Tuesday, August 9, 2011

പാമോലിന്‍ അഴിമതിയും ഒഴിഞ്ഞുമാറാനാവാത്ത ഉമ്മന്‍ചാണ്ടിയും

പാമോലിന്‍ അഴിമതി ആക്ഷേപം കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല, കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. 1991 നവംബറില്‍ നടന്ന പാമോലിന്‍ ഇറക്കുമതിയില്‍ ഗുരുതരമായ ക്രമക്കേടും ഭീമമായ അഴിമതിയും നടന്നിട്ടുണ്ടെന്ന് 1993 ല്‍ സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തിനുള്ള ആയുധമായി അതിനെ ആദ്യം എടുത്തുപയോഗിച്ചത് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തിയത് സംസ്ഥാന താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനായിരുന്നുവെങ്കില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും എ കെ ആന്റണിയുടെ മൗനാനുവാദത്തോടെ സി എ ജി റിപ്പോര്‍ട്ടിനെ ആയുധമാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അടുക്കള കലാപത്തെ ശക്തിപ്പെടുത്തുന്നതിനായിരുന്നു. കരുണാകരന്റെ വത്സലശിഷ്യരായിരുന്ന ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും 'തിരുത്തല്‍വാദി കോണ്‍ഗ്രസ് ചേരി ഉണ്ടാക്കിയപ്പോള്‍ അവര്‍ ആശ്രയിച്ചതും പാമോലിന്‍ കുംഭകോണം തന്നെ. ധനമന്ത്രി പദത്തില്‍ നിന്നുള്ള ഉമ്മന്‍ചാണ്ടിയുടെയും കൃഷിമന്ത്രി പദത്തില്‍ നിന്നുള്ള കെ പി വിശ്വനാഥന്റെയും രാജിയും പിന്നാലെ കേരളം കണ്ടു. ഒടുവില്‍ മുഖ്യമന്ത്രിപദത്തില്‍ നിന്ന് കരുണാകരന്‍ വലിച്ചിറക്കപ്പെടുകയും കേന്ദ്ര സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന എ കെ ആന്റണി പഞ്ചസാര കുംഭകോണ ആക്ഷേപത്തെ തുടര്‍ന്ന് രാജിവെച്ച് രാജഹംസ വിമാനത്തില്‍ വന്ന് തിരുവനന്തപുരത്തിറങ്ങി മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി പാമോലിന്‍ കേസ് മുന്‍നിര്‍ത്തി നയിച്ച പടയോട്ടത്തിന്റെ അന്തിമഫലം അതായിരുന്നു. മുറിവേറ്റ കരുണാകരന് പിന്നീടൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര തിരിച്ചുകിട്ടിയില്ല. അതേ പാമോലിന്‍ കേസില്‍പെട്ട് ഉമ്മന്‍ചാണ്ടി വലയുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്.

സി എ ജി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് പാമോലിന്‍ ഇടപാടിനെക്കുറിച്ച് നിയമസഭാ സമിതി അന്വേഷണം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവായ എം എം ഹസ്സനായിരുന്നു സമിതിയുടെ അധ്യക്ഷന്‍. സമിതി 1996 മെയ് 19 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുരുതരമായ ക്രമക്കേട് നടന്നുവെന്നും സംസ്ഥാനത്തിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് ഹസ്സന്‍ നേതൃത്വം നല്‍കിയ നിയമസഭാ സമിതി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് 1997 മാര്‍ച്ച് 21 ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ മുഖ്യമന്ത്രി കെ കുരണാകരന്‍ ഒന്നാം പ്രതിയും ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ രണ്ടാം പ്രതിയുമായി എട്ടു പേരുള്‍പ്പെടുന്ന കുറ്റപത്രവും സമര്‍പ്പിക്കപ്പെടുകയുണ്ടായി.

പക്ഷെ കെ കരുണാകരന്‍ വിവിധ കോടതികളെ അഭയംപ്രാപിക്കുകയുണ്ടായി. ഒടുവില്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സുപ്രിംകോടതി സ്റ്റേ നീക്കം ചെയ്തത്. ഒന്നാം പ്രതി അന്തരിച്ചതിനെ തുടര്‍ന്ന് സ്വാഭാവികമായും രണ്ടാംപ്രതിയായിരുന്ന ടി എച്ച് മുസ്തഫ ഒന്നാം പ്രതിയായ ഘട്ടത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തില്‍ നിന്നുതന്നെ പത്രസമ്മേളനങ്ങളിലും കോടതിയിലും വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ടി എച്ച് മുസ്തഫ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതിന്റെ സാരാംശം പാമോലിന്‍ കേസില്‍ താന്‍ പ്രതിയാകുന്നുവെങ്കില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ഒന്നാം പ്രതിയാകേണ്ടതെന്നാണ്. ഈ വാദം പത്രസമ്മേളനം കൊണ്ട് അവസാനിച്ചില്ല. 24-ാം സാക്ഷിയായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കണമെന്ന മട്ടിലാണ് ടി എച്ച് മുസ്തഫ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അന്ന് ധനവകുപ്പ് സെക്രട്ടറിയായിരുന്ന സിറിയക് ജോണും വിടുതല്‍ ഹര്‍ജിയില്‍ അതേമട്ടില്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. തിരഞ്ഞെടുപ്പുഫലം വരുന്ന ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് പൊലീസ് വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
ആ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തീര്‍ത്തും പ്രതികൂട്ടിലാക്കുന്നതാണ്. പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഫയല്‍ ഒന്നര മാസത്തിലധികം അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലുണ്ടായിരുന്നുവെന്നും 15 ശതമാനം സര്‍വീസ് നികുതി ചുമത്തുന്ന കാര്യം ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഒരര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ കുറ്റപത്രം തന്നെയാണ്.

പാമോലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന പി ജെ തോമസ് ഐ എ എസിനെ കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണറായി നിയോഗിച്ചപ്പോള്‍ സുപിംകോടതിയുടെ നിശിതവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നുവെന്നതും ശാഠ്യം പിടിച്ചുനിന്ന കേന്ദ്രസര്‍ക്കാരിനും പി ജെ തോമസിനും ഒടുവില്‍ കീഴടങ്ങേണ്ടിവന്നുവെന്നതും ഇത്തരുണത്തില്‍ ഓര്‍മിക്കേണ്ടതാണ്.

1990 കളില്‍ കെ കരുണാകരനെതിരെ പാമോലിന്‍ കേസ് ആയുധമാക്കിയ ഉമ്മന്‍ചാണ്ടി 2005 ല്‍ മുഖ്യമന്ത്രിയായി വന്നപ്പോള്‍ പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതും ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നുണ്ട്. വൈകിയാണെങ്കിലും തനിക്ക് അപായമുണ്ടാകുമെന്ന തിരിച്ചറിവുണ്ടായതാണോ ഈ തീരുമാനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

വീണ്ടും അന്വേഷണത്തിന് വിജിലന്‍സിനോട് കോടതി ആവശ്യപ്പെടുമ്പോള്‍ വിജിലന്‍സ് വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി എന്ന വസ്തുത പരമപ്രധാനമാണ്. നേരത്തെ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് റിപ്പോര്‍ട്ട് വന്നതിനുശേഷം പ്രതികൂലമാണെങ്കില്‍ താന്‍ എന്തു ചെയ്യുമെന്ന് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ്. മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് വിജിലന്‍സ് കോടതിയില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ പിന്നീട് ഉമ്മന്‍ചാണ്ടിക്ക് അക്കാര്യത്തില്‍ മറുപടി പറയേണ്ടിവന്നില്ല. പക്ഷേ ഇന്നലത്തെ കോടതി ഉത്തരവിനോട് പ്രതികരിക്കാതിരിക്കുവാനും പാമോലിന്‍ അഴിമതിക്കേസില്‍ നിന്ന് ഒഴിഞ്ഞുമാറാനും ഉമ്മന്‍ചാണ്ടിക്ക് കഴിയുകയില്ല. ഈ ഉത്തരവ് ഏറ്റവുമുധികം സന്തോഷിപ്പിക്കുന്നത് രമേശ് ചെന്നിത്തലയെയും കൂട്ടരെയുമായിരിക്കും എന്നത് തീര്‍ച്ച. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ രോഷം പ്രതിഫലിക്കുന്ന മുഖവുമായി നിന്ന രമേശ് ചെന്നിത്തലയെയല്ല ഇന്നലെ പത്രപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കണ്ടത്. അതിഗൂഢമായ ഒരാനന്ദവും പ്രത്യാശയും ചെന്നിത്തലയുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

വി പി ഉണ്ണികൃഷ്ണന്‍ janayugom 090811

1 comment:

  1. പാമോലിന്‍ അഴിമതി ആക്ഷേപം കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല, കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. 1991 നവംബറില്‍ നടന്ന പാമോലിന്‍ ഇറക്കുമതിയില്‍ ഗുരുതരമായ ക്രമക്കേടും ഭീമമായ അഴിമതിയും നടന്നിട്ടുണ്ടെന്ന് 1993 ല്‍ സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തിനുള്ള ആയുധമായി അതിനെ ആദ്യം എടുത്തുപയോഗിച്ചത് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തിയത് സംസ്ഥാന താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനായിരുന്നുവെങ്കില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും എ കെ ആന്റണിയുടെ മൗനാനുവാദത്തോടെ സി എ ജി റിപ്പോര്‍ട്ടിനെ ആയുധമാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അടുക്കള കലാപത്തെ ശക്തിപ്പെടുത്തുന്നതിനായിരുന്നു.

    ReplyDelete