Monday, August 8, 2011

അഴിമതി ആരോപണ വിധേയന്‍ കാലിക്കറ്റില്‍ വൈസ് ചാന്‍സലറായേക്കും

കോഴിക്കോട്: കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിന് മുസ്‌ലിം ലീഗില്‍ വീണ്ടും വഴിവിട്ട നീക്കം. അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെയാണ് ലീഗ് നേതൃത്വം ഏറ്റവും ഒടുവിലായി വൈസ്ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. തലശ്ശേരി പാനൂര്‍ കല്ലിക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗ് മേല്‍നോട്ടത്തിലുള്ള എന്‍ എ മമ്മുഹാജി മെമ്മോറിയല്‍ കോളജ് പ്രിന്‍സിപ്പല്‍ പുതൂര്‍ മുസ്തഫയെ വി സിയായി നിയമിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ  നീക്കം. യോഗ്യരായ ഒട്ടേറെപ്പേര്‍ ഉണ്ടായിരിക്കെ ഏഴ് വര്‍ഷംമുമ്പ് അഴിമതിക്കുറ്റത്തിന് മുസ്‌ലിംലീഗില്‍ നിന്നും പുറത്താക്കിയ വ്യക്തിയെ പാര്‍ട്ടിതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് ലീഗിനുള്ളില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നേരത്തേ വൈസ്ചാന്‍സലര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച ഡോ. അബ്ദുള്‍ ഹമീദിനെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഒഴിവാക്കാന്‍ ലീഗ് നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ മുസ്‌ലിംലീഗ് നേതൃത്വത്തില്‍ പുതുതായി രൂപംകൊണ്ട സോളിഡാരിറ്റി എന്ന സംഘടനയുടേയും മുസ്‌ലിംലീഗിന്റെ കോളജ് അധ്യാപക സംഘടനയായ സി സി ഡി എഫിന്റേയും പിന്‍ബലത്തിലാണ് പുതിയ വൈസ്ചാന്‍സലര്‍ നിര്‍ദേശവുമായി ലീഗ് നേതൃത്വം മുന്നോട്ട് പോകുന്നത്.  ലീഗ് തയ്യാറാക്കിയ മൂന്നംഗം പാനലില്‍ പ്രഥമ സ്ഥാനം മുസ്തഫയ്ക്കാണ്. ഫറോക്ക് കോളജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ച ഡോ. മുബാറക് പാഷ, യൂണിവേഴ്‌സിറ്റി റജിസ്ട്രാറായി പ്രവര്‍ത്തിക്കുന്ന പി പി മുഹമ്മദ് എന്നിവരാണ് പാനലില്‍ രണ്ട്,  മൂന്ന് സ്ഥാനങ്ങളിലായുള്ളത്. മുസ്‌ലിംലീഗിന്റെ താല്പര്യ സംരക്ഷണത്തിന്  അനുയോജ്യന്‍ എന്ന പരിഗണനയിലാണ് താരതമ്യേന വളരെ ജൂനിയറായ മുസ്തഫയ്ക്ക് പ്രഥമ പരിഗണന ലഭിച്ചിരിക്കുന്നത്.

കേരള സര്‍വകലാശാല ഭരണത്തില്‍ സി പി എമ്മിനാണ് മേല്‍ക്കൈ എന്നും അതുപോലെ കോഴിക്കോട് സര്‍വകലാശാലാ ഭരണം ഏതുവിധേനയും ലീഗിന്റെ കീഴില്‍ കൊണ്ടുവരണമെന്നും ലീഗ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന ചര്‍ച്ചയാണ് നേതൃത്വത്തെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതത്രെ. നാല് വര്‍ഷത്തോളമായി എന്‍ എ മമ്മുഹാജി മെമ്മോറിയല്‍ കോളജ് പ്രിന്‍സിപ്പലായി ജോലി നോക്കുന്ന മുസ്തഫ ലീഗ് നേതൃത്വത്തില്‍ പലരുടേയും ആജ്ഞാനുവര്‍ത്തിയാണെന്ന്  പരാതിയുണ്ട്. കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് ഇ ടി മുഹമ്മദ് ബഷീര്‍ മന്ത്രിയായിരുന്നപ്പോള്‍ ബി എഡിന് സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് 50,000 രൂപ കൈപ്പറ്റിയെന്ന പാരാതിയില്‍ മുസ്‌ലിംലീഗ് നേതൃത്വം ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

തുക മന്ത്രിക്ക് നല്‍കാനാണെന്ന് പറഞ്ഞാണത്രേ ഇദ്ദേഹം കൈപ്പറ്റിയത്. പരാതി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് പ്രശ്‌നം സംബന്ധിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് മുസ്തഫ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
 (പി പി അനില്‍കുമാര്‍)

janayugom 080811

1 comment:

  1. കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിന് മുസ്‌ലിം ലീഗില്‍ വീണ്ടും വഴിവിട്ട നീക്കം. അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെയാണ് ലീഗ് നേതൃത്വം ഏറ്റവും ഒടുവിലായി വൈസ്ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. തലശ്ശേരി പാനൂര്‍ കല്ലിക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗ് മേല്‍നോട്ടത്തിലുള്ള എന്‍ എ മമ്മുഹാജി മെമ്മോറിയല്‍ കോളജ് പ്രിന്‍സിപ്പല്‍ പുതൂര്‍ മുസ്തഫയെ വി സിയായി നിയമിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം. യോഗ്യരായ ഒട്ടേറെപ്പേര്‍ ഉണ്ടായിരിക്കെ ഏഴ് വര്‍ഷംമുമ്പ് അഴിമതിക്കുറ്റത്തിന് മുസ്‌ലിംലീഗില്‍ നിന്നും പുറത്താക്കിയ വ്യക്തിയെ പാര്‍ട്ടിതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് ലീഗിനുള്ളില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

    ReplyDelete