Monday, August 8, 2011

തൃണമൂല്‍ പീഡനത്തില്‍ ജീവനൊടുക്കിയത് 7 ഇടതുമുന്നണി പ്രവര്‍ത്തകര്‍

കൊല്‍ക്കത്ത: രണ്ടരമാസത്തെ മമത ബാനര്‍ജിയുടെ ഭരണത്തില്‍ പീഡനം സഹിക്കാനാകാതെ പശ്ചിമബംഗാളില്‍ ജീവനൊടുക്കിയത് ഏഴ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ . പൊലീസ് പിന്തുണയോടെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ 30 ഇടതുമുന്നണി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനുപുറമെയാണ് പീഡനം. സിലിഗുരിയിലെ ധാബ്ഗ്രാമില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം തപന്‍ ദേബ്നാഥ്(61) പൊലീസ് പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയത്. വസ്തുതര്‍ക്കത്തിന്റെ പേരില്‍ നല്‍കിയ കള്ളപ്പരാതിയില്‍ കസ്റ്റഡിയിലെടുത്ത തപന്‍ ദേബ്നാഥിനെ ഉത്തരബംഗ വികസനകാര്യമന്ത്രി ഗൗതം ദേബിന്റെ നിര്‍ദേശത്തിലാണ് പൊലീസ് മര്‍ദിച്ചത്. വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. ബര്‍ധമാന്‍ ജില്ലയിലെ മാധവ്ദിഘിയില്‍ ഗ്രാമവികസനസമിതി അംഗമായ സിപിഐ എം അനുഭാവി സരിത് ജോഷ്(27) തൃണമൂലുകാരുടെ പീഡനം സഹിക്കാതെയാണ് ജീവനൊടുക്കിയത്. ആറുലക്ഷം രൂപ പിഴ ഒടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ "നാട്ടുകോടതി" വിധിച്ചതിനെതുടര്‍ന്ന് പണം സ്വരൂപിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് അദ്ദേഹം ആത്മഹത്യചെയ്തത്. സരിത്തിനെ പീഡിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ആത്മഹത്യകുറിപ്പിലുണ്ട്.

പശ്ചിമ മേദിനിപുര്‍ കേശ്പുര്‍ ബ്ലോക്കിലുള്ള മഹിഷാഗോഡിയ ഗ്രാമത്തിലെ നിര്‍മാണത്തൊഴിലാളിയായ അബ്ദുല്‍ മതിന്‍ ആത്മഹത്യചെയ്തത് രണ്ടു മക്കളെ മാവോയിസ്റ്റ്- തൃണമൂല്‍ അക്രമികള്‍ പിടിച്ചുകൊണ്ടുപോയി "വിചാരണ" ചെയ്ത് മര്‍ദിച്ച വിഷമത്തിലാണ്. ഇടതുമുന്നണിക്ക് വോട്ടുചെയ്തെന്നതായിരുന്നു അബ്ദുള്‍ മതീനും മക്കളും ചെയ്ത കുറ്റം. ബര്‍ധമാന്‍ ജില്ലയിലെ ഖണ്ഡഘോഷിനടുത്ത ബേരു ഗ്രാമപഞ്ചായത്തുസമിതിയിലെ സിപിഐ എം അംഗമായ സാധന്‍ചന്ദ്ര സമദ്ദാര്‍ ആത്മഹത്യചെയ്തത് സമിതിയില്‍നിന്ന് രാജിവച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന തൃണമൂലിന്റെ ഭീഷണി ഭയന്നാണ്. ആത്മഹത്യക്കുറിപ്പില്‍ അദ്ദേഹം എഴുതി, "തൃണമൂല്‍ നേതാക്കളായ ഉത്തംകുമാര്‍ ബേജ്, ബുദ്ധദേവ് ബാഗ് എന്നിവര്‍ കാരണമാണ് ഞാന്‍ ആത്മഹത്യചെയ്യുന്നത്". പശ്ചിമ മേദിനിപുരിലെ ഗാര്‍ബെട്ടയിലെ ഗഗന്‍ ദിഗര്‍ , കേശ്പുരിലെ ശീതള്‍ മൈതി, പൂര്‍വ മേദിനിപുര്‍ ജില്ലയിലെ കൊണ്ടൊയിലുള്ള വൃഷകേരു ഖാമാതി എന്നിവരും ആത്മഹത്യചെയ്തത് തൃണമൂലിന്റെ പീഡനംമൂലമാണ്. ആത്മഹത്യാക്കുറിപ്പുകളില്‍ പരാമര്‍ശിച്ച തൃണമൂല്‍ നേതാക്കളെപ്പോലും പൊലീസ് അറസ്റ്റുചെയ്തില്ല.
(വി ജയിന്‍)

deshabhimani 080811

1 comment:

  1. രണ്ടരമാസത്തെ മമത ബാനര്‍ജിയുടെ ഭരണത്തില്‍ പീഡനം സഹിക്കാനാകാതെ പശ്ചിമബംഗാളില്‍ ജീവനൊടുക്കിയത് ഏഴ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ . പൊലീസ് പിന്തുണയോടെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ 30 ഇടതുമുന്നണി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനുപുറമെയാണ് പീഡനം

    ReplyDelete