Tuesday, August 9, 2011

വധഭീഷണി; യാനിക് നോവയ്ക്ക് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം

പാരിസ്:”വംശീയവാദികളുടെ വധഭീഷണിയെ നേരിടുന്ന ഗായകനും മുന്‍ ടെന്നീസ് താരവുമായ യാനിക് നോവക്ക് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു.
ഫ്രാന്‍സിലെ അര്‍കാഷോന്‍ എന്ന സ്ഥലത്ത് ഒരു സംഗീത പരിപാടിക്കെത്തിയപ്പോഴായിരുന്നു നോവ വധഭീഷണി നേരിട്ടത്. വംശീയതക്കെതിരെ ഉറച്ച നിലപാടുമായി രംഗത്തിറങ്ങിയിട്ടുള്ള നോവക്കെതിരെ ഇത് രണ്ടാം തവണയാണ് വധഭീഷണി ഉയര്‍ന്നത്.

നോവയോട് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിയമത്തിന്റെ പിന്‍ബലത്തോടെയാണ് വംശീയ ഭ്രാന്തന്‍മാര്‍ അഴിഞ്ഞാടുന്നതെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി. വിദേശത്തുനിന്നുമുള്ളവരോട്, പ്രത്യേകിച്ചും കറുച്ച വിഭാഗക്കാരോട് പകയോട് കൂടിയ പ്രവര്‍ത്തനങ്ങളാണ് സമീപകാലത്തുണ്ടായിട്ടുള്ളത്. ഇത് രാജ്യത്ത് നാശവും ദുരിതവും മാത്രമേ ഉണ്ടാക്കുകയുള്ളു. വലതുപക്ഷശക്തികളിടെ ദേശീയ മുന്നണിയാണ് ഇതിനു പിന്നില്‍. യാനിക് നോവയെപ്പോലുള്ള കലാകാരന്‍മാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കുക തന്നെ വേണം. രാജ്യത്തിന്റെ അഭിമാനമാണ് നോവയെന്നും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞു.

ഫ്രാന്‍സിലെ പ്രഗല്‍ഭനായ ടെന്നീസ് താരമായിരുന്നു 51 കാരനായ യാനിക് നോവ. 1983 ല്‍ നിലവിലുള്ള ചാമ്പ്യനായ മാറ്റ്‌സ് വിലാന്ററെ പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതാണ് ഏറ്റവും വലിയ നേട്ടം. 37 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഒരു ഫ്രഞ്ചുകാരന്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. നോവയ്ക്കുശേഷം ഇന്നോളം ഒരു ഫ്രഞ്ചുകാരനും അത് നേടാന്‍ കഴിഞ്ഞിട്ടുമില്ല. കളിമണ്‍ കോര്‍ട്ടുകളിലായിരുന്നു നോവ മികവു കാട്ടിയിരുന്നത്.

ടെന്നീസില്‍ നിന്നും വിരമിച്ചശേഷം നോവ പ്രശസ്ത ഗായകനായി മാറി. ബ്ലാക്ക് ഓര്‍ വൈറ്റ് സംഗീത  ആല്‍ബം പുറത്തിറക്കിക്കൊണ്ട് 1991 ലാണ് നോവ സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്. ആഫ്രിക്കയിലെ പട്ടിണി മാറ്റാന്‍ വേണ്ടിയുള്ള സംഗീത പരിപാടികള്‍ നടത്തിയിട്ടുള്ള നോവ, ഇപ്പോള്‍ ഫ്രാന്‍സില്‍ വലതുപക്ഷ ശക്തികളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന വംശീയ വിദ്വേഷപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ടുപോകുകയാണ്.

janayugom 090811

1 comment:

  1. വംശീയവാദികളുടെ വധഭീഷണിയെ നേരിടുന്ന ഗായകനും മുന്‍ ടെന്നീസ് താരവുമായ യാനിക് നോവക്ക് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു.
    ഫ്രാന്‍സിലെ അര്‍കാഷോന്‍ എന്ന സ്ഥലത്ത് ഒരു സംഗീത പരിപാടിക്കെത്തിയപ്പോഴായിരുന്നു നോവ വധഭീഷണി നേരിട്ടത്. വംശീയതക്കെതിരെ ഉറച്ച നിലപാടുമായി രംഗത്തിറങ്ങിയിട്ടുള്ള നോവക്കെതിരെ ഇത് രണ്ടാം തവണയാണ് വധഭീഷണി ഉയര്‍ന്നത്.

    ReplyDelete