Saturday, August 13, 2011

സിവില്‍ സപ്ലൈസിലെ വിലപേശല്‍ : ദൃശ്യങ്ങള്‍ പുറത്തായി

ഇടുക്കി: ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പില്‍ സ്ഥലംമാറ്റത്തിന്റെയും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹോള്‍സെയില്‍ -റീട്ടെയില്‍ റേഷന്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിന്റെയും മറവില്‍ വന്‍ അഴിമതി. കേരള കോണ്‍ഗ്രസ് നേതാവും വകുപ്പുമന്ത്രിയുമായ ടി എം ജേക്കബിന്റെ അനുയായികളാണ് അഴിമതിക്കായി വിലപേശുന്നത്. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ കൈരളി-പീപ്പിള്‍ ചാനല്‍ പുറത്തുകൊണ്ടുവന്നു.

ചിന്നക്കനാലില്‍ സസ്പെന്‍ഡ് ചെയ്ത ഹോള്‍സെയില്‍ ഡിപ്പോയുടെ റേഷന്‍ ലൈസന്‍സ് ശരിയാക്കി നല്‍കുന്നതിന് ഇടുക്കിയില്‍നിന്നുള്ള ഒരു സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം വിലപേശുന്ന ദൃശ്യങ്ങളാണ് വെളിച്ചത്തുവന്നത്. സിവില്‍ സപ്ലൈസിന്റെ രണ്ട് ഹോള്‍സെയില്‍ ഡിപ്പോ അടക്കം 17 എണ്ണമാണ് ജില്ലയിലുള്ളത്. ഇതില്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള 9 ഡിപ്പോകള്‍ നടപടി നേരിടുകയാണ്. ഇതെല്ലാം ഒഴിവാക്കി വീണ്ടും ലൈസന്‍സ് നല്‍കാനാണ് ശ്രമം. ഇതിനായി എത്ര തുക മുടക്കാനും തയ്യാറായി വ്യാപാരികളും രംഗത്തുണ്ട്. ഓണം ഫണ്ടെന്ന പേരില്‍ വകുപ്പില്‍ പ്രത്യേക പണപ്പിരിവും നടക്കുന്നു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിതവിഹിതം തീരുമാനിച്ചുള്ള പിരിവാണ് നടക്കുന്നത്. ഇവര്‍ ഈ തുക റേഷന്‍ കടക്കാരില്‍നിന്നും മറ്റുമായി സമാഹരിച്ച് കൈമാറും. തിരുവല്ല കേന്ദ്രമാക്കിയ സംസ്ഥാന ഭാരവാഹിക്കാണ് മധ്യ-തെക്കന്‍ കേരളത്തിലെ സ്ഥലംമാറ്റത്തിന്റെ ചുമതല. അധികാരമേറ്റ ആദ്യനാളുകളില്‍ ടി എം ജേക്കബ് ചികിത്സയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നപ്പോള്‍ മകനായിരുന്നു നിയന്ത്രണം. ഇപ്പോള്‍ സംസ്ഥാന ഭാരവാഹിയും മകനും ഒന്നിച്ചാണ് നിര്‍ദേശം നല്‍കുന്നത്.

വാണിജ്യനികുതി ഓഫീസുകളില്‍ വന്‍ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ എഴുപതോളം വാണിജ്യനികുതി സര്‍ക്കിള്‍ , സ്പെഷ്യല്‍ സര്‍ക്കിള്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. നികുതി പിഴ ഈടാക്കുന്നതിലും, റവന്യൂ റിക്കവറി നടപടി സ്വീകരിക്കുന്നതിലും കാലതാമസം വരുത്തി സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയതായി പരിശോധനയില്‍ തെളിഞ്ഞു. നികുതിപ്പിഴ ചെക്കായി കിട്ടുന്ന സ്ഥലങ്ങളിലാണ് ക്രമക്കേട് ഏറെയും നടന്നത്. ചെക്കുകള്‍ ബാങ്കില്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തി കച്ചവടക്കാര്‍ക്ക് ലാഭം നേടാന്‍ സൗകര്യം ഒരുക്കി. ആറുമാസംവരെ റവന്യൂ റിക്കവറി നടപടികള്‍ കാലതാമസിപ്പിച്ചു.

deshabhimani 130811

1 comment:

  1. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പില്‍ സ്ഥലംമാറ്റത്തിന്റെയും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹോള്‍സെയില്‍ -റീട്ടെയില്‍ റേഷന്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിന്റെയും മറവില്‍ വന്‍ അഴിമതി. കേരള കോണ്‍ഗ്രസ് നേതാവും വകുപ്പുമന്ത്രിയുമായ ടി എം ജേക്കബിന്റെ അനുയായികളാണ് അഴിമതിക്കായി വിലപേശുന്നത്. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ കൈരളി-പീപ്പിള്‍ ചാനല്‍ പുറത്തുകൊണ്ടുവന്നു.

    ReplyDelete