Saturday, August 13, 2011

ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വാദം വിവരക്കേട്: മുസ്തഫ

കൊച്ചി: പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നു പറയുന്നത് വിവരമില്ലായ്മയാണെന്ന് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ പറഞ്ഞു. ഭക്ഷ്യമന്ത്രിയായിരുന്ന തനിക്കും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ഇടപാടില്‍ ഒരേ പങ്കാണുള്ളത്. താന്‍ ഒപ്പിട്ടതിന്റെ അടിയില്‍ ഒപ്പിടലാണോ ധനമന്ത്രിയുടെ പണിയെന്ന് ഇന്ത്യാവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുസ്തഫ ചോദിച്ചു. ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയത്തിനിടയില്ലാത്ത വിധം ഉറപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മുസ്തഫ നടത്തിയത്. ഭക്ഷ്യമന്ത്രിയേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ധനമന്ത്രിക്കാണെന്നും ഇടപാടില്‍ പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ധനമന്ത്രിയാണ് ഉത്തരം പറയേണ്ടതെന്നും മുസ്തഫ പറഞ്ഞു.

വിവാദ ഇടപാടിനെക്കുറിച്ച് തുടക്കത്തിലേ സംശയമുണ്ടായിരുന്നെന്ന് മുസ്തഫ പറഞ്ഞു. 15 ശതമാനം കമീഷനില്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദത്തിനായി ചീഫ് സെക്രട്ടറിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡിയും തനിക്ക് ഫയല്‍ അയച്ചു. സംശയം കാരണം ഒപ്പിടാതെ ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാനുള്ള തന്റെ കുറിപ്പിനടിയില്‍ ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയും ഒപ്പിട്ടാണ് അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി പരിഗണിച്ചത്. ഇറക്കുമതിയില്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തീരുമാനം മന്ത്രിസഭക്കു വിട്ടത്. ഉത്സവകാലത്ത് ഭക്ഷ്യഎണ്ണയ്ക്ക് വന്‍ ദൗര്‍ലഭ്യമുണ്ടാകുമെന്നു പറഞ്ഞാണ് ഇറക്കുമതി തിടുക്കത്തിലാക്കിയത്. മറ്റു കാര്യം മുഴുവന്‍ ചീഫ് സെക്രട്ടറിതലത്തിലാണ് നടന്നത്. അതുകൊണ്ട് തന്നെമാത്രമായി കേസില്‍ പ്രതിയാക്കാനാവില്ല. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്തമേ തനിക്കുമുള്ളൂ. ഒരര്‍ഥത്തില്‍ മന്ത്രിസഭയിലെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. നിയമപരമായി എല്ലാവരെയും പ്രതികളാക്കാന്‍ കഴിയുമോ എന്നറിയില്ല. എന്നാല്‍ , സാക്ഷികളെങ്കിലുമാക്കണം.

ഇടപാടില്‍ സംശയമുണ്ടായിരുന്നിട്ടും ഫയലുകള്‍ പരിശോധിക്കാതെ താന്‍ മണ്ടനായി അഭിനയിക്കുകയായിരുന്നു. അപ്പോള്‍ മണ്ടനായിരിക്കുന്നതാണ് നല്ലതെന്നു തോന്നി. കാരണം നല്ലതില്‍ തൊട്ടാലും ചീത്തയില്‍ തൊട്ടാലും അപകടത്തില്‍ ചാടും. അതിനേക്കാള്‍ നല്ലത് താന്‍ മണ്ടനാണെന്ന് മറ്റുള്ളവര്‍ വിചാരിക്കുന്നതാണ്. ഉദ്യോഗസ്ഥരൊക്കെ അങ്ങനെ കരുതിക്കോട്ടെ. ദൈവം അങ്ങനെ തോന്നിച്ചത് എത്ര നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. ഫയല്‍ ധനവകുപ്പില്‍ എത്താതിരുന്നതിന് താന്‍ ഉത്തരവാദിയല്ല. അത് തന്റെ ജോലിയല്ല. കിട്ടിയില്ലെങ്കില്‍ അവരാണ് അന്വേഷിക്കേണ്ടത്. പാമൊലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാകരനും ചീഫ് സെക്രട്ടറി പത്മകുമാറും പ്രതിയാകുന്ന സാഹചര്യത്തില്‍ തന്നെയും ബലിയാടാക്കി. ഗ്രൂപ്പിസത്തിന്റെ ഭാഗമായിരുന്നു അതൊക്കെ. തുടരന്വേഷണ ഉത്തരവ് ഉമ്മന്‍ചാണ്ടിക്കെതിരായ കുറ്റപത്രം പോലെയാണ്. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമില്ല. അന്വേഷണത്തെ തള്ളുകയോ, സ്വീകരിക്കുകയോ അല്ലാതെ കുറ്റപത്രത്തിനു സമാനമായ ഉത്തരവിറക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും മുസ്തഫ അഭിമുഖത്തില്‍ പറഞ്ഞു.

