Thursday, February 10, 2011

കാത്തിരിപ്പിന് വിട; സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വിരല്‍ത്തുമ്പില്‍

പാലക്കാട്: ജില്ലയിലുള്ളവര്‍ക്ക് ഇനി ആശ്വസിക്കാം; റെവന്യുഓഫീസുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇനിവിരല്‍തുമ്പില്‍ ലഭിക്കും. വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ എത്തി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുവേണ്ടി കാത്തിരിക്കേണ്ടിവരുന്ന ഗതികേടില്‍ നിന്നാണ് സാധാരണക്കാര്‍ക്ക് മോചനം ലഭിച്ചത്. 23തരം സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈന്‍വഴി ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍വഴിയും അപേക്ഷിക്കാം. ഫീസായി 20 രൂപ നല്‍കിയാല്‍ മതി.

ഇന്ത്യയില്‍ ആദ്യമായി ഫയല്‍നീക്കം പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച പ്രഥമ ജില്ലയായി മാറിയിരിക്കുയാണ് പാലക്കാട്. എല്‍ഡിഎഫ് ഭരണത്തിന്റെ ഇച്ഛാശക്തിയാണ് കംപൂട്ടര്‍വല്‍ക്കൃതഫയല്‍നീക്കം യാഥാര്‍ഥ്യമാക്കിയത്. ഇന്ത്യയിലാദ്യമായി പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച കലക്ടറേറ്റില്‍ 2008ല്‍ താലൂക്ക്സ്യൂട്ട്സംവിധാനം നിലവില്‍ വന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വില്ലേജ് സ്യൂട്ട് നടപ്പായത്. ഈ സംവിധാനം നിലവില്‍വന്നതോടെ റവന്യുഓഫീസുകള്‍ തമ്മിലുളള കണക്റ്റിവിറ്റിയിലൂടെ 'ഫയല്‍നീക്കം' യാഥാര്‍ഥ്യമാകുന്ന രാജ്യത്തെ പ്രഥമജില്ലയായി പാലക്കാട്. പൊതുജനങ്ങള്‍ ഏറ്റവുംകൂടുതല്‍ വരുന്നതും സര്‍ക്കാര്‍പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നത് വില്ലേജ്ഓഫീസുകളിലൂടെയാണ്. വില്ലേജ് സ്യൂട്ടിലൂടെ കലക്ടറേറ്റ്, താലൂക്ക്, വില്ലേജ്ഓഫീസുകള്‍തമ്മില്‍ 'ഇലക്ട്രോണിക് ഫയല്‍ഫ്ളോ' സംവിധാനം നിലവില്‍ വന്നു. ഈ സംവിധാനത്തിലൂടെ പൊതുജന ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍പദ്ധതികള്‍ നടപ്പാക്കാനും വേഗത്തിലും കാര്യക്ഷമമായും ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. കൂടാതെ ഈ പ്രക്രിയ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിലൂടെ വില്ലേജ്ഓഫീസുകളിലെ രേഖകളുടെ ആധികാരികത വര്‍ധിക്കുകയും വില്ലേജ്റിക്കാര്‍ഡുകള്‍ സുഗമമായി സൂക്ഷിക്കാനും കഴിയും.

