Monday, August 8, 2011

ലോക്പാല്‍ ബില്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത്: പ്രശാന്ത് ഭൂഷണ്‍

കേന്ദ്രസര്‍ക്കാര്‍ പൊളിച്ചെഴുതിയ ലോക്പാല്‍ ബില്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതും അഴിമതിക്കാരെ സംരക്ഷിക്കുന്നതുമാണെന്ന് സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ എന്‍ നരേന്ദ്രന്റെ അനുസ്മരണദിനത്തോടനുബന്ധിച്ച് 'അഴിമതി വിരുദ്ധപോരാട്ടത്തില്‍ പൗരസമൂഹത്തിന്റെ പങ്ക്' എന്ന വിഷയത്തില്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

അഴിമതി തടയുന്നതിനല്ല, അഴിമതിയെ സംരക്ഷിക്കുന്ന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് പരാതിക്കാരന് കൂടുതല്‍ ശിക്ഷയും അഴിമതിക്കാരന് കുറവ് ശിക്ഷയുമായിരിക്കും ലഭിക്കുക. പരാതിയില്‍ കഴമ്പില്ലെന്ന് തെളിഞ്ഞാല്‍ പരാതിക്കാരന് രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ വ്യവസ്ഥയുള്ളപ്പോള്‍ കുറ്റം തെളിഞ്ഞാല്‍ അഴിമതിക്കാരന് ആറുമാസം തടവ് മാത്രമാണ് ലഭിക്കുക. സമിതിക്ക് ലഭിക്കുന്ന പരാതിയിന്‍മേല്‍ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ തെളിവുകള്‍ നശിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പഴുതുകള്‍ ബില്ലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടപ്പാക്കിയ നവ ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ ഭീമാകാരമായ അഴിമതികള്‍ക്ക് വഴിതുറന്നിട്ടിരിക്കുകയാണ്. 64 കോടി രൂപയുടെ ബൊഫേഴ്‌സ് അഴിമതിയില്‍ നിന്ന് ലക്ഷം കോടി രൂപയിലേക്ക് അഴിമതിയുടെ വ്യാപ്തി വര്‍ധിച്ചിരിക്കുന്നു. സോഷ്യലിസത്തെ തകര്‍ത്ത് നവ ഉദാരീകരണ നയങ്ങള്‍ നടപ്പാക്കി 10 വര്‍ഷത്തിനകം തന്നെ ലോകത്തെ ഏറ്റവും വലിയ അഴിമതി രാജ്യമായി റഷ്യ മാറി. ഇന്ത്യയും ഇതേ പാതയിലൂടെയാണ് നീങ്ങുന്നത്. പ്രധാനമന്ത്രി, പ്രസിഡന്റ് തുടങ്ങിയ ഭരണകേന്ദ്രങ്ങളെ മറികടന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന അധികാരകേന്ദ്രങ്ങള്‍ രൂപപ്പെട്ടുവരുന്നു. പെട്രോള്‍, പ്രകൃതിവാതകം, ധാതുക്കള്‍, ഭൂമി, വനം, ജലം തുടങ്ങിയവ എല്ലാം സ്വകാര്യ മേഖലയ്ക്ക് നല്‍കികൊണ്ടാണ് ഇന്ത്യ നവ ഉദാരവല്‍ക്കരണ പാതയിലേക്ക് നീങ്ങിത്തുടങ്ങിയത്. ഇതു കൂടാതെ വൈദ്യുതി, ജല വിതരണം, തുടങ്ങിയ മേഖലകളും സ്വകാര്യവല്‍ക്കരിക്കുകയാണ്. ടെലികോം മേഖല ഉള്‍പ്പെടെയുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാരിന്റെ പങ്കാളിത്തം നാമമാത്രമായിക്കഴിഞ്ഞു. ഇവയെല്ലാം വന്‍ അഴിമതിക്കാണ് വഴിയൊരുക്കിയത്. റിലയന്‍സിന് കൊടുത്ത ഗോദാവരി ബേസിനിലെ പ്രകൃതിവാതക ശേഖരം, ഡല്‍ഹിയിലെ വൈദ്യുതിവിതരണാവകാശം ടാറ്റയുടെയും റിലയന്‍സിന്റെയും കൈകകളിലെത്തിച്ചത്, നോയിഡയെയും ആഗ്രയെയും ബന്ധിപ്പിക്കുന്ന താജ് എക്‌സപ്രസ് പദ്ധതി, കര്‍ണാടകയിലെ ഖനനം എന്നിവയെല്ലാം വ്യക്തമാക്കുന്നത് കോടികളുടെ അഴിമതിയാണ്. പൊതു സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി ഏതുവിധേന ലാഭം കൊയ്യാം എന്നതിന്റെ ഉദാഹരണങ്ങളാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കികൊടുക്കുന്നതിനായി കൃഷി ഭൂമി ഏറ്റെടുക്കുന്നു. ഇതിനെ പ്രതിരോധിക്കുന്ന കര്‍ഷകരെ തല്ലി ഒതുക്കി മാവോയിസത്തിലേക്ക് തള്ളിവടുന്നു. പൊതുജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടേണ്ട കോടികളാണ് ഇത്തരത്തില്‍ കുത്തകകളുടെ കൈകളിലെത്തുന്നത്. പൊതുജനങ്ങള്‍ക്കെതിരായ തീരുമാനങ്ങള്‍ക്കും നയരൂപീകരണത്തിനും ജനപ്രതിനിധികള്‍ തന്നെ പിന്തുണയ്ക്കുന്നതോടെ ജനാധിപത്യത്തിന് അതിന്റെ യഥാര്‍ഥ അര്‍ഥം നഷ്ടമായിരിക്കുന്നു. ഏതു തരത്തിലുള്ള ജനവവാധിപത്യമാണ് രാജ്യത്ത് വേണ്ടതെന്നത് സംബന്ധിച്ച് ചിന്തിക്കേണ്ട സമയാണിത്. ജനങ്ങളെ ബാധിക്കുന്ന നയരൂപീകരണത്തിലും തീരുമാനങ്ങളിലും അവര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തണം. ജനഹിതപരിശോധനയിലൂടെ വേണം ഇത്തരം നയരൂപീകരണം നടത്തേണ്ടത്. ഇതിനാവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതി ചെയ്യണം.

