Monday, February 14, 2011

വിപ്ളവ സ്മരണകളുമായി 'ചിരസ്മരണ'

നീലേശ്വരം: കയ്യൂര്‍ സ്മരണകള്‍ അരങ്ങില്‍ പുനര്‍ജനിച്ചപ്പോള്‍ ജില്ലയുടെ സാംസ്കാരിക തലസ്ഥാനം വിപ്ളവവീര്യത്താല്‍ പുളകം കൊണ്ടു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ നാടകോത്സവത്തിന്റെയും പുസ്തകോത്സവത്തിന്റെയും ഭാഗമായി മഞ്ചേശ്വരം ശാരദ ആര്‍ട്സ് തുളുഭാഷയില്‍ അവതരിപ്പിച്ച ചിരസ്മരണ നാടകമാണ് കയ്യൂരിന്റെ വിപ്ളവ പോരാട്ടങ്ങളുടെ ജീവല്‍തുടിപ്പുകളോടെ അരങ്ങുവാണത്. ഉമേശ് സാലിയയാണ് നോവലിന് രംഗാവിഷ്ക്കാരം ഒരുക്കിയത്.

കര്‍ണാടകത്തിലെ പ്രശസ്ത സാഹിത്യകാരനും നീലേശ്വരം രാജാസിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കുളഗുന്തെ ശിവറാവു എന്ന നിരഞ്ജനയുടെ സര്‍ഗ വൈഭവം ജനങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നിരഞ്ജന കന്നഡയില്‍ എഴുതിയ നോവല്‍ പിന്നീട് സി രാഘവന്‍ മാസ്റ്റര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയതിലൂടെയാണ് മലയാളി വായനക്കാര്‍ക്ക് നോവല്‍ ചിരപരിചിതമായത്. കയ്യൂര്‍ സമരത്തിന് മുമ്പ് രാഷ്ട്രീയ പോരാട്ടങ്ങളാല്‍ സംഘര്‍ഷഭരിതമായ നീലേശ്വരത്തിന്റെ മണ്ണില്‍ അമ്മയോടൊപ്പമെത്തി താമസമാരംഭിച്ചു. രാജാസില്‍ പഠിച്ച മൂന്ന് വര്‍ഷക്കാലത്തെ അനുഭവം നിരഞ്ജനയുടെ മനസിനെ ഉറച്ച കമ്യൂണിസ്റ്റാക്കി മാറ്റി. കയ്യൂര്‍ സമരകാലത്ത് കര്‍ഷക സമരപോരാട്ടങ്ങള്‍ നേരിട്ടും കേട്ടറിഞ്ഞും ഹൃദിസ്ഥമാക്കിയാണ് ഇദ്ദേഹം കര്‍ണാടകയിലേക്ക് മടങ്ങിയത്.

കയ്യൂര്‍ കേസിന്റെ വിചാരണ നടപടികള്‍ മംഗളൂരു കോടതിയിലെത്തിയപ്പോഴും നിരഞ്ജന കേസിന്റെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കാന്‍ കോടതികള്‍ കയറിയിറങ്ങി. ചെറുപ്പക്കാരായ നാല് വിപ്ളവകാരികളെ തൂക്കിലേറ്റാനുള്ള കോടതി വിധി നിരഞ്ജനയെ വേദനിപ്പിച്ചു. കണ്ടും കേട്ടുമറിഞ്ഞ സമരചരിത്രത്തോട് സത്യസന്ധത പുലര്‍ത്തി രചിച്ച ചിരസ്മരണ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായി മാറുകയും ചെയ്തു.

ദേശാഭിമാനി 140211

1 comment:

  1. കയ്യൂര്‍ സ്മരണകള്‍ അരങ്ങില്‍ പുനര്‍ജനിച്ചപ്പോള്‍ ജില്ലയുടെ സാംസ്കാരിക തലസ്ഥാനം വിപ്ളവവീര്യത്താല്‍ പുളകം കൊണ്ടു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ നാടകോത്സവത്തിന്റെയും പുസ്തകോത്സവത്തിന്റെയും ഭാഗമായി മഞ്ചേശ്വരം ശാരദ ആര്‍ട്സ് തുളുഭാഷയില്‍ അവതരിപ്പിച്ച ചിരസ്മരണ നാടകമാണ് കയ്യൂരിന്റെ വിപ്ളവ പോരാട്ടങ്ങളുടെ ജീവല്‍തുടിപ്പുകളോടെ അരങ്ങുവാണത്. ഉമേശ് സാലിയയാണ് നോവലിന് രംഗാവിഷ്ക്കാരം ഒരുക്കിയത്.

    ReplyDelete