Monday, August 8, 2011

ശ്രീ ചിത്തിര വന്നില്ലെങ്കിലെന്താ നമുക്ക് കിട്ടണം കമീഷന്‍

"ശ്രീചിത്തിര എന്ന് കേള്‍ക്കുമ്പോള്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍" എന്ന് ഇനി പാടാം. പുതിയകാലത്തെ കവികള്‍ അങ്ങനെ എഴുതിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ട. ഉപ്പില്ലാതെ എന്ത് കറി? വയനാട്ടില്‍ ഭൂമിയെന്നു പറയുമ്പോള്‍ അതിനൊപ്പം റിയല്‍ എസ്റ്റേറ്റ് എന്നുകൂടി ചേര്‍ത്തെഴുതണം. ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ വയനാട്ടില്‍ വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന താല്‍പര്യമല്ല ചിലയാളുകള്‍ക്ക് എന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

പുതിയ പദ്ധതിയെന്നു കേള്‍ക്കുമ്പോഴേ ചിലര്‍ക്കു രക്തം ചൂടാവും. ഏത് സ്ഥലം എന്ന് സര്‍ക്കാര്‍ കണ്ടെത്തുന്നതിനുമുമ്പുതന്നെ അനുയോജ്യമായ ഭൂമി അവര്‍ കണ്ടെത്തും. പദ്ധതി വന്നുകിട്ടിയാല്‍ മതിയെന്ന താല്‍പര്യമാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" എന്നാണല്ലോ. എങ്ങനെയെങ്കിലും ഭൂമി കച്ചോടാകണം. അതില്‍ കുറച്ചു അണ മറിഞ്ഞുകിട്ടും. പദ്ധതി വന്നാല്‍ അതിന്റെ ചുറ്റുവട്ടത്തുള്ളവര്‍ക്കുമുണ്ടാകുമല്ലോ ഗുണം. അവര്‍ക്കും ഭൂമിയുണ്ട്. അപ്പോള്‍ അതിനും വില ഉയരും. അവരില്‍നിന്നും കമീഷനാകാം. ശ്രീചിത്തിര കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ "ഉത്തരവാദപ്പെട്ടവര്‍" പറഞ്ഞത് 200 ഏക്കര്‍ വേണമെന്നാണ്. ഭൂമിക്ക് അന്വേഷണമായി. ഒന്നും ഇഷ്ടപ്പെട്ടില്ല. ചാനല്‍ ചര്‍ച്ചകളില്‍നിന്ന് നേരിട്ട് ജയിച്ചുകയറിയവര്‍ പറഞ്ഞു- "എല്‍ഡിഎഫ് സര്‍ക്കാര്‍ വയനാട്ടുകാരെ ചതിച്ചു. ഇവര്‍ ഒന്നും ചെയ്യില്ല."

മെയ് മാസം കഴിഞ്ഞു. ഭരണം മാറി. ഇപ്പോള്‍ കേള്‍ക്കുന്നത് 200 ഏക്കര്‍ വേണ്ട, 50 മതിയെന്നാണ്. ഈ വാര്‍ത്ത വായിച്ച സാധാരണക്കാരായവര്‍ ചോദിക്കുന്നത് "ഇതുനേരത്തെ പറഞ്ഞാപ്പോരായിരുന്നോ" എന്നാണ്. പദ്ധതി വൈകിപ്പിച്ചത് ആര് എന്ന് ഇപ്പോള്‍ വ്യക്തമാകുകയാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗ്ലന്‍ ലെവല്‍ എസ്റ്റേറ്റിലായിരിക്കും ശ്രീചിത്തിരയെന്നാണ് കേള്‍വി. ഇത് ഏറ്റെടുപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനുമാത്രമായി മൂന്നുകോടിയാണത്രെ "ഓഫര്‍". ഇതില്‍ രണ്ടുകോടി ജനനേതാക്കള്‍ക്കും ഒരു കോടി ഉദ്യോഗസ്ഥര്‍ക്കുമാണെന്നാണ് കേള്‍ക്കുന്നത്. പദ്ധതി വന്നാലെന്ത്? വന്നില്ലെങ്കിലെന്ത്? നമുക്കും കിട്ടണം കമീഷന്‍ . പാവം ജനം പെരുവഴിയില്‍ .

