Monday, August 8, 2011

ദുരന്തം ചൂളംവിളിച്ച് 115 ആളില്ലാ റെയില്‍വേ ഗേറ്റ്

ദുരന്തഭീതി പരത്തി സംസ്ഥാനത്ത് 115 ആളില്ലാ ലെവല്‍ ക്രോസുകള്‍ . അപകടങ്ങളുടെ മുള്‍മുനമ്പിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോനിമിഷവും കടന്നുപോകുന്നത്. റെയില്‍വേ ട്രാക്കില്‍ രക്തക്കറ പുരളുമ്പോള്‍മാത്രം ഇനി മുന്‍കരുതലെന്ന പ്രഖ്യാപനം നടത്തി പതിവുപോലെ റെയില്‍വേ കൈകഴുകുന്നു. അപകടം തുടര്‍ക്കഥയാകുമ്പോഴും റെയില്‍വേയുടെ നടപടികള്‍ കടലാസില്‍മാത്രം. ഏറ്റവും ഒടുവില്‍ ഓച്ചിറയില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച് അഞ്ചുപേരാണ് മരിച്ചത്.

തിരുവനന്തപുരം ഡിവിഷനില്‍ 112 ലെവല്‍ ക്രോസുകളിലാണ് കാവല്‍ക്കാര്‍ ഇല്ലാത്തത്. പാലക്കാട് ഡിവിഷനില്‍ മൂന്ന് ലെവല്‍ ക്രോസിലും ആളില്ല. ജീവനക്കാരെ നിയമിക്കാതെ ചെലവ് കുറയ്ക്കാന്‍ നടത്തുന്ന റെയില്‍വേയുടെ നീക്കമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. റെയില്‍വേയില്‍നിന്ന് ഓരോ മാസവും മൂന്ന് ശതമാനം പേര്‍ വിരമിക്കുന്നുണ്ടെങ്കിലും പകരം നിയമനമില്ല. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ലെവല്‍ ക്രോസുകളിലും ആളില്ലാത്തത്. പരിശീലനം പൂര്‍ത്തിയാക്കിയ 26 പേരെ സെപ്തംബര്‍ ആദ്യവാരം ആലപ്പുഴ ജില്ലയിലെ ആളില്ലാ ലെവല്‍ ക്രോസുകളില്‍ നിയമിക്കുമെന്നാണ് റെയില്‍വേ ഇപ്പോള്‍ പറയുന്നത്. എങ്കിലും മറ്റ് ആളില്ലാ ലെവല്‍ ക്രോസുകളില്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചാല്‍ റെയില്‍വേയ്ക്ക് മൗനം.

കാവല്‍ക്കാര്‍ ഉള്ള ലെവല്‍ ക്രോസുകളിലും ജീവനക്കാരുടെ അഭാവം രൂക്ഷമാണ്. എട്ട് മണിക്കൂര്‍ ജോലിസമയം കണക്കാക്കി ഒരു ഗേറ്റില്‍ നാല് ജീവനക്കാരെ നിയമിക്കണം. എന്നാല്‍ , ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ നിലവില്‍ 12 മണിക്കൂറാണ് ഗേറ്റ് കീപ്പര്‍മാര്‍ ജോലിചെയ്യുന്നത്. പ്രതിഫലക്കുറവും ജോലിസമയം കുടുതലും പ്രൊമോഷന്‍ സാധ്യത ഇല്ലാത്തതുംകാരണം പലരും ജോലി ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയാണ്. അടുത്തിടെ ഗേറ്റ് കീപ്പര്‍മാരായി നിയമനം ലഭിച്ച 100 പേരുടെ പരിശീലനം നടക്കുകയാണെങ്കിലും ഇതിനകം 25 പേര്‍ ജോലി ഉപേക്ഷിച്ച് പോയി.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 2690 കാവല്‍ ജീവനക്കാരുടെ ഒഴിവുകളുണ്ട്. രാത്രിയില്‍ ട്രാക്ക് പരിശോധിക്കേണ്ട ട്രാക്ക്മാന്‍മാര്‍ ഉള്‍പ്പെടുന്ന എന്‍ജിനിയറിങ് വിഭാഗത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ മാത്രം 800 ഒഴിവുണ്ട്. ഇതിനുപുറമെ ഈ വിഭാഗത്തില്‍ 400 തസ്തിക സൃഷ്ടിക്കാനുമുണ്ട്. ജീവനക്കാര്‍ ഉണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച നിയമം കര്‍ശനമായി പലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ലെവല്‍ ക്രോസുകളില്‍ ഗേറ്റ് അടയ്ക്കുന്നതിനുമുമ്പായി മുന്നറിയിപ്പ് ബെല്‍ അടിക്കണമെന്നാണ് നിയമം. എന്നാല്‍ , ഭൂരിഭാഗം ലെവല്‍ക്രോസുകളിലും മണിയടി ഇപ്പോഴില്ല. ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ തേജസ്വനി വനിതാ സ്ക്വാഡിനെ കഴിഞ്ഞദിവസം റെയില്‍വേ പിന്‍വലിച്ചു. സ്ക്വാഡിലുള്ളവരോട് സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റ് എക്സാമിനറായി പോകാനാണ് റെയില്‍വേ നിര്‍ദേശം

deshabhimani 080811

1 comment:

  1. ദുരന്തഭീതി പരത്തി സംസ്ഥാനത്ത് 115 ആളില്ലാ ലെവല്‍ ക്രോസുകള്‍ . അപകടങ്ങളുടെ മുള്‍മുനമ്പിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോനിമിഷവും കടന്നുപോകുന്നത്. റെയില്‍വേ ട്രാക്കില്‍ രക്തക്കറ പുരളുമ്പോള്‍മാത്രം ഇനി മുന്‍കരുതലെന്ന പ്രഖ്യാപനം നടത്തി പതിവുപോലെ റെയില്‍വേ കൈകഴുകുന്നു. അപകടം തുടര്‍ക്കഥയാകുമ്പോഴും റെയില്‍വേയുടെ നടപടികള്‍ കടലാസില്‍മാത്രം. ഏറ്റവും ഒടുവില്‍ ഓച്ചിറയില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച് അഞ്ചുപേരാണ് മരിച്ചത്.

    ReplyDelete