അഴിമതി വിരുദ്ധ ഏജന്‍സികളായ സി ബി ഐയെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണപരിധിയില്‍ നിന്നൊഴിവാക്കി ലോക്പാല്‍ സമിതിക്ക് കീഴില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ രൂപം നല്‍കിയ ലോക്പാല്‍ സമിതിയില്‍ ആകെയുള്ള ഒന്‍പതംഗങ്ങളില്‍ അഞ്ചുപേരെയും നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. എന്നാല്‍ വിദഗ്ധസമിതി തയ്യാറാക്കിയ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം  അംഗങ്ങളെ നിശ്ചയിക്കുന്നത് സുതാര്യമായിട്ടാണ്. പ്രധാനമന്ത്രിയെ കൂടി ഈ നിയമത്തിന് കീഴില്‍ വന്നാല്‍ ലോക്പാല്‍ സമിതി സൂപ്പര്‍ ഗവണ്‍മെന്റ് ആയിതീരുമെന്നുള്ളത് തെറ്റായപ്രചരണമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മനോജ് പുതിയവിള, എന്‍ മാധവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

janayugom 080811

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ പൊളിച്ചെഴുതിയ ലോക്പാല്‍ ബില്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതും അഴിമതിക്കാരെ സംരക്ഷിക്കുന്നതുമാണെന്ന് സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ എന്‍ നരേന്ദ്രന്റെ അനുസ്മരണദിനത്തോടനുബന്ധിച്ച് 'അഴിമതി വിരുദ്ധപോരാട്ടത്തില്‍ പൗരസമൂഹത്തിന്റെ പങ്ക്' എന്ന വിഷയത്തില്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

    ReplyDelete