*
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെന്താ എക്സൈസില്‍ കാര്യം? ചോദ്യം ബത്തേരിയിലാണെങ്കില്‍ കാര്യമുണ്ട് എന്നാണ് മറുപടി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ്സ് ഓടിക്കേണ്ടേ എന്നൊന്നും ചോദിക്കേണ്ട. സ്ഥലം മാറ്റം, റെയ്ഡ് എന്നിത്യാദികാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഇപ്പോള്‍ ഈ ഡ്രൈവറാണെന്നാണ് വെപ്പ്. ബസ്സ് ഡ്രൈവറെ സാറേന്ന് "സാര്‍" വിളിക്കുന്നിടത്തെത്തി കാര്യത്തിന്റെ കിടപ്പ്. എവിടെയാണ് വ്യാജമദ്യം നിര്‍മാണം? ഏതാണ് വീട്? എങ്ങനെ എത്തണം? എന്നെല്ലാം ഈ ഡ്രൈവര്‍ പറഞ്ഞുതരും. എകസ്സൈസ് ജീപ്പിന്റെ മുന്‍ സീറ്റില്‍ കയറിയിരുന്ന് ഇയാള്‍ ആജ്ഞാപിക്കും. പാവം ജീപ്പ് ഡ്രൈവര്‍ക്ക് വണ്ടി അങ്ങോട്ട് വിടുകയേ മാര്‍ഗമുള്ളു. സാറമ്മാര്‍ ജീപ്പിന്റെ പുറകില്‍ കേറണം. ചൂണ്ടിക്കാട്ടുന്ന വീടുകളില്‍ കയറുന്ന ഗാര്‍ഡുമാരുടേതാണ്. വ്യാജവാറ്റ് എന്ന് കേട്ടിട്ടില്ലാത്ത വീടുകളില്‍വരെ ഈ ഏമാന്‍ കയറുന്നുവെന്ന ആക്ഷേപം ശക്തമാണ്.

ശ്രീചിത്തിര: സ്ഥലമെടുപ്പിന് മൂന്ന് കോടി കമീഷന്‍

മാനന്തവാടി: ജില്ലയാകെ കാത്തിരിക്കുന്ന ശ്രീചിത്തിര മെഡിക്കല്‍ സെന്ററിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന് ആക്ഷേപം. ശ്രീചിത്ര വിദഗ്ധസംഘം ജില്ലയില്‍ റവന്യൂ അധികൃതര്‍ കാണിച്ചുകൊടുത്ത നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെങ്കിലും മൂന്ന് സ്ഥലങ്ങളാണ് അനുയോജ്യമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇതില്‍ തന്നെ തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗ്ലന്‍ലെവല്‍ എസ്റ്റേറ്റ് ഏറ്റെടുപ്പിക്കുന്നതിനാണ് നീക്കം. ഈ ഇടപാടില്‍ മൂന്ന് കോടി "കമീഷന്‍"ആയി മറയുന്നുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. രണ്ട് പ്രധാന ജനപ്രതിനിധികളാണ് ഈ സ്ഥലം ഏറ്റെടുക്കുന്നതിന് പിന്നിലുള്ളത്. ഒരു ജനപ്രതിനിധിയുടെ വലംകയ്യായി അറിയപ്പെടുന്ന ജില്ലയിലെ പ്രമുഖ ഭരണകക്ഷി നേതാവിനും ഒരു വിഹിതം നല്‍കാന്‍ ധാരണയായിട്ടുണ്ടത്രെ. മൂന്ന് കോടി രൂപയാണ് എഴുപത്തിയഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുനനതിന്റെ മറവില്‍ വീതംവെച്ചെടുക്കുന്നത് എന്നാണ് ആക്ഷേപം. ഇതില്‍ രണ്ട് കോടി രാഷ്ട്രീയ നേതൃത്വത്തിനാണ്.

എല്‍ഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ സെന്ററിന് 200 ഏക്കര്‍ സ്ഥലം വേണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് സ്ഥലം കണ്ടെത്താന്‍ ജില്ലാ അധികൃതര്‍ തിരക്കിട്ട ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് യുഡിഎഫ്അധികാരത്തില്‍വന്നതോടെ അമ്പത് ഏക്കര്‍ മതിയെന്നായി. സ്ഥലത്തിന്റെ ആവശ്യകതയില്‍ പെട്ടന്നുണ്ടായ കുറവ് സംശയമുണ്ടാക്കിയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നല്‍കിയ പ്രധാന വാഗ്ദാനമായിരുന്നു ശ്രീചിത്തിരമെഡിക്കല്‍ സെന്റര്‍ . എല്‍ഡിഎഫ് ഭരണകാലത്ത് പ്രാവര്‍ത്തികമാക്കാതിരിക്കാന്‍ സ്ഥലം കൂടുതല്‍ ആവശ്യപ്പെട്ടും അനാവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചും മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കുന്നത് അനന്തമായി നീട്ടി. ജില്ലയില്‍ ഉന്നത ചികിത്സാകേന്ദ്രം വരുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നതാണ്. അതിന്റെ പിന്നില്‍ നടക്കുന്ന അഴിമതിയാവട്ടെ എല്ലാവരെയും ഞെട്ടിക്കുന്നതും. സ്ഥലപരിശോധനക്കെത്തിയ സംഘത്തെ നയിച്ചവര്‍ ഉള്‍പ്പെടെയാണ് റിയല്‍ എസ്റേറ്റ് മാഫിയയായി പണം തട്ടിയെടുക്കാന്‍ പരക്കംപായുന്നത്.

