Monday, August 8, 2011

അടിച്ചേല്‍പ്പിക്കുന്ന പരീക്ഷ സ്കൂള്‍ അന്തരീക്ഷം താളംതെറ്റിക്കും

തിരക്കുപിടിച്ച് അടിച്ചേല്‍പ്പിക്കുന്ന ഓണപ്പരീക്ഷ സ്കൂള്‍ അക്കാദമിക് മേഖലയുടെ താളംതെറ്റിക്കുമെന്ന് ആശങ്ക. സമഗ്രമായ പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ആരംഭിച്ച നിരന്തരവും സമഗ്രതയോടെയുമുള്ള മൂല്യനിര്‍ണയരീതിയാണ് ഓര്‍മപ്പരീക്ഷയിലൂടെ അട്ടിമറിക്കപ്പെടുന്നത്. ഓണം, ക്രിസ്മസ്, വാര്‍ഷിക പരീക്ഷകള്‍ പഠിതാവിന്റെ കഴിവ് സമഗ്രമായി വിലയിരുത്തുന്നതല്ലെന്ന കാരണത്താലാണ് വിദ്യാഭ്യാസ കമീഷനുകളുടെ റിപ്പോര്‍ട്ടുപ്രകാരം ഗ്രേഡിങ് സംവിധാനത്തിലേക്ക് മാറിയത്.

രണ്ടുഘട്ട പരീക്ഷാക്രമത്തിന് ഉതകുന്നതരത്തിലാണ് 2008-09ല്‍ പാഠപുസ്തകം തയ്യാറാക്കിയത്. പാര്‍ട്ട് ഒന്ന്, രണ്ട് ഭാഗങ്ങളായി തിരിച്ച് ഒക്ടോബറിലും മാര്‍ച്ചിലുമാണ് മുമ്പ് പരീക്ഷ നടത്തിയിരുന്നത്. അധ്യയനവര്‍ഷം മുഴുവന്‍ വിദ്യാര്‍ഥിയുടെ കഴിവ് വിലയിരുത്തുന്നതരത്തിലാണ് സ്കൂളുകളില്‍ ഇപ്പോള്‍ പഠനം നടക്കുന്നത്. പ്രോജക്ട്, അസൈന്‍മെന്റ്, പ്രാക്ടിക്കല്‍ , സെമിനാര്‍ , റെക്കോഡ് ശേഖരം എന്നിങ്ങനെ എല്ലാ മാസവും ഒരു പിരീഡുമാത്രം ക്ലാസ്ടെസ്റ്റുകള്‍ നടത്തി വിദ്യാര്‍ഥികളുടെ പഠനശേഷിയും അധ്യയനദിവസവും വര്‍ധിപ്പിക്കുന്നതരത്തിലായിരുന്നു കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഓണം, ക്രിസ്മസ്, വാര്‍ഷിക പരീക്ഷകള്‍ വരുന്നതോടെ, തയ്യാറെടുപ്പിനുള്ള അവധിയും പരീക്ഷയ്ക്കുമായി നാല്‍പ്പതോളം അധ്യയനദിവസം നഷ്ടമാകും.

ഒരേസമയത്ത് ഗ്രേഡിങ് രീതിയും ഓര്‍മപ്പരീക്ഷയും നടത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. രണ്ടു പാര്‍ട്ടിലായി നടക്കുന്ന പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത് അധ്യാപകസംഘടനകള്‍ ചേര്‍ന്ന് മൂന്ന് സോണായി തിരിച്ചായിരുന്നു. പുതിയ സംവിധാനത്തോടെ ഹൈസ്കൂളില്‍ എസ്സിഇആര്‍ടിയും യുപിയില്‍ എസ്എസ്എയുമാണ് ചോദ്യത്തിന്റെ മാതൃക തയ്യാറാക്കി വെബ്പോര്‍ട്ടലുകളില്‍ ഇടുക.