പാമൊലിന്‍ : എജിയുടെ ഉപദേശം തേടിയത് ഭരണഘടനാലംഘനം: ടി പി കേളുനമ്പ്യാര്‍

കൊച്ചി: പാമൊലിന്‍ കേസ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത് ഭരണഘടനാലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിനെ സംബന്ധിക്കുന്ന യാതൊന്നും പാമൊലിന്‍ കേസില്‍ ഇല്ലെന്നിരിക്കെ എജിയോട് നിയമോപദേശം തേടിയതിനെ ന്യായീകരിക്കാനാവില്ല. മുഖ്യമന്ത്രിയെയല്ല, ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയെ സംബന്ധിക്കുന്നതാണ് പാമൊലിന്‍ കേസ്. ഇതിന് എജിയുടെ സേവനം നിയമപ്രകാരം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.

സര്‍ക്കാര്‍ നിയമോപദേശം തേടുമ്പോള്‍ അത് നല്‍കുകയും ഭരണഘടനപ്രകാരമുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റുകയുമാണ് അഡ്വക്കറ്റ് ജനറലിന്റെ ചുമതല. ഇക്കാര്യം ഭരണഘടനയുടെ 165-ാം ഖണ്ഡിക വ്യക്തമാക്കുന്നുണ്ട്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി നിയമോപദേശം തേടിയപ്പോള്‍ താന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് നിയമോപദേശം നല്‍കാനാണ് നിയമിതനായിട്ടുള്ളതെന്നും മുന്‍ ധനമന്ത്രിക്ക് നിയമോപദേശം നല്‍കാന്‍ ബാധ്യതയില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറല്‍ പറയേണ്ടിയിരുന്നത്.

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട ജഡ്ജിയെ വ്യക്തിപരമായി കുറ്റപ്പെടുത്തിയ ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന കോടതിയലക്ഷ്യമാണ്. വിജിലന്‍സ് കോടതിക്കോ സാധാരണക്കാര്‍ക്കോ ഈ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണ്. ഹൈക്കോടതിക്ക് സ്വമേധയാ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുകയുമാവാം. കോടതിയുടെ അന്തസ്സിന് കോട്ടംതട്ടുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ നിയമനടപടികള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 130811

2 comments:

  1. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നു പറയുന്നത് വിവരമില്ലായ്മയാണെന്ന് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ പറഞ്ഞു. ഭക്ഷ്യമന്ത്രിയായിരുന്ന തനിക്കും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ഇടപാടില്‍ ഒരേ പങ്കാണുള്ളത്. താന്‍ ഒപ്പിട്ടതിന്റെ അടിയില്‍ ഒപ്പിടലാണോ ധനമന്ത്രിയുടെ പണിയെന്ന് ഇന്ത്യാവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുസ്തഫ ചോദിച്ചു. ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയത്തിനിടയില്ലാത്ത വിധം ഉറപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മുസ്തഫ നടത്തിയത്. ഭക്ഷ്യമന്ത്രിയേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ധനമന്ത്രിക്കാണെന്നും ഇടപാടില്‍ പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ധനമന്ത്രിയാണ് ഉത്തരം പറയേണ്ടതെന്നും മുസ്തഫ പറഞ്ഞു.

    ReplyDelete
  2. ഒരു തെളിവുമില്ലാത്തതാണ് പാമോയില്‍ കേസെന്ന് മന്ത്രി കെ എം മാണി. കേസില്‍ അന്നത്തെ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്ന ടി എച്ച് മുസ്തഫയുടെ പ്രസ്താവനയില്‍ ഒരര്‍ഥവുമില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമാണ് കൂട്ടുത്തരവാദിത്തത്തിന്റെ കാര്യം വരുന്നത്. കുറ്റം ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്. കോടതി അന്വേഷണത്തെ ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്തിട്ടുമുണ്ട്. കാത്തലിക് സിറിയന്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കെ എം മാണി.

    ReplyDelete