Saturday, August 6, 2011

സൊമാലിയന്‍ ഭക്ഷ്യക്ഷാമം കവര്‍ന്നത് 29,000 കുരുന്നുകളുടെ ജീവന്‍

മൊഗാദിഷു: കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവും നരകതുല്യമാക്കിയ സൊമാലിയയില്‍ കുട്ടികളുടെ മരണനിരക്ക് ക്രമാതീതമായ രീതിയില്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സൊമാലിയയില്‍ ഉണ്ടായത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ 90 ദിവസത്തിനിടയില്‍ തെക്കന്‍ സൊമാലിയയില്‍ കഴിഞ്ഞ 90 ദിവസത്തിനിടയില്‍ 5 വയസില്‍ താഴെയുളള 29,000 കുട്ടികള്‍ മരിച്ചതായി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൊമാലിയയിലെ മൂന്ന് പ്രദേശങ്ങള്‍ കൂടി ഐക്യരാഷ്ട്രസഭ ക്ഷാമബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഇതോടെ ആകെ അഞ്ച് പ്രദേശങ്ങള്‍ ക്ഷാമബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.  640,000 കുട്ടികള്‍ സൊമാലിയയില്‍ മാരകമായ രീതിയിലുളള പോഷകാഹാരക്കുറവ് നേരിടുന്നതായി ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 7.5 ദശലക്ഷത്തോളം ജനസംഖ്യയുളള സൊമാലിയയില്‍ 3.2 ദശലക്ഷത്തോളംപേര്‍ മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു.

കടുത്ത ആഭ്യന്തരയുദ്ധമാണ് സൊമാലിയയെ കൊടുംപട്ടിണിയിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്. പതിറ്റാണ്ടുകളായി തുടര്‍ന്ന ഏറ്റുമുട്ടലുകള്‍ രാജ്യത്തിന്റെ ഭരണരംഗത്തെ അസ്ഥിരതയിലേക്ക് നയിച്ചു. അല്‍ഖ്വയ്ദ ബന്ധമുളള അല്‍ ഷബാബ് തീവ്രവാദി ഗ്രൂപ്പ്  രാജ്യത്ത് സഹായമെത്തിക്കാനെത്തിയ സംഘങ്ങളെ തടഞ്ഞത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. അമുസ്‌ലിങ്ങള്‍ രാജ്യത്ത് സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഇത്. അടുത്തിടെ ഈ വിലക്ക്  നീക്കിയതോടെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായത്.

സൊമാലിയയില്‍ നിന്നും ലക്ഷക്കണക്കിനുപേര്‍ അയല്‍രാജ്യമായ എത്യോപ്യയിലേക്കും കെനിയയിലേക്കും പലായനം ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം കെനിയ ഇവര്‍ക്കായി പ്രത്യേക അഭയാര്‍ഥിക്യാമ്പുകള്‍ തുറന്നിരുന്നു.

janayugom 060811

1 comment:

  1. കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവും നരകതുല്യമാക്കിയ സൊമാലിയയില്‍ കുട്ടികളുടെ മരണനിരക്ക് ക്രമാതീതമായ രീതിയില്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സൊമാലിയയില്‍ ഉണ്ടായത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ 90 ദിവസത്തിനിടയില്‍ തെക്കന്‍ സൊമാലിയയില്‍ കഴിഞ്ഞ 90 ദിവസത്തിനിടയില്‍ 5 വയസില്‍ താഴെയുളള 29,000 കുട്ടികള്‍ മരിച്ചതായി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete