Sunday, August 7, 2011

പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കണം: സിഐടിയു

ന്യൂഡല്‍ഹി: എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിക്ഷേപിക്കുന്ന വിഹിതം വര്‍ധിപ്പിക്കണമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന പാര്‍ലമെന്റ് സ്ഥിരം സമിതിയുടെ ശുപാശ നടപ്പാക്കണമെന്ന് ഖാര്‍ഗെയ്ക്ക് എഴുതിയ കത്തില്‍ തപന്‍സെന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഹിതം കൂട്ടാതിരിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് തപന്‍സെന്നിന്റെ കത്ത്.

1995ലാണ് പദ്ധതി നിലവില്‍ വന്നത്. പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ 1.16 ശതമാനമാണ് നല്‍കുന്നത്. 16 വര്‍ഷമായിട്ടും ഒരേ തുക. പാര്‍ലമെന്ററി സമിതി ഇത് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് മൊത്തം പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യവും പരിശോധിക്കാമെന്നുമായിരുന്നു. എന്നാല്‍ , പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ പരിഗണിക്കാതെയാണ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് സ്പെഷ്യല്‍ സെക്രട്ടറി ചെയര്‍മാനായ വിദഗ്ധസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പരിഗണിക്കാനിരിക്കുകയാണ്. എന്നാല്‍ , പാര്‍ലമെന്റ് സമിതിയുടെ നിര്‍ദേശത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനു മാത്രമാണെന്നും വിദഗ്ധസമിതിക്കല്ലെന്നും തപന്‍സെന്‍ പറഞ്ഞു. പാര്‍ലമെന്റ് സ്ഥിരം സമിതിയുടെ നിര്‍ദേശം എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസും അംഗീകരിച്ചതാണ്. അതിനാല്‍ , പാര്‍ലമെന്ററി സമിതിനിര്‍ദേശം കേന്ദ്രം ഉടന്‍ നടപ്പാക്കണമെന്ന് തപന്‍സെന്‍ ആവശ്യപ്പെട്ടു.

deshabhimani 070811

1 comment:

  1. എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിക്ഷേപിക്കുന്ന വിഹിതം വര്‍ധിപ്പിക്കണമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടു.

    ReplyDelete