വില്ലേജ് സ്യൂട്ട് ഫ്രണ്ട്ഓഫീസ് സംവിധാനമായ റവന്യുസര്‍വീസ് പോര്‍ട്ടലിലൂടെ അക്ഷയകേന്ദ്രംവഴി പൊതുജനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള അപേക്ഷ സമര്‍പ്പിക്കാം. കുടുംബധനസഹായ ക്ഷേമപദ്ധതികള്‍, പട്ടയംലഭിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്കുള്ള അപേക്ഷകള്‍, പോക്കുവരവിനുള്ള അപേക്ഷകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള 23 സര്‍ട്ടിഫിക്കറ്റുകളാണ് ഇതിലൂടെ ലഭിക്കുക. അപേക്ഷകള്‍ അക്ഷയകേന്ദ്രംപോലുളള അംഗീകൃതപൊതുജന സേവനകേന്ദ്രങ്ങള്‍വഴി നേരിട്ട് സമര്‍പ്പിക്കാം. വില്ലേജില്‍ ഓണ്‍ലൈന്‍അപേക്ഷ സമര്‍പ്പിക്കുന്നതോടെ ആയതിനുള്ള തപാല്‍നമ്പര്‍ രജിസ്റര്‍ ചെയ്യപ്പെടും. ഈ നമ്പര്‍ അപേക്ഷകന് ലഭിക്കും. ഇത് അപേക്ഷകന് അപേക്ഷ നല്‍കിയതിനുള്ള തെളിവും തുടര്‍ന്ന് ഇക്കാര്യത്തില്‍ ഓഫീസുമായി ബന്ധപ്പെടുന്നതിന് സൌകര്യപ്പെടുകയും ചെയ്യും. അപേക്ഷകളില്‍ വില്ലേജ് തലത്തില്‍ തീരുമാനമെടുക്കേണ്ടവ അവിടെനിന്നുതന്നെ തീരുമാനമെടുക്കാം. താലൂക്ക്, കലക്ടറേറ്റ് തുടങ്ങിയ ഓഫീസുകളില്‍നിന്ന് റിപ്പോര്‍ട്ട് ലഭിക്കേണ്ട കാര്യങ്ങള്‍ക്ക് ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാനും സൌകര്യമുണ്ട്. ഇത് വളരെ എളുപ്പത്തില്‍ ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൌകര്യപ്രദമായ സംവിധാനമാണ്. റിപ്പോര്‍ട്ടുകള്‍ തപാലില്‍ അയക്കുന്നതുമൂലമുളള സമയനഷ്ടം ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനും സഹായമാകും. അപേക്ഷകരുടെ ദുരിതത്തിനും പരിഹാരമാവും.

കലക്ടറേറ്റുകളില്‍നിന്നും താലൂക്കുകളില്‍നിന്നും വില്ലേജുകളിലേക്കു നല്‍കേണ്ടുന്ന കത്തുകള്‍/നിര്‍ദേശങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍മുഖേന നല്‍കാനും സൌകര്യമുണ്ട്. റവന്യു റിക്കവറി, കെട്ടിടനികുതി തുടങ്ങി സര്‍ക്കാരിലേക്ക് നികുതി ഈടാക്കുന്ന നടപടിക്രമം ആരംഭിക്കുന്നത് കലക്ടറേറ്റില്‍നിന്നാണെങ്കിലും അതിന്റെ തുടര്‍നടപടി താലൂക്ക്-വില്ലേജ് തലങ്ങളിലാണ് എടുക്കുന്നത്. ഓഫീസുകളില്‍ സ്വീകരിച്ച നടപടികളും ബന്ധപ്പെട്ടവര്‍ക്ക് ഈ സംവിധാനത്തിലൂടെ ഏതുസമയത്തും ലഭിക്കും. വില്ലേജ് സ്യൂട്ട് എന്‍ഐസിയുടെ പാലക്കാട് ജില്ലാകേന്ദ്രമാണ് വികസിപ്പിച്ചെടുത്തിട്ടുളളത്. ഇതിലേക്ക് പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ലിനെക്സ്, അപ്പാച്ചി, മിസ്ക്വല്‍, പിഎച്ച്പി എന്നിവയാണ് ഉപയോഗിച്ചിട്ടുളളത്. മറ്റ് ജില്ലകളിലേക്കും വളരെ എളുപ്പത്തില്‍ സ്വീകരിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. വില്ലേജ് സ്യൂട്ട് സിവില്‍സ്റേഷന്‍ അങ്കണത്തില്‍ പി കെ ബിജു എംപി ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി 100211

1 comment:

  1. ഇന്ത്യയില്‍ ആദ്യമായി ഫയല്‍നീക്കം പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച പ്രഥമ ജില്ലയായി മാറിയിരിക്കുയാണ് പാലക്കാട്. എല്‍ഡിഎഫ് ഭരണത്തിന്റെ ഇച്ഛാശക്തിയാണ് കംപൂട്ടര്‍വല്‍ക്കൃതഫയല്‍നീക്കം യാഥാര്‍ഥ്യമാക്കിയത്. ഇന്ത്യയിലാദ്യമായി പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച കലക്ടറേറ്റില്‍ 2008ല്‍ താലൂക്ക്സ്യൂട്ട്സംവിധാനം നിലവില്‍ വന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വില്ലേജ് സ്യൂട്ട് നടപ്പായത്. ഈ സംവിധാനം നിലവില്‍വന്നതോടെ റവന്യുഓഫീസുകള്‍ തമ്മിലുളള കണക്റ്റിവിറ്റിയിലൂടെ 'ഫയല്‍നീക്കം' യാഥാര്‍ഥ്യമാകുന്ന രാജ്യത്തെ പ്രഥമജില്ലയായി പാലക്കാട്.

    ReplyDelete