭൂമി സമരനായകരും കൈവശക്കാരും സമരഭൂമിയില്‍ ഒത്തുചേരുന്നു. മാര്‍ച്ച് ഒന്നിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാവിലെ പത്തിന് ജനകീയസംഗമം ഉദ്ഘാടനം ചെയ്യും.

അന്തിയുറങ്ങാന്‍ കൂരക്കും ഭൂമിക്കുംവേണ്ടി എഴുപതുകളില്‍ നടന്ന സമരത്തിന്റെ ജില്ലയിലെ കേന്ദ്രം കാവിലുംപാറയിലെ തോട്ടക്കാട് ആയിരുന്നു. കര്‍ഷക-കര്‍ഷകത്തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തില്‍ പിയേഴ്സ്ലെസ്ലി കമ്പനിയില്‍നിന്നും സ്വകാര്യ മുതലാളി വാങ്ങിയ 370 ഏക്കര്‍ ഭൂമിയില്‍ സമരവളണ്ടിയര്‍മാര്‍ പ്രവേശിച്ചു. 1972 മെയ് 25ന് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ മുടവന്‍മുകള്‍ കൊട്ടാരത്തില്‍ എകെജിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ പ്രവേശിച്ച ആ ദിവസംതന്നെ ഇ വി കുമാരന്റെ നേതൃത്വത്തില്‍ തോട്ടക്കാട് മിച്ചഭൂമിയില്‍ വളണ്ടിയര്‍മാര്‍ പ്രവേശിച്ചു. കേമ്പിന്റെ മുഖ്യ ചുമതലക്കാരന്‍ ഇ കെ നായനാരായിരുന്നു. 83 ദിവസം നീണ്ട സമരക്യാമ്പില്‍ എകെജി, സുശീലാഗോപാലന്‍, കേളുഏട്ടന്‍ എന്നിവര്‍ സന്ദര്‍ശിച്ച് സമരസഖാക്കളെ അഭിവാദ്യം ചെയ്തിരുന്നു. സമരത്തിന് നേതൃത്വംനല്‍കിയത് എ കണാരന്‍, ഇ വി കൃഷ്ണന്‍, യു കുഞ്ഞിരാമന്‍, എ പി കുഞ്ഞിക്കണ്ണന്‍, കെ ജി നമ്പ്യാര്‍ എന്നിവരായിരുന്നു. ജില്ലയുടെ നാനാഭാഗത്തുനിന്നും തെരഞ്ഞെടുത്ത വളണ്ടിയര്‍മാരായിരുന്നു സമരം നടത്തിയിരുന്നത്. എംഎസ്പി, സിആര്‍പി, പൊലീസ്സേനയെയും ഉപയോഗിച്ച് ഭൂവുടമയായ മറ്റത്തില്‍ വക്കച്ചനുവേണ്ടി സര്‍ക്കാര്‍ സമരത്തെ നേരിട്ടു. ഇതിനുപുറമെ ഉടമയുടെ ഗുണ്ടകളുടെ മര്‍ദനത്തെയും അതിജീവിച്ചാണ് സമരം ലക്ഷ്യത്തിലെത്തിയത്. ആയിരക്കണക്കിന് സമരസഖാക്കളും നേതാക്കളും പൊലീസിന്റെ മര്‍ദനവും ദീര്‍ഘനാള്‍ ജയില്‍ശിക്ഷയും അനുഭവിച്ചു. 1972 മുതല്‍ 80 വരെ കാവിലുംപാറ അവകാശസമരപോരാട്ട വേദിയായി മാറി. അഞ്ഞൂറില്‍പരം കുടുംബങ്ങള്‍ക്ക് തോട്ടക്കാട് ഭൂമിയില്‍ ഇന്ന് അവകാശമുണ്ട്. മുന്നൂറോളം കുടുംബങ്ങള്‍ സമരഭൂമിയില്‍ ഇന്നും താമസിക്കുന്നു. സിപിഐ എം കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി കെ കൃഷ്ണന്‍ കണ്‍വീനറും കെ പി കുഞ്ഞമ്മത്കുട്ടി ചെയര്‍മാനും പി ജി ജോര്‍ജ് ട്രഷററുമായി ജനകീയസംഗമത്തിന്റെ സംഘാടകസമിതി പ്രവര്‍ത്തിക്കുന്നു.

ദേശാഭിമാനി 280211

1 comment:

  1. അന്തിയുറങ്ങാന്‍ കൂരക്കും ഭൂമിക്കുംവേണ്ടി എഴുപതുകളില്‍ നടന്ന സമരത്തിന്റെ ജില്ലയിലെ കേന്ദ്രം കാവിലുംപാറയിലെ തോട്ടക്കാട് ആയിരുന്നു. കര്‍ഷക-കര്‍ഷകത്തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തില്‍ പിയേഴ്സ്ലെസ്ലി കമ്പനിയില്‍നിന്നും സ്വകാര്യ മുതലാളി വാങ്ങിയ 370 ഏക്കര്‍ ഭൂമിയില്‍ സമരവളണ്ടിയര്‍മാര്‍ പ്രവേശിച്ചു. 1972 മെയ് 25ന് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ മുടവന്‍മുകള്‍ കൊട്ടാരത്തില്‍ എകെജിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ പ്രവേശിച്ച ആ ദിവസംതന്നെ ഇ വി കുമാരന്റെ നേതൃത്വത്തില്‍ തോട്ടക്കാട് മിച്ചഭൂമിയില്‍ വളണ്ടിയര്‍മാര്‍ പ്രവേശിച്ചു. കേമ്പിന്റെ മുഖ്യ ചുമതലക്കാരന്‍ ഇ കെ നായനാരായിരുന്നു. 83 ദിവസം നീണ്ട സമരക്യാമ്പില്‍ എകെജി, സുശീലാഗോപാലന്‍, കേളുഏട്ടന്‍ എന്നിവര്‍ സന്ദര്‍ശിച്ച് സമരസഖാക്കളെ അഭിവാദ്യം ചെയ്തിരുന്നു. സമരത്തിന് നേതൃത്വംനല്‍കിയത് എ കണാരന്‍, ഇ വി കൃഷ്ണന്‍, യു കുഞ്ഞിരാമന്‍, എ പി കുഞ്ഞിക്കണ്ണന്‍, കെ ജി നമ്പ്യാര്‍ എന്നിവരായിരുന്നു. ജില്ലയുടെ നാനാഭാഗത്തുനിന്നും തെരഞ്ഞെടുത്ത വളണ്ടിയര്‍മാരായിരുന്നു സമരം നടത്തിയിരുന്നത്. എംഎസ്പി, സിആര്‍പി, പൊലീസ്സേനയെയും ഉപയോഗിച്ച് ഭൂവുടമയായ മറ്റത്തില്‍ വക്കച്ചനുവേണ്ടി സര്‍ക്കാര്‍ സമരത്തെ നേരിട്ടു. ഇതിനുപുറമെ ഉടമയുടെ ഗുണ്ടകളുടെ മര്‍ദനത്തെയും അതിജീവിച്ചാണ് സമരം ലക്ഷ്യത്തിലെത്തിയത്.

    ReplyDelete