Sunday, August 7, 2011

കൈക്കൂലി ആയാലും നല്‍കിയ ചെക്ക് മടങ്ങുന്നതു കുറ്റകരം

കൊച്ചി: നിയമപരമല്ലാത്ത കാര്യത്തിനു നല്‍കിയ ചെക്ക് മടങ്ങുന്നതും കുറ്റകരമാണെന്ന് ഹൈക്കോടതി. പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിക്കായി വാങ്ങിയ തുകയുടെ ഉറപ്പിലേക്കായി നല്‍കിയ ചെക്ക് മടങ്ങിയത് ശിക്ഷാര്‍ഹമാണെന്ന് ജസ്റ്റിസ് എസ് സതീശ്ചന്ദ്രന്‍ വ്യക്തമാക്കി. തുക നല്‍കിയത് ഉദ്യോഗം ലഭിക്കുന്നതിനുള്ള കൈക്കൂലി ആയതിനാല്‍ ഇത് പൊതുതാല്‍പ്പര്യത്തിനു വിരുദ്ധവും ശിക്ഷാര്‍ഹവുമല്ലെന്ന വാദം തള്ളിയാണ് കോടതിവിധി. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിവിധിയില്‍ വിയോജിപ്പു പ്രകടിപ്പിച്ചാണ് കോടതി വിധി. നിയമവിരുദ്ധമായ കാര്യത്തിനു നല്‍കുന്ന പണമാണെങ്കിലും ഇത് നിയമവിരുദ്ധ കരാര്‍ലംഘനമാണെന്നു പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കീഴ്ക്കോടതികളുടെ വിധി ചോദ്യംചെയ്ത് മുള്ളൂര്‍ക്കര കുളങ്ങരത്തറയില്‍ കെ കെ മുഹമ്മദ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പ്രതിക്ക് 50,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷിച്ച

തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചു. മരുമകള്‍ക്ക് പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി വാഗ്ദാനംനല്‍കി വാങ്ങിയ തുകയുടെ ഉറപ്പിലേക്കു നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലെന്ന കാരണത്താല്‍ മടങ്ങിയതിനെത്തുടര്‍ന്ന് തിരുമറ്റക്കോട് തെക്കോട്ട് വീട്ടില്‍ ശിവശങ്കരന്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.

deshabhimani 070811

1 comment:

  1. നിയമപരമല്ലാത്ത കാര്യത്തിനു നല്‍കിയ ചെക്ക് മടങ്ങുന്നതും കുറ്റകരമാണെന്ന് ഹൈക്കോടതി. പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിക്കായി വാങ്ങിയ തുകയുടെ ഉറപ്പിലേക്കായി നല്‍കിയ ചെക്ക് മടങ്ങിയത് ശിക്ഷാര്‍ഹമാണെന്ന് ജസ്റ്റിസ് എസ് സതീശ്ചന്ദ്രന്‍ വ്യക്തമാക്കി.

    ReplyDelete