ശ്രീചിത്തിരി മെഡിക്കല്‍ സെന്ററിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടലും ചീറ്റലും ആരംഭിച്ചിട്ടുണ്ട്. ഐ വിഭാഗമാണ് സ്ഥലമെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഗ്ലന്‍ലെവല്‍ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന മാനന്തവാടി മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി പി കെ ജയലക്ഷ്മിപോലും അറിയാതെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. മൂന്ന് കോടി രൂപയില്‍ രണ്ട് കോടിയും വീതംവെച്ചത് ഒരു പ്രത്യേക സമുദായത്തില്‍പ്പെടുന്ന ഐ ഗ്രൂപ്പ് നേതാക്കളാണെന്നും തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. റവന്യുഭൂമിയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമികള്‍ നിര്‍ദേശിക്കുന്നതിന് പകരം സ്വകാര്യ തോട്ടം നിര്‍ദേശിച്ചതിന് പിന്നില്‍ അഴിമതി നടത്താനുള്ള പഴുതുകള്‍ വ്യക്തമാണ്. പ്രവര്‍ത്തനരഹിതമായ നിരവധി തോട്ടങ്ങളും ജില്ലയിലുണ്ട്. ഇവ പരിഗണിക്കാന്‍ റവന്യവകുപ്പിന്റെ ഉന്നതരടക്കം തയ്യാറായിട്ടില്ല. റവന്യുഭൂമിയും സര്‍ക്കാര്‍ ഭൂമിയും മാത്രമെ ഈ പദ്ധതിക്ക് പരിഗണിക്കാവു എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നിലവിലുണ്ട്. ഈ നിര്‍ദേശം മറികടന്നാണ് തവിഞ്ഞാലിലെ സ്വകാര്യ ചായതോട്ടം ഏറ്റെടുക്കാന്‍ തിരക്കിട്ട ശ്രമം നടക്കുന്നതും.

എല്‍ഡിഎഫ് ഭരണകാലത്തും തവിഞ്ഞാലിലെ ഭൂമി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ നൂറ് ഏക്കര്‍ ഇല്ലെന്ന കാരണത്താലാണ് അന്ന് പരിഗണിക്കാതിരുന്നത്. ഭരണം മാറിയപ്പോള്‍ ഇതേ ഭൂമി പരിഗണിക്കാന്‍ തയ്യാറായതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യമാണെന്നാണ് ആക്ഷേപം. ഇവര്‍ക്കാവട്ടെ മെഡിക്കല്‍ കോളേജും മെഡിക്കല്‍ സെന്ററും സ്ഥാപിക്കുന്നതിനെക്കാള്‍ നേട്ടം സ്ഥലകച്ചവടത്തിന്റെ പങ്ക് പറ്റുന്നതിനാണ്. മൂന്ന്കോടി രൂപ "ഇടപാടിനുള്ള പ്രതിഫലം" നല്‍കുന്നതിനായി മാറ്റിവെച്ചുവെന്നാണറിയുന്നത്.
(പി ടി സുരേഷ്)

deshabhimani 070811

1 comment:

  1. മെയ് മാസം കഴിഞ്ഞു. ഭരണം മാറി. ഇപ്പോള്‍ കേള്‍ക്കുന്നത് 200 ഏക്കര്‍ വേണ്ട, 50 മതിയെന്നാണ്. ഈ വാര്‍ത്ത വായിച്ച സാധാരണക്കാരായവര്‍ ചോദിക്കുന്നത് "ഇതുനേരത്തെ പറഞ്ഞാപ്പോരായിരുന്നോ" എന്നാണ്. പദ്ധതി വൈകിപ്പിച്ചത് ആര് എന്ന് ഇപ്പോള്‍ വ്യക്തമാകുകയാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗ്ലന്‍ ലെവല്‍ എസ്റ്റേറ്റിലായിരിക്കും ശ്രീചിത്തിരയെന്നാണ് കേള്‍വി. ഇത് ഏറ്റെടുപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനുമാത്രമായി മൂന്നുകോടിയാണത്രെ "ഓഫര്‍". ഇതില്‍ രണ്ടുകോടി ജനനേതാക്കള്‍ക്കും ഒരു കോടി ഉദ്യോഗസ്ഥര്‍ക്കുമാണെന്നാണ് കേള്‍ക്കുന്നത്. പദ്ധതി വന്നാലെന്ത്? വന്നില്ലെങ്കിലെന്ത്? നമുക്കും കിട്ടണം കമീഷന്‍ . പാവം ജനം പെരുവഴിയില്‍ .

    ReplyDelete