ഓണപ്പരീക്ഷ പ്രഹസനമാകും

കണ്ണൂര്‍ : ചോദ്യപേപ്പര്‍ തയ്യാറാക്കലും സ്കൂളുകളെ ഏല്‍പ്പിച്ച് പരീക്ഷാനടത്തിപ്പില്‍നിന്ന് സര്‍ക്കാര്‍ തലയൂരുന്നു. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ചോദ്യപേപ്പര്‍ തയ്യാറാക്കാനും പരീക്ഷാനടത്തിപ്പിനും പൂര്‍ണ ഉത്തരവാദിത്തം പ്രധാനാധ്യാപകരിലാണ്. ഇക്കാര്യത്തിലുള്ള സാമ്പത്തികബാധ്യതയും പ്രധാനാധ്യാപകര്‍ ഏറ്റെടുക്കണം. യുപി സ്കൂളിലെ ചോദ്യപേപ്പറിനുള്ള തുക എസ്എസ്എ ഫണ്ടില്‍നിന്നോ ഹൈസ്കൂളിലേത് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനി (ആര്‍എംഎസ്എ)ല്‍നിന്നോ അനുവദിക്കാന്‍ ശ്രമിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റിലെ ക്വസ്റ്റ്യന്‍ ബാങ്കില്‍നിന്ന് ആവശ്യമായ ചോദ്യം തെരഞ്ഞെടുത്ത് ചോദ്യപേപ്പര്‍ അച്ചടിച്ചോ ഫോട്ടോസ്റ്റാറ്റ് എടുത്തോ നല്‍കാം. പഠിപ്പിച്ച ഭാഗങ്ങളില്‍നിന്ന് ചോദ്യം തെരഞ്ഞെടുക്കാന്‍ സ്കൂളുകള്‍ക്ക് അവസരം കിട്ടുമെന്നാണ് അവകാശവാദം.

പരീക്ഷയുടെ ഏകീകരണസ്വഭാവം നഷ്ടപ്പെടുത്തുന്നതാണ് ഈ രീതി. ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പര്‍ ഡയറ്റ് തയ്യാറാക്കി എസ്എസ്എവഴി ബ്ലോക്ക് റിസോഴ്സ് സെന്ററുക (ബിആര്‍സി)ളാണ് സ്കൂളുകള്‍ക്ക് നല്‍കിയിരുന്നത്. ക്വസ്റ്റ്യന്‍ ബാങ്കില്‍നിന്ന് ചോദ്യം തെരഞ്ഞെടുക്കണമെന്ന നിര്‍ദേശം പരീക്ഷയുടെ വിശ്വാസ്യത ചോദ്യംചെയ്യും. ഒന്നുമുതല്‍ ഏഴുവരെ ക്ലാസിലുള്ളവര്‍ക്ക് 22 മുതല്‍ 26 വരെയാണ് ഓണപ്പരീക്ഷ. അധ്യയനവര്‍ഷം തുടങ്ങി രണ്ടുമാസം കഴിഞ്ഞാണ് മിക്ക സ്കൂളിലും പാഠപുസ്തകം ലഭിച്ചത്. ഇപ്പോഴും ലഭിക്കാത്ത സ്കൂളുകളുമുണ്ട്. ആഗസ്തില്‍ മൂന്ന് യൂണിറ്റ് പാഠം പഠിപ്പിക്കണം. പുസ്തകം കിട്ടാത്തതിനാല്‍ ഭൂരിഭാഗം സ്കൂളിലും ഒരു യൂണിറ്റുപോലും തീര്‍ന്നിട്ടില്ല. അതിനാലാണ് ഒരു യൂണിറ്റിനുള്ള പരീക്ഷാപ്രഹസനം അരങ്ങേറുന്നത്.

deshabhimani 080811

1 comment:

  1. തിരക്കുപിടിച്ച് അടിച്ചേല്‍പ്പിക്കുന്ന ഓണപ്പരീക്ഷ സ്കൂള്‍ അക്കാദമിക് മേഖലയുടെ താളംതെറ്റിക്കുമെന്ന് ആശങ്ക. സമഗ്രമായ പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ആരംഭിച്ച നിരന്തരവും സമഗ്രതയോടെയുമുള്ള മൂല്യനിര്‍ണയരീതിയാണ് ഓര്‍മപ്പരീക്ഷയിലൂടെ അട്ടിമറിക്കപ്പെടുന്നത്. ഓണം, ക്രിസ്മസ്, വാര്‍ഷിക പരീക്ഷകള്‍ പഠിതാവിന്റെ കഴിവ് സമഗ്രമായി വിലയിരുത്തുന്നതല്ലെന്ന കാരണത്താലാണ് വിദ്യാഭ്യാസ കമീഷനുകളുടെ റിപ്പോര്‍ട്ടുപ്രകാരം ഗ്രേഡിങ് സംവിധാനത്തിലേക്ക് മാറിയത്.

    ReplyDelete