Monday, August 8, 2011

അവധിവ്യാപാരത്തില്‍ 80 ശതമാനവും തട്ടിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് അവധിവ്യാപാരത്തില്‍ 80 ശതമാനം നിയമവിരുദ്ധവും നികുതിവെട്ടിച്ചും. ഈ തട്ടിപ്പിന്് തെളിവ് ലഭിച്ചിട്ടും നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നു. എട്ടുവര്‍ഷമായി തുടരുന്ന തട്ടിപ്പിന് ഉന്നതതലത്തിലുള്ളവര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് ആക്ഷേപം. അവധിവ്യാപാരം നടത്തുന്ന നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എന്‍എംസിഇ) വഴിയുള്ള ഇടപാടുകള്‍ 80 ശതമാനവും അനധികൃതമാണെന്ന് സര്‍ക്കാര്‍തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നികുതി നല്‍കാതെയും അവധിവ്യാപാര നിയമപ്രകാരം വ്യാപാരംചെയ്യാന്‍ പാടില്ലാത്ത വസ്തുക്കള്‍ എക്സ്ചേഞ്ചുവഴി കച്ചവടം നടത്തിയും കോടികളാണ് വെട്ടിക്കുന്നത്. സ്റ്റീല്‍ - ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍ , കാര്‍ഷികോല്‍പ്പന്നങ്ങള്‍ , റബര്‍ തുടങ്ങിയവയാണ് എക്സ്ചേഞ്ചുവഴിയുള്ള പ്രധാന വ്യാപാരം. അവശ്യസാധനങ്ങള്‍ എക്സ്ചേഞ്ചുവഴി കച്ചവടംചെയ്യരുതെന്നാണ് നിയമം. എന്നാല്‍ , അവശ്യവസ്തുക്കളും വന്‍തോതില്‍ വ്യാപാരം നടക്കുന്നു. കോടിക്കണക്കിന് രൂപ സര്‍ക്കാരിന് നഷ്ടപ്പെടുന്നത് നിയന്ത്രിക്കാന്‍ ബാധ്യതയുള്ള ഫോര്‍വേഡ് മാര്‍ക്കറ്റ് കമീഷന്‍ (എഫ്എംസി) നടത്തിയ അന്വേഷണത്തില്‍ എക്സ്ചേഞ്ചിനെതിരെയുള്ള പരാതികള്‍ സത്യമാണെന്ന് കണ്ടെത്തി. രാജ്യസഭയില്‍ ടി എന്‍ സീമ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി കെ വി തോമസ് നല്‍കിയ മറുപടിയിലും അവധിവ്യാപാരരംഗത്ത് വന്‍ തട്ടിപ്പ് നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എക്സ്ചേഞ്ചുവഴി നടന്ന ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്നും 10 പേര്‍ക്കെതിരെ നടപടിയെടുത്തെന്നും മന്ത്രി പറഞ്ഞു. 20 ലക്ഷം രൂപ പിഴ ഈടാക്കി.

എന്നാല്‍ , മന്ത്രി പറഞ്ഞതിന്റെ നൂറിരട്ടി പിഴവാങ്ങിയാലും മതിയാകാത്തത്ര തട്ടിപ്പാണ് നടന്നിട്ടുള്ളത്. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചുവഴി നിയമം ലംഘിച്ച് പ്രതിമാസം 25,000 കോടി രൂപയുടെ വിദേശ ഇടപാടാണ് നടക്കുന്നത്. ആകെ ഇടപാടിന്റെ എട്ട് ശതമാനം വിദേശ ഇടപാടാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് 2003 മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഫ്എംസി ചെയര്‍മാന്‍ ബി സി ഖടുവ നടത്തിയ അന്വേഷണത്തില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നെങ്കിലും വേണ്ടനടപടി ഉണ്ടായില്ല. എഫ്എംസിക്ക് കൂടുതല്‍ അധികാരം നല്‍കി തട്ടിപ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ ബില്‍ കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും നടപടി വൈകിക്കുകയാണ്. എക്സ്ചേഞ്ചുവഴി നടത്തിയ അനധികൃത ഇടപാടില്‍ നഷ്ടമായ തുകയുടെ കണക്ക് ഇതുവരെയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഒരുമാസത്തിനുശേഷമുള്ള വില ഊഹാടിസ്ഥാനത്തില്‍ നിശ്ചയിച്ച് നടത്തുന്ന വ്യാപാരമാണ് കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ നടക്കുന്നത്. ഇതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല.
(ദിനേശ്വര്‍മ)

deshabhimani 080811

1 comment:

  1. രാജ്യത്ത് അവധിവ്യാപാരത്തില്‍ 80 ശതമാനം നിയമവിരുദ്ധവും നികുതിവെട്ടിച്ചും. ഈ തട്ടിപ്പിന്് തെളിവ് ലഭിച്ചിട്ടും നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നു. എട്ടുവര്‍ഷമായി തുടരുന്ന തട്ടിപ്പിന് ഉന്നതതലത്തിലുള്ളവര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് ആക്ഷേപം. അവധിവ്യാപാരം നടത്തുന്ന നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എന്‍എംസിഇ) വഴിയുള്ള ഇടപാടുകള്‍ 80 ശതമാനവും അനധികൃതമാണെന്ന് സര്‍ക്കാര്‍തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നികുതി നല്‍കാതെയും അവധിവ്യാപാര നിയമപ്രകാരം വ്യാപാരംചെയ്യാന്‍ പാടില്ലാത്ത വസ്തുക്കള്‍ എക്സ്ചേഞ്ചുവഴി കച്ചവടം നടത്തിയും കോടികളാണ് വെട്ടിക്കുന്നത്. സ്റ്റീല്‍ - ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍ , കാര്‍ഷികോല്‍പ്പന്നങ്ങള്‍ , റബര്‍ തുടങ്ങിയവയാണ് എക്സ്ചേഞ്ചുവഴിയുള്ള പ്രധാന വ്യാപാരം. അവശ്യസാധനങ്ങള്‍ എക്സ്ചേഞ്ചുവഴി കച്ചവടംചെയ്യരുതെന്നാണ് നിയമം. എന്നാല്‍ , അവശ്യവസ്തുക്കളും വന്‍തോതില്‍ വ്യാപാരം നടക്കുന്നു.

    ReplyDelete