Monday, February 14, 2011

സുഗതന്‍ സാര്‍: അതുല്യനായ പ്രക്ഷോഭകാരി

ത്യാഗസുരഭിലമായ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ഉത്തമ അടയാളമായിരുന്നു ആര്‍ സുഗതന്‍. ഏവരും അദ്ദേഹത്തെ സുഗതന്‍ സാര്‍ എന്നു വിളിച്ചു. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാന പങ്കുവഹിച്ച വയലാര്‍ പുന്നപ്ര സമരത്തിന്റെ നായകരില്‍ പ്രമുഖനായിരുന്നു സുഗതന്‍ സാര്‍. ഇന്ന് സുഗതന്‍ സാറിന്റെ 31-ാം ചരമവാര്‍ഷികദിനമാണ്.

സ്വാതന്ത്ര്യ സമരസേനാനി, തൊഴിലാളി പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവ്, കിടയറ്റ നിയമസഭാ സാമാജികന്‍ തുടങ്ങിയ നിലകളില്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ സുഗതന്‍സാര്‍ നിറഞ്ഞുനിന്നു.

നിസ്വാര്‍ഥവും ത്യാഗപൂര്‍ണവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ ഉദാത്തമായ മാതൃക സൃഷ്ടിച്ച കമ്മ്യൂണിസ്റ്റ് നേതാവാണ് സുഗതന്‍ സാര്‍.
ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് സുഗതന്‍ സാര്‍ പൊതുപ്രവര്‍ത്തന രംഗത്തു ശ്രദ്ധേയനാകുന്നത്. ഇന്നത്തെ തലമുറയ്ക്ക് സങ്കല്പിക്കാന്‍ കഴിയാത്തത്ര ദുരിതപൂര്‍ണമായിരുന്നു അന്നു തൊഴിലാളികളുടെ സ്ഥിതി. അടിമകളെപോലെ പണിയെടുക്കാന്‍ നിര്‍ബന്ധിതരായ കയര്‍ഫാക്ടറി തൊഴിലാളികളുടെ താല്‍പര്യങ്ങളും അവകാശങ്ങളും പരിരക്ഷിക്കുന്ന നിയമങ്ങള്‍ അന്നുണ്ടായിരുന്നില്ല. കൊടിയ ചൂഷണത്തെയും നരകതുല്യമായ തൊഴില്‍ സാഹചര്യങ്ങളെയും എതിര്‍ക്കാനുള്ള സംഘടനയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സുഗതന്‍ സാര്‍ തൊഴിലാളി രംഗത്തു കടന്നുചെന്നത്. നിസ്വാര്‍ത്ഥവും അര്‍പ്പണ ബോധത്തോടെയുമുള്ള പ്രവര്‍ത്തനത്തിലൂടെ തൊഴിലാളികളുടെ വിശ്വാസമാര്‍ജിച്ച സുഗതന്‍ സാര്‍ അതിവേഗം ആലപ്പുഴയിലെ തൊഴിലാളികളുടെ അനിഷേധ്യ നേതാവായി ഉയര്‍ന്നു. കൂലി, തൊഴില്‍ സമയം തുടങ്ങി തൊഴിലാളികളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങള്‍ക്കപ്പുറം നാടിന്റെ പൊതുവായ ആവശ്യങ്ങളെക്കുറിച്ചുകൂടി അവരെ ബോധവാന്മാരാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ ഘട്ടമായിരുന്നു അത്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവായ പി കൃഷ്ണപിള്ളയാണ് ഇതിനു മുന്‍കൈ എടുത്തത്. തൊഴിലാളികളെ രാഷ്ട്രീയ പ്രബുദ്ധരാക്കുകയും അവരുടെ അവകാശ സമരങ്ങളെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുമായി കൂട്ടിയിണക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യ ഫലം കണ്ടത് ആലപ്പുഴയിലാണ്. 1938 ല്‍ ആലപ്പുഴയിലെ കയര്‍ തൊഴിലാളികള്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പണിമുടക്കിനാധാരമായി ഉന്നയിച്ചത് തൊഴിലാളികളുടെ സാമ്പത്തികാവശ്യങ്ങള്‍ മാത്രമായിരുന്നില്ല. ഉത്തരവാദ ഭരണം, പ്രായപൂര്‍ത്തി വോട്ടവകാശം, രാഷ്ട്രീയ തടവുകാരുടെ മോചനം തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചുകൊണ്ടു നടന്ന ആ പണിമുടക്ക് തൊഴിലാളികള്‍ രാഷ്ട്രീയ പ്രബുദ്ധതനേടി സാമൂഹ്യ ജീവിതത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവരാന്‍ തുടങ്ങിയെന്നതിന്റെ തെളിവായിരുന്നു. 27 ദിവസം നീണ്ടുനിന്ന വിജയകരമായ ആ പണിമുടക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികകല്ലാണ്. പണിമുടക്കിന്റെ പ്രധാന സംഘാടകരിലൊരാള്‍ സുഗതന്‍ സാറായിരുന്നു.

അനീതി എവിടെ കണ്ടാലും പൊട്ടിത്തെറിക്കുന്ന പ്രകൃതമായിരുന്നു സുഗതന്‍ സാറിന്റേത്. സ്വന്തം അഭിപ്രായങ്ങള്‍ ആരുടെ മുമ്പിലും വെട്ടിത്തുറന്ന് അദ്ദേഹം പറയുമായിരുന്നു. നിയമസഭയില്‍ സുഗതന്‍ സാറിന്റെ വാക്കുകള്‍ക്ക് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും കാതോര്‍ത്തിരിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിശക്തമായി എതിര്‍ത്ത പട്ടം താണുപിള്ളപോലും സുഗതന്‍ സാറിന്റെ വിമര്‍ശനങ്ങള്‍ ഗൗരവത്തോടെ കാണുമായിരുന്നു.

ആലപ്പുഴ ജില്ലയില്‍ തൊഴിലാളി പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ സുഗതന്‍ സാര്‍ വഹിച്ച പങ്ക് അതുല്യമായിരുന്നു. നിയമസഭാ സാമാജികനായപ്പോഴും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദിച്ച പാര്‍ലമെന്റേറിയനായിരുന്നു അദ്ദേഹം.

നല്ലൊരു സഹൃദയനും സാഹിത്യകാരനും കൂടിയായിരുന്നു സുഗതന്‍ സാര്‍. അദ്ദേഹത്തിന്റെ കവിതകളുടെയും ലേഖനങ്ങളുടെയും പ്രത്യേകത മൂര്‍ച്ചയേറിയ സാമൂഹ്യ വിമര്‍ശനവും നര്‍മ്മവുമായിരുന്നു. തൊഴിലാളികളുടെയും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ജീവിത പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തിക്കാണിക്കാനുള്ള ഉപാധിയായാണ് സാഹിത്യത്തെ അദ്ദേഹം കണ്ടത്.

സമൂഹത്തിന്റെയും നാടിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുക ജീവിത ദൗത്യമായി കണ്ട സുഗതന്‍ സാര്‍ ലാളിത്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായിരുന്നു. സാമൂഹ്യമാറ്റങ്ങള്‍ക്കും പൊതുജീവിതത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നിലകൊള്ളുന്നവര്‍ക്കെല്ലാം ഉത്തമ മാതൃകയാണ് സുഗതന്‍ സാറിന്റെ പൊതുജീവിതം.

തൊഴിലാളിവര്‍ഗം ഉദാരവല്‍ക്കരണ, ആഗോളവല്‍ക്കരണകാലത്ത് കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ കരുത്തുറ്റ ചെറുത്തുനില്‍പ്പുകളും പോരാട്ടങ്ങളുമാണ് അനിവാര്യമായിരിക്കുന്നത്. പുതിയകാലത്തെ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങള്‍ക്ക് സുഗതന്‍ സാറിന്റെ തീക്ഷ്ണ സ്മരണകള്‍ കരുത്തുപകരും.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 140211

2 comments:

  1. ത്യാഗസുരഭിലമായ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ഉത്തമ അടയാളമായിരുന്നു ആര്‍ സുഗതന്‍. ഏവരും അദ്ദേഹത്തെ സുഗതന്‍ സാര്‍ എന്നു വിളിച്ചു. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാന പങ്കുവഹിച്ച വയലാര്‍ പുന്നപ്ര സമരത്തിന്റെ നായകരില്‍ പ്രമുഖനായിരുന്നു സുഗതന്‍ സാര്‍. ഇന്ന് സുഗതന്‍ സാറിന്റെ 31-ാം ചരമവാര്‍ഷികദിനമാണ്.

    ReplyDelete
  2. സുഗതന്‍ സാറിനെപറ്റി അദ്ദേഹതതിന്റെ ആദ്യകാല സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്ന രണ്ട് കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു.
    1. കുളത്തില്‍ കുളിച്ചതിനുശേഷം ഉടുത്തിരുന്ന മുണ്ടുകൊണ്ട് തോര്‍ത്തി പിഴിഞ്ഞ് ഉണങ്ങുന്നതുവരെ തലക്കുമുകളില്‍ പിടിച്ചുനില്‍ക്കുന്ന സുഗതന്‍ സാര്‍. കാരണം മാറ്റാനായി വേറൊരു മുണ്ടില്ല!
    2. കമ്മിറ്റി യോഗങ്ങള്‍ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞാല്‍ സുഗതന്‍ സാറിന്റെ പിന്നാലെ പോയാല്‍ ഉറപ്പിക്കാം ആ സ്ഥലത്തെ ഏറ്റവും വില കുറഞ്ഞ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലിലാണ് അവരെത്തിയതെന്ന്.
    ഇത്തരം ലളിത ജീവിതം നയിച്ച മഹാത്യാഗികള്‍ കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കുക എന്നുള്ളതാണ് നമ്മുടെ കടമ.

    ReplyDelete