Sunday, August 14, 2011

പൗരോഹിത്യം സമ്മാനിച്ചത്‌ തെമ്മാടിക്കുഴി, ഒരു നിഷേധി കൂടി വിടവാങ്ങി

ചിത്രകാരനായിരുന്ന രാജന്‍ കാക്കനാടന്‍ മരിച്ചതോടെ കാക്കനാടന്‍ സഹോദരന്മാരില്‍ ഇളയവന്റെ സ്ഥാനം തമ്പി കാക്കനാടനായി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്നലെ കൊല്ലം പോളയത്തോട്‌ വൈദ്യുതി ശ്‌മശാനത്തിലെ അഗ്നി ഏറ്റുവാങ്ങിയപ്പോള്‍ ഒരു `നിഷേധി'യുടെ വിടവാങ്ങലിന്‌ കൂടി സാക്ഷ്യംവഹിച്ചു എന്ന തോന്നലായിരിക്കും പലര്‍ക്കും ഉണ്ടാകുക.
സത്യത്തിന്റെ വഴി തേടിപോയ ഒറ്റയാനായിരുന്നു തമ്പി. കൂട്ടം തെറ്റിയ കുഞ്ഞാടായും ദൈവനിഷേധിയായും പലരും വിധിയെഴുതി. സഭയില്‍ നിന്ന്‌ വേര്‍പെട്ടു നടക്കുന്നവര്‍ക്ക്‌ `തെമ്മാടിക്കുഴിയാണല്ലോ' പൗരോഹിത്യം സമ്മാനിക്കുക. തമ്പിക്കും അതുതന്നെയാണ്‌ സമ്മാനിച്ചത്‌.

തമ്പിയെ കുടുംബകല്ലറയില്‍ അടക്കണമെന്ന്‌ ചില ബന്ധുക്കള്‍ക്കെങ്കിലും ആഗ്രഹമുണ്ടായിരുന്നു. അവര്‍ ആ ആഗ്രഹം സഭയുടെ മുന്നിലവതരിപ്പിച്ചു. കാക്കനാടന്മാരുടെ കുടുംബകല്ലറ പോളയത്തോട്‌ മര്‍ത്തോമസഭയുടെ ശ്‌മശാനത്തിലുണ്ട്‌. തങ്ങളുടെ സഭയില്‍പെട്ടവരെ അടക്കാന്‍ പ്രത്യേകം ശ്‌മശാനം വേണമെന്ന്‌ ആഗ്രഹിച്ച ആളായിരുന്നു തമ്പിയുടെ പിതാവ്‌ ജോര്‍ജ്‌ കാക്കനാടന്‍ മര്‍ത്തോമസഭയിലെ സുവിശേഷകനായിരുന്നു. ബൈബിളും കമ്മ്യൂണിസവും കൈകോര്‍ത്തുപോകുമെന്ന ദീര്‍ഘദൃഷ്‌ടി അദ്ദേഹത്തിനുണ്ടായിരുന്നു. എമ്മെന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക്‌ അഭയം നല്‍കിയ ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ പരിശ്രമത്തിലാണ്‌ 57ല്‍ ശ്‌മശാനത്തിന്‌ സ്ഥലം അനുവദിപ്പിച്ചത്‌. അവിടെ അദ്ദേഹത്തിന്റെ പുത്രന്‌ അന്ത്യവിശ്രമം കൊള്ളാന്‍ സഭാനേതൃത്വം അനുവദിച്ചില്ലെന്നത്‌ വിരോധാഭാസമാകാം. ഏതായാലും തമ്പിയെ `നിഷേധി'യുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സ്വര്‍ഗത്തിന്റെ കാവല്‍ക്കാര്‍ വഴി തടഞ്ഞു.

ആരെങ്കിലും വരച്ചിട്ടവരയില്‍ ഒതുങ്ങുന്നവനായിരുന്നില്ല തമ്പി. പിന്നല്ലേ സഭയുടെ വളയത്തില്‍. തമ്പിയുടെ സ്വതന്ത്രചിന്തയുടെയും ബോധനിലവാരത്തിന്റെയും ഔന്നത്യം സഭയുടെ പഴകിതുരുമ്പിച്ച അളവുകോല്‍ കൊണ്ട്‌ അളക്കാവുന്നതല്ല. അവര്‍ക്കാകെ ചെയ്യാവുന്നത്‌ തമ്പിക്ക്‌ ആറടിമണ്ണ്‌ നിഷേധിക്കുക. അവരതുചെയ്‌തു. തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ. അതുകൊണ്ട്‌ ചെറുതായത്‌ തമ്പിയോ സഭയോ എന്ന്‌ ചരിത്രം വിധിയെഴുതട്ടെ!

തമ്പി കാക്കനാടന്‍ എന്ന വ്യക്തി എങ്ങനെ രൂപപ്പെട്ടു എന്ന്‌ അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ ഒരേട്‌ നമുക്ക്‌ മനസ്സിലാക്കിതരുന്നു. പിതാവായ ജോര്‍ജ്‌ കാക്കനാടന്‍ എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളാണത്‌.

