Thursday, February 10, 2011

ആവോളം വൈദ്യുതി; നിറവെളിച്ചത്തില്‍ നഗരരാവ്

തൃശൂര്‍: വൈദ്യുതിവെളിച്ചത്തിന്റെ വെള്ളിത്താലത്തില്‍ തിളങ്ങുന്നത് തൃശൂരിന്റെ രാവുകളിലെ മനോഹരകാഴ്ചയാണിന്ന്. തേക്കിന്‍കാട് മൈതാനം, ശക്തന്‍നഗര്‍, വടക്കേ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ പത്ത് ഹൈമാസ്റ്റ് വിളക്കിനു പുറമെ പടിഞ്ഞാറേ കോട്ട, കിഴക്കേ കോട്ട, പാട്ടുരായ്ക്കല്‍, പൂങ്കുന്നം, ഒളരി, അയ്യന്തോള്‍ തുടങ്ങി പ്രധാനപ്പെട്ട എല്ലാ ജങ്ഷനുകളിലും നെഹ്രുപാര്‍ക്ക്, സ്റ്റേഡിയം എന്നിവിടങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ തൃശിവപേരൂരിന്റെ രാവുകള്‍ക്ക് പകരുന്നത് നിറവെണ്ണിലാവ്. പാട്ടുരായ്ക്കലില്‍ 110 കെവിയുടെയും നഗരത്തിന്റെ കിഴക്കന്‍ മേഖലയിലും കൂര്‍ക്കഞ്ചേരി പ്രദേശത്തും വൈദ്യുതിവിതരണം മെച്ചപ്പെടുത്താന്‍ ശക്തന്‍ നഗറിന് സമീപം 33 കെവിയുടെയും സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കിയത് സുവര്‍ണനേട്ടമായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും എല്‍ഡിഎഫ് നേതൃത്വം നല്‍കിയ മുന്‍ കോര്‍പറേഷന്‍ ഭരണത്തിന്റെയും നഗരത്തിനുള്ള സമ്മാനമാണ് ഈ പുതുവെളിച്ചം.

സംസ്ഥാനത്ത് വൈദ്യുതിവിതരണം സ്വന്തമായി നടത്തുന്ന ഏക കോര്‍പറേഷനായ തൃശൂരില്‍ വൈദ്യുതിരംഗത്ത് വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ നാലരവര്‍ഷക്കാലത്തും എല്‍ഡിഎഫ് നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഭരണകാലത്തുമുണ്ടായത്. യുഡിഎഫിന്റെ മുന്‍ കൌണ്‍‌സിലുകള്‍ വൈദ്യുതിക്ഷാമവും നഷ്ടവും കടവും വോള്‍ട്ടേജ് ക്ഷാമവും നീക്കിവച്ചിറങ്ങിപ്പോയപ്പോള്‍ കൃത്യമായ ആസൂത്രണത്തിലൂടെ ഇതെല്ലാം മറികടന്ന്. കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റ് രണ്ടാഴ്ചക്കുള്ളില്‍ 110 കെവി സബ്സ്റ്റേഷന്‍ ഉള്‍പ്പെടെ മാസ്റ്റര്‍ പ്ളാനിന് രൂപം നല്‍കി. നഗരത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഏഴുകോടി എപത് ലക്ഷം രൂപ ചെലവില്‍ റെക്കോഡ് വേഗത്തില്‍ ഒമ്പതുമാസംകൊണ്ടാണ് 110 കെ വി സബ്സ്റ്റേഷന്‍ പണി പൂര്‍ത്തിയാക്കിയത്.

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് അപേക്ഷിച്ച അന്നുതന്നെ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയും കേരളത്തിലാദ്യമായി കോര്‍പറേഷന്‍ നടപ്പാക്കി. 2005ല്‍ അഞ്ച് ഫീഡര്‍ മാത്രമുണ്ടായിരുന്ന നഗരത്തില്‍ അഞ്ച് ഫീഡര്‍ക്കൂടി സ്ഥാപിച്ചു. കോര്‍പറേഷന്‍ പ്രദേശത്ത് തനതു ഫണ്ടുപയോഗിച്ച് 30,000 സിഎഫ് ലാംപാണ് വിതരണം ചെയ്യുന്നത്. പാട്ടുരായ്ക്കല്‍ സബ്സ്റ്റേഷന്‍ വികസനത്തിന് സബ്സ്റ്റേഷനിലെ രണ്ട് എംവിഎ ട്രാന്‍സ്ഫോര്‍മര്‍ നവീകരിച്ച് പുതിയൊരു ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചു. കുടിശികയില്‍ ഡെല്‍ഹി അപ്പലറ്റ് ട്രിബ്യൂണല്‍ കുറച്ചുനല്‍കിയ 56 കോടി രൂപയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിഴയൊഴിവാക്കി 47 കോടിയാക്കി. ഇതടച്ചുതീര്‍ത്താണ് കടമൊഴിവാക്കിയത്. ഇതോടെ പുതിയ പവര്‍ അലോക്കേഷന്‍ പദ്ധതികള്‍ക്ക് അംഗീകാരവും ലഭിച്ചു.

ദേശാഭിമാനി തൃശ്ശൂര്‍ ജില്ലാ വാര്‍ത്ത 100211

1 comment:

  1. വൈദ്യുതിവെളിച്ചത്തിന്റെ വെള്ളിത്താലത്തില്‍ തിളങ്ങുന്നത് തൃശൂരിന്റെ രാവുകളിലെ മനോഹരകാഴ്ചയാണിന്ന്. തേക്കിന്‍കാട് മൈതാനം, ശക്തന്‍നഗര്‍, വടക്കേ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ പത്ത് ഹൈമാസ്റ്റ് വിളക്കിനു പുറമെ പടിഞ്ഞാറേ കോട്ട, കിഴക്കേ കോട്ട, പാട്ടുരായ്ക്കല്‍, പൂങ്കുന്നം, ഒളരി, അയ്യന്തോള്‍ തുടങ്ങി പ്രധാനപ്പെട്ട എല്ലാ ജങ്ഷനുകളിലും നെഹ്രുപാര്‍ക്ക്, സ്റ്റേഡിയം എന്നിവിടങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ തൃശിവപേരൂരിന്റെ രാവുകള്‍ക്ക് പകരുന്നത് നിറവെണ്ണിലാവ്. പാട്ടുരായ്ക്കലില്‍ 110 കെവിയുടെയും നഗരത്തിന്റെ കിഴക്കന്‍ മേഖലയിലും കൂര്‍ക്കഞ്ചേരി പ്രദേശത്തും വൈദ്യുതിവിതരണം മെച്ചപ്പെടുത്താന്‍ ശക്തന്‍ നഗറിന് സമീപം 33 കെവിയുടെയും സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കിയത് സുവര്‍ണനേട്ടമായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും എല്‍ഡിഎഫ് നേതൃത്വം നല്‍കിയ മുന്‍ കോര്‍പറേഷന്‍ ഭരണത്തിന്റെയും നഗരത്തിനുള്ള സമ്മാനമാണ് ഈ പുതുവെളിച്ചം.

    ReplyDelete