``ആണ്ട്‌ ആയിരത്തിത്തൊള്ളായിരത്തി നാല്‌പത്തി ഒന്‍പതാണെന്ന്‌ തോന്നുന്നു. മാസവും തീയതിയും ഓര്‍മയില്ല. ഒരു ദിവസം എന്റെ മകന്‍ തമ്പിയെ അവന്റെ അമ്മ എന്തോ സാധനം വാങ്ങിക്കാനായി കടയില്‍ പറഞ്ഞയച്ചു. പതിവിലധികം വേഗത്തില്‍ സാധനവുമായി അവന്‍ മടങ്ങിയെത്തി.

കൊട്ടാരക്കര പുലമണ്‍ കവലയില്‍ നിന്നും എം സി റോഡില്‍കൂടെ നേരെ വടക്കോട്ട്‌ ഒരു മൈല്‍ ദൂരം നടന്നാല്‍ ഇടതുഭാഗത്ത്‌ അല്‍പ്പം അകലെയായി വെള്ളാരംകുന്നും വലതുവശത്ത്‌ ഒരു വയലും വയലിന്റെ നടുവില്‍കൂടെ ഒഴുകുന്ന ഒരു വലിയ തോടും അതിന്‌ കുറച്ച്‌ കിഴക്കുമാറി വേറൊരു കുന്നും കാണാം.

തമ്പി സാധനം വാങ്ങാന്‍ പോയിരുന്നത്‌ റോഡിന്റെ കിഴക്കേ അരികിലുള്ള ഒരു കടയിലായിരുന്നു. വലിയ തോട്ടില്‍ അന്ന്‌ വലിയവര്‍ക്ക്‌ അരയൊപ്പം വെള്ളം കാണും. ആ തോട്ടിലിറങ്ങി ഓടിച്ചാടിക്കയറി വന്നതുകൊണ്ടായിരിക്കണം തമ്പിയുടെ നിക്കറും ഷര്‍ട്ടും നനഞ്ഞിരുന്നത്‌. അവന്‍ പറമ്പില്‍ കടന്ന ഉടന്‍ ``എം എന്‍ ഗോവിന്ദന്‍ നായര്‍ രക്ഷപെട്ടേ'' എന്ന്‌ രണ്ടുമൂന്നു പ്രാവശ്യം വിളിച്ചുപറഞ്ഞു. ഞാന്‍ വരാന്തയിലെ ചാരുകസേരയില്‍ ബൈബിള്‍ വായിച്ച്‌ ചിന്തിച്ചുകൊണ്ട്‌ കിടക്കുകയായിരുന്നെങ്കിലും അതിനിടയില്‍ അവന്‍ വിളിച്ചുപറയുന്നതുകേട്ടു.
അവന്‍ വരാന്തയില്‍ കയറിയ ഉടനെ ഞാന്‍ ചോദിച്ചു: ``എന്നതാടാ ചെറുക്കാ നീ വിളിച്ചുകൂവുന്നത്‌? കുറച്ച്‌ പതുക്കെ പറയരുതോ?''

അവന്‍ എന്റെ അടുത്തുവന്നു, വളരെ കാര്യമായ്‌ പറഞ്ഞു: ``എം എന്‍ ഗോവിന്ദന്‍നായര്‍ തടവുചാടി. പത്രത്തില്‍ കണ്ടതാ.''

ആ എട്ട്‌ വയസ്സുകാരന്‌ ആവേശം പകര്‍ന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും എമ്മെനുള്‍പ്പെടെയുള്ള നേതാക്കളുമാണ്‌. 

janayugom 130811

1 comment:

  1. ചിത്രകാരനായിരുന്ന രാജന്‍ കാക്കനാടന്‍ മരിച്ചതോടെ കാക്കനാടന്‍ സഹോദരന്മാരില്‍ ഇളയവന്റെ സ്ഥാനം തമ്പി കാക്കനാടനായി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്നലെ കൊല്ലം പോളയത്തോട്‌ വൈദ്യുതി ശ്‌മശാനത്തിലെ അഗ്നി ഏറ്റുവാങ്ങിയപ്പോള്‍ ഒരു `നിഷേധി'യുടെ വിടവാങ്ങലിന്‌ കൂടി സാക്ഷ്യംവഹിച്ചു എന്ന തോന്നലായിരിക്കും പലര്‍ക്കും ഉണ്ടാകുക.
    സത്യത്തിന്റെ വഴി തേടിപോയ ഒറ്റയാനായിരുന്നു തമ്പി. കൂട്ടം തെറ്റിയ കുഞ്ഞാടായും ദൈവനിഷേധിയായും പലരും വിധിയെഴുതി. സഭയില്‍ നിന്ന്‌ വേര്‍പെട്ടു നടക്കുന്നവര്‍ക്ക്‌ `തെമ്മാടിക്കുഴിയാണല്ലോ' പൗരോഹിത്യം സമ്മാനിക്കുക. തമ്പിക്കും അതുതന്നെയാണ്‌ സമ്മാനിച്ചത്‌.

    ReplyDelete